വർഗീയതയുടെ വളർച്ചയും മമതയുടെ വീഴ്‌ചയും

എം പ്രശാന്ത്
Published on May 13, 2026, 09:45 PM | 4 min read
ബംഗാളിന്റെ രാഷ്ട്രീയചിത്രം അതിവേഗം മാറിമറിയുകയാണ്. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യമായി. തെരഞ്ഞെടുപ്പ് കമീഷൻപോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെയും ദുരുപയോഗിച്ച് ബിജെപി ബംഗാൾ ഭരണം പിടിച്ചെടുത്തു. 10 വർഷം മുമ്പുവരെ നേരിയ രാഷ്ട്രീയസാന്നിധ്യം മാത്രമായിരുന്ന ബിജെപിയും സംഘപരിവാറും അതിവേഗമാണ് അധികാരത്തിലെത്തിയത്. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിന്റെ ഏകാധിപത്യസമീപനവും ദുർഭരണവുമാണ് ബിജെപിക്ക് വഴിയൊരുക്കിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനമുള്ള ബംഗാളിൽ വർഗീയശക്തികളുടെ ആരോഹണം അങ്ങേയറ്റം ആശങ്കാജനകമാണ്.
മമതയുടെ പതനം
ഇടതുപക്ഷവിരുദ്ധതയാണ് മമത ബാനർജിയുടെ മുഖമുദ്ര. അടിയന്തരാവസ്ഥക്കാലത്ത് കൽക്കത്തയിൽ ജയപ്രകാശ് നാരായണിന്റെ കാറിന്റെ ബോണറ്റിൽ നൃത്തം ചവിട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മമത ആദ്യമായി ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ദിരാഗാന്ധിയുടെ ഉറ്റ അനുയായി ആയിരുന്ന മമത, അടിയന്തരാവസ്ഥയെ കണ്ടത് സിപിഐ എമ്മിനെ ഇല്ലാതാക്കാനുള്ള അവസരമായാണ്. മമതയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി 1977ൽ സിപിഐ എം ബംഗാളിൽ അധികാരത്തിലെത്തി.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹിയായി തുടർന്ന മമത പിന്നെയും സിപിഐ എം വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകി. 1991ൽ കേന്ദ്രത്തിൽ നരസിംഹറാവു സർക്കാരിൽ സഹമന്ത്രിയായെങ്കിലും രാജിവച്ചു. കോൺഗ്രസ് സിപിഐ എമ്മിന്റെ ബി ടീമാണെന്ന് ആരോപിച്ച് ബിജെപിയോട് അടുത്തുതുടങ്ങി. 1998ൽ കോൺഗ്രസിനെ പിളർത്തി തൃണമൂൽ കോൺഗ്രസിന് രൂപംനൽകി. 1999ൽ വാജ്‌പേയിയുടെ ബിജെപി സർക്കാരിൽ റെയിൽവേമന്ത്രിയായി. 2000ൽ രാജിവച്ചെങ്കിലും 2003ൽ വീണ്ടും ബിജെപി മന്ത്രിസഭയിൽ തിരിച്ചെത്തി. 2004ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപി സഖ്യകക്ഷിയായി.
നന്ദിഗ്രാം, സിംഗൂർ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് 2006 മുതൽ സിപിഐ എം വിരുദ്ധ സമരങ്ങൾ മമത തീവ്രമാക്കി. മാവോയിസ്റ്റുകൾമുതൽ ആർഎസ്‌എസ് വരെ നീളുന്ന മഴവിൽ മുന്നണിക്ക് രൂപംനൽകി. 2009ലെ ലോക്‌സഭയിൽ നേട്ടമുണ്ടാക്കിയ മമത, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി.
തുടർന്നുള്ള 15 വർഷം സമാനതകളില്ലാത്ത അടിച്ചമർത്തൽ ഭരണമാണ് ബംഗാൾ കണ്ടത്. എഴുന്നൂറിലേറെ സിപിഐ എം പ്രവർത്തകരെ കൊന്നൊടുക്കി. ഓഫീസുകൾ കൂട്ടമായി പിടിച്ചെടുത്തു. ഒരു ഘട്ടത്തിൽ സഹായിച്ച കിഷൻജിയെന്ന മാവോയിസ്റ്റ് നേതാവിനെയും മമതയുടെ പൊലീസ് കൊലപ്പെടുത്തി. സിപിഐ എമ്മിന് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ച മമത, എന്നാൽ ദീർഘനാൾ സഖ്യകക്ഷിയായിരുന്ന ബിജെപിയുടെ വളർച്ചയ്‌ക്ക് എല്ലാ അവസരവും ഒരുക്കി. ഇടതുപക്ഷത്തെ ഇല്ലാതാക്കി തൃണമൂൽ–ബിജെപി ദ്വന്ദ്വ ത്തിലേക്ക് ബംഗാൾരാഷ്ട്രീയത്തെ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.
