Deshabhimani

Articles

പ്രേംപൊറ്റാസ്- /30

സഞ്ചാരിയുടെ സമ്പാദ്യങ്ങൾ

എസ് കെ പൊറ്റെക്കാട് - ഫോട്ടോ: പുനലൂർ രാജൻ

എസ് കെ പൊറ്റെക്കാട് - ഫോട്ടോ: പുനലൂർ രാജൻ

avatar
മാങ്ങാട് രത്‌നാകരൻ

Published on Feb 25, 2025, 04:30 PM | 2 min read


എസ് കെ പൊറ്റെക്കാട്ട് എഴുത്തിലും ജീവിതത്തിലും ഒരുപോലെ വേറിട്ട വ്യക്തിത്വമായിരുന്നു. കവിതയിലും കഥയിലും യാത്രയിലും നീണ്ട തയ്യാറെടുപ്പുകൾ എസ് കെയുടെ സവിശേഷതയായിരുന്നു.


യാത്രകൾ സുഗമമല്ലാത്ത കാലത്ത് തപാലിനെയും മറ്റും ആശ്രയിച്ചുള്ള ഒരുക്കങ്ങൾ എസ് കെ നടത്തിയത് ഇന്നാലോചിക്കുമ്പോൾ ഒരത്ഭുതത്തിൽ കുറഞ്ഞ് മറ്റൊന്നുമല്ല.


‘‘യാത്രയുടെ ‘യാത്ര' അനുഭവിക്കാൻ വേണ്ടി യാത്ര ചെയ്‌ത ആളാണ് പൊറ്റെക്കാട്ട്. സാമ്പത്തികപരാധീനതകൾ പോലും അവഗണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വിശ്വപര്യടനം നടത്തിപ്പോന്നത്.


അതിനുമുമ്പ് ഡസൻകണക്കിൽ റഫറൻസ് പുസ്‌തകങ്ങൾ വാങ്ങി വായിച്ച് അദ്ദേഹം ആ നാടിനെപ്പറ്റി ഒരു ധാരണയുണ്ടാക്കിയിരിക്കും.


അനുഭവങ്ങൾ, വായിച്ചറിവുകൾ, ഓർമകൾ, ഉദ്ധാരണങ്ങൾ, പുത്തൻ ആശയങ്ങൾ ഇവയെല്ലാം ചേർത്തു പാകപ്പെടുത്തിയവതരിപ്പിച്ചതുകൊണ്ടാണ് പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യം വായനക്കാരെ ഹഠാദാകർഷിക്കുന്നത്.


പ്രകൃതിയുടെ മുഖം കാണിക്കാൻ കിട്ടുന്ന ഒറ്റ അവസരവും അദ്ദേഹം പാഴാക്കാറില്ല. ഏതു ദൃശ്യവും തന്റെ ഭാവനയുടെ വൈരപ്പൊടിയിട്ടു വിളക്കി പ്രദർശിപ്പിക്കാൻ പൊറ്റെക്കാട്ടിനുള്ള വൈഭവം ഒന്നുവേറെതന്നെയാണ്,''


ജീവചരിത്രത്തിന്റെ സ്വഭാവമുള്ള പഠനഗ്രന്ഥത്തിൽ പ്രൊഫ. പി കൃഷ്‌ണൻ എഴുതുന്നു (എസ്.കെ.പൊറ്റെക്കാട്ട് ജീവിതവും കൃതികളും, പൂർണ പബ്ലിക്കേഷൻസ്, രണ്ടാം പതിപ്പ്, 2002).


പ്രകൃതിയിലും മനുഷ്യരിലും കാൽപ്പനികകാന്തി ചൊരിയുന്ന എസ് കെയുടെ ഗദ്യശൈലിയാണ് വായനക്കാരെ ആ യാത്രകളിൽ മോഹിതരാക്കിയത്. എസ് കെയുടെ ആഫ്രിക്ക‐ബാലിയാത്രകളിലും ഇന്തോനേഷ്യൻ ഡയറിയിലും കാണുന്ന വർണനകളും ദൃശ്യബിംബങ്ങളും ഏറെ വാഴ്‌ത്തപ്പെട്ടിട്ടുണ്ട്.


