അടിയന്തരാവസ്ഥ മുതല്‍ അടിയന്തരാവസ്ഥ വരെ

ചിത്രീകരണം: സുനിൽ അശോകപുരം

സച്ചിദാനന്ദന്‍
Published on Jun 30, 2025, 12:41 PM | 6 min read
അങ്ങനെ പ്രവര്‍ത്തനനിരതനായിരിക്കുന്ന കാലത്താണ് 1975 ജൂണ്‍ 25‐ന് അശനിപാതം പോലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം വരുന്നത്. ഒരു പ്രധാനമന്ത്രിയുടെ അരക്ഷിതത്വം മതി നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ അട്ടിമറിക്കാന്‍ എന്ന് ബോധ്യപ്പെടുത്തിയ നാളുകള്‍ ആയിരുന്നു പിറകേ വന്നത്.
വിദേശികള്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്
നമ്മുടെ നൈവേദ്യമുണ്ട്
നമ്മെ വാഹനമാക്കി ദൈവം
ചമഞ്ഞവര്‍
നാം പണിതുകൊടുത്ത
തോക്കുകള്‍
നമ്മുടെ നെഞ്ചില്‍
നിറയൊഴിച്ചവര്‍.
വെട്ടുകിളിക്കൂട്ടങ്ങള്‍ പിന്നെയും പിന്നെയും തരിശാക്കിയ
ഈ വയലിന്റെ വരമ്പത്ത് നാം ആരുടെ
വിളവിനാണ് കാവലിരിക്കുന്നത്?
നമ്മുടെ മുത്തച്ഛന്മാര്‍
അദൃശ്യമായതിനെ തിരക്കി
കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു
ആരുടെയോ ഭാഷയില്‍
സംസാരിച്ച്
പേരക്കിടാങ്ങള്‍ സ്വന്തം
വാക്കുകള്‍ മറന്നു
അഹിംസയുടെ മുട്ടയില്‍
വിഷസര്‍പ്പങ്ങളാണെന്നറിഞ്ഞിട്ടും
നാമെന്തിനാണ് വ്യർത്ഥ വാഗ്ദാനങ്ങളില്‍ അടയിരിക്കുന്നത്?
പുഴക്കരയില്‍ പറക്കുന്ന ഇരുട്ടില്‍
ബംഗ്ലാവിലെ റേഡിയോവിന്റെ പച്ചക്കണ്ണ്
ഒടിയത്തിയുടേത് പോലെ
തിളങ്ങുന്നു
വാര്‍ത്തകളേയില്ല. ശ്മശാനം ശാന്തം.
നമ്മുടെ ജീവിതവും സ്വപ്‌നവും
ആവിയാക്കുന്ന ഈ വേനല്‍
അവസാനിക്കുകയില്ലെന്ന്
ഇന്ദ്രപ്രസ്ഥത്തിലെ കാലാവസ്ഥാനിരീക്ഷകര്‍
വിശ്വസിക്കുന്നു
അകാല വൈധവ്യങ്ങള്‍ക്കും
ദുഃഖവെള്ളിയാഴ്‌ചകള്‍ക്കും
മുകളില്‍ ചന്ദ്രനുദിക്കുന്നു. അകലെ പുഴയുടെ
വളവില്‍ നിന്ന് എന്തോ ഒലിച്ചു വരുന്നു
അവസാനം അണക്കെട്ട് തുറന്നതാവാം
അവസാനം
അണക്കെട്ട് തുറന്നതാവാം.
(‘വേനല്‍’ (സമാഹാരത്തിൽ ‘കാവൽ’) എന്ന ശീര്‍ഷകത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ‘ദേശാഭിമാനി’ വാരികയില്‍ പ്രസിദ്ധീകരിച്ച കവിതയുടെ അന്ത്യഭാഗം, 1975)
അരനൂറ്റാണ്ടിനു മുമ്പുണ്ടായ പ്രഖ്യാപിതമായ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ഇന്ന് അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയുടെ നിഴലില്‍ ഇരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ ഈ ദുരവസ്ഥകള്‍ തമ്മിലുള്ള ബന്ധമാണ് എന്റെ മുന്നില്‍ തെളിയുന്നത്.
