ad
Deshabhimani

Articles

രാജ്ഭവനിലും കാവിക്കൊടിയേന്തിയ ഭാരതമാതാവോ...

ദേശീയതയുടെ കാൻവാസിൽ ഭാരതാംബ നടന്ന ദൂരങ്ങൾ

cover
avatar
ശ്രീചിത്രൻ എം ജെ

Published on Jun 20, 2025, 11:37 AM | 15 min read


'നമുക്കൊരുമിക്കാം! മറ്റുള്ളവരെ സംഹരിക്കാനല്ല, സൃഷ്ടിക്കാനായി നമുക്കൊരുമിക്കാം! നമ്മുടെ ഇന്ത്യ ഒരു സമുദായവും അന്യമല്ലാത്തവിധം സർവസമുദായങ്ങളുടെയും മാതാവായിരിക്കട്ടെ!’


(രവീന്ദ്രനാഥ ടാഗോർ, 1909‐ലെ പ്രഭാഷണം)


ഇന്ത്യൻ ദേശീയപ്പിറവിയുടെ ആകാശത്തിൽ മുൻപേ പറന്ന പക്ഷിയായിരുന്നു നമ്മുടെ ദേശീയകവിയായ ടാഗോർ. ലോകം ഒരു കിളിക്കൂടുപോലെ സാന്ദ്രവും സംക്ഷിപ്തവുമാകുന്ന സാർവദേശീയതയും ഒരു സമുദായവും അന്യമല്ലാത്ത ദേശീയതയും ആ പക്ഷിയുടെ രണ്ട് ചിറകുകളായിരുന്നു.


അതേ ടാഗോർ ദേശീയത വിപത്തായിത്തീരുന്ന ഭവിഷ്യൽക്കാലം വ്യക്തമായി ദർശിക്കുകയും ചെയ്‌തു. ദേശീയതയുടെ കുപ്പിച്ചില്ലുശകലങ്ങൾക്കായി സാർവദേശീയതയുടെ അനർഘരത്നങ്ങളെ താൻ പകരം നൽകില്ലെന്ന ദൃഢനിശ്ചയം ടാഗോറിനെ കാലത്തിന്റെ അങ്കഗണിതങ്ങൾക്കപ്പുറം കണ്ട ക്രാന്തദർശിയാക്കി മാറ്റി.


ഓർത്താൽ വിസ്മയകരമാണ്‐ ഇന്ന് കേരളത്തിന്റെ രാജ്ഭവനിലെ ചിത്രത്തിലുള്ള ഭഗവധ്വജം പിടിച്ചുനിൽക്കുന്ന സ്‌ത്രീരൂപമാണ് ഭാരതമാതാവെന്ന് സ്ഥാപിക്കുകയും സർക്കാർ പരിപാടിയിൽ ആ കാവിക്കൊടിയേന്തിയ വനിതയ്‌ക്ക് പുഷ്‌പാർച്ചനയും ദീപപ്രജ്വാലനവും നടത്തുന്ന ചടങ്ങ് നടക്കുകയും ചെയ്യുമ്പോൾ ഓർക്കുക, ഇതേ വൈരുധ്യപ്രശ്നത്തെ ആദ്യം ഇന്ത്യയിൽ നേരിട്ടതും മറുപടി നൽകിയതും ടാഗോറായിരുന്നു.


tagoreരവീന്ദ്രനാഥ ടാഗോർ


ഇതേ ഭാരതമാതാവെന്ന സാംസ്‌കാരിക പ്രതീകത്തെ നിരന്തരം ഉപയോഗിച്ച മറ്റൊരു ദേശാഭിമാനിയാണ് ഈ മാതൃസ്വരൂപത്തിന്റെ ഭാവി വിവക്ഷകളിൽ അന്ന് സംശയാലുവായതും‐ സുഭാഷ് ചന്ദ്രബോസ്.


1937‐ൽ കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതര’ത്തിൽ ഒരു സംശയമുന്നയിച്ചു.


bankimബങ്കിംചന്ദ്ര ചാറ്റർജി


കോൺഗ്രസിന്റെ ഗാനമായി ഇത് സ്വീകരിക്കണോ എന്നതായിരുന്നു ബോസിന്റെ സംശയം. ശക്തമായ ഹൈന്ദവധ്വനികളുള്ള ബങ്കിമിന്റെ കവിത വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനു ചേർന്നതാണോ എന്നതായിരുന്നു ആ സംശയം. ഇത്തരമൊരു സംശയത്തിൽ അന്ന് ബോസിന്‌ സമീപിക്കാവുന്ന ഏറ്റവും ആധികാരികമായ ധിഷണ ടാഗോർ ആയിരുന്നു.


subash chandra bose സുഭാഷ് ചന്ദ്രബോസ്


ഗാനത്തിന്റെ മതപരമായ ധ്വനികളെക്കുറിച്ച് മുമ്പേ ആശങ്ക പ്രകടിപ്പിച്ചിരുന്ന ടാഗോർ, ‘വന്ദേമാതരം’ തുടർന്നുള്ള ഖണ്ഡികകളിൽ ദുർഗാദേവിയെ സ്‌തുതിക്കുന്നതാണെന്നും ഇത് ഹൈന്ദവേതര വിഭാഗങ്ങൾ അംഗീകരിക്കണമെന്ന വാദം ശരിയല്ലെന്നും ബോസിനോട് വ്യക്തമായി പറഞ്ഞു. മതേതരമായ ആദ്യ ഖണ്ഡിക മാത്രം ഉപയോഗിക്കാൻ അദ്ദേഹം നിർദേശിച്ചു. അതാണിന്നും നാം കേൾക്കുന്ന ‘വന്ദേമാതരം.’


ടാഗോറിന് സ്വാതന്ത്ര്യത്തിനു മുൻപേ വ്യക്തമായിരുന്ന ആപത്താണ് സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴും നമ്മെ ചൂഴ്‌ന്നുനിൽക്കുന്നത്. കേന്ദ്രഭരണകൂടം ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തിന്റെ അധികാരരൂപമായതോടെ ഹൈന്ദവബിംബങ്ങൾ ഇന്ത്യയുടെ പൊതുപ്രതീകങ്ങളായി സ്ഥാപിക്കുന്നത് നിത്യസംഭവമായി തീർന്നു.


ഇന്ത്യയിലെ ബഹുസ്വര ജനതയുടെ പരിച്ഛേദമായ പാർലമെന്റ്‌ ഉദ്ഘാടനം ചെയ്യാൻ ശൈവസന്യാസിമാരും, രാഷ്‌ട്രീയമായി സ്ഥാപിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയും എന്ന താറുമാറായ രാഷ്‌ട്രീയമത ബന്ധം അത്യന്തം സ്വാഭാവികമെന്ന നിലയിലേക്ക് ഈ രാജ്യം എത്തിച്ചേർന്നു. അതേ ക്രൂരവിപര്യയത്തിന്റെ തുടർച്ചയാണ് രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതമാതാവായി നാം കാണുന്നത്.


ഭരണഘടനാപരമായ ലംഘനങ്ങൾ തീർച്ചയായും രാജ്ഭവനിലെ പരിപാടികളിൽ പ്രതിഷ്ഠിക്കപ്പെടുന്ന ഈ ഭഗവധ്വജ ഭാരതമാതാവിലുണ്ട്. പക്ഷേ ഇന്ത്യൻ ഭരണഘടനയെ ഒരുകാലത്തും ആർഎസ്എസ് അംഗീകരിച്ചിട്ടില്ല എന്നോർക്കുക. ഇന്ത്യൻ ഭരണഘടന നിർമിക്കപ്പെട്ട ആദ്യ വർഷങ്ങളിൽത്തന്നെ ഓർഗനൈസറിൽ ആർഎസ്എസ് ഈ ഭരണഘടനക്കെതിരെ സംസാരിച്ചിരുന്നു.


മനുസ്മൃതിയുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ജാതിരാഷ്‌ട്രത്തിന്റെ മറ്റൊരു ഭരണഘടനയാണ് ആർഎസ്എസ് അന്നേ വിഭാവനം ചെയ്‌തത്. ഇന്ത്യൻ ദേശീയപതാകയേയും ആർഎസ്എസ് അന്ന് അംഗീകരിച്ചിട്ടില്ല. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഭരണഘടനയിൽ ഇന്ത്യയുടെ ദേശീയപതാക ഭഗവധ്വജമാണ്.


രൂപീകരണത്തിന്റെ 100 വർഷങ്ങൾ തികയുന്ന ഈ വേളയിൽ ആർഎസ്എസ് ഇന്ത്യയിൽ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുരാഷ്‌ട്രവൽക്കരണത്തിന്റെ ഉപകരണമാണ് അവരെ സംബന്ധിച്ചിടത്തോളം ഓരോ അധികാരസ്ഥാനവും. അതിനാൽ തന്നെ രാജ്ഭവനിലെ ചിത്രം യാദൃച്ഛികമോ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ആകസ്മികതയോ ഒന്നുമല്ല.


