തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്
print edition ബിജെപി നേതാക്കളുടെ സ്വത്തും ബിനാമി ഇടപാടും അന്വേഷിക്കണം: മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ നേതൃത്വത്തിനെ വിമർശിച്ച് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രംഗത്ത്. നേതാക്കളുടെ സ്വത്തുക്കളും ബിനാമി ഇടപാടുകളും അന്വേഷിക്കണമെന്ന് സതീഷ് ഫേസ്‌ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ‘ഒരു പണിക്കും പോകാത്ത, ഒരുരൂപപോലും കൈയിൽ ഇല്ലാത്ത ചിലർ പാർടിയിൽ വരുമ്പോൾ എങ്ങനെ സമ്പന്നരായി. എന്താണ് ഇവരുടെ വരുമാന സ്രോതസ്സ്.
വാഹനങ്ങളും സ്ഥലങ്ങളും എങ്ങനെയുണ്ടായി. ഇവർ പാർടി ചുമതലയിൽ വരുമ്പോൾ എന്താണ് ഇവരുടെ ആസ്തി, ഇപ്പോഴുള്ള ആസ്തി എന്താണ്. ബിനാമി ഇടപാടുകൾ.. ഇതൊക്കെ അന്വേഷണം നടത്താൻ തയ്യാറാകണം. എല്ലാ തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ പണം ഇറക്കുന്ന പാർടിയാണ് ബിജെപി. അതിനനുസരിച്ച് വോട്ടോ സീറ്റുകളോ ലഭിക്കുന്നില്ല. കാരണം പാർടി ഓഫീസിൽ വരുന്ന പണം താഴേത്തട്ടിൽ കൊടുക്കാതെ സ്വന്തം ആവശ്യത്തിന് നേതാക്കൾ പങ്കിട്ട് എടുക്കുകയാണ്. പണം വന്നുതുടങ്ങിയതോടെ പാർടി ചുമതല കിട്ടുന്നതിന് വേണ്ടി ആളുകൾ പരക്കം പാച്ചിലിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടി ജില്ലാ ഓഫീസിൽനിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ നേതാക്കളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നതാണ്. പാർടി അത് മുഖവിലയ്‌ക്കെടുത്തില്ല. വീണ്ടും അവരെ തെരഞ്ഞെടുപ്പ് ഫണ്ട് ഏൽപ്പിച്ച നേതൃത്വമാണ് വളംവച്ചു കൊടുക്കുന്നത്. പാർടിക്കുവേണ്ടി ജീവൻ വെടിഞ്ഞ ബലിദാനികളെപ്പോലും ഓർക്കാതെ പാർടി കൊടിപോലും വിറ്റ് പണം തട്ടുന്നു. ജനങ്ങളുടെ മുന്നിൽ ഇപ്പോൾ പാർടി അടിമുടി ഒരു കള്ളക്കൂട്ടമായി മാറി. മാറാത്തത് മാറണമെങ്കിൽ ആദ്യം ഈ തട്ടിപ്പുകാരെ മാറ്റണം’–സതീഷ് പറയുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ കള്ളപ്പണത്തിൽ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പതുകോടി രൂപ എത്തിച്ചത് ഓഫീസ് സെക്രട്ടറിയായ തിരൂർ സതീഷ് കണ്ടതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പൊലീസിലും കോടതിയിലും മൊഴി നൽകി. ഇതിന്റെ റിപ്പോർട്ട് പൊലീസ് ഇഡിക്ക് കൈമാറിയിരുന്നു. എന്നാൽ, കൊടകര കള്ളപ്പണക്കേസ് അന്വേഷിച്ച ഇഡി തന്റെ മൊഴിയെടുക്കാൻപോലും തയ്യാറായില്ലെന്ന് സതീഷ്‌തന്നെ വ്യക്തമാക്കിയിരുന്നു.










0 comments