ചിത്രീകരണം: സുനിൽ അശോകപുരം
അന്ന് അന്ധമായി വിശ്വസിച്ചിരുന്ന ജയപ്രകാശ് നാരായണ്‍ എങ്ങനെ (“അഹിംസാതത്വം സ്വീകരിക്കുകയും സമുദായം നോക്കാതെ അംഗത്വം നല്‍കുകയും ചെയ്യുമെങ്കില്‍ ആര്‍എസ്എസ് നമുക്കു വളരെ ആവശ്യമുള്ള ഒരു ദേശീയ യുവജന പ്രസ്ഥാനം ആയിത്തീരും” എന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകൊണ്ടും, തന്റെ ‘സമ്പൂർണ വിപ്ലവ’ത്തിനു അവര്‍ നല്‍കിയ പിന്തുണകൊണ്ടും ആകാം)
ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിലോമ സായുധശക്തിയായ ആര്‍എസ്എസ്സിനെ വളര്‍ത്താന്‍ ഹേതുവായി എന്നും, ആ കാലത്ത് പത്രങ്ങളില്‍ സെന്‍സര്‍മാര്‍ തടഞ്ഞിരുന്ന വാര്‍ത്തകള്‍ മലയാളത്തിലെ ‘കുരുക്ഷേത്രം’ പോലുള്ള രഹസ്യ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടും സ്വകാര്യയോഗങ്ങള്‍ സംഘടിപ്പിച്ചും ജയപ്രകാശിനെ പിന്തുണച്ചും ആ സംഘടനയും, ജനസംഘം, എബിവിപി തുടങ്ങിയ അതേ ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തിന്റെ പ്രചാരകരും എങ്ങനെ ‘ജനാധിപത്യ സംരക്ഷകര്‍’ ആയി നടിച്ചു വളര്‍ന്നു എന്നും ഇന്ന് നമുക്ക് കൂടുതല്‍ മനസ്സിലാകുന്നുണ്ട്.
സോവിയറ്റ് യൂണിയന്‍ ഇന്ദിരാഗാന്ധിക്ക് നല്‍കിയ പിന്തുണ എങ്ങനെ ഒരു കമ്യൂണിസ്റ്റ് വിഭാഗത്തെ അടിയന്തരാവസ്ഥയുടെ പിന്തുണക്കാര്‍ ആക്കി എന്നും ആഭ്യന്തരമന്ത്രി ആയിരുന്ന കെ കരുണാകരന്‍ എങ്ങനെ മുഖ്യമന്ത്രി സി അച്യുതമേനോനെപ്പോലും നിയന്ത്രിക്കാന്‍ ആരംഭിച്ചു എന്നു തന്നെയല്ല, അടിയന്തരാവസ്ഥയെ പ്രശംസിക്കാന്‍പോലും മുതിര്‍ന്നു എന്നും മറക്കാന്‍ വയ്യ.
സഞ്ജയ്‌ഗാന്ധിയും ഇന്ദിരാഗാന്ധിയും
അലഹബാദ് ഹൈക്കോടതിയുടെ വിധിയും‐ അതിനെ വെറും ഒരു കേസുകൊണ്ട് നേരിടാമായിരുന്നു എന്നിരിക്കെ, സഞ്ജയ് ഗാന്ധിയുടെയും അംബികാ സോണിയുടെയും സമ്മർദവും, ഒരു പക്ഷെ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഉപദേശവും ഇന്ദിരാഗാന്ധിയുടെ അധികാരമോഹവും, ഇന്ദിരയുടെ തന്നെ ധീരമായ പ്രവൃത്തികളെ‐ ബാങ്ക് ദേശസാത്കരണം ഉള്‍പ്പെടെ‐ എങ്ങനെ കളങ്കപ്പെടുത്തി എന്നും ഇന്ന് നാം കാണുന്നു. ഞാന്‍ ആമുഖമായി ഇത്രയും പറഞ്ഞു എന്നേയുള്ളൂ, ആ ‘അപവാദാവസ്ഥ’ (State of Exception) യുടെ വിശകലനത്തിലേക്ക് ഇവിടെ കടക്കുന്നില്ല.