രൂപീകരണത്തിന്റെ 100 വർഷങ്ങൾ തികയുന്ന ഈ വേളയിൽ ആർഎസ്എസ് ഇന്ത്യയിൽ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുരാഷ്‌ട്രവൽക്കരണത്തിന്റെ ഉപകരണമാണ് അവരെ സംബന്ധിച്ചിടത്തോളം ഓരോ അധികാരസ്ഥാനവും. അതിനാൽ തന്നെ രാജ്ഭവനിലെ ചിത്രം യാദൃച്ഛികമോ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ആകസ്മികതയോ ഒന്നുമല്ല.


സമീപകാലത്ത് എല്ലാ ചർച്ചകളിലും ഉള്ളതുപോലെ എളുപ്പത്തിൽ ഈ വിഷയവും രണ്ട് ധ്രുവങ്ങളിലേക്ക് വേർതിരിഞ്ഞതായി കാണാം. ഭാരതമാതാവിനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആ ചോദ്യം. രാജ്ഭവനിൽ കാണുന്ന ചിത്രം ഭാരതമാതാവാണോ എന്ന ആദ്യത്തെ ചോദ്യം അവിടെ മായ്‌ക്കപ്പെടുകയാണ്.


ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകം എന്ന നിലയ്‌ക്ക്‌ ചരിത്രപരമായി വികസിച്ചുവന്ന പലമട്ടാർന്ന ഭാരതമാതാ ചിത്രങ്ങളിൽ പെടുന്ന ഒന്നല്ല ആ ചിത്രം. അഖണ്ഡഭാരതം എന്ന പേരിൽ സവർക്കർ മുന്നോട്ടുവച്ച 'അട്ടക് ടു കട്ടക്’‐ ആസേതുഹിമാചലം‐ എന്ന ആശയത്തിലൂന്നി ഇന്നത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളുമടങ്ങുന്ന, ഇന്ത്യ എന്ന നാമറിയുന്ന ഇന്നത്തെ രാഷ്‌ട്രമേ അല്ലാത്ത ഒന്നാണ് ആ ചിത്രത്തിലെ പശ്ചാത്തലം.


മുന്നിലുള്ള വെളുത്ത, ആഭരണ ഭൂഷിതയായ സ്‌ത്രീരൂപം പിടിച്ചിരിക്കുന്ന കാവിക്കൊടി ഭഗവധ്വജവുമാണ്. ഇത്തരമൊരു ഭാരതമാതാ ചിത്രം ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും ആർഎസ്എസിന് ഒഴികെ ആർക്കും സാംസ്‌കാരിക പ്രതീകമായിട്ടില്ല. ചിത്രകലയുടെ അടിസ്ഥാന ധാരണകൾ വച്ച് പരിശോധിച്ചാൽ തന്നെ ഇതൊരു വികലചിത്രവുമാണ്.


barathaamba-abaneendraഅബനീന്ദ്രനാഥ ടാഗോറിന്റെ ഭാരതമാതാവ്‌


എന്നാൽ ചർച്ചകളിൽ നിരന്തരം ആവർത്തിക്കപ്പെട്ടത് മറ്റൊരു ഭാരതമാതാ ചിത്രമാണ്. രവീന്ദ്രനാഥ ടാഗോറിന്റെ മരുമകനും ബംഗാൾ സ്‌കൂൾ എന്ന ചിത്രകലയിലെ നിർണായക പ്രസ്ഥാനത്തിന്റെ നെടുംതൂണുമായ അബനീന്ദ്രനാഥ ടാഗോർ വരച്ച ഭാരതമാതാ ചിത്രം.


കിരൺചന്ദ്രയിൽ നിന്ന് അബനീന്ദ്രനാഥിലേക്ക്


ഇന്ത്യ എന്ന രാഷ്‌ട്രം ഒരു ആധുനികസൃഷ്ടിയാണ്. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളായിരുന്ന ഈ രാഷ്‌ട്രത്തിന്റെ രൂപം നിർണയിച്ചത് കൊളോണിയൽ വിരുദ്ധസമരങ്ങളായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായ ഒറ്റപ്പെട്ട നാട്ടുരാജ്യപ്രതിരോധങ്ങൾക്ക് ശേഷം വലിയ സമരങ്ങൾ രൂപപ്പെട്ടുവരുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഇന്ത്യൻ ദേശീയതയുടെയും രൂപശിൽപ്പം ഉരുവപ്പെട്ടുവരുന്ന ഘട്ടമാണ്.


abaneendraഅബനീന്ദ്രനാഥ ടാഗോർ


1857‐ലെ ഒന്നാം സ്വാതന്ത്ര്യസമരം ഇന്ത്യൻ ദേശീയതയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ വിവിധ ഘടകങ്ങളെ കൂടുതൽ വ്യക്തമായി പ്രത്യക്ഷവൽക്കരിക്കുകയും അവ തമ്മിലുള്ള പരസ്‌പരബന്ധങ്ങളെയും സംഘർഷങ്ങളെയും എടുത്തുകാണിക്കുകയും ചെയ്‌തു. 1857‐നു ശേഷം ബ്രിട്ടീഷുകാർ കൂടുതൽ ജാഗരൂകരാവുകയും ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തടയാനാവാത്ത വിധത്തിലുള്ള സംഘരൂപമാർജിക്കാം എന്ന തിരിച്ചറിവിൽ എത്തുകയും ചെയ്‌തിരുന്നു.


ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തികഞ്ഞ ആസൂത്രണത്തോടെ പ്രയോഗിക്കപ്പെട്ട ആ ഘട്ടത്തിൽ ഇന്ത്യയെ ഒരുമിപ്പിക്കുന്ന ദേശീയസ്വരൂപത്തെ നിർമിച്ചെടുക്കുക എന്നത് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ അടിയന്തര ആവശ്യമായി മാറി. എന്നാൽ യൂറോപ്യൻ ദേശരാഷ്‌ട്ര നിർമിതികളുടെ പൂർവമാതൃകയിൽ നിർമിക്കാവുന്ന ഒരു രാജ്യമേ അല്ല ഇന്ത്യ എന്ന തിരിച്ചറിവ് ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിലുള്ള പലർക്കുമുണ്ടായിരുന്നു.


അതിന് സാംസ്‌കാരികവും പൗരാണികവുമായ ചരടുകൾ വേണം. സാഹിത്യത്തിലും സംഗീതത്തിലും കലയിലും സംസ്‌കാരത്തിലും ഊടും പാവുമായി നാം ഒരു ജനതയാണ് എന്ന ബോധ്യം പ്രവഹിക്കണം. ഈ ഘട്ടത്തിലുണ്ടായ നിരവധി കലാസൃഷ്ടികളിൽ ഒന്നായിരുന്നു കിരൺ ചന്ദ്ര ബന്ദോപധ്യായയുടെ 1873‐ൽ എഴുതപ്പെട്ട ‘ഭാരത് മാത' എന്ന നാടകം.


നാടകത്തിന്റെ പ്രമേയം ലളിതമാണ്. ക്ഷാമവും കൊളോണിയൽ ചൂഷണവും മൂലമുണ്ടായ ദയനീയ സാഹചര്യങ്ങൾ കാരണം ഒരു ഗൃഹനാഥയും ഭർത്താവും തങ്ങളുടെ ക്ഷാമബാധിത ഗ്രാമം ഉപേക്ഷിച്ച് ഒരു കാട്ടിലേക്ക് പലായനം ചെയ്യുന്ന കഥയാണ് നാടകം ചിത്രീകരിക്കുന്നത്. അവിടെവച്ച് അവർ കലാപകാരികളെ കണ്ടുമുട്ടുന്നു.


പിന്നീട് ഒരു പുരോഹിതൻ അവരെ ഒരു കാനനക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയാണ്. അവിടെവച്ച് അവർ ഭാരത് മാത എന്നാ മാതൃഭൂമിയുടെ മൂർത്തരൂപത്തെ കാണുന്നു. അതോടെ ധൈര്യം നേടുന്ന അവർ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ പങ്കെടുക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്. ആദ്യമായി ഭാരതമാതാവ്‌ എന്ന സങ്കൽപ്പം നാം കാണുന്നത് ഈ നാടകത്തിലാണ്.


കിരൺ ചന്ദ്രയുടെ നാടകത്തിന് 9 വർഷത്തിനുശേഷം പ്രധാനപ്പെട്ട ഒരു നോവലിൽ ഭാരതമാതാവ് പൂർണരൂപത്തിൽ പ്രത്യക്ഷപ്പെട്ടു‐ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 1882‐ൽ പുറത്തിറങ്ങിയ ‘ആനന്ദമഠം.’ ആധുനികവിദ്യാഭ്യാസം നേടി ജോലിക്കാരായ കൊളോണിയൽ ഉദ്യോഗസ്ഥവൃന്ദത്തിലെ എഴുത്തുകാരാണ് ഇന്ത്യയിൽ മിക്കയിടത്തും നോവൽ പ്രസ്ഥാനത്തിലെ നാഴികക്കല്ലുകൾ നിർമിച്ചത് എന്നത് ഒരു യാദൃച്ഛികതയല്ല.


