Deshabhimani

നവതിയിലെത്തിയ ക്ഷേത്രപ്രവേശന വിളംബരം

te
എൻ കെ സുനിൽകുമാർ

Published on Nov 12, 2026, 12:19 AM | 3 min read

ഐക്യ കേരളപ്പിറവിക്ക്‌ 20 വർഷംമുന്പ്‌ നടന്ന സുപ്രധാന ചരിത്രപ്രഖ്യാപനമായിരുന്നു ക്ഷേത്രപ്രവേശനവിളംബരം. ചിത്തിരതിരുനാൾ ബാലരാമവർമയുടെ 24–ാം പിറന്നാൾദിനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അയിത്തോച്ചാടനത്തിനായി നടന്ന വിവിധ പ്രക്ഷോഭങ്ങളെ തുടർന്ന്‌ തിരുവിതാംകൂറിൽ 1936 നവംബർ 12ന് (കൊല്ലവർഷം 1112 തുലാം 27) നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്‌. പോയനൂറ്റാണ്ടിലെ അത്ഭുതമെന്നും ജനങ്ങളുടെ അധ്യാത്മ വിമോചനരേഖയെന്നുമാണ് ഗാന്ധിജി ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ഇതിനുസമാനമായ പ്രഖ്യാപനങ്ങളോ ശാസനങ്ങളോ അധികമൊന്നും രാജഭരണകാലത്ത് ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ല.


പതിനായിരത്തോളം ചെറുതും വലുതുമായ ക്ഷേത്രങ്ങളാണ് അക്കാലത്ത് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്. അവയിൽ രണ്ടായിരത്തോളമാണ് രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്‌. ഈ ചരിത്രപ്രഖ്യാപനത്തിനുശേഷം സമയമെടുത്താണെങ്കിലും അവയൊക്കെയും ജനസാമാന്യത്തിന് തുറന്നുകൊടുത്തു. ക്ഷേത്രവഴികളിലെ പൊതുനിരത്തുകളിൽ എണ്ണത്തിൽ ഭൂരിപക്ഷമായിരുന്ന അവർണഹിന്ദു വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി 1924–25 കാലത്ത് നടന്ന വൈക്കം സത്യഗ്രഹം, ഹിന്ദുക്കളായ എല്ലാവർക്കുമായി ക്ഷേത്രം തുറന്നുകൊടുക്കണമെന്ന മുദ്രാവാക്യമുയർത്തി 1931-–32ൽ ഗുരുവായൂരിൽ നടന്ന സത്യഗ്രഹം എന്നിവയുടെ തുടർച്ചയായിരുന്നു ക്ഷേത്രപ്രവേശനവിളംബരം. അയിത്തോച്ചാടനപ്രസ്ഥാനത്തിനൊപ്പം, സാമൂഹ്യസംഘടനകളുടെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും വ്യത്യസ്‌ത ധാരകൾ നടത്തിയ സമരങ്ങളുടെ പരിണതഫലംകൂടിയായിരുന്നു ഇ‍ൗ വിളംബരം.


ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, ഡോ. പല്പു, മന്നത്ത് പത്മനാഭൻ, ഇ എം എസ്, മിതവാദി കൃഷ്‌ണൻ, സി കൃഷ്‌ണൻ, ടി കെ മാധവൻ, കെ പി കേശവമേനോൻ, കെ കേളപ്പൻ, എ കെ ജി, ചങ്ങനാശേരി പരമേശ്വരൻ പിള്ള, പി കൃഷ്‌ണപിള്ള, സി വി കുഞ്ഞുരാമൻ, വാഗ്‌ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അസംഖ്യം നേതാക്കൾ അക്കാലത്ത്‌ വ്യത്യസ്‌ത പരിഷ്‌കരണപ്രസ്ഥാനങ്ങൾക്ക് വിവിധതലങ്ങളിൽ നേതൃത്വം നൽകി. പഞ്ചാബിൽനിന്ന് അകാലി വിഭാഗത്തിൽപ്പെട്ടവരും തമിഴ്നാട്ടിൽനിന്ന് പെരിയോർ ഇ വി രാമസ്വാമി നായ്‌ക്കരുമൊക്കെ വൈക്കം സത്യഗ്രഹസമരത്തിന് അഭിവാദ്യമേകാനെത്തി. 20–ാംനൂറ്റാണ്ടിന്റെ ഒന്നാംപാദത്തോടുകൂടി ശക്തിപ്പെട്ടുവന്ന ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളും ആധുനികവിദ്യാഭ്യാസവും സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ഗതിയെ നിർണയിച്ചുതുടങ്ങിയ കാലത്തായിരുന്നു ഈ മുന്നേറ്റങ്ങൾ. മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ തുടങ്ങിയ പ്രസ്ഥാനങ്ങൾ, അയ്യൻകാളി നടത്തിയ കാർഷികസമരം എന്നിവയൊക്കെ തിരുവിതാംകൂറിന്റെ സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ ചൂടുപിടിപ്പിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയാണെന്ന പൊതുധാരണയുടെ പിൻബലംകൂടി ക്ഷേത്രപ്രവേശനവിളംബരത്തിന്‌ ഉണ്ടായിരുന്നു.