2011–2026 കാലയളവിനെ ബംഗാളിന്റെ ഇരുണ്ട കാലമെന്ന് നിസ്സംശയം വിശേഷിപ്പിക്കാം. അഴിമതി അതിന്റെ പാരമ്യത്തിലെത്തി. ശാരദ, റോസ്‌വാലി ചിട്ടിതട്ടിപ്പുകളും നാരദ ഒളികാമറാ ഓപ്പറേഷനുമെല്ലാം തൃണമൂൽ നേതാക്കളുടെ വൻ അഴിമതി തുറന്നുകാട്ടി. അധ്യാപക നിയമനത്തിലെയും മുനിസിപ്പൽ ബോർഡ് നിയമനത്തിലെയും അഴിമതികൾ ഇതിനുപിന്നാലെയെത്തി. സർക്കാർ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എത്തേണ്ട പണത്തിൽ ഒരു ഭാഗം തൃണമൂൽ പ്രവർത്തകരുടെ പോക്കറ്റുകളിലേക്ക് ഒഴുകി.
പോളിങ് ബൂത്തുകൾ കൂട്ടമായി പിടിച്ചെടുത്ത് തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും തൃണമൂൽ ആധിപത്യം തുടർന്നു. പൂർണമായും ഗുണ്ടാവാഴ്‌ചയിലേക്ക് ബംഗാൾ മാറി. സ്‌ത്രീസുരക്ഷ പാടേ ഇല്ലാതായി. ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൗത്ത് കൊൽക്കത്ത ലോ കോളേജിൽ നിയമവിദ്യാർഥിനിയും ബലാത്സംഗം ചെയ്യപ്പെട്ടു. രണ്ട് സംഭവങ്ങളിലും പ്രതികൾ തൃണമൂൽ നേതാക്കളായിരുന്നു. നോർത്ത് 24 പർഗാനാസിലെ സന്ദേശ്‌ഖലിയിൽ സ്‌ത്രീകൾ വ്യാപകമായി തൃണമൂൽ നേതാക്കളുടെ ലൈംഗികചൂഷണത്തിന് ഇരയായി. ദുർഭരണത്തിനൊപ്പം വികസനമില്ലായ്‌മയും തൊഴിലില്ലായ്‌മയും കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളുമെല്ലാം ബംഗാളിനെ ദുരന്തഭൂമിയാക്കി. അതിവേഗത്തിലുള്ള മമതയുടെ പതനത്തിന് ഇതെല്ലാം കാരണങ്ങളായി.
ബിജെപിയുടെ ‘എസ്‌ഐആർ’ ജയം
ഒരുകാലത്ത് കൂട്ടാളിയായിരുന്ന മമതയിൽനിന്ന് ബംഗാൾ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ബിജെപി തീവ്രമാക്കിയത് 2016 മുതലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40.25 ശതമാനം വോട്ടും 18 സീറ്റും നേടി ബിജെപി ചുവടുറപ്പിച്ചു. കേന്ദ്രഭരണത്തിന്റെ പിൻബലത്തിലുള്ള ഇടപെടലുകളും പണാധിപത്യവും ഇടതുപക്ഷം അപ്രസക്തമായെന്ന വലതുമാധ്യമങ്ങളുടെ ബോധപൂർവമായ പ്രചാരണവുമെല്ലാം ബിജെപിക്ക് സഹായമായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റ് ബിജെപി നേടി.
മുപ്പത് ശതമാനത്തോളമുള്ള ന്യൂനപക്ഷ വോട്ടർമാരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി തീവ്രമാക്കി. മമതയും ഇതേ ദിശയിൽ നീങ്ങിയത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കി. 33 വർഷം നീണ്ട ഇടതുപക്ഷഭരണത്തിൽ ബംഗാൾ പിന്തുടർന്ന മതമൈത്രിയും സാഹോദര്യവും ചിന്നിച്ചിതറി. രാമനവമിയും ദുർഗാപൂജയും ദീപാവലിയും വലിയ പെരുന്നാളും ചെറിയ പെരുന്നാളുമെല്ലാം ബംഗാളിൽ രക്തരൂഷിതമായി. ആയുധങ്ങളുമായി മതാടിസ്ഥാനത്തിൽ ഏറ്റുമുട്ടി.