പുതുതായി വളർന്നുവരുന്ന ഒരു സാക്ഷരസമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന നവീനമായ ഒരു സാഹിത്യ രൂപത്തിലേക്കുള്ള പരിണാമം അവർക്കാണ് അന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നത്. കേരളത്തിൽ ഇന്ദുലേഖ എഴുതിയ ചന്തുമേനോന് സമാനമായി, ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷ് കോടതിയിലെ ഒരു ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയിരുന്നു. കൊളോണിയൽ ദാസ്യബോധവും മുസ്ലിം വിരുദ്ധതയും ഇന്ത്യൻ ദേശീയതയും ചേർന്ന ഒരു സംയുക്തമായിരുന്നു ബങ്കിം. ഈ മൂന്ന് ഘടകങ്ങളുടെ സമന്വയമാണ് ആനന്ദമഠം എന്ന നോവൽ.


മുഗളർക്കും ആദ്യകാല ബ്രിട്ടീഷ് ഭരണത്തിനുമെതിരെ ഹിന്ദു ‐ ഇസ്ലാം സന്യാസികൾ 1760‐1770‐കളിൽ നടത്തിയ സന്യാസി കലാപത്തെ അടിസ്ഥാനമാക്കിയാണ് നോവൽ. ബങ്കിം ഈ ചരിത്ര സംഭവത്തെ മുസ്ലിം ഭരണത്തിനെതിരായ ഒരു പ്രോട്ടോദേശീയവാദ കലാപമായിട്ടാണ് വ്യാഖ്യാനിക്കുന്നത്.


അതോടെ നോവലിൽ ബ്രിട്ടീഷ് ഭരണം ഒരു ലഘുവായ തിന്മ മാത്രമായിത്തീർന്നു. ആ തിൻമകൾ പോലും ബ്രിട്ടീഷുകാരുടെ സ്ഥിരതയുള്ള ശക്തിക്ക് മുന്നിൽ ഒന്നുമല്ല. ഇന്ത്യയുടെ സ്വയംനിർണയനത്തിന് ബങ്കിം തത്വത്തിൽ അനുകൂലമാണ്, എന്നാൽ ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് കടുത്ത ആരാധനയുമാണ്. ‘ആനന്ദമഠ’ത്തിലെ പ്രധാന ശത്രുക്കൾ മുസ്ലിം ഭരണാധികാരികളാണ്. അവർ നോവലിൽ അടിച്ചമർത്തുന്നവരും ഏകാധിപതികളുമാണ്.


ബംഗാളിന്റെ സാമ്പത്തിക, സാമൂഹിക ശോഷണത്തിന് സമ്പൂർണ ഉത്തരവാദികളും അവരാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അമാനുഷികവും ദിവ്യവുമായ സംസ്ഥാപനത്തിനായി ഒരു വിരാട്സ്വരൂപം ഉയർന്നുവരുന്നു എന്ന പ്രതീക്ഷയാണ് നോവലിനുള്ളത്. ചുരുക്കത്തിൽ, അന്നും ഇന്നും ആർഎസ്എസ് കൈക്കൊണ്ട നിലപാടുകളുടെ അമൂർത്തരൂപം ‘ആനന്ദമഠം’ എന്ന നോവലിലുണ്ട്. എല്ലാ പ്രശ്നങ്ങളും മുസ്ലിങ്ങളിൽ കേന്ദ്രീകരിക്കുന്നു.


hind deviമഗൻലാൽ ശർമയുടെ ‘ഹിന്ദ്‌ ദേവി’ എന്ന ചിത്രം


മഗൻലാൽ ശർമ എന്നൊരു ചിത്രകാരൻ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ വരച്ചതായി പറയപ്പെടുന്ന ‘ഹിന്ദ് ദേവി’ എന്നൊരു ചിത്രമുണ്ട്. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിൽ സാരി പറന്നു നിൽക്കുന്ന ഒരു സ്‌ത്രീ രൂപത്തിന്റെ ചിത്രം. ഭാരതമാതാവിനെ ചിത്രീകരിക്കുന്നതിന്റെ പ്രാരംഭം പ്രസ്‌തുത ചിത്രത്തിൽ നിന്നാണ് എന്ന് പറയുന്നവരുണ്ട്.


അതൊരു തർക്ക വിഷയമാണ്. എന്തായാലും ‘ആനന്ദമഠ’ത്തിന് 23 വർഷങ്ങൾക്ക് ശേഷം ബംഗാൾ സ്‌കൂൾ ചിത്രകലയിലെ അതികായനായ അബനീന്ദ്രനാഥ ടാഗോറിന്റെ ചിത്രത്തിലൂടെ ആനന്ദമഠം പ്രതിനിധാനം ചെയ്യുന്ന ഭാരതമാതാവ് സമൂർത്തമായി. സന്യാസിനി രൂപത്തിലുള്ള ഭാരതമാതാ ചിത്രം.


അബനീന്ദ്രനാഥിന്റെ ഭാരതമാതാവ്


20‐ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിൽ ഉയർന്നുവന്ന ബംഗാൾ സ്‌കൂൾ ഓഫ് ആർട്ട്, പാശ്ചാത്യ അക്കാദമിക കലക്കെതിരെ ഇന്ത്യൻ സാംസ്‌കാരികസ്വത്വത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച ദേശീയവാദ കലാപ്രസ്ഥാനമായിരുന്നു. പാശ്ചാത്യ റിയലിസ്റ്റിക് ചിത്രകലയോട് ബംഗാൾ സ്‌കൂൾ നടത്തിയ വിച്ഛേദമാണ് ചിത്രകലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം.


സ്വദേശി പ്രസ്ഥാനം, ജാപ്പനീസ് സൗന്ദര്യശാസ്‌ത്രം, മുഗൾ മിനിയേച്ചറുകൾ, അജന്ത ഫ്രെസ്‌കോകൾ പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തദ്ദേശീയപ്രമേയങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രാധാന്യം വ്യക്തമാക്കുകയായിരുന്നു അവർ.


ആത്മീയതയുടെ ചിത്രകലാ പ്രകാശനം ബംഗാൾ സ്‌കൂളിന്റെ പ്രധാന പ്രമേയമായി. അബനീന്ദ്രനാഥ് ടാഗോർ നയിച്ച ഈ പ്രസ്ഥാനം, അദ്ദേഹത്തിന്റെ സഹോദരനായ ഗംഗേന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ് തുടങ്ങിയവരുടെ സംഭാവനകളോടെ ശക്തിപ്പെടുകയും ഇന്ത്യൻ ചിത്രകലയുടെ സുപ്രധാനമായ ഒരു അധ്യായമായി പരിണമിക്കുകയും ചെയ്‌തു.


അബനീന്ദ്രനാഥിന്റെ ഭാരത് മാത എന്ന ചിത്രം ബംഗാൾ സ്‌കൂൾ ചിത്രകലയുടെ പ്രാരംഭ ദശയിൽ രചിക്കപ്പെട്ട പ്രധാന ചിത്രമാണ്. ബംഗാൾ വിഭജനത്തിന്റെ അന്തരീക്ഷത്തിൽ ഉയർന്നുവന്ന സംഘർഷാത്മക പശ്ചാത്തലത്തിൽ അബനീന്ദ്രനാഥ ടാഗോർ ആനന്ദമഠത്തിലെ വന്ദേമാതര വാഗ്‌രൂപത്തിന് ദൃശ്യരൂപം നൽകുകയായിരുന്നു.


അബനീന്ദ്രനാഥിന്റെ ഭാരത് മാത എന്ന ചിത്രം ബംഗാൾ സ്‌കൂൾ ചിത്രകലയുടെ പ്രാരംഭ ദശയിൽ രചിക്കപ്പെട്ട പ്രധാന ചിത്രമാണ്. ബംഗാൾ വിഭജനത്തിന്റെ അന്തരീക്ഷത്തിൽ ഉയർന്നുവന്ന സംഘർഷാത്മക പശ്ചാത്തലത്തിൽ അബനീന്ദ്രനാഥ ടാഗോർ ആനന്ദമഠത്തിലെ വന്ദേമാതര വാഗ്‌രൂപത്തിന് ദൃശ്യരൂപം നൽകുകയായിരുന്നു.


കാവിവസ്ത്രം ധരിച്ച് സന്യാസിനി രൂപത്തിലുള്ള ഭാരതമാതയ്‌ക്ക് ഈ ചിത്രത്തിൽ നാലു കൈകളുണ്ട്. ദുർഗയെപ്പോലുള്ള യുദ്ധദേവതകളുടെ ഹിംസോത്സുക ചിത്രീകരണങ്ങളിൽനിന്ന് വ്യത്യസ്‌തമായി അബനീന്ദ്രനാഥിന്റെ ഭാരത് മാത ശാന്തയാണ്. നാലു കൈകളിലായി താളിയോല, ധാന്യക്കറ്റ, ജപമാല, വെളുത്തതുണി എന്നിവ കാണാം.


