മലേഷ്യൻ പൗരന്റെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം

തിരുവനന്തപുരം : മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള 2006 ലെ കേസ് പുനരന്വേഷിക്കാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി. സംഭവത്തിൽ വിജിലൻസ് പുനരന്വേഷണം നടത്തും.
2006ൽ ഗ്യാനേഷ് കുമാർ കേരളാ കേഡറിൽ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്തെ കേസാണ് പുനരന്വേഷിക്കുന്നത്. എംസി റോഡ് വികസനത്തിനായുള്ള പദ്ധതിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിലെ മലേഷ്യൻ പ്രൊജക്റ്റ് മാനേജർ ലീ സീ ബീൻ എന്ന എഞ്ചിനീയർ ജീവനൊടുക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അതിൽ ഗ്യാനേഷ് കുമാറിന്റെ പേരുമുണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. തുടർന്ന് വിജിലൻസും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഗ്യാനേഷ് കുമാറിനെതിരെ തുടർനടപടികളിലേക്ക് കേസ് എത്തിയില്ല.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലടക്കം പ്രതിഷേധം ശക്തമാവുകയാണ്. വിവിധ പ്രതിപക്ഷ പാർട്ടികളും സംഘടനകളും ജന്തർ മന്തറിൽ ഒക്ടോബർ 2 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഉണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം നാല് മണിക്ക് ജന്തർ മന്തറിലേക്ക് സിറ്റിസൺസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെന്നാൾ എം പി മാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധം നടക്കും.








0 comments