ad
Deshabhimani

ആ ‘ഹിറ്റ്‌ ലിസ്റ്റിൽ’ പെടരുതേ...!

sunil kanugolu hitlist
avatar
സി കെ ദിനേശ്‌

Published on Feb 10, 2026, 10:52 PM | 2 min read

കോൺഗ്രസിനുവേണ്ടി രാപകൽ പ്രവർത്തിച്ചവരും ജീവിതംതന്നെ ഉഴിഞ്ഞുവച്ചവരുമായ നേതാക്കളുടെ ഒറ്റ കരച്ചിലേ ഇപ്പോൾ കേൾക്കാനുള്ളൂ: ‘കനുഗോലുവിന്റെ ഹിറ്റ്‌ ലിസ്റ്റിൽ പെടരുതേ’ എന്ന്‌.


എന്താണ്‌ കാര്യം എന്നല്ലേ? മത്സരിച്ചാൽ തോൽക്കുമെന്ന്‌ ഉറപ്പുള്ളവരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. ഇവർ തയ്യാറാക്കിയ ‘തോൽക്കുന്നവരുടെ പട്ടിക’യുടെ ആദ്യഘട്ടത്തിൽ പെട്ടവരെ നോക്കൂ: എം എം ഹസ്സൻ, വി എസ്‌ ശിവകുമാർ, പന്തളം സുധാകരൻ, രമ്യ ഹരിദാസ്‌, എം പി വിൻസന്റ്‌, ബിന്ദു കൃഷ്ണ, ഡൊമിനിക്‌ പ്രസന്റേഷൻ, ജയലക്ഷ്മി... പട്ടിക തുടരുന്നു. ഇവരെല്ലാം ഒരുകാലത്ത്‌ കോൺഗ്രസിനെ നയിച്ചവരോ ജനപ്രതിനിധികളോ മന്ത്രിമാരോ ഒക്കെ ആയിരുന്നവരാണ്‌. അഴിമതിക്കേസിൽപ്പെട്ട തനിക്ക്‌ വിജിലൻസിൽനിന്ന്‌ ‘ക്ലീൻ ചിറ്റ്‌’ കിട്ടിയെന്ന്‌ വി എസ്‌ ശിവകുമാർ കേണപേക്ഷിച്ചിട്ടും കോൺഗ്രസിലെ അവസാനവാക്കുകാരൻ അനങ്ങിയിട്ടില്ല.


യഥാർഥത്തിൽ ജനപിന്തുണ നോക്കിയാണോ ഇ‍ൗ ലിസ്റ്റ്‌ തയ്യാറാക്കിരിക്കുന്നതെന്ന നേതാക്കളുടെ സംശയത്തിന്‌ പ്രസക്തിയുണ്ട്‌. ഒന്നുകിൽ പട്ടിക തയ്യാറാക്കുന്നവരുടെ താൽപ്പര്യം അല്ലെങ്കിൽ ആരാണോ പട്ടിക തയ്യാറാക്കാൻ നിർദേശിച്ചത്‌, അവരുടെ താൽപ്പര്യം. അല്ലാതെ മറ്റെന്താണ്‌ ഇ‍ൗ നാടകംകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. തങ്ങൾക്ക്‌ താൽപ്പര്യമില്ലാത്തവരെ, ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ തങ്ങൾ പറഞ്ഞാൽ കൈപൊക്കുമെന്ന്‌ ഉറപ്പില്ലാത്തവരെ വെട്ടുന്നതാണ്‌ കാണുന്നത്‌. അതല്ലെങ്കിൽ, ഇതുവരെ നിയമസഭയിലേക്ക്‌ മത്സരിച്ചിട്ടില്ലാത്ത രണ്ട്‌ ചെറുപ്പക്കാർ എങ്ങനെ തോൽക്കുന്നവരുടെ പട്ടികയിൽ വന്നുവെന്ന ഡിസിസികളിൽനിന്നുമുയരുന്ന ചോദ്യം ആര്‌ കേൾക്കും? പത്തനംതിട്ട ജില്ലയിൽനിന്നുള്ള വിജയ്‌ ഇന്ദുചൂഡന്‌ സീറ്റ്‌ കൊടുക്കരുതെന്നും പി എം അനുതാജിനെ കായംകുളത്തിന്റെ അടുത്തുകൂടി കൊണ്ടുപോകരുതെന്നും കനുഗോലു എങ്ങനെയറിഞ്ഞു.