ഹിന്ദുഫോൾഡറിൽ ഒരുമിപ്പിക്കാവുന്ന പൊതുപ്രതീകങ്ങളായി അവ വിന്യസിക്കപ്പെട്ടിരിക്കുന്നു. ‘ആനന്ദമഠ’ത്തിലെ മാതാവിനെ ദ്യോതിപ്പിക്കുന്ന ദിവ്യപ്രഭാവലയവുമുണ്ട്. ശൈലീകൃതമായ ലളിത പശ്ചാത്തലത്തിലാണ് ഭാരതമാതാവ്‌ നിൽക്കുന്നത്. വസ്ത്രം സന്യാസിനിയുടെ കാവിവസ്ത്രം ആണ്. താഴെ വെള്ളത്താമരകൾ. നെറുകയിൽ സിന്ദൂരവുമുണ്ട്.


അബനീന്ദ്രനാഥ് ആദ്യം ചിത്രത്തിന് നൽകിയ പേര് ബംഗ മാത ‐ ബംഗാൾ മാതാവ് ‐ എന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. ‘ആനന്ദമഠ’ത്തോടും സന്യാസി കലാപത്തിൽനിന്ന് രൂപപ്പെട്ട വന്ദേമാതര സങ്കൽപ്പത്തോടും ചേർന്ന് ഈ ചിത്രരചനയിൽ അബനീന്ദ്രനാഥ് വിഭാവനം ചെയ്‌തത് ഇന്നത്തെ ഇന്ത്യയേയോ പൗരാണികഭാരതത്തെയോ പോലുമല്ല എന്നതാണ് യാഥാർഥ്യം.


അദ്ദേഹം വരച്ചത് ബംഗാൾ മാതാവിനെയായിരുന്നു. പിന്നീട് ആ പേരു മാറ്റി ഭാരതമാതാവ് എന്നു പേരു നൽകിയതുപോലും അദ്ദേഹമല്ല, സിസ്റ്റർ നിവേദിതയായിരുന്നു. ദേശീയപ്രസ്ഥാനവുമായി തന്മയീഭവിക്കാനും ഇന്ത്യൻ ജനതയുടെ പ്രതീകമായി മാറാനും കഴിയുന്ന ചിത്രമാണ് അബനീന്ദ്രനാഥിന്റെ ‘ബംഗ മാത’ എന്ന തിരിച്ചറിവിൽ നിന്നാണ് സിസ്റ്റർ നിവേദിത ബംഗ മാതയുടെ പേരു മാറ്റി ഭാരതമാത എന്നാക്കുന്നത്.


sister nivedhitha.jസിസ്റ്റർ നിവേദിത


ബംഗാളി സാഹിത്യ മാസികയായ പ്രഭാസിയിൽ മാത്രി മൂർത്തി എന്ന തലക്കെട്ടോടെയാണ് ഭാരത് മാതാ പെയിന്റിങ്‌ ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിൽ സിസ്റ്റർ നിവേദിത എഴുതിയത്, ‘ഇന്ത്യൻ കലയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം’ എന്നാണ്.


എന്തുകൊണ്ടായിരിക്കും അബനീന്ദ്രനാഥിന്റെ ഭാരതമാതാവ് ഒരു ഹിന്ദു സന്യാസിനിയായത്? സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ആനന്ദമഠമാണ് ചിത്രത്തിന്റെ ആധാരം എന്നത് പ്രധാനമാണ്. അതോടൊപ്പം തന്നെ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്. ബംഗാളിലെ രഹസ്യപ്രസ്ഥാനങ്ങളിൽ സന്യാസം അന്ന് വിപ്ലവകാരികളുടെ ഒരു ഗുണമായി ഗണിക്കപ്പെട്ടിരുന്നു.


അതേസമയം അവർ നിത്യേന സമ്മേളിച്ചിരുന്ന വ്യായാമശാലകളിൽ (അഘാട) വ്യായാമമുറ പരിശീലിക്കുന്നത് ‘ആണത്തം' വളർത്തിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം ബംഗാളി യുവാക്കളെ പരിഹസിച്ചിരുന്നത് പെണ്ണുങ്ങൾ എന്നാണ്. ‘ആണത്തനഷ്ടം' എന്ന ഭീതിയാൽ സന്യാസം ഒരു വ്രതമായി കൊണ്ടുനടക്കേണ്ടിവന്നവർ കൂടിയായിരുന്നു അന്നത്തെ രഹസ്യപ്രസ്ഥാനങ്ങളിലുള്ള ബംഗാൾ യുവത്വം.


അത്തരമൊരു രാഷ്ട്രീയ പരിസരത്തിൽ ഒരു വെളുത്ത സുന്ദരീരൂപത്തെ ഭാരതമാതാവായി പ്രതിഷ്ഠിക്കാനാവുമായിരുന്നില്ല. അബനീന്ദ്രനാഥിന്റെ ചിത്രീകരണത്തിൽ ഈ ജാഗ്രത പ്രകടമാണ്. സ്ത്രൈണമായ അംഗവടിവുകളെ എടുത്തു കാണിക്കാത്ത വസ്ത്രവും മാദകത്വത്തേക്കാൾ ആത്മീയ വ്യക്തിത്വമുള്ള മുഖവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സമഗ്ര പശ്ചാത്തലം അതിനോട് പൂർണമായും അനുയോജ്യമാകാൻ ശ്രദ്ധിച്ചിട്ടുമുണ്ട്.


ഇന്ത്യൻ ദേശീയപ്രതിരൂപം ആണെങ്കിൽ തന്നെയും, ഹൈന്ദവമായ ഉള്ളടക്കമാണ് പ്രത്യക്ഷമായും പരോക്ഷമായും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത് എങ്കിൽ തന്നെയും, ആനന്ദമഠം അപരവത്കരിച്ചു കാണുന്ന നിരവധി കലാതന്ത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമന്വയം കൂടിയാണ് അബനീന്ദ്രനാഥിന്റെ ചിത്രം എന്നതാണ് രസകരമായ സത്യം.


ഇന്ത്യൻ ദേശീയപ്രതിരൂപം ആണെങ്കിൽ തന്നെയും, ഹൈന്ദവമായ ഉള്ളടക്കമാണ് പ്രത്യക്ഷമായും പരോക്ഷമായും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത് എങ്കിൽ തന്നെയും, ആനന്ദമഠം അപരവത്കരിച്ചു കാണുന്ന നിരവധി കലാതന്ത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമന്വയം കൂടിയാണ് അബനീന്ദ്രനാഥിന്റെ ചിത്രം എന്നതാണ് രസകരമായ സത്യം.


അങ്ങനെയല്ലാതെ ബംഗാൾ സ്‌കൂളിൽ ഒരു കലാനിർമിതി സാധ്യമാകുമായിരുന്നില്ല (ചിത്രം നോക്കുക).

പേർഷ്യൻ, ഇന്ത്യൻ, ഇസ്ലാമിക സൗന്ദര്യശാസ്ത്രങ്ങളുടെ സമന്വയമായ മുഗൾ കല ചിത്രകലയിലെ ബംഗാൾ സ്‌കൂളിന്റെ പ്രധാന സ്വാധീനമായിരുന്നു. ഭാരതമാതാവിലും അതുണ്ട്. മുഗൾ മിനിയേച്ചറുകളുടെ സ്വഭാവമുള്ള വസ്ത്രാഭരണങ്ങൾ, മടക്കുകൾ, കാവി, പച്ച, വെള്ള നിറങ്ങളുടെ പാലറ്റ് എന്നിവയെല്ലാം ഭാരതമാതാവിൽ കാണാം. മാത്രമല്ല ജാപ്പനീസ്, മുഗൾ ചിത്രകലാ പാരമ്പര്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വാഷ് ടെക്‌നിക്കാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.


മുഗൾ കലയിൽ സിയാ ഖലാം എന്നറിയപ്പെടുന്ന ഈ സാങ്കേതികത, സുതാര്യമായ വാട്ടർകളർ പാളികൾ ഉപയോഗിച്ച് മൃദുവായ ഗ്രേഡിയന്റുകളും തിളങ്ങുന്ന പ്രഭാവവും സൃഷ്ടിക്കുന്നതാണ്. ഭാരത് മാതയിൽ വസ്ത്രത്തിന്റെ സൂക്ഷ്മമായ നിഴലും രൂപത്തിന്റെ തലയ്‌ക്ക്‌ ചുറ്റുമുള്ള പ്രഭാവലയവും ഇത് വ്യക്തമാക്കുന്നു. മുഖത്തിന്റെയും കൈകളുടെയും സൂക്ഷ്മമായ വരകൾ, മുഗൾ മിനിയേച്ചറുകളുടെ മനോഹരമായ ബ്രഷ്‌വർക്കിനെ പ്രതിഫലിപ്പിക്കുന്നു.


ബോൾഡ് ഔട്ട്‌ലൈനുകളേക്കാൾ കൃത്യതയും മനോഹാരിതയും നൽകുന്ന ഈ രീതി പൂർണമായും മുഗൾ ആർട്ടിന്റേതാണ്. അബനീന്ദ്രനാഥിന്റെ ഗുരുവായ ബ്രിട്ടീഷ് കലാ ചരിത്രകാരനായ ഇ ബി ഹാവെൽ സാംസ്‌കാരിക അഭിമാനം വീണ്ടെടുക്കാനുള്ള മാർഗമായി മുഗൾ കല, മറ്റ് ഇന്ത്യൻ കലാരൂപങ്ങൾ എന്നിവയുടെ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഹാവെലിന്റെ സ്വാധീനം അബനീന്ദ്രനാഥിനെ മുഗൾ സാങ്കേതികതകളെ തന്റെ കൃതികളിൽ സമന്വയിപ്പിക്കാൻ പ്രേരിപ്പിച്ചു. മുഗളരെ ഹിന്ദുത്വയ്‌ക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഇതൊന്നും ഇല്ലാതാവില്ല.


