print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി

ചികിത്സാപിഴവിനെത്തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന അബ്ദുൾ ജബ്ബാർ പറവൂർ ഗവ. താലൂക്ക് ആശുപത്രിക്കുമുന്നിൽ സമരത്തിൽ
പറവൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ ഗവ. താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവിനെത്തുടർന്ന് വലതുകാൽ മുട്ടിനുതാഴെ മുറിക്കേണ്ടിവന്ന അബ്‌ദുൾ ജബ്ബാർ ആശുപത്രിക്കുമുന്നിൽ സമരം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി അന്വേഷിക്കണമെന്നും ഡോക്‌ടർക്കെതിരെ നടപടിയെടുക്കണമെന്നും കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്‌ദുൾ ജബ്ബാർ ആവശ്യപ്പെട്ടു.
അന്വേഷണം ആവശ്യപ്പെട്ട് അബ്‌ദുൾ ജബ്ബാർ നൽകിയ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്തു.
ചികിത്സയ്‌ക്കെത്തിയ ജൂലൈ 26ന് രാത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടർക്കെതിരെയാണ് കേസ്. ചികത്സാരേഖകൾ ആവശ്യപ്പെട്ട് ആശുപത്രിയിൽ നൽകിയ വിവരാവകാശ അപേക്ഷയ്‌ക്ക് 40 ദിവസമായിട്ടും മറുപടി കിട്ടിയില്ലെന്നും ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം മൊഴിയെടുത്തില്ലെന്നും അബ്‌ദുൾ ജബ്ബാർ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ആഷ കെ ജോണിനെ മാറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സമരത്തിൽനിന്ന് പിന്തിരിപ്പിക്കാന്‍ കോൺഗ്രസ് നേതാവായ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരനും എത്തിയെങ്കിലും പിന്നോട്ടില്ലെന്ന് അറിയിച്ചതോടെ തിരിച്ചുപോയി. പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബ്‌ദുൾ ജബ്ബാറിന്റെ മൊഴിയെടുത്തു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം മൊഴിയെടുത്താലേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് അബ്‌ദുൾ ജബ്ബാർ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.







0 comments