1975 ജൂണില്‍ എനിക്ക് 29 വയസ്സ് ആയിരുന്നു. പാർടികളില്‍ ഇല്ലെങ്കിലും ജനകീയ സാംസ്‌കാരികവേദി, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ശാസ്‌ത്രസാഹിത്യ പരിഷത്ത് എന്നീ ഇടതുപക്ഷ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. പരിഷത്തില്‍ ക്ലാസുകള്‍ (വിശേഷിച്ചും ക്ലാസ് എടുക്കാന്‍ പോകുന്നവര്‍ക്കുള്ള ക്ലാസുകള്‍), മറ്റു രണ്ടിടങ്ങളിലും പ്രസംഗങ്ങള്‍, കവിതാ വായനകള്‍ ഇവയായിരുന്നു എന്റെ അന്നത്തെ പ്രവര്‍ത്തനങ്ങള്‍. എന്റെ ആദ്യകാലത്തെ പല ലേഖനസമാഹാരങ്ങളും അന്ന് ഉണ്ടായവയാണ്‐ സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്‌ട്രീയം മുതലായവ.
ചിത്രീകരണം: സുനിൽ അശോകപുരം
പല ലേഖനങ്ങളും ആദ്യം പ്രഭാഷണങ്ങളും ക്ലാസുകളും ആയാണ് ഉണ്ടായത്‐ മാധ്യമങ്ങളുടെ രാഷ്‌ട്രീയം, നവഹൈന്ദവവാദം, ഇന്ത്യന്‍ കമ്യൂണിസം, വിമോചനദൈവശാസ്‌ത്രം അങ്ങനെ പലതും. അങ്ങനെ പ്രവര്‍ത്തനനിരതനായിരിക്കുന്ന കാലത്താണ് 1975 ജൂണ്‍ 25‐ന് അശനിപാതം പോലെ അടിയന്തരാവസ്ഥാപ്രഖ്യാപനം വരുന്നത്.
ഒരു പ്രധാനമന്ത്രിയുടെ അരക്ഷിതത്വം മതി നമ്മുടെ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ അട്ടിമറിക്കാന്‍ എന്ന് ബോധ്യപ്പെടുത്തിയ നാളുകള്‍ ആയിരുന്നു പിറകേ വന്നത്. അതിന്റെ ആഘാതം താരതമ്യേന കുറവ് അനുഭവപ്പെട്ട സംസ്ഥാനമായിരുന്നു കേരളം.
സി അച്യുതമേനോന്‍
അന്ന് മുഖ്യമന്ത്രി ആയിരുന്ന സി അച്യുതമേനോന്‍ ആണ്, “ഇന്നലെ വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ‘യുവാക്കളുടെയും കുട്ടികളുടെയും’ അത്ഭുതകരമായ കർമശേഷിയെ ഉണര്‍ത്തി വിടാന്‍, അച്ചടക്കത്തോട് കൂടി രാജ്യനന്മയ്‌ക്കായി പ്രവര്‍ത്തിക്കാന്‍” അടിയന്തരാവസ്ഥ സഹായിച്ചു എന്ന് (ഉദ്ധരണിയിലെ വാക്കുകള്‍ അദ്ദേഹത്തിന്റേത്) പ്രസ്‌താവിച്ചത്.
പെട്ടെന്ന് പത്രങ്ങള്‍ ‘അനുസരണ’ പഠിച്ചു.
സെന്‍സര്‍ഷിപ് വ്യാപകമായി. അത് പത്രങ്ങളില്‍ നിന്ന് ആനുകാലികങ്ങള്‍, പുസ്‌തകങ്ങള്‍ ഇവയിലേക്കെല്ലാം പടര്‍ന്നു. എഴുത്തുകാരില്‍ ഭൂരിപക്ഷവും ഈ അമിതാധികാരപ്രയോഗം കണ്ടില്ലെന്നു നടിച്ചു. പ്രകൃതം കൊണ്ട് അത് അസാധ്യമായതിനാല്‍ എന്നെപ്പോലെ ചിലര്‍ക്കു സെന്‍സര്‍ഷിപ് മറികടക്കാന്‍ മാർഗങ്ങള്‍ തേടേണ്ടിവന്നു. രാഷ്‌ട്രീയവും സൗന്ദര്യാത്മകവും ആയ വെല്ലുവിളി ആയിരുന്നു അത്.