വർഗീയധ്രുവീകരണത്തിൽ വിജയംകണ്ട ബിജെപി, തെരഞ്ഞെടുപ്പ് കമീഷനെയും രാഷ്ട്രീയനേട്ടത്തിനായി ആയുധമാക്കി. അമിത് ഷായുടെ വിശ്വസ്‌തനായ ഗ്യാനേഷ് കുമാർ കമീഷൻ തലപ്പത്തേക്ക് എത്തിയതോടെ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന (എസ്‌ഐആർ) എന്ന പേരിൽ കൂട്ടത്തോടെ ന്യൂനപക്ഷവോട്ടർമാരെ വെട്ടി. 91 ലക്ഷംപേർ പുറത്തായി. ഇതിൽ 27 ലക്ഷംപേർ രേഖകളുണ്ടെങ്കിലും ‘സംശയിക്കപ്പെടേണ്ടവർ’ എന്ന നിലയിൽ പുറത്താക്കപ്പെട്ടവരാണ്. സുപ്രീംകോടതിയിൽ നീതിക്കായുള്ള ഇവരുടെ പോരാട്ടം തുടരുന്നു. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ ഭൂരിപക്ഷം എസ്‌ഐആറിലൂടെ നീക്കപ്പെട്ടവരേക്കാൾ കുറവാണ്. ഇതിൽ 86 സീറ്റിൽ ബിജെപിയുടേത് കന്നിജയമാണ്. മമതയുടെ ദുർഭരണത്തോടൊപ്പം എസ്‌ഐആറും ബിജെപിക്ക് നേട്ടമായെന്ന് വ്യക്തം.
കോൺഗ്രസിലൂടെ തൃണമൂൽവഴി ബിജെപിയിലെത്തിയ സുവേന്ദു
ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമാണ്. അച്ഛൻ ശിശിർ അധികാരി ദീർഘനാൾ കാന്തി മുനിസിപ്പൽ ചെയർമാനും മൂന്നുവട്ടം എംപിയുമായിരുന്നു. കാന്തിയിലെ പ്രമാണിമാരായ അധികാരി കുടുംബം 2000ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ എത്തിയത്. സുവേന്ദുവിനൊപ്പം സഹോദരന്മാരും രാഷ്ട്രീയത്തിലുണ്ട്. ഒരാൾ എംപിയും മറ്റൊരാൾ എംഎൽഎയുമാണ്. നന്ദിഗ്രാം പ്രക്ഷോഭകാലത്താണ് സുവേന്ദു മമതയുടെ വിശ്വസ്‌തനായത്.
ജാർഖണ്ഡിനോടും ഒഡിഷയോടും ചേർന്ന ജംഗിൾമഹൽ മേഖലയിലും കാന്തിയും നന്ദിഗ്രാമും ഹാൽദിയയുമെല്ലാം ഉൾപ്പെടുന്ന തീരമേഖലയിലും സിപിഐ എമ്മിനെ വേട്ടയാടാൻ അധികാരി കുടുംബം മുന്നിൽ നിന്നു. മാവോയിസ്റ്റുകൾക്ക് ആയുധങ്ങളടക്കം സുവേന്ദു വിതരണംചെയ്‌തു. തൃണമൂൽ അധികാരത്തിലെത്തിയപ്പോൾ സ്വാഭാവികമായും അഴിമതിഭരണത്തിൽ അധികാരി കുടുംബവും പങ്കാളികളായി. നോട്ടുകെട്ടുകൾ ആർത്തിയോടെ വാരിയെടുക്കുന്ന സുവേന്ദുവിന്റെ ചിത്രങ്ങൾ നാരദ ഒളികാമറയിലൂടെ പുറത്തുവന്നു. ശാരദ ചിട്ടിതട്ടിപ്പിലും സുവേന്ദു പങ്കാളിയായി. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ പിന്നാലെ എത്തിയതോടെയാണ് ബിജെപിയിലേക്കുള്ള കൂറുമാറ്റം. 2020ൽ ബിജെപിയിൽ എത്തിയതോടെ അഴിമതിക്കേസുകൾ ഇല്ലാതായി. പിന്നീട് തീവ്രവർഗീയതയുടെ മുഖമായി, മടിയില്ലാതെ സുവേന്ദു മാറി. മുസ്ലിങ്ങൾക്കായി ഒന്നും ചെയ്യില്ലെന്നും ഹിന്ദുക്കൾക്കായിമാത്രം പ്രവർത്തിക്കുമെന്നും തെരഞ്ഞെടുത്തശേഷം പ്രഖ്യാപിച്ചു.
