മുഖ്യമന്ത്രിക്ക് പരിഹസിച്ച് ഒഴിയാനാകില്ല


പിണറായി വിജയൻ
Published on Nov 12, 2026, 12:00 AM | 3 min read
സംസ്ഥാനത്തെ ജനങ്ങളെ പവർകട്ടിന്റെ പേരു പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവിൽ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി ജനങ്ങൾക്കുമുന്നിൽ പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം വസ്തുതകൾസഹിതം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, കാമറകൾക്കുമുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവഗൗരവമുള്ള ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻസർക്കാരിനെ പഴിച്ച് രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധഭീരുത്വമാണ്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനംകുത്തുന്ന ഈ അപഹാസ്യ ശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വച്ചാൽ മതി.
തുടക്കംമുതൽ ഞങ്ങൾ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്– കേരളത്തിൽ യഥാർഥത്തിൽ വൈദ്യുതിപ്രതിസന്ധി ഇല്ല. വൻകിട വൈദ്യുതി വാങ്ങൽ കരാറുകളുടെ മറവിൽ കൂറ്റൻ അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കാനായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിത്. അതിനുവേണ്ടിയാണ് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിൽ നിർത്തിയത്. രാജ്യത്തെ വൈദ്യുതിയുടെ പൊതുനിലയും ഒക്ടോബറിലെ റെഗുലേറ്ററി കമീഷൻ ഉത്തരവുമടക്കം സമഗ്രമായി വിലയിരുത്തിയാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ വാദിച്ചു എന്ന നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. ജിഎൻഎ കരാർവഴി നടത്താൻ ശ്രമിച്ച അതിഭീകരമായ പകൽക്കൊള്ളയെക്കുറിച്ച് വിശദീകരിക്കുമ്പോൾ, നിരക്കിന്റെ കാര്യത്തിൽ ‘അതിനേക്കാൾ ഭേദമാണ് ഹിമാചൽ വൈദ്യുതി’ എന്നു താരതമ്യം ചെയ്തതിനെയാണ് വളച്ചൊടിക്കുന്നത്. അതെങ്ങനെയാണ് ഹിമാചൽ വൈദ്യുതിക്കുവേണ്ടി വാദിക്കലാകുന്നത്? ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വെല്ലുവിളിക്കാനുണ്ടെങ്കിൽ അത് ആദ്യം ചെന്ന് നടത്തേണ്ടത് സ്വന്തം വൈദ്യുതിമന്ത്രിയുടെ മുന്നിലാണ്. സംസ്ഥാനത്ത് കടുത്ത വൈദ്യുതിപ്രതിസന്ധിയുണ്ടെന്നും ഹിമാചലിൽനിന്നുള്ള ദീർഘകാല വൈദ്യുതി കരാറാണ് ലാഭകരമെന്ന മുൻ കെഎസ്ഇബി ചെയർമാന്റെ ശുപാർശ തികച്ചും ശരിയാണെന്നും മാതൃഭൂമി അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത് വകുപ്പുമന്ത്രി സണ്ണി ജോസഫാണ്. ആ മന്ത്രിയാകട്ടെ കെപിസിസി പ്രസിഡന്റുമാണ്.
കൃത്രിമക്ഷാമം എന്ന വാദം കെഎസ്ഇബി രേഖകൾക്ക് വിരുദ്ധമാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിതന്നെയല്ലേ ചെയർമാൻ വ്യാജ കുറിപ്പുണ്ടാക്കിയെന്നു പറഞ്ഞ് അങ്ങോട്ട് ഒത്തുകളി അന്വേഷണം പ്രഖ്യാപിച്ചത്? റെഗുലേറ്ററി കമീഷന്റെ കർശനമുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, നിയമസാധുതയില്ലാത്ത ജിഎൻഎ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പിടിവാശി കാണിച്ചതും അതിനായി സ്വന്തം ഇഷ്ടക്കാരനായ ഊർജ സെക്രട്ടറിയെ അവരോധിച്ചതുമെല്ലാം ആരുടെ താൽപ്പര്യപ്രകാരമായിരുന്നു? കൊള്ളയ്ക്കുള്ള വഴിവിട്ട നീക്കങ്ങൾ പ്രതിപക്ഷം കൈയോടെ പിടികൂടിയപ്പോൾ ജിഎൻഎ കരാർ റദ്ദാക്കിയതും മുൻചെയർമാനെതിരെ അന്വേഷണം പ്രഖ്യാപിച്ചതുമെല്ലാം വകുപ്പുമന്ത്രി അറിഞ്ഞത് പത്രവാർത്ത കണ്ടാണ്. മുഖ്യമന്ത്രി അങ്ങോട്ടോ താൻ ഇങ്ങോട്ടോ സംസാരിച്ചിട്ടില്ലെന്നും എവിടെയും താൻ സത്യമേ പറയൂ എന്നും ഒരു വകുപ്പുമന്ത്രിക്ക് പരസ്യമായി സാക്ഷ്യപ്പെടുത്തേണ്ടി വന്നത് കേരളചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത രാഷ്ട്രീയനാണക്കേടാണ്. മുന്നണി കൺവീനർ അടൂർ പ്രകാശ്പോലും തുറന്നുപറയുന്നത് തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്.