അബനീന്ദ്രനാഥിന്റെ ഭാരത് മാതാ ചിത്രം പിന്നീടുള്ള പതിറ്റാണ്ടുകളിൽ ഇന്ത്യൻ ദേശീയവാദികളിൽ പലരും ഉപയോഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ ഇന്ത്യൻ തെരുവുകളിൽ വ്യാപകമായി വിറ്റിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നെഹ്റുവിനും ബോസിനും ഗാന്ധിക്കും പട്ടേലിനും അബുൾ കലാം ആസാദിനും എല്ലാം പശ്ചാത്തലമായി ഈ ചിത്രം കാണാം.


അബനീന്ദ്രനാഥിന്റെ ഭാരത് മാതാ ചിത്രം പിന്നീടുള്ള പതിറ്റാണ്ടുകളിൽ ഇന്ത്യൻ ദേശീയവാദികളിൽ പലരും ഉപയോഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ ഇന്ത്യൻ തെരുവുകളിൽ വ്യാപകമായി വിറ്റിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നെഹ്റുവിനും ബോസിനും ഗാന്ധിക്കും പട്ടേലിനും അബുൾ കലാം ആസാദിനും എല്ലാം പശ്ചാത്തലമായി ഈ ചിത്രം കാണാം.


കൃത്യമായ ഒരു മതാത്മക മാനം ഈ ചിത്രത്തിൽ ഉണ്ടെങ്കിൽ തന്നെയും അതിനപ്പുറത്തേക്ക് ഈ ചിത്രം ഒരു പശ്ചാത്തലമായി മാറിയിരുന്നു. ചിത്രകലാ നിരൂപണത്തിന്റെയും ചിത്രകാരന്മാരുടെ രാഷ്ട്രീയ പ്രതിഫലനങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്‌ചകളുടെയും പഠനങ്ങളും നിരീക്ഷണങ്ങളും രൂപപ്പെടുന്നത് മിക്കതും പിൽക്കാലത്താണ്.


അവ വളർന്നപ്പോൾ ഇത്തരത്തിലുള്ള ചിത്രകലാ സംസ്‌കാരത്തിൽ ഒഴിവാക്കപ്പെടുന്ന സാംസ്‌കാരിക പ്രതിനിധാനങ്ങളെ കുറിച്ചുള്ള വലിയ വിമർശനങ്ങളും ചിത്രകലയിൽ വളർന്നുവന്നു. ഹിന്ദു ബ്രാഹ്മണിക് സ്വത്വത്തെ പൊതു ഇന്ത്യയായി നിർവചിക്കാനുള്ള ചിത്രകലയിലെ ശ്രമങ്ങളെ കുറിച്ചുള്ള തീവ്രവിമർശനങ്ങൾ ജിതിൻലാൽ എൻ ആർ പോലുള്ള സമകാലീന കലാകാരന്മാരുടെ നിലപാടുകളിൽ വരെ കാണാം. ഉപരിവർഗ ദൃഷ്ടികോണിൽ ആദർശവൽക്കരിക്കപ്പെട്ട ഇന്ത്യയുടെ പ്രതിരൂപമാണ് അബനീന്ദ്രനാഥിന്റെ ഭാരതമാതാവെന്ന വിമർശം ചിത്രകലയിൽ തന്നെ പിന്നീടുണ്ടായി.


1905‐ൽ വരയ്‌ക്കപ്പെടുന്ന ഭാരതമാതാവ് തുടർന്നുള്ള കാലത്തിൽ മുഴുവൻ അതുപോലെ ഇന്ത്യയുടെ പ്രതിനിധാനമായി നിലനിർത്തുക എന്ന ബാധ്യത ചിത്രകല ഏറ്റെടുത്തിട്ടില്ല. ഭാരതം എന്ന സങ്കൽപ്പനം അതിന്റെ സമൂർത്ത രാഷ്ട്രീയരൂപം ആർജിക്കുന്നതിന് അരനൂറ്റാണ്ട് മുൻപ് വരയ്‌ക്കപ്പെട്ട അബനീന്ദ്രനാഥിന്റെ ഭാരതമാതാവിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിലെ നിരവധി ആധുനിക ചിത്രകാരന്മാർ ഭാരതമാതാവിനെ ചിത്രീകരിച്ചിട്ടുണ്ട്.


രവിവർമ്മ ഭൂതഭവിഷ്യൽക്കാല ചിത്രം


അബനീന്ദ്രനാഥിനും ബംഗാൾ സ്‌കൂളിനും മുൻപേ, 1898‐ൽ തന്നെ രാജാ രവിവർമ്മ ഭാരതമാതാവിനെ വരച്ചു കഴിഞ്ഞിരുന്നു. ഇന്ത്യൻ ചിത്രകലാ ചരിത്രത്തിലെ എക്കാലത്തെയും പോപ്പുലർ ആർട്ടിസ്റ്റായ രവിവർമ്മയ്‌ക്ക് മാത്രം സാധ്യമാക്കാനാവുന്ന ഒരു വിരോധാഭാസം ഭാരത് മാതാ ചിത്രങ്ങളിൽ സംഭവിച്ചു.


barathamathaavu-raviarma1898ൽ രാജാ രവിവർമ്മ വരച്ച ഭാരതമാതാവ്‌


സിസ്റ്റർ നിവേദിതയുടെയും തുടർന്ന് അനേകം ദേശീയവാദികളുടെയും പ്രിയങ്കര ചിത്രമായി അബനീന്ദ്രനാഥിന്റെ ഭാരത് മാതാ രാജ്യത്തിലുടനീളം പടർന്ന ഒരു കാലമുണ്ട്. എന്നാൽ അതിനുശേഷം ഇന്നോളം ഭാരതമാതാവായി പടർന്നത് രവിവർമ്മയുടെ ചിത്രമോ ആ ചിത്രത്തിന്റെ കലാസമീപനത്തെ പകർത്തിക്കൊണ്ട് നിർമിക്കപ്പെട്ട നിരവധി ചിത്രഭാഷ്യങ്ങളോ ആണ്.


രവിവർമ്മ രണ്ട് ഭാരതമാതാ ചിത്രങ്ങൾ വരച്ചു. 1898‐ൽ ആയിരുന്നു ആദ്യത്തെ ചിത്രം. ചെമ്പട്ടുടുത്ത് കിരീടം ധരിച്ച ഒരു മാതൃദേവത. നാല് കൈകളിൽ അസ്ത്രം വരെയുണ്ട്. താഴെ ഇരുവശങ്ങളിലായി കാൽക്കൽ വിശ്രമിക്കുന്ന രണ്ട് ഗംഭീര ആഫ്രിക്കൻ സിംഹങ്ങൾ. ആദ്യമായി ഭാരതമാതാ ചിത്രത്തിൽ സിംഹം പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തിലാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കാൽക്കൽ വിശ്രമിക്കുന്ന അതേ സിംഹം. അതല്ലെങ്കിൽ ആ സിംഹങ്ങൾ സിംഹസ്ഥിതയായ ദുർഗാദേവിയിൽ നിന്നായിരിക്കാം.


ravivarmaരവിവർമ്മ


രവിവർമ്മയുടെ കലാസങ്കൽപ്പം അനുസരിച്ച് തീർച്ചയായും അത് ബ്രിട്ടീഷ് രാജ്ഞി ചിത്രത്തിൽ നിന്നാണ്. യുദ്ധവീരയും ജ്ഞാനസ്വരൂപിണിയുമായ മാതൃദേവതയായി ഭാരതമാതാവിനെ അന്നുതന്നെ രവിവർമ്മ അവതരിപ്പിച്ചു. 1935‐ൽ രവിവർമ്മയുടെ രണ്ടാമത്തെ ചിത്രം പുറത്തുവന്നു. അത് കുറെക്കൂടി പിന്നീട് ഇന്ത്യയിൽ പ്രചരിക്കപ്പെട്ട ഭാരതമാതാ ചിത്രത്തിന്റെ വ്യക്തിത്വമുള്ള ചിത്രമാണ്.


