ad
Deshabhimani

കേരളത്തിന്റെ സുവർണകാലം

Local Body Election kannur
avatar
എം സ്വരാജ്‌

Published on Dec 09, 2025, 10:54 PM | 4 min read

​"കേരളം വളരുന്നു,

പശ്ചിമഘട്ടങ്ങളെ കേറിയും, കടന്നും -

ചെന്നന്യമാം രാജ്യങ്ങളിൽ...’

മഹാകവി പാലാ നാരായണൻനായരുടെ വരികൾക്ക് ഇപ്പോഴാണ് അർഥപൂർണത കൈവന്നത്. ഇന്ത്യക്ക് വഴികാട്ടുന്ന നാട് എന്ന ഖ്യാതിയുള്ള കേരളം ഇപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. പശ്ചിമഘട്ടത്തെയും രാജ്യാതിർത്തികളെയും കടന്ന് ലോകമെമ്പാടും കേരളത്തിന്റെ വളർച്ചയും പുരോഗതിയും ചർച്ചാവിഷയമായി മാറുകയാണ്. കേരളത്തിലെ കെ–ഫോൺ പദ്ധതിയെ പ്രശംസിച്ചാണ്‌ ബ്രിട്ടനിലെ ‘ഗാർഡിയൻ’ ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചത്. സൗജന്യമായും സൗജന്യനിരക്കിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ സർക്കാർ പദ്ധതിയാണ് കെ–ഫോൺ. ഈ മാതൃക ബ്രിട്ടനിലും സ്വീകരിക്കണമെന്ന് പത്രം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെടുകപോലുമുണ്ടായി.


kfon


ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളം ആവിഷ്കരിച്ച പദ്ധതികളെ പുതിയ നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് നടപടി എന്നാണ് ലാറ്റിനമേരിക്കയിലെ സാറ്റലൈറ്റ് ന്യൂസ് ടെലിവിഷൻ ശൃംഖലയായ ‘ടെലി സൂർ' വിശേഷിപ്പിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ നാടിന്റെ വളർച്ചയെ പരമാവധി മൂടിവയ്ക്കാൻ ശ്രമിക്കുമ്പോഴും ലോകം കേരളത്തെ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം.

അതിദാരിദ്ര്യം ഇല്ലാതാക്കാൻ സാധിച്ച കേരളം ലോകത്തെ വിസ്മയിപ്പിക്കുന്നത് സ്വാഭാവികം. ആഗോള വിശപ്പുസൂചികയിൽ 102–ാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നുമാണ് അതിദാരിദ്ര്യവിമുക്തിയുടെ മഹാപ്രഖ്യാപനം വരുന്നത് എന്നോർക്കണം. പട്ടിണിമരണങ്ങൾ ഇന്ത്യയിൽ നിത്യസംഭവമായി നിലനിൽക്കുമ്പോഴാണ് കേരളം പട്ടിണിയില്ലാത്ത നാടായി മാറിയത് എന്നുസാരം.


​ശിശുമരണനിരക്കിൽ അമേരിക്കയെ നമ്മൾ മറികടന്നതും ഈയടുത്ത കാലത്താണ്. ഇന്ത്യയിലെ ശിശുമരണനിരക്ക് 25 ആണ്. അമേരിക്കയിൽ ഇത് 5.6. ആയിരം കുഞ്ഞുങ്ങൾ ജനിച്ച് ഒരുവർഷം തികയുമ്പോഴേക്കും അതിൽ എത്ര കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതാണ് ശിശുമരണനിരക്ക് സൂചിപ്പിക്കുന്നത്. പോയവർഷം കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച്‌ ആയിരുന്നു. ലോക മുതലാളിത്തത്തിന്റെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയെ ഇക്കാര്യത്തിൽ കൊച്ചുകേരളം പിന്നിലാക്കി എന്നത് അവിശ്വസനീയമായ മഹാനേട്ടമാണ്. ഈ നേട്ടം പരമാവധി മറച്ചുവയ്‌ക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. മാതൃമരണനിരക്കും പ്രതീക്ഷിത ആയുസ്സും ഉൾപ്പെടെയുള്ള സൂചികകൾപ്രകാരവും കേരളം ലോകോത്തര നിലവാരത്തിൽ എത്തിയതായി കാണാം.