പിടിച്ചുനിന്ന് ഇടതുപക്ഷം
ബംഗാളിൽ മമതയുടെ ദുർഭരണത്തിനെതിരായി തെരുവുകളിൽ പൊരുതിയത് സിപിഐ എം നേതൃത്വത്തിൽ ഇടതുപക്ഷ പ്രവർത്തകരായിരുന്നു. ആർ ജി കർ സംഭവമടക്കം സ്‌ത്രീകൾ വേട്ടയാടപ്പെട്ടപ്പോഴും സമരമുഖത്ത് ഇടതുപക്ഷമായിരുന്നു. സംസ്ഥാന വ്യാപകമായി ജാഥകൾ നടത്തിയശേഷം ഡിവൈഎഫ്‌ഐ ബ്രിഗേഡ് മൈതാനത്ത് സംഘടിപ്പിച്ച റാലിയിൽ പതിനായിരക്കണക്കിന് യുവജനങ്ങളെത്തി. തൊഴിലാളി–കർഷക– കർഷകത്തൊഴിലാളി സംഘടനകളും ബ്രിഗേഡ് മൈതാനത്തെ ചുവപ്പിച്ചു. 2021 തെരഞ്ഞെടുപ്പിൽ ഒരു സീറ്റും ജയിക്കാതിരുന്ന സിപിഐ എം സമരപ്രക്ഷോഭങ്ങളിലൂടെയാണ് തിരിച്ചുവരവിന് ശ്രമം നടത്തിയത്.
രണ്ട് സീറ്റിൽ ഇടതുപക്ഷസഖ്യത്തിന് ജയിക്കാനായി. ഡോംകലിൽ സിപിഐ എമ്മിന്റെ മുസ്‌തഫിസുർ റഹ്‌മാനും ഭാംഗറിൽ ഐഎസ്‌എഫിന്റെ നവ്‌സാദ് സിദ്ദിഖിയും ജയിച്ചു. 57 മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ട് നേടി. അഞ്ചു മണ്ഡലങ്ങളിൽ രണ്ടാമതെത്താനുമായി. സിപിഐ എം 36 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ ഐഎസ്‌എഫ് 21 മണ്ഡലങ്ങളിലും ഇരുപതിനായിരത്തിലേറെ വോട്ട് നേടി. 96 മണ്ഡലങ്ങളിൽ പതിനായിരത്തിലേറെയും 14 ഇടത്ത് പതിനായിരത്തിനടുത്തും വോട്ടുകൾ സഖ്യം നേടി. 6.74 ശതമാനത്തോടെ 43 ലക്ഷത്തിനടുത്ത് വോട്ടുകളാണ് ലഭിച്ചത്. മുമ്പില്ലാത്ത ആവേശം ഇടതുപക്ഷ സ്ഥാനാർഥികളുടെ പ്രചാരണഘട്ടത്തിലും പ്രകടമായിരുന്നു. കൊൽക്കത്ത നഗരത്തിലെ മണ്ഡലങ്ങളിൽ ഉൾപ്പെടെ ആയിരങ്ങൾ ആവേശത്തോടെ ഇടതുപക്ഷ സ്ഥാനാർഥികൾക്കായി തെരുവിലിറങ്ങി. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന്റെ ശബ്‌ദം വീണ്ടും ഉയരുമെന്നത് ആവേശകരമാണ്.
തൃണമൂലിൽനിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിന് തുടക്കമായിട്ടുണ്ട്. സംഘടനാപരമായും തൃണമൂൽ ദുർബലപ്പെട്ടു. ബിജെപിക്കെതിരെ തൃണമൂൽ പിന്നാക്കംപോകുമ്പോൾ, പ്രതിപക്ഷദൗത്യം ഏറ്റെടുത്ത് ഇടതുപക്ഷം ബംഗാളിൽ സജീവമാകുമെന്ന് തീർച്ചയാണ്.