​ഇതിനും ഒരുനൂറ്റാണ്ടുമുന്പ്‌ 1828ൽ തെക്കൻ തിരുവിതാംകൂറിൽ നടന്ന മേൽമുണ്ട് സമരവിജയം അക്കാലത്ത് നിലനിന്നുപോന്ന കൊടിയ അനീതികൾക്കെതിരായ പൊതുബോധനിർമിതി സാധ്യമാക്കിയിരുന്നു. അരയ്‌ക്കുമുകളിൽ നഗ്നത മറയ്‌ക്കാതിരിക്കുകയെന്ന രാജഭരണ പിന്തുണയോടെയുള്ള നാട്ടുനടപ്പിനെതിരെ പോരടിച്ച അക്കാലത്തെ ധീരവനിതകൾ നിർമിച്ചെടുത്ത സ്വാതന്ത്ര്യബോധം എത്ര വലുതായിരുന്നു! തിരുവിതാംകൂറിൽ മേൽജാതിയിൽപ്പെട്ടവർക്കുപോലും വീട് ഓടുമേയാനോ വിലപിടിപ്പുള്ള ആഭരണങ്ങൾ അണിയാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സാമൂഹ്യശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലെ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കാകട്ടെ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടിയ നീതിനിഷേധങ്ങളും അടിച്ചമർത്തലുകളും അനുഭവിക്കേണ്ടി വന്നിരുന്നു.


​1930കളുടെ ആദ്യം, മതഭേദങ്ങൾ കൂടാതെ സംഘടിപ്പിച്ച സമരമെന്ന നിലയിൽ നിവർത്തനപ്രക്ഷോഭവും ക്ഷേത്രപ്രവേശനത്തിലേക്ക് നയിച്ച സമരമാണ്. ചിത്തിരതിരുനാൾ ബാലരാമവർമ, ക്ഷേത്രപ്രവേശനവിളംബരം നടത്തുന്നതിനുമുന്പേ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയിൽ കെ പരമേശ്വരൻ പിള്ള, കെ അനന്തനാരായണ അയ്യർ, ജില്ലാ ജഡ്‌ജിയായിരുന്ന എം ഗോവിന്ദൻ, ടി കെ വേലുപ്പിള്ള, ഉള്ളൂർ എസ് പരമേശ്വരയ്യർ, ടി കേശവശാസ്ത്രി എന്നിവർ അംഗങ്ങളായിരുന്നു. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി ശുപാർശ നൽകിയ സമിതി അംഗമായ ഉള്ളൂർ സ്വസമുദായത്തിൽ ഒറ്റപ്പെട്ടു. അന്നത്തെ യാഥാസ്ഥിതികരായ തന്ത്രിമാരും വ്യവസ്ഥാപിത തൽപ്പരരും എതിരുനിന്നെങ്കിലും വീശിയടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യമാറ്റത്തിന്റെ ഗതിവേഗം തിരിച്ചറിയുന്നതിൽ ചിത്തിരതിരുനാൾ വിജയിച്ചു എന്നു പറയാം.