vd satheesan k sudhakaran


തീർന്നില്ല, എംപിമാർ ആരും മത്സരിക്കണ്ട എന്ന തീട്ടൂരവും വരുന്നുണ്ട്‌. ലക്ഷ്യം ആരാണ്‌? ഒന്നാമത്‌ കെ സുധാകരൻതന്നെ. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കനുഗോലു റിപ്പോർട്ട്‌ വച്ച്‌ തെറിപ്പിച്ചായിരുന്നു വി ഡി സതീശന്റെ ആദ്യവെടിയെങ്കിൽ, അടുത്തത്‌ നിയമസഭാമോഹമാണ്‌. മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ നിരന്തരമായി പറഞ്ഞതോടെ നിരവധി എംപിമാർ മത്സരിക്കാൻ ഇറങ്ങുന്നുവെന്ന വാർത്തയുണ്ടാക്കിയാണ്‌ സുധാകരനെ വെട്ടുന്നത്‌. യുഡിഎഫ്‌ കൺവീനർ എന്ന നിലയിൽ അടൂർ പ്രകാശ്‌ മത്സരിക്കാൻ കച്ചകെട്ടിയിരിക്കുകയായിരുന്നു. പക്ഷേ, പോറ്റിയുമായുള്ള ബന്ധത്തിന്റെ നാൾവഴികൾ ഓരോന്നായി പുറത്തുവന്നതോടെ വെട്ടാൻ വേറെ കാരണമന്വേഷിക്കണ്ടല്ലോ. എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ചില കോൺഗ്രസ്‌ ഗ്രൂപ്പുകളിലാണ്‌ ആഹ്ലാദം അലതല്ലിയത്‌. ‘ഒരു വിക്കറ്റുകൂടി...’ എന്ന തരത്തിലുള്ള സംഭാഷണങ്ങളും ഉണ്ടായത്രേ!


ഇതിനിടയിൽ എൽഡിഎഫ്‌ എംഎൽഎമാരുടെ ജനപിന്തുണയും അളക്കാൻ കനുഗോലുവിന്‌ സമയം കിട്ടിയെന്നതും വേറെ കാര്യം. അവർക്കെല്ലാം വലിയ ജനപിന്തുണയുണ്ട്‌. കോൺഗ്രസിലെ ചിലർക്കാണ്‌ അത്‌ തീരെയില്ലാത്തത്‌. അതായത്‌, ചില സിറ്റിങ്‌ എംഎൽഎമാരും തെറിക്കുമെന്ന്‌.


ദേശീയപ്രസ്ഥാനംമുതൽ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ്‌ പാർടിയുടെ നേതാക്കളുടെ ജനപിന്തുണ തീരുമാനിക്കാൻ ഇ‍ൗ ഏജന്റ്‌ ആര്‌? ഇ‍ൗ ചോദ്യം ഉന്നയിക്കുന്നതും മറ്റാരുമല്ല, അരനൂറ്റാണ്ടിലേറെ പാർടിക്കുവേണ്ടി പണിയെടുത്ത നേതാക്കൾതന്നെ. കോൺഗ്രസ് അധികാരത്തിനുപിന്നാലെ പോകരുതെന്നും ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞത്‌ മഹാത്മാഗാന്ധിയാണ്‌. ആ പാർടിയിലാണ്‌, ‘ഡിജിറ്റൽ ചുണ്ണാമ്പ്‌’ തൊട്ട്‌ നേതാക്കളെ തൊട്ടുകൂടാത്തവരായി കണ്ട്‌ അകറ്റി ഓരോ കോളത്തിൽ നിർത്തുന്നത്‌. ഇതായിരിക്കും വി ഡി സതീശൻ പറയുന്ന ‘നെഹ്‌റുവിയൻ കോൺഗ്രസ്‌’?​



Deshabhimani
Home