ഇന്ത്യയിൽ ഏറ്റവും ആയുസ്സുള്ളവരാണ് മലയാളികൾ. ആരോഗ്യപരിപാലന രംഗത്തും കേരളമാതൃക അതിശയിപ്പിക്കുന്നതാണ്. നാട്ടിൻപുറങ്ങളിലെ ആരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ സൗജന്യചികിത്സ ഉറപ്പാക്കുന്ന ജനകീയാരോഗ്യ പരിപാലനസംവിധാനം കേരളത്തെ വേറിട്ടതാക്കുന്നു. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് എന്നീ മെഡിക്കൽ കോളേജുകൾക്ക് സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയാംഗീകാരം ലഭിച്ചതും എൽഡിഎഫ് ഭരണത്തിലാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ സൗജന്യചികിത്സ ലഭിച്ചവരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. അതിനായി സർക്കാർ ചെലവഴിച്ചത് 7708 കോടി രൂപയും.


സാധാരണക്കാരുടെ ജീവിതത്തിലെ വലിയൊരു ആശ്വാസമാണ് ക്ഷേമപെൻഷൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിലച്ചുപോയ ക്ഷേമപെൻഷൻ നാലുമടങ്ങായി വർധിപ്പിച്ചു. 2000 രൂപ ക്ഷേമപെൻഷൻ നൽകുന്ന ഏകസംസ്ഥാനമാണ് കേരളം. 62 ലക്ഷത്തിൽപ്പരം മനുഷ്യരാണ് ഗുണഭോക്താക്കൾ. ചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാർക്കുള്ള സ്ത്രീസുരക്ഷാ പെൻഷനും തുടക്കമാവുകയാണ്. 7-8 ലക്ഷം അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും സ്റ്റൈപെൻഡ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ അഞ്ചുലക്ഷത്തോളം വീടുകൾ ഇതിനോടകം കൈമാറി. വീട് ഒരു സ്വപ്‌നംമാത്രമായിരുന്ന ഏതാണ്ട് 20 ലക്ഷം മനുഷ്യർക്കാണ് സുരക്ഷിതഭവനം ഒരുക്കിയത്. നാലുലക്ഷത്തിൽപ്പരം പട്ടയങ്ങളും വിതരണം ചെയ്തു.


വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക്‌ ഭൂമിയും കൈവന്ന കാലമാണിത്. ഏക കിടപ്പാടം ജപ്തി ചെയ്യുന്നത് തടയാൻ നിയമനിർമാണവും നടത്തി. ലക്ഷക്കണക്കിന് മനുഷ്യർക്ക് നേരിട്ട് ആശ്വാസം ലഭിക്കുന്ന ക്ഷേമപദ്ധതികളോടൊപ്പം നാടിന്റെ മുഖച്ഛായ മാറ്റുന്ന വൻകിട വികസനപദ്ധതികളും ഒരുമിച്ച് ഏറ്റെടുക്കാനായി എന്നതാണ് കേരളത്തിന്റെ വിജയം. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ–ഫോൺ, കൊച്ചി–ഇടമൺ പവർ ഹൈവേ, ജലമെട്രോ തുടങ്ങിയവയെല്ലാം മഹത്തായ ചുവടുവയ്‌പുകളായി എക്കാലവും ഓർമിക്കപ്പെടും.