1932ൽ രൂപീകരിച്ച വിദഗ്ധസമിതി നിർദേശിച്ചപ്രകാരം പൊതുവഴികൾ, സത്രങ്ങൾ, കിണറുകൾ എന്നിവ എല്ലാ വിഭാഗം ജനങ്ങൾക്കും തുറന്നുകൊടുക്കാൻ 1934ൽ ഉത്തരവിറക്കി. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ അഭിപ്രായങ്ങൾ പൊതുവിൽ ഉയർന്നുവന്നപ്പോൾത്തന്നെ എതിർപ്പുകളും ഉണ്ടായി. ഇതോർക്കുമ്പോൾ യാഥാസ്ഥിതികത്വം എത്രമാത്രം വേരോട്ടമുള്ള പ്രതിലോമകരമായ പ്രവണതയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വൈക്കം സത്യഗ്രഹസമയത്ത് ഗാന്ധിജി നേരിട്ടുചെന്ന് പറഞ്ഞിട്ടും അനങ്ങാതിരുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരി വലിയ ഉദാഹരണമാണ്. ഗാന്ധിഭക്തനും കോൺഗ്രസുകാരനുമായിരുന്നെങ്കിലും തന്റെ യാഥാസ്ഥികത്വത്തിലാണ് നമ്പ്യാതിരി ഉറച്ചുനിന്നത്. ഗുരുവായൂർ സത്യഗ്രഹസമരകാലത്ത് പൊന്നാനി താലൂക്കിൽ സമരസമിതി നടത്തിയ ഹിതപരിശോധനയും സ്‌മരണീയമാണ്. ഗുരുവായൂരിൽ മഹാഭൂരിപക്ഷവും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായിരുന്നെങ്കിലും സത്യഗ്രഹം അതിന്റെ അടിയന്തരലക്ഷ്യം നേടുന്നതിൽ വിജയിക്കുകയുണ്ടായില്ല!


​യാഥാസ്ഥിതികത്വത്തിന്റെ അടിവേരറുക്കുന്ന പ്രഖ്യാപനമായിരുന്നു ക്ഷേത്രപ്രവേശനവിളംബരമെന്ന് അക്കാലത്തെ സവർണമേൽക്കോയ്മയുടെ പ്രീതിക്കുറവിൽനിന്നുതന്നെ മനസ്സിലാക്കാം. കൊച്ചിയിൽ പിന്നെയും ഒരുവ്യാഴവട്ടം വേണ്ടിവന്നു അമ്പലപ്രവേശനം സാർവത്രികമാകാൻ!

മലബാർ മേഖലയിൽ സർവർക്കും അമ്പലങ്ങളിൽ കടക്കാൻ 1947ലെ മദ്രാസ് ക്ഷേത്രപ്രവേശന നിയമം വേണ്ടിവരികയും ചെയ്തു! പിന്നീട് 1947ൽ സംഘടിപ്പിച്ച പാലിയം സത്യഗ്രഹസമരത്തിന് ഈ വിളംബരം ഊർജംപകർന്നിട്ടുണ്ട്. ആരാധനാസ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ മുൻനിർത്തി നടത്തിയ പോരാട്ടങ്ങൾ, ജനാധിപത്യ ധാരണകളിലേക്കും ഭരണഘടനാമൂല്യങ്ങളിലേക്കും സാമൂഹ്യനീതിയിലേക്കും തുല്യതാസങ്കൽപ്പത്തിലേക്കും നീണ്ടുവളർന്ന ചരിത്രമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. അതാകട്ടെ പരിപൂർണ അർഥത്തിൽ ഇന്ത്യയിൽ ഇന്നും നടപ്പായിട്ടില്ലതാനും. സാമൂഹ്യമാറ്റത്തിനായുള്ള ഊർജം പ്രസരിപ്പിക്കാൻ സംഘടിതപ്രസ്ഥാനങ്ങൾ, ആശയങ്ങൾ, വ്യക്തികൾ എന്നിവയ്ക്ക് കഴിയുന്നത് കാലോചിതമായ മാറ്റത്തിന്റെ അനിവാര്യതകൊണ്ടാണ്.


