ad
Deshabhimani

Articles

ഇന്ന് 
ടി ശിവദാസമേനോൻ 
അനുസ്മരണദിനം

അടിപതറാത്ത പോരാളി

T sivadasda menon
avatar
എം വി ഗോവിന്ദൻ

Published on Jun 27, 2026, 09:59 PM | 2 min read

സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട്‌ നാലുവർഷം പൂർത്തിയാകുന്നു. കേരളരാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്നു സഖാവ്. നാടിനുവേണ്ടി നടത്തിയ ഉജ്വലപോരാട്ടങ്ങൾ അദ്ദേഹത്തെ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സമരമുഖങ്ങളിൽ ആവേശം നിറയ്‌ക്കുന്ന പോരാളി, മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി തുടങ്ങി സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധി.


​1932ൽ പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌ സമ്പന്ന ജന്മികുടുംബത്തിൽ ജനിച്ച ശിവദാസമേനോൻ ചെറുപ്പത്തിൽത്തന്നെ ജന്മിത്തത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി, കമ്യൂണിസ്റ്റ് -പുരോഗമന ആശയങ്ങളിലേക്ക് നടന്നടുത്തു. മണ്ണാർക്കാട് പെരിമ്പടാരി സർക്കാർ വിദ്യാലയത്തിലെ പ്രാഥമികപഠനത്തിനുശേഷം കോഴിക്കോട് ബിഇഎം സ്‌കൂളിലും സാമൂതിരി ഹൈസ്‌കൂളിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്‌ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടി.


1955 മുതൽ മണ്ണാർക്കാട് കെടിഎം ഹൈസ്‌കൂളിൽ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവർത്തിച്ച അദ്ദേഹം, മികച്ച അധ്യാപകനെന്ന നിലയിലും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. സ്വകാര്യ സ്‌കൂൾ അധ്യാപകരുടെ സംഘടനയായ കെ പിടിയുവിന്റെ സ്ഥാപിതനേതാവായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ പാലക്കാട്ടുനിന്ന്‌ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതുവരെ അധ്യാപനരംഗത്ത്‌ തുടർന്നു.


1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി–ഗ്രാമവികസന മന്ത്രിയായും 96ൽ ധന–-എക്‌സൈസ്‌ മന്ത്രിയായും പ്രവർത്തിച്ചു. പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. മലമ്പുഴ മണ്ഡലത്തിന്‌ ചുവപ്പ്‌ കൂട്ടിയാണ്‌ മൂന്നുവട്ടം നിയമസഭയിലെത്തിയത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായും ഏറെ കാലം പ്രവർത്തിച്ചു.


അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപകസംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയനേതാവാക്കി. പ്രത്യയശാസ്‌ത്രപരമായ കാര്യങ്ങൾതൊട്ട് ഫലിതങ്ങൾവരെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.


1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മാവനെതിരെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായാണ് കന്നിയങ്കം. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ ജയിച്ചു. അവിഭക്ത പാർടി പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന സഖാവ്‌, പാർടി ഭിന്നിപ്പിനെ തുടർന്ന്‌ സിപിഐ എമ്മിൽ ഉറച്ചുനിന്നു. താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ. വ്യത്യസ്‌ത മേഖലകളിലെ പോരാട്ടാനുഭവങ്ങളുമായി ജനങ്ങളിൽ നിറഞ്ഞ അദ്ദേഹം, 1980ൽ ജില്ലാ സെക്രട്ടറിയായി.


അധ്യാപകസംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സഖാവിന്റെ ത്യാഗോജ്വലമായ പോരാട്ടസ്‌മരണകളെ അഭിവാദ്യം ചെയ്യുന്നു.



Deshabhimani
Home