മരിച്ച്‌ മണ്ണടിഞ്ഞുപോയ വികസനപദ്ധതികൾക്ക് ജീവൻവച്ചത് എൽഡിഎഫ് ഭരണത്തിലാണ്. യുഡിഎഫ് കാലത്ത് അപ്രായോഗികമെന്നും അസാധ്യമെന്നും ഫയലിൽ എഴുതി ഉപേക്ഷിച്ച പദ്ധതികളാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പുതുജീവനെടുത്ത് യാഥാർഥ്യമായത്. ദേശീയപാത വികസനവും ഗെയിൽ പൈപ്പ്‌ലൈനും കൊച്ചി–ഇടമൺ പവർ ഹൈവേയുമെല്ലാം യുഡിഎഫ് ഭരണത്തിൽ അന്ത്യശ്വാസം വലിച്ച പദ്ധതികളായിരുന്നു. ഗെയിൽ പൈപ്പ്‌ലൈനും കൊച്ചി–ഇടമൺ പവർ ഹൈവേയും യാഥാർഥ്യമായി. ദേശീയപാത വികസനം പൂർത്തിയാകുന്നു. പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത കേരളം എൽഡിഎഫ് സർക്കാരിന്റെ സംഭാവനയാണ്.


ഇന്ത്യയിലെ ആദ്യത്തെ ജലമെട്രോ കൊച്ചിയിൽ യാഥാർഥ്യമായി. കൊച്ചി ജലമെട്രോയുടെ മാതൃകയിൽ 21 വൻനഗരങ്ങളോടുചേർന്ന് ജലമെട്രോ തുടങ്ങാൻ കേന്ദ്രസർക്കാർ ആലോചിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും കേരളം ജന്മംനൽകി. ശ്രീനാരായണഗുരുവിന്റെ പേരിൽ ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലത്ത് മികച്ചനിലയിൽ പ്രവർത്തിക്കുന്നു. ആദ്യത്തെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ലോകോത്തര ആയുർവേദ ഗവേഷണകേന്ദ്രവും എൽഡിഎഫ് ഭരണത്തിൽ യാഥാർഥ്യമായി.


വിദ്യാഭ്യാസമേഖലയിൽ പുതുചരിത്രം കുറിക്കാനും ഈ കാലയളവിൽ സാധിച്ചു. പൊതുവിദ്യാലയങ്ങളിൽ 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമായി. യുഡിഎഫ് ഭരണകാലത്ത് പരീക്ഷക്കാലത്തുപോലും പാഠപുസ്തകം എത്തിയില്ല. ഇപ്പോൾ സ്കൂൾ തുറക്കുന്നതിനു മുന്പുതന്നെ പാഠപുസ്തകങ്ങൾ എത്തുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തും അഭിമാനമുന്നേറ്റമാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ രണ്ടെണ്ണം കേരളത്തിലാണ്‌.


നിക്ഷേപസൗഹൃദ കാര്യത്തിൽ ലോകശ്രദ്ധ നേടിയ കേരളത്തിലെ വ്യവസായ അഭിവൃദ്ധി സമാനതയില്ലാത്തതാണ്. മൂന്നുലക്ഷം പുതിയ സംരംഭങ്ങൾ ഇവിടെ സാധ്യമായി. 22,000 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്. ഏഴുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.


2016ൽ ഉണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകളായിരുന്നു. ഇപ്പോൾ അത് 6300 ആയി. 27 പൊതുമേഖലാ വ്യവസായങ്ങൾ ഇക്കാലയളവിൽ ലാഭത്തിലുമായി. പിഎസ്‌സി വഴി ഇന്ത്യയിൽ നടക്കുന്ന ആകെ നിയമനങ്ങളിൽ 42 ശതമാനം കേരളത്തിലാണെന്നത് അവിശ്വസനീയമായി തോന്നാം. എന്നാൽ, സത്യമതാണ്. 2016ൽ എൽഡിഎഫ്‌ വന്നശേഷം മൂന്നുലക്ഷം നിയമനങ്ങളാണ് നടന്നത്. ഇതൊരു സർവകാല റെക്കോഡാണ്.