വെളുത്ത, അംഗവടിവുള്ള, ആഭരണങ്ങൾ ധരിച്ച, നാലു കൈകളിൽ ഗദയും പത്മവും പുസ്‌തകവും (ശ്രദ്ധിക്കുക, താളിയോലയല്ല) ത്രിവർണ പതാകയും പിടിച്ച ഭാരതാംബ. മുൻചിത്രത്തിലെ ഇരിക്കുന്ന രണ്ടു സിംഹങ്ങൾക്ക് പകരം നിൽക്കുന്ന ഒരു സിംഹം. പശ്ചാത്തലത്തിൽ ഹിമാലയവും ഹരിതപ്രകൃതിയും. ഇന്ത്യയിൽ ഒട്ടാകെ പടർന്ന രവിവർമ്മയുടെ ദേവതാചിത്രങ്ങൾക്ക് സമാനമായ ഒരു ഭാരതമാത ചിത്രീകരണമാണ് ഈ രണ്ടാം ചിത്രം.


ravivarma paintiing1935ൽ രാജാ രവിവർമ്മ വരച്ച ചിത്രം


ഇന്ത്യൻ ചിത്രകലയിലെ പാരമ്പര്യങ്ങളിൽ നിന്നും പ്രതീകാത്മകതകളിൽ നിന്നും വിച്ഛേദം കൈക്കൊണ്ട് യൂറോപ്യൻ ചിത്രകലാസംസ്‌കാരത്തിൽ ജ്ഞാനസ്‌നാനപ്പെടുകയും ഇന്ത്യൻ മിത്തോളജിയെ യൂറോപ്യൻ യഥാതഥ ചിത്രകലാമാതൃകയിൽ ആവിഷ്‌കരിക്കുകയും ചെയ്‌ത രവിവർമ്മയുടെ ചിത്രസംസ്‌കാരമാണ് ഇന്ത്യൻ ജനതയുടെ പോപ്പുലർ ആർട്ടിൽ അചഞ്ചലമായി നിലനിന്നത്.


കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാം കണ്ടിരുന്ന എഞ്ചുവടികളിൽ മുതൽ, ഇപ്പോൾ ഗവർണർ എല്ലാവരോടും കുമ്പിടാൻ ആവശ്യപ്പെടുന്ന ചിത്രത്തിൽ വരെ കാണുന്ന ഭാരതമാതാവ് രവിവർമ്മ ചിത്രങ്ങളുടെ സൗന്ദര്യമാതൃകയിൽ പുനഃസൃഷ്ടിക്കപ്പെട്ട വികലസൃഷ്ടികളാണ്.


ആധുനിക സംജാതയായ ദേവി


രൂപ് കിഷോർ കപൂറിന്റെ ഭാരതമാതാ ചിത്രം രചിക്കപ്പെടുന്നത് 1931‐ ലാണ്. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു രൂപ് കിഷോർ കപൂർ. കരയുന്ന ഭാരത മാതാവിന് ഭഗത് സിങ്ങിന്റെ തല സമർപ്പിക്കുന്ന ഒരു ചിത്രം വരച്ചതോടെ അക്കാലത്ത് വലിയ വിവാദങ്ങൾ ഉണ്ടാവുകയും ബ്രിട്ടീഷ് ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്‌ത ചിത്രകാരനാണ് രൂപ് കിഷോർ.


അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഭാരതമാതാ ചിത്രം ബർമ്മയടങ്ങുന്ന ഒരു പഴയ ഭാരതത്തിന്റെ ഭൂമേഖലയിൽ ആധുനികമായ എല്ലാ വളർച്ചകൾക്കും ഇടയിൽനിന്ന് ഉയർന്നുവരുന്ന ഭാരത മാതാ രൂപമാണ്. ചിത്രത്തിലെ രൂപം അതിനു മുൻപേയുള്ള ദേവതാസ്വരൂപം തന്നെയാണ്.


എന്നാൽ ആ രൂപമുയർന്നു വരുന്നത് സഞ്ചരിക്കുന്ന ബോട്ടുകൾ, കിഴക്കോട്ട് സഞ്ചരിക്കുന്ന ഒരു ട്രെയിൻ, ഭൂപ്രദേശത്ത് ചിതറിക്കിടക്കുന്ന ഉയർന്ന മാളികകളും ക്ഷേത്രങ്ങളും ഇവയെല്ലാം അടങ്ങുന്ന ഒരു തിരക്കിനിടയിൽ നിന്നാണ്. ഒരുവശത്ത് ഉദയസൂര്യന്റെ കിരണങ്ങളും ഉണ്ട്. വളർന്നുവരുന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും പുതിയ ഇന്ത്യൻ ദേശീയതയുടെയും മുന്നോട്ടുവയ്‌ക്കുന്ന പ്രതീക്ഷയുടെയുമെല്ലാം പ്രതീകങ്ങൾ ഈ ഭാരതമാതാവിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു.


സർഗാത്മക വിച്ഛേദത്തിന്റെ ഇരുൾപ്രകാശം


രവിവർമ്മയും അബനീന്ദ്രനാഥും നിർമിച്ച ആരൂഢം തകർക്കാനായി ഇന്ത്യൻ ചിത്രകലയിലെ ഏറ്റവും കലാപകരമായ സർഗാത്മകതയുടെ ചിത്രകാരി ഭാരതമാതാവിനെ വരയ്‌ക്കേണ്ടി വന്നു‐ അമൃത ഷെർഗിൽ. നിശ്ശബ്ദവിഷാദം കൂടുകെട്ടിയ കണ്ണുകളും നിസ്സഹായത ഉടൽ പൂണ്ട രണ്ടു കുട്ടികളും ഭൂമധ്യത്തിന്റെ വെയിൽപ്പെരുക്കത്തിൽ ഇരുണ്ടു കറുത്ത ഉടലുമാർന്ന ഭാരതമാതാവ്.


amritha shergilഅമൃത ഷെർഗിൽ


കട്ടപിടിച്ച ഇരുട്ടിൽ വെളുത്തുകാണുന്ന അമ്മയുടെ കണ്ണുകളിൽ കൊളോണിയൽ ചൂഷണത്തിന്റെ വർത്തമാനവും രക്തഹീനമായ കുഞ്ഞിന്റെ കവിൾത്തടത്തിൽ വീഴുന്ന വെളിച്ചത്തിൽ ഈ കെട്ടകാലത്തിനപ്പുറത്തെ ഭാവിയും ത്രസിക്കുന്ന ചിത്രം. ഈ രാഷ്ട്രം ഉടലുരുവമാർന്നു നിൽക്കുന്ന യാഥാർഥ്യത്തിന്റെ ഷെർഗിൽ ചിത്രം അബനീന്ദ്രനാഥിന്റെ സന്യാസിനീരൂപത്തോടുള്ള കലാപകരമായ വിച്ഛേദമായിരുന്നു.


amritha paintingഅമൃത ഷെർഗിലിന്റെ ‘മദർ ഇന്ത്യ’ എന്ന പെയിന്റിങ്‌


അബനീന്ദ്രനാഥിന്റെ മാതാവിനുള്ള നാലുകൈകൾക്കപ്പുറം രണ്ടു കുട്ടികൾ അവളുടെ രണ്ടുകൈകളും അതിൽ ഇളയതിനെ ചേർത്തുപിടിക്കുന്ന കറുത്തിരുണ്ടൊരു കൈത്തലവും മുതിർന്ന കുട്ടിക്കു പിന്നിൽ മറഞ്ഞ രണ്ടാം കൈത്തലവും ചേർന്ന ആ രൂപം അതിനു ശേഷമോ മുൻപോ സംഭവിക്കാത്തവിധം ഇന്ത്യയുടെ യാഥാർഥ്യം ചിത്രമുദ്രിതമാക്കിത്തീർത്തു.


ഭാരതമാതാവിന്റെ സിംഹരഥ സഞ്ചാരം


ജോധ്പൂർ രാജകുടുംബത്തിലെ അംഗമായിരുന്ന മോഹൻലാൽ ശർമ്മ എന്ന ചിത്രകാരൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷമുള്ള സമീപവർഷങ്ങളിൽ എപ്പോഴോ ആണ് അദ്ദേഹത്തിന്റെ ഭാരതമാതാവിനെ ചിത്രീകരിക്കുന്നത്. നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിച്ച് പുതിയൊരു സ്വതന്ത്രദേശരാഷ്ട്രമായി ലോക ചക്രവാളത്തിൽ ഉദയം ചെയ്യുന്ന ഇന്ത്യയെയാണ് എം എൽ ശർമ്മ ചിത്രീകരിക്കുന്നത്.


m l sharmaഎം എൽ ശർമയുടെ ചിത്രം


ഉദയസൂര്യനെ സൂചിപ്പിക്കുന്ന പശ്ചാത്തല പ്രഭാവലയത്തിൽ രണ്ട് സിംഹങ്ങളെ പൂട്ടിയ ഒരു രഥത്തിൽ ഭാരതമാത ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യയുടെ ദേശീയ പതാക പാറിപ്പറക്കുന്നുണ്ട്. പഴയ യുദ്ധവനിതകളെ പോലെ മാർച്ചട്ട ധരിച്ച ഭാരതമാതാവാണ് ഈ ചിത്രത്തിൽ ഉള്ളത്.


