Deshabhimani

Articles

മെറ്റാ ഫ്രീസ് എന്ന പുത്തൻ ആയുധം

മെറ്റാ ഫ്രീസ് എന്ന പുത്തൻ ആയുധം

Meta AI
avatar
ജി ശബരിനാഥ്

Published on Feb 11, 2026, 12:59 PM | 2 min read

ജോർജ് ഓർവലിന്റെ '1984' എന്ന നോവലിലെ സർവ്വാധിപതിയായ 'ബിഗ് ബ്രദർ' ഇന്ന് ഇന്ത്യയിലെ ഡിജിറ്റൽ ലോകത്ത് പുതിയ വേഷപ്പകർച്ചകളിലൂടെ അവതരിക്കുകയാണ്. പഴയകാലത്തെപ്പോലെ പത്രങ്ങൾ നേരിട്ട് നിരോധിക്കുന്നതിന് പകരം, ഭരണകൂടം സാങ്കേതികവിദ്യയെയും സോഷ്യൽ മീഡിയ അൽഗോരിതങ്ങളെയും ആയുധമാക്കി മാധ്യമസ്വാതന്ത്ര്യത്തെ നവ സ്വേച്ഛാധിപത്യത്തിന്റെ നീരാളിപ്പിടിത്തത്താൽ വരിഞ്ഞുമുറുക്കുന്നു.


പുതിയ ഐടി നിയമവും മെറ്റയുടെ 'യന്ത്രക്കണ്ണും'


2026ൽ പരിഷ്കരിച്ച ഇന്ത്യൻ ഐ.ടി നിയമങ്ങളാണ് ഈ കർശന നടപടികൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. 'ഹാനികരം' എന്ന് സർക്കാർ കരുതുന്ന ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന കർശന വ്യവസ്ഥ നിലവിലുണ്ട്.


ഇതുകാരണം, ഉള്ളടക്കത്തിന്റെ വസ്തുത പരിശോധിക്കുന്നതിന് പകരം, എതിർ രാഷ്ട്രീയ ഗ്രൂപ്പുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യുന്ന (Mass Reporting) അക്കൗണ്ടുകൾ നിർമിത ബുദ്ധി (AI) സംവിധാനത്തിലൂടെ മെറ്റാ മരവിപ്പിക്കുകയാണ്. വൻതുക പിഴയൊടുക്കുന്നത് ഒഴിവാക്കാനായി മെറ്റാ നടത്തുന്ന ഈ 'മുൻകരുതൽ' നടപടി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വലിയ ഭീഷണിയാവുകയാണ്.


പഴയകാലത്ത് ഭരണകൂടങ്ങൾ പത്രങ്ങൾക്കും മാധ്യമങ്ങൾക്കും നേരിട്ട് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിൽ, ഇന്നത്തെ രീതി അദൃശ്യവും കൂടുതൽ അപകടകരവുമാണ്. മെറ്റാ, എക്സ് (X), ഗൂഗിൾ തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങളിൽ സമ്മർദ്ദം ചെലുത്തി വിമർശനാത്മക വാർത്തകളെ 'ഷാഡോ ബാനിംഗിലൂടെ' (Shadowbanning) പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നു.


പൊതു ക്രമം ഉറപ്പാക്കാനെന്ന വ്യാജേന നിർമിത ബുദ്ധി (AI) ഉപയോഗിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ഉള്ളടക്കം നിമിഷനേരം കൊണ്ട് നീക്കം ചെയ്യുകയാണ് (Automated Takedowns). എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പോലും നിരീക്ഷിക്കപ്പെടുന്നത് 'വിസിൽ ബ്ലോവർമാരുടെ' രഹസ്യ സ്വഭാവം ഇല്ലാതാക്കുകയും അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്നു. മാധ്യമപ്രവർത്തകരുടെ സഞ്ചാരപഥങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഉറവിടങ്ങളുമായുള്ള കൂടിക്കാഴ്ചകൾ അസാധ്യമാകുന്നു. ഇതിനുപുറമെ, ഐടി സെല്ലുകളെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ 'രാജ്യദ്രോഹികളായി' ചിത്രീകരിക്കുന്ന സൈബർ ആക്രമണങ്ങളും, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് അക്കൗണ്ടുകൾ പൂട്ടിക്കുന്ന 'മാസ് റിപ്പോർട്ടിംഗ്' രീതികളും ഇന്ന് ഭരണകൂടത്തിന്റെ പ്രധാന ആയുധങ്ങളാണ്.


രാജ്യത്തെ ഡിജിറ്റൽ ലോകത്ത് വലിയ പ്രതിഷേധമുയർത്തി പ്രമുഖ മാധ്യമങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മെറ്റാ (Meta) വ്യാപകമായി റദ്ദാക്കുന്നു.


'ദേശാഭിമാനി'യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുന്നറിയിപ്പില്ലാതെയാണ് പ്രവർത്തനരഹിതമായത്. ഡിജിറ്റൽ സെൻസർഷിപ്പിന്റെ പുതിയ മുഖമായാണ് ഈ നടപടിയെ മാധ്യമലോകം വിലയിരുത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെയും ബിജെപി- ആർഎസ്എസ് നയങ്ങളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ കാർഡുകളും പോസ്റ്റുകളും തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ദേശാഭിമാനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. ഏതൊക്കെ പോസ്റ്റുകളാണ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഇന്ത്യ-അമേരിക്ക വ്യാപാര കരാറുകളെക്കുറിച്ചുള്ള വാർത്തകളോ കേന്ദ്ര നേതൃത്വത്തെ പരിഹസിച്ചുകൊണ്ടുള്ള ഉള്ളടക്കമോ ആകാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴിയുള്ള ഈ നടപടിക്ക് കാരണമെന്ന് കരുതപ്പെടുന്നു.


കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെ വ്യാപക നീക്കം


ദേശാഭിമാനിക്ക് പുറമെ കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ 'നോ ക്യാപ്' (No Cap)-ന്റെ അക്കൗണ്ടും സ്ഥിരമായി റദ്ദാക്കി. ഫെബ്രുവരി 9-ന് ദേശീയ മാധ്യമമായ 'ദി വയറി' (The Wire) ന്റെ അക്കൗണ്ടും രണ്ട് മണിക്കൂർ നേരം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഒരു ആക്ഷേപഹാസ്യ വീഡിയോ നീക്കം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നാണ് സൂചന. കൂടാതെ, വർഗീയതയ്ക്കെതിരെയും ഭരണകൂട നയങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്ന കേരളത്തിലെ നിരവധി സാമൂഹിക പ്രവർത്തകരുടെ അക്കൗണ്ടുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരായ വസ്തുതകൾ നിരത്തുന്ന മുഖ്യധാരാ മാധ്യമങ്ങളെ മാത്രമാണ് തിരഞ്ഞുപിടിച്ചു അക്കൗണ്ട് ഫ്രീസ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ടു തന്നെയാണ് ഇത് ഒരു നിർമിത ബുദ്ധി (AI) സോഫ്റ്റ്‌വെയറുകൾക്കു സ്വാഭാവികമായി സംഭവിക്കുന്ന അബദ്ധമല്ല എന്ന് വിശ്വസിക്കാൻ കാരണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home