സെന്‍സര്‍ഷിപ് വ്യാപകമായി. അത് പത്രങ്ങളില്‍ നിന്ന് ആനുകാലികങ്ങള്‍, പുസ്‌തകങ്ങള്‍ ഇവയിലേക്കെല്ലാം പടര്‍ന്നു. എഴുത്തുകാരില്‍ ഭൂരിപക്ഷവും ഈ അമിതാധികാരപ്രയോഗം കണ്ടില്ലെന്നു നടിച്ചു. പ്രകൃതം കൊണ്ട് അത് അസാധ്യമായതിനാല്‍ എന്നെപ്പോലെ ചിലര്‍ക്കു സെന്‍സര്‍ഷിപ് മറികടക്കാന്‍ മാർഗങ്ങള്‍ തേടേണ്ടിവന്നു. രാഷ്‌ട്രീയവും സൗന്ദര്യാത്മകവും ആയ വെല്ലുവിളി ആയിരുന്നു അത്.
പ്രത്യക്ഷത്തില്‍ തന്നെ അന്ന് പ്രതികരിച്ച ഒരു വിഭാഗം എംഎല്‍ പ്രസ്ഥാനത്തില്‍ പെട്ടവര്‍ ആയിരുന്നു.
പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. നമുക്ക് അറിയാവുന്നപോലെ അനേകം പേര്‍, അവരുടെ യോഗത്തില്‍ പാട്ട് പാടുക മാത്രം ചെയ്‌ത രാജന്‍ ഉള്‍പ്പെടെ ജയിലിലായി.
ചിത്രീകരണം: സുനിൽ അശോകപുരം
ജയറാം പടിക്കല്‍, പുലിക്കോടന്‍ എന്നിവര്‍ അനേകം പുതിയ മർദനമുറകള്‍ കണ്ടുപിടിച്ചു – കെട്ടിത്തൂക്കലും ഉരുട്ടലും ഉള്‍പ്പെടെ. അവയുടെ ഇരകളില്‍ ചിലര്‍ ഇന്നും തകര്‍ന്ന ശരീരവുമായി ജീവിക്കുന്നു. ചിലര്‍ കൊല്ലപ്പെട്ടു, ചിലര്‍ ആത്മഹത്യ ചെയ്‌തു. രാജന്‍ കേസ് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ‘മിണ്ടുക മഹാമുനേ’ മുതല്‍ ‘നീതിയുടെ വൃക്ഷം’ വരെ മലയാള കവിതയില്‍ ആ മുറിവും രോഷവും മുദ്രകള്‍ പതിച്ചു.
ചിത്രീകരണം: കെ സുധീഷ്
ഇതോടൊപ്പം മാർക്‌സിസ്റ്റ് പാർടിയും അതിന്റെ രീതിയില്‍ പ്രതികരിച്ചു. പലരും ഒളിവില്‍ പോയി. ഒളിവില്‍ ആയിരുന്ന ഒരു പാർടി നേതാവ് സംസാരിച്ച ഒരു ‘ഒളി യോഗ’ത്തില്‍ (ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന്റെ മുകള്‍ നിലയില്‍) പങ്കെടുത്തതും ഞാന്‍ ഓര്‍ക്കുന്നു.
അധികം ശ്രദ്ധിക്കപ്പെടാതിരിക്കാനാണ് ഹാളുകള്‍ ഒഴിവാക്കി പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത ആ മുറിയില്‍ യോഗം കൂടിയത്. അതിലെ പങ്കാളിത്തം എന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുകയും, ഒപ്പം, മറച്ചു വയ്‌ക്കപ്പെട്ടിരുന്ന ഒരുപാടു വിവരങ്ങള്‍ നല്‍കുകയും ചെയ്‌തു.