ഇന്ത്യയുടെ ഭൂപടം വരച്ച പർപ്പിൾ നിറത്തിലുള്ള ഒരു ഭൂഗോളത്തിന് മുകളിലാണ് മുഴുവൻ സംഘവും ഇരിക്കുന്നത്. ഒരു അദൃശ്യഹസ്‌തം കൊണ്ട് ആലേഖനം ചെയ്‌തതുപോലെ സ്വദേശിപ്രസ്ഥാന മുദ്രാവാക്യമായ 'വന്ദേമാതരം’ ഭൂപടത്തിലുടനീളം ദേവനാഗരിയിൽ എഴുതിയിരിക്കുന്നു. നവജാത രാഷ്ട്രത്തിന്റെ പ്രതീക്ഷകളെ പഴയ ഭാരതമാതാവിന്റെ ഐക്കണോഗ്രാഫിയിലേക്ക് ചേർത്തുവയ്‌ക്കുന്ന ചിത്രം. എന്നാൽ ഈ ചിത്രം ആ കാലത്തെ പ്രതീക്ഷകളുടെ ഒരു പ്രതിനിധാനം കൂടിയാണ്.


യുഗപരിവർത്തനത്തിന്റെ സിംഹഗർജനം


പഞ്ചാബിലെ സിഖ് ചിത്രകാരന്മാരിൽ ഇരുപതാം നൂറ്റാണ്ടിൽ പ്രഥമഗണനീയനായ ശോഭാ സിങ്‌ വരച്ച ഭാരതമാതാ ചിത്രം എം എൽ ശർമ്മയുടെ ചിത്രത്തിന് സമീപമായ കാലത്തിൽ എപ്പോഴോ ആണ്. 1950‐കളോടെ ഈ ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. സാമ്രാജ്യത്വനുകത്തിൽ നിന്ന് വിമോചിതമായ ഇന്ത്യ എന്ന രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ യുഗപ്പിറവിക്ക് ശേഷം ഉയർന്നുവരുന്നതിന്റെ ദേശാഭിമാനമാണ് ശോഭാ സിങ്ങിന്റെ ചിത്രത്തിലുള്ളത്.


barathamba shobha singശോഭാ സിങ്ങിന്റെ ഭാരതമാതാവ്‌


റോമൻ അഥവാ ഇന്ന് പ്രചാരമുള്ള ഇന്ത്യൻ ശൈലിയിൽ ത്രിവർണസാരി ധരിച്ച ദിവ്യപ്രഭാവലയമുള്ള മാതാവ്. മറിഞ്ഞുവീണ ബ്രിട്ടീഷ് കിരീടത്തിൽ തന്റെ പിൻകാലിനാൽ ചവിട്ടി ഗർജിക്കുന്ന ഒരു ഉഗ്രസിംഹത്തിന്റെ മേനിയിൽ അവളുടെ കൈ തലോടുന്നുണ്ട്. താഴെ കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ തകരുന്നു. പശ്ചാത്തലത്തിൽ പുതിയ റിപ്പബ്ലിക്കിന്റെ ചിഹ്നമായ അശോകസ്‌തംഭം ഉയർന്നുവരുന്നത് കാണാം.


മുരളുന്ന സിംഹം, മേലങ്കിയും സാരിയും, മറിഞ്ഞുവീണ കിരീടം തുടങ്ങിയ പല ഘടകങ്ങളിലും സാങ്കേതികമായി വ്യക്തമായ യൂറോപ്യൻ സ്വാധീനമുള്ള ഭാരതമാതാവാണിത്. മുരളുന്ന സിംഹം ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് ഭാരതമാതാവിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അത് ബ്രിട്ടീഷ് കിരീടത്തെ പിൻകാലിനാൽ ചവിട്ടുന്നു.


പിന്നിലേക്ക് നടന്ന കാവിപ്പാത


1975‐ൽ സന്യാസിമാരുടെയും മതനേതാക്കളുടെയും ഛായാ ചിത്രങ്ങൾ സമൃദ്ധമായി വരച്ച ജിവാജി ഭികാജി ദീക്ഷിത് ഭാരതമാതാവിനെ വരച്ചു. സ്വാതന്ത്ര്യത്തിനും ഗാന്ധിവധത്തിനും ശേഷം ആർഎസ്എസ് അതിന്റെ പരിക്ഷീണകാലം ക്രമേണ നേരിട്ട് ഉയർന്നുവരുന്ന ഘട്ടംകൂടിയാണ് എഴുപതുകളുടെ അന്ത്യപാദം. ജെ ബി ദീക്ഷിത് വരച്ച ചിത്രം ആ കാവിനിറമുള്ള വഴിയിലൂടെയുള്ള പിൻനടത്തത്തിന്റെ സൂചകമായിരുന്നു.


j b dixithജെ ബി ദീക്ഷിതിന്റെ ചിത്രം


രവിവർമ്മയും അബനീന്ദ്രനാഥും വരച്ച ചിത്രങ്ങൾക്ക് അങ്ങനെ ഒരു തുടർച്ചയുണ്ടായി. സർവാഭരണഭൂഷിതയും സിംഹാരൂഢയും ചതുർബാഹുവും ശംഖപത്മഗദാഹസ്‌തയും അഭയമുദ്രാകാരണിയുമായ തികഞ്ഞ ദേവതയായി, കാവിനിറമുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വെളുവെളുത്ത ഭാരതമാതൃദേവത പ്രത്യക്ഷപ്പെട്ടു.


ആധുനികാനന്തര ഭാവനയുടെ മാതൃരൂപം


അബനീന്ദ്രനാഥ ടാഗോർ ഭാരതമാതാവിനെ വരച്ചതിന് ഒരു നൂറ്റാണ്ട് പൂർത്തിയായപ്പോൾ ആധുനിക ഇന്ത്യയുടെ ചിത്രകാരൻ വരച്ച ഭാരതമാതാവ് പ്രകാശിതമായി. 2005‐ൽ എം എഫ് ഹുസൈൻ വരച്ച ഭാരത മാതാവിന്റെ ചിത്രം പുറത്തെത്തിയപ്പോൾ ഇന്ത്യയുടെ രാഷ്‌ട്രീയ കാലാവസ്ഥ അടിപടലേ മാറിക്കഴിഞ്ഞിരുന്നു.


ഹിന്ദുത്വയുടെ അധികാരാരോഹണത്തിന്റെ കാലത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട എം എഫ് ഹുസൈന്റെ ഭാരതമാതാവിൽ ഹിന്ദുത്വവാദികൾ ആകെ കണ്ടത് നഗ്നത മാത്രമാണ്. നഗ്നയായി ഭാരതമാതാവിനെ വരച്ചു എന്ന പേരിൽ നടന്ന കോലാഹലവും ഹിംസാത്മകമായ വേട്ടയും ചെറുതായിരുന്നില്ല.


m f hussain painting.എം എഫ്‌ ഹുസൈന്റെ പെയിന്റിങ്‌


കലാരഹിതവും ബുദ്ധിശൂന്യവുമായ വാചാടോപങ്ങളാണ് അധികവും ഉയർന്നുകേട്ടത്. കലയെ വിലയിരുത്താൻ ആവശ്യമായ ജ്ഞാനമണ്ഡലത്തെ തന്നെ സമ്പൂർണമായും നിരസിക്കുകയും കേവലമായ വികാരവ്രണങ്ങളോടുള്ള പ്രതികരണങ്ങളും ഭീഷണികളും മാത്രമായി ഒരു മികച്ച ചിത്രകാരനെ തേജോവധം ചെയ്യുകയുമാണ് ഹിന്ദുത്വരാഷ്‌ട്രീയം ചെയ്‌തത്.


ചിത്രത്തിൽ നോക്കിയാൽ, ഹിമാലയത്തിന് മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യനെ കാണാം. ഒരു മെലിഞ്ഞ സ്‌ത്രീയുടെ ഉടലും കൈകാലുകളും ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപരേഖയിൽ കൗതുകത്തോടെ വരച്ചിരിക്കുന്നു. ദേശീയപതാകയുടെ ചക്രത്തിന്റെ ആരക്കാലുകൾ ഹൃദയഭൂമിയെ അടയാളപ്പെടുത്തുന്നു. ഭാരതമാതാവിന്റെ സ്‌ത്രീരൂപം ഭൂപടവുമായി ലയിക്കുന്നു.


ശിരസ്സ് ഹിമാലയത്തിനടുത്തും കൈകൾ തീരപ്രദേശങ്ങളിലൂടെ നീണ്ടും കാലുകൾ തെക്കൻ അറ്റം വരെയും വ്യാപിക്കുന്നു. ഉടലിൽ പ്രധാന നഗരങ്ങളും സ്ഥലങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, ഗോവ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, മുംബൈ, ജയ്‌പൂർ, വാരണാസി, ഡൽഹി, ശ്രീനഗർ, ഗുജറാത്ത്, ഭോപ്പാൽ എന്നിങ്ങനെ സ്ഥലനാമങ്ങൾ കാണാം.


m f hussain എം എഫ്‌ ഹുസൈൻ


കടും ചുവപ്പും കാവിയും നിറങ്ങളിൽ ഹുസൈന്റെ ഭാരതമാതാവ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ബംഗാൾ ഉൾക്കടലിന് മീതെ ധ്യാനിക്കുന്ന ഒരു പുരുഷന്റെ രൂപരേഖയും അറബിക്കടലിൽ ഒരു കപ്പൽ സഞ്ചരിക്കുന്നതും കാണാം. അമൂർത്തതയെ സാംസ്‌കാരിക മോട്ടിഫുകളുമായി സമന്വയിപ്പിക്കുന്ന ഹുസൈൻ ചിത്രങ്ങളുടെ പൊതുവായ രീതിശാസ്‌ത്രം ഈ ചിത്രത്തിലും ദൃശ്യമാണ്.


