print edition തിളങ്ങി കറുത്തപൊന്ന്; വിപണിവില സർവകാല റെക്കോഡിലേക്ക്


സ്വന്തം ലേഖകൻ
Published on Nov 17, 2026, 04:12 AM | 1 min read
കോഴിക്കോട്: വിപണിയിൽ സ്വർണവില ഇടിയുന്പോൾ കറുത്തപൊന്നിന്റെ വിപണിവില സർവകാല റെക്കോഡിലേക്ക്. കുരുമുളക് വില ക്വിന്റലിന് 75,000 രൂപയായി. വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ വില ഉയർന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി.
ഒരു പതിറ്റാണ്ടിന് ശേഷമാണ് വിപണിയിൽ കുരുമുളക് വില ഇത്ര ഉയരുന്നത്. മുന്പ് 2015ൽ വില 72,500 രൂപവരെ എത്തിയിരുന്നു. 2016ൽ ക്വിന്റലിന് 70,000 രൂപയായി. പിന്നീട് താഴ്‌ന്നു. 2020– 21ൽ 34,000 രൂപയായി കൂപ്പുകുത്തി. കഴിഞ്ഞ വർഷമാണ് വീണ്ടും വില ഉയർന്നുതുടങ്ങിയത്.
കുരുമുളക് ഇനങ്ങൾക്ക് ക്വിന്റലിന് ശരാശരി 7,000 രൂപയാണ് ഒരുമാസത്തിനിടെ വര്‍ധിച്ചത്. ഒക്‌ടോബറില്‍ 68,000 രൂപയായിരുന്നു. ചേട്ടന്‍ 69,500 –72,500, വയനാടന്‍ 70,500– 73,500 എന്നിങ്ങനെയാണ് വർധന. വില ലക്ഷംരൂപ കടക്കുമെന്ന പ്രത്യാശയിലാണ് കര്‍ഷകര്‍.
ഇത്തവണ നല്ല വിളവ് ലഭിച്ചതുംആശ്വാസമായി. കതിരുകൊഴിച്ചിൽ താരതമ്യേന കുറഞ്ഞു.
ആഭ്യന്തരവിപണിയിൽ ലഭ്യത കുറഞ്ഞതും അന്താരാഷ്‌ട്ര വിപണിയിൽ ആവശ്യക്കാർ ഏറിയതുമാണ് വിലവർധനയ്‌ക്ക് കാരണം. കാലാവസ്ഥാ വ്യതിയാനംകാരണം പലരും കുരുമുളക് കൃഷിയിൽനിന്ന് പിൻവാങ്ങി. അമിത മഴയും കടുത്ത ചൂടും കാരണം ഉൽപ്പാദനം കുറഞ്ഞതാണ് കൃഷി ഉപേക്ഷിക്കാൻ കാരണം.








0 comments