വിഭവങ്ങളുടെ ഉടമസ്ഥത, അധികാരം എന്നിവ സാമൂഹ്യവ്യവസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആന്തരികവൈരുധ്യങ്ങൾ സ്വാഭാവികമായും സാമൂഹ്യമാറ്റത്തിനുള്ള ഊർജമൊരുക്കും. വഴിനടക്കാനും തീണ്ടലിനും തൊടീലിനുമെതിരായും ആരാധനാവകാശത്തിനുമായുള്ള പോരാട്ടം ക്ഷേത്രപ്രവേശനത്തിലേക്ക് നയിച്ചെന്നു പറയാം. ആരാധനാസ്വാതന്ത്ര്യം പ‍ൗരാവകാശംകൂടിയാണെന്ന് ഇന്നു നമ്മൾ തിരിച്ചറിയുന്നു. ഭരണഘടനാ അവകാശങ്ങളിൽ സ്വതന്ത്ര ഇന്ത്യയിൽ ആരാധനയും ഉൾപ്പെട്ടു. സ്വേച്ഛാനുസൃതമായി വിശ്വാസം കൊണ്ടുനടക്കാനും ആരാധിക്കാനുമുള്ള അവകാശം മനുഷ്യാവകാശംതന്നെയായി മാറി. വെളിച്ചം കടക്കാത്ത രാജകൊട്ടാരത്തിന്റെയും പൗരോഹിത്യത്തിന്റെയും അകത്തളങ്ങളിൽനിന്ന് ഉയർന്നുവന്ന എതിർപ്പുകളെയും വിലക്കുകളെയും മറികടന്നുകൊണ്ടുതന്നെയാണ് ഈ വിളംബരവും പുറപ്പെടുവിക്കപ്പെട്ടത്.


നവസാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വർത്തമാനകാലത്ത് സർവമാന മനുഷ്യരെയും ഉൾച്ചേർത്തുപിടിക്കുന്ന വികേന്ദ്രീകൃത ജനാധിപത്യ മതനിരപേക്ഷതയാണ് പരിഷ്‌കൃതസമൂഹത്തിന് അഭികാമ്യമെന്ന് ജെൻ സീ തലമുറ തിരിച്ചറിയുന്ന പ്രക്ഷോഭങ്ങളും ചെറുത്തുനിൽപ്പുകളുമാണ് എങ്ങും കാണുന്നത്. ഇന്ത്യൻ ദേശീയപ്രസ്ഥാനം സ്വരുക്കൂട്ടിയെടുത്ത ബഹുധാരാ വാഹിയായ പരിഷ്‌കരണയത്നങ്ങൾ അതേ പ്രവേഗത്തിൽ തുടർന്നുകൊണ്ടുപോകാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന പര്യാലോചന ഈ വാർഷികദിനത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു. വെള്ളം പലതും ഒഴുകിപ്പോയിട്ടും അനങ്ങാതെ തുടർന്നുപോരുന്ന വൈകൃതങ്ങളെ തൂത്തുതുടച്ച് വഴിയൊരുക്കാനുള്ള ഊർജമാകട്ടെ ഈ വിളംബരസ്മരണ.


​കടമ്മനിട്ട രാമകൃഷ്ണൻ കണ്ണൂർ കോട്ട എന്ന കവിതയിൽ പാടിയതുപോലെ,

​‘‘എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുക്കളാകും, എല്ലാ പീരങ്കികളും തുരുമ്പിക്കും,കുട്ടികൾ ഇതെല്ലാം കൗതുകപൂർവം നോക്കിക്കാണും.’’

​അതെ, അന്നത്തെ കുട്ടികളും ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.

​

(ലേഖകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്‌)



deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ

Recommended for you

V D Satheesan VEH Global

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം

Paravur Taluk Hospital medical negligence Abdul Jabbar protest

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി

Flemy Abraham with bjp leaders

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ

Sabarimala opening day pilgrim rush

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല

Haritha Karma Sena Alakkode

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ

pepper.

print edition തിളങ്ങി കറുത്തപൊന്ന്‌; വിപണിവില സർവകാല റെക്കോഡിലേക്ക്‌

Deshabhimani
Home