കേരളത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. വയനാട് തുരങ്കപാതമുതൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ എഐ കാമറകൾ സ്ഥാപിച്ചതുവരെ എല്ലാത്തിനെയും പ്രതിപക്ഷം എതിർത്തു. ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെയുള്ളവ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടും എന്നാണ് അവർ പരസ്യപ്രഖ്യാപനം നടത്തിയത്. അത്തരം ജനവിരുദ്ധനിലപാടുകൾ യുഡിഎഫിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തി. സർക്കാർവിരുദ്ധ സമരങ്ങൾ ജനപിന്തുണയില്ലാതെ പരിഹാസ്യമായി. തുടർന്ന്, എല്ലാ നല്ലകാര്യങ്ങളെയും കോടതിയെ സമീപിച്ച്‌ മുടക്കാൻനോക്കി. പക്ഷേ, പ്രതിപക്ഷം കോടതിയിൽ ദയനീയമായി തോറ്റു. സഹികെട്ട് ഒരിക്കൽ ഹൈക്കോടതി പ്രതിപക്ഷനേതാവിന് "പബ്ലിസിറ്റി ഇൻട്രസ്റ്റ്’ ആണോ? എന്നുപോലും ചോദിച്ചു.


ഒരേസമയം പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും കേന്ദ്രത്തിന്റെ പ്രതികാരനടപടികളെയും നേരിട്ടാണ് കേരളം മുന്നേറുന്നത്. വ്യവസ്ഥാപിതമായി ലഭിക്കേണ്ട ഗ്രാന്റുകളും ബജറ്റ് വിഹിതവും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു. കടമെടുപ്പ് അവകാശംപോലും അന്യായമായി തടഞ്ഞ് സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രവും പ്രതിപക്ഷവും ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടും മുട്ടുമടക്കാതെ, അസൂയപ്പെടുത്തുന്ന ക്ഷേമപ്രവർത്തനങ്ങളും വൻകിട വികസനപദ്ധതികളുമായി മുന്നേറുകയാണ് കേരളം. 2016ൽ യുഡിഎഫ് ഭരണമൊഴിഞ്ഞപ്പോൾ കേരളത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം 5.6 ലക്ഷം കോടി രൂപയുടേതായിരുന്നു. ഇപ്പോൾ അത് 13.11 ലക്ഷം കോടിയായി വർധിച്ചു.


​2025ലെ ആദ്യത്തെ ആറുമാസത്തിനിടയിൽ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി കേരളം കാണാനായി ഒഴുകിയെത്തിയത് ഒരുകോടിയിൽപ്പരം സഞ്ചാരികളാണ്. ഇതൊരു റെക്കോഡാണ്. ലോക പ്രശസ്തമായ ടൈംസ് മാഗസിൻ, ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിരുന്നു. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളം മാറിയത് വിവിധ രംഗങ്ങളിൽ നാം ആർജിച്ച അവിശ്വസനീയമായ പുരോഗതിയുടെകൂടി അടിസ്ഥാനത്തിലാണ്.


സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം പൂർണതോതിൽ ജനങ്ങൾക്ക് ലഭ്യമാകാൻ തദ്ദേശസ്ഥാപനങ്ങളിലും ഇടതുപക്ഷഭരണം അനിവാര്യമാണ്. സാധാരണക്കാർക്ക് ആശ്വാസമേകിയ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളെ അട്ടിമറിക്കാനോ ഭാഗികമായിമാത്രം നടപ്പാക്കാനോ ആണ് യുഡിഎഫ് ഭരണത്തിലുള്ള മിക്ക തദ്ദേശസ്ഥാപനങ്ങളും ശ്രമിച്ചത്. അതിന്റെ നഷ്ടം നാടിനും ജനങ്ങൾക്കുമാണ്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താൻ എൽഡിഎഫിനേ സാധിക്കൂ എന്നതാണ് അനുഭവം.



Recommended for you

Deshabhimani
Home