എന്റെ മുമ്പില്‍ എഴുതുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച കവിത ‘വേനല്‍’ എന്ന പേരില്‍ ‘ദേശാഭിമാനി വാരിക’യില്‍ വന്നതാണ് (പിന്നെ സമാഹാരത്തില്‍ ‘കാവല്‍’ എന്ന് പേര് മാറ്റിയത്, ‘വേനല്‍ക്കാലം’ എന്ന പേരില്‍ എന്റെ ഒരു കവിത മുമ്പേ ഉണ്ടല്ലോ എന്ന് ചില വായനക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്. മറ്റൊരു കവിത ‘ഒരു മറുപടി ’ ആയിരുന്നു. അതിലെ ചില വരികള്‍ ഇങ്ങനെ:

ഇക്കാലത്ത് തന്നെയാണ് ‘നിഷ്‌പക്ഷത’ എഴുതിയത്. “നിഷ്‌പക്ഷത പറക്കാന്‍ അറയ്‌ക്കുന്ന ഒരു പക്ഷിയാണെങ്കില്‍/ ഞാന്‍ അതിനെ തീറ്റിപ്പോറ്റിയിട്ടില്ല” എന്ന് തുടങ്ങി “നിഷ്‌പക്ഷത ന്യായാധിപന്‍ കഴുകുന്ന കയ്യാണെങ്കില്‍/ കുരിശിലേറുന്നവന്റെ രക്തമിറ്റുന്ന വെള്ളിയാഴ്‌ചയാണ് എനിക്കിഷ്ടം’’ എന്ന് അവസാനിക്കുന്ന ആ കവിത ‘ദേശാഭിമാനി’യില്‍ സെന്‍സര്‍ തടഞ്ഞു, പിന്നെ ‘മലയാളനാട്’ വാരികയില്‍ വന്നു.
ഞാന്‍ കണ്ട മറ്റൊരു വഴി പ്രതീകാത്മകമായി നാടോടിരീതിയില്‍ എഴുതുക എന്നതായിരുന്നു. മുമ്പ് ‘പുലയപ്പാട്ട്’, ‘പുറപ്പാട്’ തുടങ്ങിയ നാടന്‍ രീതിയിലുള്ള കവിതകള്‍ എഴുതിയ പരിചയവും സഹായകമായി. അങ്ങനെയാണ് ‘അവനവന്‍ കോലം’, ‘നാവുമരം’ എന്നീ കവിതകള്‍ എഴുതിയത്.
‘കടലിന്റെ വക്കത്തെപ്പേക്കോലങ്ങള്‍/പല പല കോലങ്ങള്‍ കത്തിക്കുന്നൂ’ എന്ന് തുടങ്ങി, പറങ്കി, പരന്ത്രീസ്, ലന്ത, ബിലാത്തി കോലങ്ങള്‍ കത്തിച്ചുകഴിഞ്ഞ് അവര്‍ അവനവങ്കോലം (തന്റെ തന്നെ ഇമേജ്) കത്തിക്കുന്നതാണ് ആദ്യത്തെ കവിതയിലെ പ്രമേയം.
സ്‌കൂള്‍ അധ്യാപകര്‍ ചൊല്ലിക്കൊടുത്ത് കുട്ടികള്‍ക്കിടയില്‍ അന്നുതന്നെ പ്രചാരം നല്‍കിയ ‘നാവുമര’ത്തില്‍ നാട്ടില്‍ മുഴുവന്‍ വസൂരി പടര്‍ന്നു പിടിക്കുമ്പോള്‍ ‘നാട്ടമ്മ നല്ല തേവി’ നാട്ടുകാരുടെ മുഴുവന്‍ നാവരിഞ്ഞു കുരുതി ചെയ്യുന്നു – സെന്‍സര്‍ഷിപ്പാണ് വിഷയം, അതില്‍ പത്രക്കാര്‍, കാർട്ടൂണിസ്റ്റുകള്‍, കവികള്‍, കര്‍ഷകര്‍ എല്ലാം പെടും. പക്ഷെ ആ നാവുകളില്‍നിന്ന് ഒന്ന് മുള പൊട്ടി പുറത്തു വന്നു വലിയ ഒരു മരം ആവുകയും നാട്ടുകാര്‍ അതിനെ ‘നാവുമരം’ എന്ന് വിളിക്കുകയും ചെയ്യുന്നു.
ചിത്രീകരണം: സുനിൽ അശോകപുരം
മുമ്പ് മറവുചെയ്‌ത സത്യങ്ങള്‍ എല്ലാം അതിന്റെ ഇലകളില്‍ തെളിഞ്ഞുവരുന്നു. നാവുമരം പൂവിട്ട നാട്ടിന് നാട്ടുകാര്‍ ‘നാവായ, തിരുനാവായ’ എന്ന് പേരിടുന്നു. അക്കാലത്ത് ഏറ്റവും പ്രചാരം നേടിയ കവിതകളില്‍ ഒന്ന് ഇതാകണം.