‘‘സുരമ്യമായ വനപ്രകൃതി. ശീതമേഖലയിൽ വളരുന്ന വൃക്ഷങ്ങളുടെ തകൃതി. സുഖകരമായ തണുപ്പും വരണ്ട നിലങ്ങളും നരച്ച മുൾച്ചെടികളും കലർന്ന പരപ്പൻ പ്രദേശങ്ങളാൽ മിക്കവാറും അപഹരിക്കപ്പെട്ട ആഫ്രിക്കാഭൂഖണ്ഡത്തിൽ ഇങ്ങനത്തെ സസ്യസാന്ദ്രതയും ശൈത്യവും കലർന്ന് കമനീയമായ കാനനപ്രാന്തങ്ങൾ കാണുമ്പോൾ അവാച്യമായ ആനന്ദം തോന്നുന്നു.'' സിംഹഭൂമിയിലെ ഒരു വർണന.


ബാലിദ്വീപിൽ എസ് കെ അവതരിപ്പിക്കുന്ന ബാലിവനിതയെ കാണൂ: ‘‘ചെമ്പകപ്പൂവിന്റെ നിറം, കാക്കപ്പൂ പോലുള്ള കണ്ണുകൾ, നീലപ്പട്ടുപോലെ മിന്നുന്ന തലമുടി‐ഇവയെല്ലാം ഇഴുകിച്ചേർന്നുണ്ടായ ഒരു കവിതയാണ് ബാലിവനിത.''


‘‘നിങ്ങളുടെ മുമ്പിൽ ആയിരം ചിലന്തിവലകൾ അടുക്കിവെച്ചതുപോലെ തോന്നുന്ന ആ നീരാണുക്കളുടെ തിരശ്ശീല കാറ്റിൽ പാറി നീങ്ങുമ്പോൾ ക്ഷണനേരത്തേക്ക് അപ്പുറത്ത് ഉലഞ്ഞ വെള്ളപ്പലകകൾപോലെ വീതിയുള്ള ജലധാര പ്രത്യക്ഷപ്പെടുന്നതും വീണ്ടും നീരാവിയാൽ മൂടപ്പെടുന്നതും ആ തരളാത്മകമായ ധൂസരദശയ്ക്കകത്ത് രത്‌നഖചിതമായ കമാനങ്ങൾ പോലെ മഴവില്ലുകൾ ഉളവാകുന്നതും മറ്റും കാണുമ്പോൾ നിങ്ങൾ ഏതോ സ്വപ്നത്തിലേക്ക് ഉണരുകയാണു ചെയ്യുന്നത്,''


വിക്‌ടോറിയ വെള്ളച്ചാട്ടത്തിന്റെ ദൃശ്യപ്പൊലിമ എസ് കെ പിടിച്ചെടുക്കുന്നത് ഇങ്ങനെയാണ്. കഥാകൃത്തും കവിയും യാത്രികനും ഇവിടെ സമ്മേളിക്കുന്നു (കാപ്പിരികളുടെ നാട്ടിൽ).


‘‘സഞ്ചാരത്തെ കലയായി സ്വീകരിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരനാണ് എസ്.കെ. എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.


മറ്റ് ഇന്ത്യൻ സാഹിത്യങ്ങളിലൊന്നിലും ഇതുപോലൊരു സഞ്ചാരസാഹിത്യപരമ്പര ഏതെങ്കിലുമെഴുത്തുകാരൻ സൃഷ്ടിച്ചിട്ടുള്ളതായി കേട്ടിട്ടില്ല,''


‐ എസ് കെയുടെ ആഫ്രിക്കൻ പാതകളെ പിന്തുടർന്ന് പിൽക്കാലത്ത് ആഫ്രിക്കൻ യാത്ര നടത്തിയ സക്കറിയ സഞ്ചാരസാഹിത്യത്തിന്റെ (ഡി സി ബുക്‌സ്, 2003) അവതാരികയിൽ എഴുതി.


യാത്രകളിൽ പ്രകൃതിയുമായും ജനജീവിതവുമായും ഇഴുകിച്ചേരുകമാത്രമല്ല ആ നാടുകളിലെ വേഷഭൂഷാദികളിൽ ഫോട്ടോകൾ എടുത്തുസൂക്ഷിക്കുകയും കൗതുകവസ്‌തുക്കൾ ശേഖരിക്കുകയും ചെയ്യുക എസ് കെയുടെ ശീലമായിരുന്നു. ഓർമകളുടെ വിരുന്നായിരുന്നു അവ .


ദേശാഭിമാനി വാരികയിൽ നിന്ന്




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home