പൊട്ടിത്തകർന്ന ‘നരേറ്റീവു’കൾ


സി കെ ദിനേശ്
Published on Mar 06, 2026, 09:34 PM | 2 min read
യുഡിഎഫ് ഭരണകാലത്തെ ദുരിതജീവിതവും കഴിഞ്ഞ 10 വർഷത്തെ വികസന, ക്ഷേമ, സമാധാന കേരളവും രണ്ട് പേജിൽ ‘വൈറലാ’യി. കോൺഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും അന്ധാളിപ്പാണ് പരസ്യ പേജുകളെ കൂടുതൽപേരിൽ എത്തിച്ചതെന്ന വസ്തുത മറച്ചുവയ്ക്കാനാകില്ല. അന്ധാളിപ്പിന്റെ കാരണമാകട്ടെ, തങ്ങൾ ഇതുവരെ കെട്ടിപ്പൊക്കിയ വ്യാജപ്രതീതികളും ദുഷ്ടലാക്കോടെയുള്ള ‘നരേറ്റീവു’കളും സോപ്പുകുമിളകൾപോലെ പൊട്ടിത്തകർന്നുവെന്നതും.
തദ്ദേശതെരഞ്ഞെടുപ്പിനുശേഷം കേരളത്തിലുടനീളമുണ്ടായ മാറ്റം മാധ്യമ വ്യാജസൃഷ്ടികളോടുള്ള ജനങ്ങളുടെ കരുതലും പ്രതിപക്ഷനുണകൾ അനുനിമിഷം തുറന്നുകാണിക്കപ്പെടുന്നതുമാണ്. എൽഡിഎഫ് ഭരണത്തോടുള്ള മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും അന്ധമായ വിരോധം കേരളമെന്ന നാടിനോടുള്ള പകയായി മാറിയ സാഹചര്യത്തിൽകൂടിയാണ് പ്രചാരണരംഗത്തുണ്ടായ പുതിയ തെളിച്ചം. ഇത് തിരിച്ചറിഞ്ഞാണ്, സിപിഐ എം സ്ഥാനാർഥികളെ സ്വയംപ്രഖ്യാപിച്ചും കള്ളക്കഥകൾ മെനഞ്ഞും അതിന്മേൽ ചർച്ചകൾ സംഘടിപ്പിച്ചും ഒരുകൂട്ടം മാധ്യമങ്ങൾ യുഡിഎഫ് പാദസേവ ശക്തമാക്കിയത്. അതേസമയം, സീറ്റിനായി കോൺഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലും നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടൽ ഇവർ ആസൂത്രിതമായി മറച്ചുവയ്ക്കുന്നു.
ഭരണവിരുദ്ധവികാരം ഇല്ലെന്നും പ്രാദേശികപ്രശ്നങ്ങളും സ്ഥാനാർഥിനിർണയവും സർക്കാർനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിലുണ്ടായ വീഴ്‌ചയും വ്യാപകമായ വ്യാജപ്രചാരണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നോട്ടടിക്ക് കാരണമായെന്നായിരുന്നു വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിലുള്ള തുടർപ്രവർത്തനങ്ങൾ, ഭവനസന്ദർശനം, പ്രചാരണപ്രവർത്തനങ്ങളെല്ലാം സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കി.
മനോരമ ചാനൽ ഇതുവരെ നടത്തിയ സർവേയുടെ ഫലങ്ങൾ തെളിയിക്കുന്നത് എൽഡിഎഫ് ഭരണത്തോട് ബഹുഭൂരിപക്ഷംപേരും വിയോജിക്കുന്നില്ലെന്നും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പിണറായി വിജയൻതന്നെയാണ് മറ്റാരേക്കാൾ യോഗ്യനെന്നുമാണ്. കോൺഗ്രസിനെ ജാഗ്രതപ്പെടുത്താനാണെങ്കിലും, കനുഗോലു സംഘം ചില ഇംഗ്ലീഷ് പത്രങ്ങൾവഴി പുറത്തുവിട്ട നിയമസഭാമണ്ഡല സർവേഫലം വ്യക്തമാക്കുന്നത് സിപിഐ എം എംഎൽഎമാരുടെ ജനപിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്ന്. കോൺഗ്രസ് പ്രചാരണതന്ത്രങ്ങൾ മെനയാൻ കോടികൾ മുടക്കി നിയോഗിച്ച കനുഗോലു മൂന്നുപ്രാവശ്യം നടത്തിയ സർവേയുടെ ഫലങ്ങൾ ഒരുതരത്തിലും യുഡിഎഫിന് ഗുണകരമല്ലെന്നർഥം. ‘ഭരണവിരുദ്ധവികാരം’ പ്രതിപക്ഷത്തിനും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും മാത്രമേയുള്ളൂ.
സ്വർണക്കള്ളക്കടത്ത് വ്യാജവാർത്തകളുടെ കുത്തൊഴുക്കുണ്ടായിട്ടും 2021ൽ ജനങ്ങൾ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾക്കാണ് പിന്തുണ നൽകിയതെന്നോർക്കണം. ബിരിയാണിച്ചെമ്പിലും ഖുർആനിലും ഇൗന്തപ്പഴത്തിലും ‘കടത്തിയ’ സ്വർണം എവിടെപ്പോയി എന്നു പറയാനുള്ള സാമാന്യ മര്യാദപോലും അത് പ്രചരിപ്പിച്ച മാധ്യമങ്ങൾ കാണിച്ചില്ല. ഇതേ മാധ്യമങ്ങളാണ് ഇപ്പോൾ യുഡിഎഫിന് കളമൊരുങ്ങിയെന്ന് സ്ഥാപിക്കാൻ വൃഥാശ്രമം നടത്തുന്നത്. അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ, സ്വന്തം പാർടിനേതാക്കളെ അവഗണിച്ച് ഒട്ടനവധി മണ്ഡലങ്ങളിൽ ഇറക്കുമതി സ്ഥാനാർഥികളെതേടി പരക്കംപായുന്നതെന്തിനാണ്. വികസനവും ക്ഷേമവും ചർച്ച ചെയ്യാമെന്ന എൽഡിഎഫ് വെല്ലുവിളിക്കുമുന്നിൽ ഒളിച്ചോടുന്നത് എന്തിനാണ്. മുമ്പ് സെക്രട്ടറിയറ്റിൽ ‘ഭരണം’ നടത്തിയിരുന്ന ഏജന്റുമാരും കാര്യസാധ്യത്തിനായി രാഷ്‌ട്രീയ അഴിമതിയെ ശരണംപ്രാപിച്ചവരും മാത്രമേ യുഡിഎഫ് കാലം തിരിച്ചുവരാൻ ആഗ്രഹിക്കൂ. അവരുടെ കൂട്ടായ്മ ആ ‘പഴയ യുഗം’ ദിവാസ്വപ്‌നം കാണുന്നുണ്ടാകും!