എൻടിപിസിയിൽനിന്ന് യൂണിറ്റിന് അഞ്ചു രൂപ 18 പൈസ നിരക്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്ന ന്യായം പറഞ്ഞ് ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കേണ്ട. എൻടിപിസിയിൽനിന്നുള്ള കേന്ദ്രവിഹിതവും വൈദ്യുതിലഭ്യതയും ഏതെങ്കിലും ഫയലിൽ മുഖ്യമന്ത്രി ഇന്നലെ രാത്രി കണ്ടെടുത്തതാണോ? വർഷങ്ങളായി സർക്കാരിനുമുന്നിലുള്ള ഈ വിവരങ്ങളും റെഗുലേറ്ററി കമീഷൻ ഉത്തരവും മറച്ചുവച്ച്, ജിഎൻഎ എന്ന ട്രേഡർപോലും അല്ലാത്ത പ്ലാറ്റ്ഫോമിനുമുന്നിൽ ഓച്ഛാനിച്ചുനിന്നത് ആർക്കുവേണ്ടിയായിരുന്നു?
എന്തിനുവേണ്ടിയായിരുന്നു? ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിട്ട് കാര്യങ്ങൾ ആലോചിച്ചതും തീരുമാനിച്ചതുമെല്ലാം മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നതെന്നും വകുപ്പുമന്ത്രിതന്നെ സ്ഥിരീകരിച്ചിരിക്കെ, ആർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഹസന അന്വേഷണം? ഇവിടെ അന്വേഷണം നേരിടേണ്ടത് താഴെയുള്ള ഉദ്യോഗസ്ഥരല്ല, സർക്കാരിനെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി ഈ ദുരൂഹ ഇടപാടുകൾക്ക് നേരിട്ട് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി വി ഡി സതീശൻതന്നെയാണ്.
തനിക്ക് കിട്ടിയ ഫയലിൽ തീരുമാനമെടുക്കാൻ "വേണ്ട ആളുകളുമായിട്ടൊക്കെ ഡിസ്കസ് ചെയ്തു' എന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുകയാണ്. വകുപ്പുമന്ത്രിയോ ചീഫ് സെക്രട്ടറിയോ പവർ സെക്രട്ടറിയോ പോലുമല്ലാതെ സെക്രട്ടറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ നിഴൽസംഘം ആരാണ്? ഔദ്യോഗിക ഫയലിലെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിലേക്ക് തിരികെ അയച്ച് നടപടിക്രമം പാലിക്കുന്നതിനുപകരം, റൂൾസ് ഓഫ് ബിസിനസ് ചവറ്റുകുട്ടയിലെറിഞ്ഞ് പുറത്തുള്ള സംഘവുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്.
റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാതെ, നിയമപരമായ ടെൻഡറില്ലാതെ ഒരു യൂണിറ്റ് വൈദ്യുതിപോലും വാങ്ങാൻ എൽഡിഎഫ് സർക്കാർ കരാർ ഉണ്ടാക്കിയിട്ടില്ല. ഉണ്ടെന്നു പറയാൻ മുഖ്യമന്ത്രിക്കാകുമോ? അങ്ങനെ ഒരൊറ്റ കരാറെങ്കിലും തെളിയിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. ജിഎൻഎയുമായി കരാറുണ്ടാക്കി വൻ കൊള്ള നടത്താൻ പദ്ധതിയിട്ടത് പൊളിഞ്ഞപ്പോൾ, അതിന്റെ പഴി മുൻ എൽഡിഎഫ് സർക്കാരിന്റെമേൽ ചാരേണ്ടതില്ല.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് (2011–16) ഡിബിഎഫ്ഒഒ മാതൃകയിൽ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ 865 മെഗാവാട്ടിന്റെ വിവാദ താപവൈദ്യുതി ദീർഘകാല കരാറുകൾ കടുത്ത സാമ്പത്തികബാധ്യതയും റെഗുലേറ്ററി തടസ്സങ്ങളും സൃഷ്ടിച്ചപ്പോൾ, ആഭ്യന്തരോൽപ്പാദന ശേഷിയിൽ തുച്ഛമായ വർധനമാത്രമാണ് സംസ്ഥാനത്തുണ്ടായത്. എന്നാൽ, എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് പുതിയ പദ്ധതികളിലൂടെയും പുനരുപയോഗ ഊർജസ്രോതസ്സുകളിലൂടെയും കേരളത്തിന്റെ ഉൽപ്പാദന ശേഷിയിൽ കുതിച്ചുചാട്ടം സാധ്യമാക്കി. ഒപ്പം സൗരോർജവും കാറ്റും ബാറ്ററിയും ഉൾപ്പെടെ യൂണിറ്റിന് രണ്ടുരൂപ 44 പൈസമുതൽ മൂന്നുരൂപ 83 പൈസവരെ കുറഞ്ഞ നിരക്കിലുള്ള ഹരിതോർജത്തിനും സിഇആർസി മാനദണ്ഡപ്രകാരമുള്ള കൽക്കരി വൈദ്യുതിക്കുമായി ആകെ 2122 മെഗാവാട്ടിന്റെ സുതാര്യമായ 12 ദീർഘകാല കരാറുകൾ ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭാവി ഊർജസുരക്ഷ അടിത്തറയിട്ട് ഭദ്രമാക്കുകയാണ് ചെയ്തത്.
സ്വന്തം മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഈ നിഗൂഢനീക്കങ്ങളിലെയും അദൃശ്യസംഘങ്ങളുടെ ഇടപെടലുകളിലെയും പൂർണസത്യം പുറത്തുവരുന്നതുവരെ, അദ്ദേഹത്തിന്റെ പരിഹാസങ്ങൾക്കുമുന്നിൽ മുട്ടുമടക്കാതെ ശക്തമായ രാഷ്ട്രീയപോരാട്ടവുമായി ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകും. ഈ വിഷയത്തിൽ എല്ലാ വസ്തുതകളും നിയമത്തിനും ജനങ്ങൾക്കും മുന്നിൽ പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തിയേ തീരൂ.














