ad
Deshabhimani

Articles

യുഡിഎഫിന്റെയും ബിജെപിയുടെയും അവരുടെ പ്രചാരകരായി മാറിയ മാധ്യമങ്ങളുടെയും കോർപറേറ്റ്‌ വിധേയത്വം

നിങ്ങൾ വിരൽചൂണ്ടുന്നതെങ്ങോട്ട്‌?

bjp congress alliance
avatar
സി കെ ദിനേശ്‌

Published on Feb 24, 2026, 10:00 PM | 2 min read

ഞങ്ങളാണ്‌ ഇടതുപക്ഷമെന്ന്‌ നാഴികയ്ക്ക്‌ നാൽപ്പതുവട്ടം പുലമ്പുമ്പോഴും കൈയിലുള്ള പ്ലക്കാർഡിലെ വഴിസൂചന ചികിത്സാകൊള്ളയുടെ കേന്ദ്രങ്ങളിലേക്കാണ്‌. യുഡിഎഫും ബിജെപിയും അവരുടെ പ്രചാരകരായി മാറിയ മാധ്യമങ്ങളും പച്ചയ്ക്ക്‌ അവരുടെ കോർപറേറ്റ്‌ വിധേയത്വം ഒരിക്കൽക്കൂടി തെളിയിച്ചു, പൊതുജനാരോഗ്യകേന്ദ്രങ്ങൾക്കുനേരെ അടുത്ത ദിവസങ്ങളിലുണ്ടായ കുതിരകയറ്റത്തിലൂടെ. പത്തുവർഷത്തിനിടെ കേരളത്തിലെ പൊതുജനാരോഗ്യകേന്ദ്രങ്ങൾക്കുണ്ടായ മാറ്റത്തെ എത്ര രാഷ്‌ട്രീയശത്രുതയുള്ളവർക്കും കാണാതിരിക്കാനാകില്ല. ഏതു പാർടിക്കാരായാലും അവരുടെ വീട്ടിലെ അമ്മമാരും സഹോദരിമാരും പ്രായമായവരും ഉൾപ്പെടെ ആശ്രയിക്കുന്നു. പശ്ചാത്തലസ‍ൗകര്യം, ആധുനികസംവിധാനം, ഡോക്ടർ, നഴ്‌സ്‌, മരുന്ന്‌ എന്നിവ ഉറപ്പാക്കി.


സർക്കാർ പിന്നീട്‌ സ്പെഷ്യലൈസേഷൻ സ്ഥാപനങ്ങൾ കൊണ്ടുവന്നു. ഒരുകാലത്ത്‌ അരലക്ഷംപേർമാത്രം ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രികളിലേക്ക്‌ ശരാശരി 25 ലക്ഷംപേർ എല്ലാ ദിവസവും എത്താൻ തുടങ്ങിയത്‌ ഇ‍ൗ മാറ്റത്തിന്റെ ഫലമാണ്‌. മലയാളികളുടെ ആരോഗ്യജാഗ്രതയും ശ്രദ്ധയുംമൂലം ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽപേർ പരിശോധനയ്ക്കെത്തുന്ന സംസ്ഥാനമാണിത്‌. ലക്ഷക്കണക്കായ സാധാരണക്കാർക്ക്‌ സ‍ൗജന്യമോ മിതമായ നിരക്കിലോ ഉള്ള ചികിത്സ സർക്കാർ ഉറപ്പാക്കുന്നു. ഇന്ത്യയിൽ ഇത്തരമൊരു മാതൃകയേയില്ല. ഇ‍ൗ സ്ഥിതി തകർത്താൽ ആർക്ക്‌ ഗുണം? കേരളത്തിലെ ആരോഗ്യജാഗ്രതയെ മൾട്ടിനാഷനലുകളും കോർപറേറ്റ്‌ കമ്പനികളും കാണുന്നത്‌ വമ്പൻ കമ്പോളമായാണ്‌. ചികിത്സാചെലവ്‌ താങ്ങാനാകാത്തതാക്കി ഹെൽത്ത്‌ ഇൻഷുറൻസ്‌ കമ്പനികളെയും മരുന്നുകമ്പനികളെയുംകൂടി കൊള്ളയുടെ പങ്കുപറ്റുന്ന വിധത്തിലാക്കാം. ഇ‍ൗ കൂട്ടുകച്ചവടം ഇന്ന്‌ നടക്കുന്നില്ല. ഐഎംഎതന്നെ അടുത്തിടെ വ്യക്തമാക്കിയത്‌ സ്വകാര്യമേഖലയിലെ 1750 ചെറുകിട ആശുപത്രികൾ പൂട്ടിയെന്നാണ്‌. അതേസമയം, മൊത്തം സ്വകാര്യ ചികിത്സാലയങ്ങൾ 3677ൽനിന്ന് 5402 ആവുകയും ചെയ്തു.


