print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ

അഹമ്മദാബാദ് കോർപറേഷനുമായി മേയറും സംഘവും നടത്തിയ ഒൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ ഫ്‌ളെമി എബ്രഹാം പങ്കെടുത്തതിന്റെ ചിത്രങ്ങൾ

സ്വന്തം ലേഖകൻ
Published on Nov 17, 2026, 04:21 AM | 1 min read
തിരുവനന്തപുരം: ബ്ലൂപ്രിന്റിനും ഇൻഡോർ മാതൃകയ്ക്കുംശേഷം തിരുവനനന്തപുരം കോർപറേഷൻ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ അഹമ്മദാബാദ് മോഡലും സംശയനിഴലിൽ. കൗൺസിലിനെ അറിയിക്കാതെ മേയറും കോർപറേഷൻ സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പാലിറ്റി സന്ദർശിച്ച് നടത്തിയ ചർച്ചകൾക്ക് ഇടനിലക്കാരനായത് നിരവധി കേസുകളിൽപ്പെട്ട ദല്ലാളാണെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. കോർപറേറ്റ് ബിസിനസുകൾ ഡീൽ ചെയ്യുന്ന ദല്ലാൾ -ഫ്‌ളെമി എബ്രഹാമാണ് മേയർ വി വി രാജേഷിനെയും സംഘത്തെയും സ്വീകരിച്ചത്. മേയർ താമസിച്ച പഞ്ചനക്ഷത്രഹോട്ടലിലായിരുന്നു ചർച്ചകൾ.
അഹമ്മദാബാദ് മേയർ ഹിതേഷ് ബാരോട്ട്, ഡെപ്യൂട്ടി മേയർ അഞ്ജു ഷാ എന്നിവരുമായും ചർച്ച നടത്തിയത് ഇയാൾ ഇടനിലനിന്നാണെന്ന ആരോപണമാണ് എൽഡിഎഫ് ഉയർത്തുന്നത്. എല്ലാ സൂചികകളിലും തിരുവനന്തപുരം കോർപറേഷന് പിന്നിൽനിൽക്കുന്ന അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുമായി കരാർ ഏർപ്പെട്ടതിനുപിന്നിൽ കച്ചവടതാൽപ്പര്യമാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് കൗൺസിൽ യോഗത്തിൽ പറഞ്ഞു. മേയറും സംഘവും നടത്തിയ ഒൗദ്യോഗിക ചർച്ചയിൽ ഫ്‌ളെമി എബ്രഹാം പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം കൗൺസിലിൽ പ്രദർശിപ്പിച്ചു. ‘ആരെങ്കിലും വന്ന് ചിത്രമെടുത്താൽ ഞങ്ങൾ ഉത്തരവാദികളല്ല’ എന്നായിരുന്നു മേയർ വി വി രാജേഷിന്റെ മറുപടി.
അടച്ചിട്ട മുറിയിൽ നടക്കുന്ന ചർച്ചയിൽ ഫ്‌ളെമി എബ്രഹാം പങ്കെടുക്കുന്ന ചിത്രങ്ങളും എൽഡിഎഫ് പുറത്തുവിട്ടതോടെ മേയറും സംഘവും വെട്ടിലായി. തലസ്ഥാന നഗരത്തെ വിൽക്കാനുള്ള നീക്കമാണ് ബിജെപിയും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്നതെന്നാരോപിച്ച് എൽഡിഎഫ് കൗൺസിൽ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.







0 comments