ഈ രണ്ടു കവിതകളും അന്ന് കുറെ പ്രചാരം ഉണ്ടായിരുന്ന, ചരമമടഞ്ഞ കവി സി പി വത്സന്‍ എഡിറ്റര്‍ ആയിരുന്ന, സി ആര്‍ കേശവന്‍ വൈദ്യര്‍ പ്രസിദ്ധീകരിച്ചിരുന്ന ‘വിവേകോദയം’ മാസികയില്‍ ആണ് വന്നത്.
വത്സന്‍ കാണിച്ച വലിയ ധൈര്യം ആയിരുന്നു അവയുടെ, വിശേഷിച്ചും ‘നാവുമര’ത്തിന്റെ പ്രകാശനം. വൈദ്യര്‍ അത് കണ്ടപ്പോള്‍ വത്സന് താക്കീത് നല്‍കുകയും ചെയ്‌തു. എന്റെ ചില ശുഭകാംക്ഷികള്‍ എനിക്കും താക്കീത് നൽകാതിരുന്നില്ല.
അതേ കാലത്ത് ഞാന്‍ ‘ദേശാഭിമാനി' പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കവിതകളുടെ ഒരു പരമ്പരയും ആരംഭിച്ചു, ടാഗോര്‍ മുതലുള്ളവരുടെ രചനകള്‍. പരമ്പരയുടെ പേര് ‘സ്വാതന്ത്ര്യഗീതങ്ങള്‍’ എന്നായിരുന്നു. അത് സെന്‍സര്‍ തടഞ്ഞു; പക്ഷെ ക്ലാസിക്കുകളായ ആ കവിതകള്‍ തടയുക പ്രയാസമായിരുന്നു.
എനിക്ക് അക്കാലത്ത് ജയിലില്‍ കിടക്കേണ്ടി വന്നില്ല, എന്റെ കുടുംബം അത് ഭയന്നിരുന്നുവെങ്കിലും. തൃശൂരും, എന്റെ ജീവിതപങ്കാളിയുടെ വീടുള്ള ഒറ്റപ്പാലം പാലക്കാട് ജില്ലയില്‍ ആയതിനാല്‍ പാലക്കാടും, ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു. രണ്ടിടത്തും എന്റെ ഷര്‍ട്ടില്‍ ഒരു നമ്പര്‍ തൂക്കി ഫോട്ടോ എടുത്തു‐ അപമാനിക്കാന്‍ ആകാം.
എനിക്ക് അക്കാലത്ത് ജയിലില്‍ കിടക്കേണ്ടി വന്നില്ല, എന്റെ കുടുംബം അത് ഭയന്നിരുന്നുവെങ്കിലും. തൃശൂരും, എന്റെ ജീവിതപങ്കാളിയുടെ വീടുള്ള ഒറ്റപ്പാലം പാലക്കാട് ജില്ലയില്‍ ആയതിനാല്‍ പാലക്കാടും, ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു. രണ്ടിടത്തും എന്റെ ഷര്‍ട്ടില്‍ ഒരു നമ്പര്‍ തൂക്കി ഫോട്ടോ എടുത്തു‐ അപമാനിക്കാന്‍ ആകാം.
കൂടാതെ ചേര്‍പ്പിലുള്ള ഒരു സിഐഡി നമ്പൂതിരി എന്നെ പിന്തുടരുകയും, അല്ലാത്തപ്പോള്‍ അന്ന് ഞാന്‍ താമസിച്ചിരുന്ന കൊച്ചു വാടകവീടിന്റെ പടിക്കല്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചു നില്‍ക്കുകയും പതിവായിരുന്നു.
എന്റെ എല്ലാ പ്രസംഗങ്ങള്‍ക്കും അയാള്‍ മുന്നില്‍ ഉണ്ടാവും. അയാള്‍ ഇപ്പോള്‍ ഇല്ല. എന്നാല്‍ അല്‍പ്പം ബുദ്ധി വച്ചിട്ടാവും മരിച്ചിരിക്കുക എന്ന് തീര്‍ച്ച. അയാള്‍ ഇപ്പോള്‍ ഞാന്‍ നടത്തുന്ന, കേന്ദ്രസര്‍ക്കാരിന് വിരുദ്ധമായ, പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ജീവിച്ചിരിപ്പില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ.