ദേശീയതയുടെ ഭൂതകാലഭാവനകൾ പുതുരൂപം പൂണ്ട് ഉയർന്നുവരുന്ന കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട ഈ ചിത്രം പരമ്പരാഗതമായ ശരീര ചിത്രത്തിന്റെ ശിൽപ്പബോധത്തെ ധിക്കരിക്കുന്നുണ്ട് എന്നും കാണണം. നഗ്നത ഭാരതീയ ക്ഷേത്ര ശിൽപ്പങ്ങളോളം പഴക്കമുള്ള കലാസങ്കൽപ്പമാണ്. അതിൽ പുതുതായി ഹുസൈന് മാത്രമായി ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.


ക്യൂബിസത്തിന്റെ വ്യക്തിത്വമുള്ള സ്ട്രോക്കുകളിലൂടെ ഭാരതമാതാവ് അതുവരെ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ മരുഭൂമികളും വനങ്ങളും നദികളും പ്രതിനിധീകരിക്കുന്ന ചുവപ്പ്, ഓക്കർ, മഞ്ഞ, പച്ച, ഗാഢനീല എന്നീ നിറങ്ങളുടെ പാലറ്റ് ഈ ചിത്രത്തിന് ആഴമുള്ള ഒരു വ്യക്തിത്വം നൽകുന്നുണ്ട്.


ഹുസൈൻ ചിത്രങ്ങളിൽ സാധാരണമായ വിരുദ്ധവർണങ്ങളുടെ ഉപയോഗം (ചുവപ്പിനെതിരെ നീല) ചിത്രത്തിന് ചലനാത്മകമായൊരു പിരിമുറുക്കം സൃഷ്ടിക്കുന്നു. അതിവിദഗ്ധമായ ഹുസൈന്റെ ബ്രഷിൽ ജനിക്കുന്ന സൂക്ഷ്മമായ ഗ്രേഡിയന്റുകളും ലെയേർഡ് നിറങ്ങളും നൽകുന്ന ആഴം ആധുനികാനന്തര ഇന്ത്യയുടെ സങ്കീർണമായ ആഴമാണ്.


രണ്ടായിരത്തിനുശേഷം ഇന്ത്യ എന്താണ് എന്നതിന്റെ പ്രത്യക്ഷസാക്ഷ്യം ആയിരുന്നു എം എഫ് ഹുസൈന്റെ ഭാരതമാതാവിന് നേരെ ഉണ്ടായ ഭീഷണികളും അനന്തരഫലങ്ങളും. വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും ഡൽഹിയിലും അഹമ്മദാബാദിലും മുതൽ ലണ്ടനിൽവരെ ഹുസൈന്റെ ഒറിജിനൽ പെയിന്റിങ്ങുകൾ നശിപ്പിച്ചു.


കുത്തിക്കീറിയും കത്തിച്ചും സ്പ്രേ പെയിന്റ്‌ ചെയ്‌തും ഇന്ത്യ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച ഒരു ചിത്രകാരന്റെ ചിത്രങ്ങളെ ഇല്ലാതാക്കി. ദുബായിലേക്ക്, പിന്നീട് ലണ്ടനിലേക്ക് നാടുവിടേണ്ട സ്ഥിതിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. അവസാനം 2008‐ൽ, ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ കീഴിൽ ഭാരത് മാത ഒരു കലാസൃഷ്ടി ആണെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 292‐ാം വകുപ്പ് പ്രകാരം അശ്ലീലമല്ലെന്നും കോടതിയുടെ വിധി വന്നു. സുപ്രീം കോടതി പിന്നീട് ഇത് ശരിവച്ചു.


മാതൃത്വഘോഷണത്തിലെ വൈരുധ്യങ്ങൾ


ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ പ്രാധാന്യമർഹിക്കുന്ന ഒരു സാംസ്‌കാരിക പ്രതീകമാണ് ഭാരതമാതാവ് എന്നതിൽ സംശയമില്ല. മേൽ വിവരിച്ച പോലെ നിരവധി ചരിത്രഘട്ടങ്ങളിൽ നിരവധി ചിത്രകാരന്മാർ നിരവധി ശൈലികളിൽ പ്രകാശിപ്പിച്ച ആ മാതൃരൂപത്തിനെ എങ്ങനെ സ്വീകരിക്കണം എന്നത് വ്യക്തിപരമാണ്.


കാരണം, ഭാരതമാതാവ് ഇന്ത്യയുടെ ഒരു നിലയ്‌ക്കുമുള്ള ഔദ്യോഗിക ചിഹ്നമല്ല. ഇന്ത്യൻ ദേശീയതയുടെ സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ ഉയർന്നുവന്ന ഒരു സാംസ്‌കാരികരൂപം പിന്നീടുള്ള നിരവധി പടവുകളിൽ പ്രതിഭിന്നമായ നിലയിൽ ആവിഷ്‌കരിക്കപ്പെട്ടു. ഭാരതമാതാവിനെ നിരന്തരമായി വന്ദിക്കുന്നതാണ് ദേശാഭിമാനം എന്ന് കരുതുന്നവർക്ക് അങ്ങനെയാവാം. ഈ രാഷ്‌ട്രത്തിന് ഒരു മാതൃരൂപം കൽപ്പിക്കേണ്ട അനിവാര്യതയില്ല എന്ന് കരുതുന്നവർക്ക് അങ്ങനെയുമാവാം.


ഇക്കാര്യത്തിൽ എന്തു നിലപാടുണ്ട് എന്നത് ദേശസ്‌നേഹത്തെയോ സ്‌നേഹമില്ലായ്‌മയെയോ ഒന്നും സൂചിപ്പിക്കുന്ന മാനദണ്ഡമേയല്ല. ചരിത്രബോധമുള്ള ആധുനിക ഇന്ത്യക്കാരന് മനസ്സിലാകുന്ന യാഥാർഥ്യം ഇത്രയുമാണ്.


എന്നാൽ സംഘപരിവാർ ആവശ്യപ്പെടുന്നത് അവർ വികലമാക്കി നിർമിച്ച ഒരു കാവിവൽകൃത സ്‌ത്രീരൂപത്തെ ഭാരത മാതാവായി എല്ലാവരും അംഗീകരിക്കണം എന്നാണ്. അതിനെതിരെ പ്രതികരിച്ച നിമിഷം കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയും ഇടതുമുന്നണിയും എന്നുവേണ്ട, ഇതിനെതിരെ ശബ്ദിക്കുന്ന എല്ലാവരും രാജ്യദ്രോഹികളാണ് എന്നാണ്.


മറ്റൊന്നു കൂടിയുണ്ട്, ആർഎസ്എസ് താത്വികമായി ഭാരതത്തെ മാതൃരൂപം ആയിട്ടല്ല, പിതൃരൂപം ആയിട്ടാണ് കണ്ടത്. ഹെഡ്ഗേവാർ രാഷ്‌ട്രത്തെ വിവരിക്കുന്നത് തന്നെ 'പിതൃഭൂമിയും പാവനഭൂമിയും’ എന്നാണ്. എന്നാൽ ഭാരതമാതാവ് ആർഎസ്എസിന് പ്രിയപ്പെട്ട ബിംബമാണ്. കാരണം പൊതുസമൂഹത്തിൽ പിതൃബിംബത്തേക്കാൾ മാതൃബിംബത്തിന് വൈകാരികമായ സാധ്യതകളുണ്ട്.


ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആണ്. ഹിന്ദുത്വവാദികൾ പുഷ്‌പാർച്ചന നടത്തുന്ന കാവിക്കൊടി പിടിച്ച സ്‌ത്രീരൂപമല്ല. ഭാരതമാതാവ് ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലും കലാചരിത്രത്തിലും ഒരു നൂറ്റാണ്ടോളം വേരുകളുള്ള ഒരു ബഹുസ്വര രൂപമാണ്. നാളെയും അതങ്ങനെയായിരിക്കും.


Reference:


*Smarthistory ‐ Abanindranath Tagore’s Bharat Mata: Bengal School painting and the idea of India

*Partha chatterjee‐ - Nationalist Thought and the Colonial World: A Derivative Discourse.

*Sumit sarkar‐- Modern India 1885–1947.

*Tanika sarkar‐ - Hindu Wife, Hindu Nation: Community, Religion, and Cultural Nationalism.

*Sudipta Kaviraj-‐ The Unhappy Consciousness: Bankimchandra Chattopadhyay and the Formation of Nationalist Discourse in India.

*Sugata Bose‐ - Majesty’s Opponent: Subhas Chandra Bose and India’s Struggle Against Empire

*Rabindranath Tagore‐ - Nationalism In India

*Uma Das Guptha‐- Rabindranath Tagore: A Biography

*Partha Mitter-‐ Art and Nationalism in Colonial India, 1850–1922: Occidental Orientations

*R. Siva Kumar‐ - Paintings of Abanindranath Tagore

*Maqbool Fida Husain v. Raj Kumar Pandey-‐ Global Freedom of Expression


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home