Deshabhimani

6000 കോടിയുടെ അഴിമതി; മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ മുഖ്യസൂത്രധാരൻ സൗരഭ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചു

mahadev betting app
വെബ് ഡെസ്ക്

Published on Nov 01, 2026, 09:18 PM | 1 min read

ന്യൂഡല്‍ഹി : ഇന്ത്യയിൽ വലിയ വിവാദമുണ്ടാക്കിയ 6,000 കോടി രൂപയുടെ 'മഹാദേവ് ഓൺലൈൻ ബെറ്റിങ്' അഴിമതിക്കേസിലെ സ്ഥാപകനും മുഖ്യപ്രതിയുമായ സൗരഭ് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിച്ചു. ഒമാൻ ഭരണകൂടത്തിന്റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും സഹകരണത്തോടെ ഒമാനിലെ മസ്കത്തിൽ നിന്നാണ് സിബിഐ ഇയാളെ നാടുകടത്തൽ നടപടികളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.


പ്രത്യേക സിബിഐ സംഘം മസ്കത്തിലെത്തി ചന്ദ്രാകറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കും നിയമപരമായ ട്രാൻസിറ്റ് റിമാൻഡ് നടപടികൾക്കും ശേഷം സൗരഭ് ചന്ദ്രാകറിനെ റായ്പൂരിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച ഇയാളെ റായ്പൂരിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കും. ചത്തീസ്ഗഡ് സർക്കാരിന്റെ നിർദേശ പ്രകാരമാണ് മഹാദേവ് ഓൺ ലൈൻ ആപ്പ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്.


സിബിഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച രണ്ട് കേസുകളിലും ഇഡി കുറ്റപത്രം നൽകിയ കേസ് ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളിലും സൗരഭ് ചന്ദ്രാകർ പ്രധാന പ്രതിയാണ്. കേസിൽ പ്രതിയുടെ ഇന്ത്യയിലെയും വിദേശത്തെയും നിരവധി സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇന്ത്യക്ക് പുറത്തുനിന്ന് പ്രവർത്തിച്ചിരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ അനധികൃത ബെറ്റിംഗ് ശൃംഖലകളിലൊന്നായിരുന്നു ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


ക്രിക്കറ്റ്, ഫുട്ബോൾ, കാർഡ് ഗെയിമുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വിവിധ ഫ്രാഞ്ചൈസി മോഡൽ പാനലുകൾ, ബ്രാഞ്ചുകൾ എന്നിവ വഴിയാണ് ബെറ്റിംഗ് സംഘം പ്രവർത്തിച്ചിരുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച തുക വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയും മൾട്ടിപ്പിൾ ട്രാൻസാക്ഷനുകൾ നടത്തിയും ഹവാല മാർഗ്ഗങ്ങളിലൂടെയുമാണ് വിദേശത്തേക്ക് കടത്തിയത്. ഛത്തീസ്ഗഡിലെ ഭിലായിൽ ഒരു ചെറിയ ജ്യൂസ് കട നടത്തിയിരുന്ന സൗരഭ് ചന്ദ്രാകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് തുടങ്ങിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്‌ഗഡിലെ വിവിധ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ഈ കേസിൽ കുറ്റകൃത്യത്തിലൂടെ ലഭിച്ചതായി ആരോപിക്കപ്പെടുന്ന തുക 6,000 കോടിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home