'75‐ല്‍തന്നെ ഒരു ദിവസം ഇരിങ്ങാലക്കുടയിലെ എന്റെ പഴയ വാടകവീടായ 'കൃഷ്ണാലയ’ത്തില്‍ സഖാവ് പി ഗോവിന്ദപ്പിള്ള പെട്ടെന്ന് കടന്നുവന്നു. അന്ന് അദ്ദേഹം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അധ്യക്ഷന്‍ ആയിരുന്നു.
പി ഗോവിന്ദപ്പിള്ള
കൗണ്‍സില്‍ ഒരു പബ്ലിക്കേഷന്‍ തുടങ്ങിയിരുന്നു. അതിന് വേണ്ടി ഞാന്‍ പാബ്ലോ നെരൂദയുടെ കവിതകളുടെ ഒരു സമാഹാരം വിവർത്തനം ചെയ്യണമെന്നായിരുന്നു ആവശ്യം, ഒപ്പം ഹോചിമിന്റെ ജയില്‍ ഡയറിയും... അതിന്റെ എഗ്രിമെന്റ് പോലും അദ്ദേഹം കൊണ്ടുവന്നിരുന്നു.
ഞാന്‍ ഒപ്പിട്ടു കൊടുത്തു. പിന്നെ ഉറക്കമില്ലാത്ത രണ്ടുമാസം ആയിരുന്നു. എന്റെ കൈയിൽ നെരൂദ സ്വയം തെരഞ്ഞെടുത്ത കവിതകൾ ഉള്‍പ്പെടെ ചില സമാഹാരങ്ങള്‍ ഉണ്ടായിരുന്നു. സ്‌പാനിഷ് മൂലവും ഇംഗ്ലീഷ് പരിഭാഷയും ഉള്ളത്. ഒപ്പം ഹോചിമിന്‍ ജയില്‍ ഡയറിയും. ഒഴിവുകാലം ആയിരുന്നു. പരിഭാഷ സമയത്തിന് തീര്‍ത്തു. സ്‌പാനിഷ് അറിയാവുന്ന ഒരു സുഹൃത്ത് നെരൂദ പരിഭാഷ ഒത്തുനോക്കുകയും ചെയ്‌തു.
ഹോചിമിനും എകെജിയും
ഹോചിമിന്‍ ഡയറിയില്‍ സി എന്‍ കരുണാകരന്റെ ധാരാളം ചിത്രങ്ങൾ, രണ്ടിനും കരുണാകരന്റെ കവർ, നല്ല കടലാസ്, സി എന്‍ ശ്രീകണ്ഠന്‍ നായരുടെ 'ശ്രീമുദ്രാലയ’ത്തിലെ ഗംഭീരമായ അച്ചടി. തിരുവനന്തപുരത്ത് നടന്ന അവയുടെ പ്രകാശനം ഒരു പ്രതിരോധ യോഗം തന്നെ ആയി.
ഞാന്‍ 'ചില കാര്യങ്ങളുടെ വിശദീകരണം’, അയ്യപ്പപ്പണിക്കര്‍ 'അടഞ്ഞ വായിലൂടെ ഈച്ചകള്‍ കയറുന്നു' എന്നീ കവിതകൾ വായിച്ചത് നല്ല ഓർമയുണ്ട്. ആ പുസ്‌തകങ്ങൾ പിന്നെ പലകുറി, പുതിയ പുതിയ കവിതകൾ ചേര്‍ത്ത് പല പ്രസാധകരും ഇറക്കി, എങ്കിലും ആ പുസ്‌തകങ്ങൾ ഞാന്‍ മറക്കുകയില്ല. പിന്നെ പിജി എന്റെ മകളുടെ വിവാഹത്തിനു ചിന്ത രവിയ്‌ക്ക് ഒപ്പം വന്നപ്പോൾ അത് ഞങ്ങൾ ഒന്നിച്ച് ഓര്‍ത്തു .
ദേശാഭിമാനി വാരികയിൽ നിന്ന്