ആകെ കിടക്കകളുടെ എണ്ണവും കൂടി. നാട്ടിൻപുറങ്ങളിൽ നിലനിൽക്കേണ്ട ചെറുകിട ആശുപത്രികളെയാണ്‌ വമ്പൻമാർ ഇപ്പോൾ വിഴുങ്ങുന്നത്‌. അടുത്തഘട്ടം സർക്കാർ ആശുപത്രികൾ ചികിത്സിക്കാൻ കൊള്ളാത്തതാണെന്ന്‌ പ്രചരിപ്പിച്ച്‌ രോഗികളെ അങ്ങോട്ട്‌ പിടിക്കുകയെന്നതാണ്‌. അതുവഴി സാധാരണക്കാരെ പാപ്പരാക്കുകയായിരിക്കും ഫലം. ഡോ. തോമസ്‌ ഐസക്‌ കുറിച്ചതുപോലെ, ഡൽഹിയിൽ 93-ഉം മഹാരാഷ്ട്രയിൽ 85-ഉം വിദേശ കോർപറേറ്റ് ആശുപത്രികളുള്ളപ്പോൾ കേരളത്തിൽ ഇപ്പോഴും നാലെണ്ണമേയുള്ളൂ. ഇതിനൊരു പ്രധാനപ്പെട്ട കാരണം കേരളത്തിന്റെ സുശക്തമായ പൊതു ആരോഗ്യസംവിധാനമാണ്. 1987ൽ 23 ശതമാനം ജനങ്ങളാണ്‌ പൊതു ആരോഗ്യസൗകര്യങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ 2019-ൽ 44 ആയി. ഗുരുതര രോഗത്തിന്‌ സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർ 47 ശതമാനത്തിൽനിന്ന്‌ 62 ആയി. 2016 ൽ 1000 പേരുണ്ടായിരുന്ന ഒപിയിൽ ഇപ്പോൾ 5000ൽ അധികമായി. അതേസമയം, ചികിത്സയിലെ അനാസ്ഥമൂലം 2017–22 കാലത്തുണ്ടായ മരണം രാജ്യത്ത്‌ 1015 ആണ്‌. ഇതിൽ 15 ശതമാനം യുപിയിലും 10 ശതമാനംവീതം രാജസ്ഥാനിലും ജാർഖണ്ഡിലുമാണ്. 54 കേസുകളുള്ള (5 ശതമാനം) കേരളത്തിന് പത്താംസ്ഥാനമാണ്.


ആരോഗ്യബോധത്തിൽ ഉയർന്നുനിൽക്കുന്ന കേരളത്തിൽ 10 ലക്ഷത്തിന്‌ 1.6 മരണംമാത്രം. എത്ര ഉയർന്ന നിലവാരത്തിലാണ്‌ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാസംവിധാനമെന്ന്‌ ഇ‍ൗ കണക്കുകൾ തെളിയിക്കുന്നു. എന്നാൽ, മനപ്പൂർവമോ അല്ലാതെയോ വരുത്തുന്ന ജീവന്റെ വിലയുള്ള പിശകുകൾ നീതീകരിക്കാനും കഴിയില്ല. അത്‌ പരിഹരിക്കാനുള്ള മാർഗം, അന്വേഷിച്ച്‌ വസ്തുതകൾ കണ്ടെത്തുകയും പരിഹരിക്കാനാവശ്യമായ നടപടികളെടുക്കുകയുമാണ്‌. കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. 2016നുശേഷം അത്തരം കുറ്റകരമായ അനാസ്ഥ കാണിച്ച ആരോടെങ്കിലും സർക്കാർ വിട്ടുവീഴ്‌ച ചെയ്തിട്ടുണ്ടോ? ഇവിടെയാണ്‌ യുഡിഎഫും ബിജെപിയും അവരുടെ വക്താക്കളായി മാറിയ ഏതാനും മാധ്യമങ്ങളും നിക്ഷിപ്ത താൽപ്പര്യം വെളിപ്പെടുത്തുന്നത്‌. ആരും സർക്കാർ ആശുപത്രികളിലേക്ക്‌ പോകരുതെന്ന സന്ദേശം 24 മണിക്കൂറും പ്രചരിപ്പിക്കുമ്പോൾ നഷ്ടം ആർക്കാണ്‌? ഇവിടത്തെ സാധാരണ മനുഷ്യർക്കും കേരളത്തിനാകെയും. രോഗികളെ ഉ‍ൗറ്റിപ്പിഴിയുന്ന മഹാദുരന്തത്തിലേക്ക്‌ തള്ളിയിടലാണോ നിങ്ങൾ അവകാശപ്പെടുന്ന ‘ഇടതുപക്ഷ’ നിലപാട്‌?



Deshabhimani
Home