print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന് കിട്ടിയത് അഞ്ചേമുക്കാൽ പവൻ

പാഴ്‌വസ്‌തുക്കളിൽനിന്ന് കിട്ടിയ താലിയടക്കമുള്ള ആഭരണങ്ങൾ വിജയമ്മയ്ക്ക് ഹരിതകർമ സേനാംഗങ്ങൾ ഗീതുവും അരുണകുമാരിയും കൈമാറുന്നു
നൗഷാദ് നടുവിൽ
Published on Nov 17, 2026, 04:14 AM | 1 min read
ആലക്കോട്: വിജയമ്മയുടെ കൈവിട്ടുപോയത് അഞ്ചേമുക്കാൽ പവൻ സ്വർണം മാത്രമായിരുന്നില്ല. കെട്ടുതാലിയും ജീവിതത്തിൽ പലപ്പോഴായി സ്വരുക്കൂട്ടിയ ഇത്തിരിപ്പൊന്നും അവരുടെ ജീവിതവും തന്നെയായിരുന്നു.
കള്ളന്മാരെ ഭയന്നാണ് പൊന്നത്രയും വട്ടത്തിലുള്ളൊരു മണിപ്പേഴ്‌സിലാക്കി ഹരിതകർമസേനയ്‌ക്ക് കൈമാറാറുള്ള പ്ലസ്‌റ്റിക് സഞ്ചികളും മറ്റും സൂക്ഷിക്കുന്ന പാത്രത്തിൽ ഇട്ടുവച്ചത്. അതൊരു പൊല്ലാപ്പായി മാറുമെന്ന് ആരുകണ്ടു. ചപ്പാരപ്പടവിലെ മങ്കരയിൽനിന്നാണ് തങ്കത്തിളക്കമുള്ള സത്യസന്ധതയുടെ കഥ പിറന്നത്.
ഞായറാഴ്‌ച ഹരിതകർമസേനയെത്തിയത് വിജയമ്മ റബർ പാലെടുക്കാൻ പോയ നേരത്താണ്. ഹരിതകർമസേന കലണ്ടർ പ്രകാരം പ്ലാസ്‌റ്റിക്കിനൊപ്പം ലെതർ ബാഗും ചെരിപ്പും എടുക്കുന്ന മാസമാണ് നവംബർ. ഭർത്താവ് ശിവദാസൻ കൈമാറിയ പ്ലാസ്‌റ്റിക്കിനൊപ്പം മണിപ്പേഴ്‌സുമുണ്ടായിരുന്നു. ലതർ വസ്‌തുക്കൾ തൂക്കി യൂസർഫീ ഇൗടാക്കണമെങ്കിലും കുഞ്ഞുമണിപ്പേഴ്‌സ് മാത്രമായതിനാൽ പണം വാങ്ങാതെ ഹരിതകർമസേനാംഗങ്ങളായ ഗീതുവും അരുണകുമാരിയും മടങ്ങി.
ഏതാനും വീടുകളിൽനിന്ന് പ്ലാസ്‌റ്റിക് ശേഖരിച്ചശേഷം തരംതിരിച്ച് ചാക്കിൽ നിറക്കുന്നതിനിടെയാണ് മണിപ്പേഴ്‌സിലെ സ്വർണം ശ്രദ്ധയിൽപെട്ടത്. എന്നേക്കുമായി നഷ്ടപ്പെട്ടുപോവുമായിരുന്ന താലി ഉൾപ്പെടെയുള്ള പൊന്ന് വിജയമ്മയുടെ കൈയിലേക്ക് അങ്ങനെയാണ് തിരികെയെത്തിയത്.
താലിമാലയും രണ്ട് വളയും ഒരു മോതിരവും ഉൾപ്പെടെയുള്ള ആഭരണം പഞ്ചായത്തംഗം സുഭാഷിന്റെ സാന്നിധ്യത്തിൽ വിജയമ്മയ്ക്ക് ഹരിതകർമ സേനാംഗങ്ങൾ കൈമാറി. മങ്കര വാർഡിലെ ഹരിതകർമ സേനാംഗങ്ങളാണ് അരുണകുമാരിയും ജി ഗീതുവും. ഒരു വർഷം മുന്പാണ് ഇവർ ഹരിതസേനയുടെ ഭാഗമായത്.








0 comments