നവകേരളത്തിന് നഗരനയം


ഡോ. രാമന്തളി രവി
Published on Feb 16, 2026, 10:29 PM | 2 min read
കേരളത്തിലെ നഗരങ്ങളുടെ അതിവേഗ വളർച്ചനിരക്കുകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കേന്ദ്ര സാമ്പത്തികസർവേയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പറയുന്നത്, കേരളം 82.6 ശതമാനവും നഗരവൽക്കരിക്കപ്പെട്ടുകഴിഞ്ഞു എന്നാണ്. 2011ൽ നഗരവാസികളുടെ എണ്ണം 42.7 ശതമാനമായിരിക്കുമ്പോൾ, 29 പുതിയ നഗരകേന്ദ്രങ്ങളും 391 പുതിയ നഗരസ്വഭാവ ആവാസകേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാൽ, 2025ൽ പുതിയ നഗരകേന്ദ്രങ്ങൾ 65 ആയും നഗരസ്വഭാവം പുലർത്തുന്ന കേന്ദ്രങ്ങൾ 461 ആയും അധിവസിക്കുന്നവരുടെ എണ്ണം 96.3 ലക്ഷമായും വർധിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. 2010 മുതൽ 2025 വരെ കൊച്ചി നഗരത്തിന്റെ ബിൽഡപ് ഏരിയയിൽ 11.4 ശതമാനം വർധന ഉണ്ടായി. തിരുവനന്തപുരത്തിന്റേതിൽ 17.6 ശതമാനവും കണ്ണൂരിന്റേതിൽ 17.5ഉം തൃശൂരിന്റേതിൽ 19.6 ശതമാനവും വർധന അനുഭവപ്പെട്ടു.
2023–24ലെ സംസ്ഥാന ബജറ്റിലാണ് നഗരനയത്തെക്കുറിച്ചുള്ള ആദ്യപ്രഖ്യാപനം ഉണ്ടാകുന്നത്. കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത് ആസൂത്രിതമായ നഗരനയം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും നഗരകാര്യ വിദഗ്ധരെയും മറ്റ് അക്കാദമിക് രംഗത്തെ പ്രമുഖവ്യക്തികളെയും ഉൾപ്പെടുത്തി നഗര കമീഷൻ രൂപീകരിച്ചു. ബെൽ പെസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലുള്ള എം സതീഷ് കുമാർ നേതൃത്വം നൽകുന്ന നഗരനയ കമീഷൻ 2024ൽ നിലവിൽവന്നു. 2500ലേറെ വ്യക്തികളുമായും സ്റ്റേക്ക്‌ഹോൾഡേഴ്‌സുമായും നടത്തിയ ചർച്ചയുടെ ഫലമായിട്ട് തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ട് 2024 ഡിസംബറിലും അന്തിമറിപ്പോർട്ട് 2025 മാർച്ചിലും മുഖ്യമന്ത്രിക്ക് കൈമാറി. ഇത് സെപ്തംബറിൽ കൊച്ചിയിൽ നടന്ന നഗരവിദഗ്ധരുടെ ആഗോളസമ്മേളനത്തിൽ ചർച്ച ചെയ്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, മേയർമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരായിരുന്നു പ്രതിനിധികൾ. അതിവേഗത്തിലുള്ള നഗരവൽക്കരണത്തെക്കുറിച്ചും നഗരത്തിന് അനിവാര്യമാക്കുന്ന വികസനവളർച്ചയെക്കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു. സമ്മേളനത്തിൽ ഉയർന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി അന്തിമ നഗരനയം തയ്യാറാക്കി.
മലനാടിനും തീരപ്രദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലയിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും വികസനം നടക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നഗരവികസനത്തെ ശാസ്ത്രീയമായ രീതിയിൽ സമീപിക്കാനുള്ള ഒരടിസ്ഥാനരേഖയായി ഈ നയം പ്രവർത്തിക്കും
കമീഷന്റെ നിഗമനങ്ങളിൽ സുപ്രധാനം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെടുമെന്നുതന്നെയാണ്. മലനാടിനും തീരപ്രദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലയിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും വികസനം നടക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നഗരവികസനത്തെ ശാസ്ത്രീയമായ രീതിയിൽ സമീപിക്കാനുള്ള ഒരടിസ്ഥാനരേഖയായി ഈ നയം പ്രവർത്തിക്കും. നഗരസൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്നതിലൂടെ സാമൂഹ്യവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്‌ക്കാനും ഈ നയം ലക്ഷ്യംവയ്‌ക്കുന്നു. നിയമങ്ങളിലും ഭരണസംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, ജനകേന്ദ്രിതമായ സേവനങ്ങൾ, പദ്ധതികൾ എന്നിവയ്ക്കും മുൻഗണന നല്കുന്നു. ഉദ്യോഗസ്ഥരുടെ കാര്യശേഷി വികസിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും നഗരനയം ലക്ഷ്യമിടുന്നു.

കേരള വികസനത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയിലും നഗരവൽക്കരണം മുഖ്യവിഷയമായിട്ട് കാലമേറെയായി. അനുദിനം നഗരത്തോട് ചേർന്നുനിൽക്കുന്ന ഗ്രാമങ്ങൾ നഗരത്തിലേക്ക് ഉൾവലിയുകയാണ്. ലോകത്താകെ നടക്കുന്ന നഗരവൽക്കരണത്തിന്റെ പൊതുസ്വഭാവത്തിൽനിന്ന് തീർത്തും വിഭിന്നമായ ഒരു നഗരവൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഗ്രാമം എവിടെ അവസാനിക്കുന്നുവെന്നോ നഗരം എവിടെ തുടങ്ങുന്നുവെന്നോ തീർപ്പുകൽപ്പിക്കാനാകാത്ത അവസ്ഥ. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സാമ്പത്തികവികസനം ലക്ഷ്യംവച്ചുള്ള വികസനങ്ങളിൽ നഗരത്തിന്റെ വളർച്ച എല്ലാവർക്കും പങ്കിടാവുന്നതരത്തിലേക്ക് മാറുകയും വേണം. ഏത് സാമൂഹിക വികസനസൂചിക എടുത്താലും, ഒന്നാംസ്ഥാനത്ത് എത്തിയത് പ്രാദേശിക സർക്കാരുകളുടെ പിന്തുണാസംവിധാനങ്ങൾ കൊണ്ടുകൂടിയാണ്. പുതിയ നഗരനയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ നഗരസഭകളുടെ വികസന നയത്തിൽ സാരമായ മാറ്റങ്ങൾ അനിവാര്യമായി. അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസനദിശ നിർണയിക്കുന്ന നഗരനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. തദ്ദേശഭരണവകുപ്പ് തയ്യാറാക്കിയ ഈ നയരേഖ കേരളത്തിന്റെ ഭാവിവികസനത്തിന് വ്യക്തമായ രൂപരേഖയാണ്.















