ad
Deshabhimani

പ്രതീതി നിർമാണം: എ കനുഗോലു എപ്പിസോഡ്‌

sunil kanagolu
avatar
വിനോദ്‌ പായം

Published on Jan 16, 2026, 11:07 PM | 2 min read

കേരള കോൺഗ്രസ്‌ എം സ്റ്റിയറിങ്‌ കമ്മിറ്റിക്കുശേഷം പാർടിയുടെ നേതാക്കൾ മാധ്യമങ്ങളോട്‌ ആവർത്തിച്ച്‌ ചോദിച്ചൊരു ചോദ്യമുണ്ട്‌: ‘ഇടതുമുന്നണി വിടുമെന്ന്‌ ഞങ്ങളിലാരെങ്കിലും എപ്പോഴെങ്കിലും സൂചന നൽകിയിരുന്നോ. മറിച്ച്‌, ഇടതുമുന്നണിയിൽ തുടരുമെന്ന്‌ എത്രതവണ ആവർത്തിച്ചു’ സംഗതി ശരിയാണല്ലോ എന്ന്‌ ആരെങ്കിലും ആലോചിക്കുന്പോഴേക്കും ചാനൽ റിപ്പോർട്ടർ ഇടപെടുന്നു. ‘മാധ്യമങ്ങൾക്കുമുന്നിൽ കേരള കോൺഗ്രസ്‌ നേതാക്കൾ ഒന്നിച്ചുവന്നത് ഒറ്റക്കെട്ടാണെന്ന് തോന്നിപ്പിക്കാനാണ്‌. പകൽ 11.30ന് ആരംഭിക്കുമെന്ന് പറഞ്ഞ യോഗത്തിന്‌ ചെയർമാൻ എത്തിയത്‌ 11.50നുമാത്രമാണ്‌.’ വാർത്ത കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ എന്താണ്‌ ബാക്കി. ജോസ്‌ കെ മാണി യോഗത്തിന്‌ 20 മിനിറ്റ്‌ വൈകിവന്നത്‌ അനിഷ്ടംകൊണ്ടുതന്നെ; അച്ചട്ട്‌! ഇതാണിപ്പോൾ കേരളത്തിൽ നടക്കുന്ന പ്രതീതി നിർമാണത്തിന്റെ സാന്പിൾ.


സത്യാനന്തര മാധ്യമകാലത്ത്‌ എന്തിലും ഏതിലും പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാം. അതിൽ പതിര്‌ പാറ്റി കതിര്‌ പറയുക എന്നതായിരുന്നു കുറച്ചുകാലം മുന്പേയുള്ള മാധ്യമരീതി. തെരഞ്ഞെടുപ്പുകാലമായതിനാൽ, ആ രീതികൾ അപ്പാടെ തോട്ടിലെറിഞ്ഞ്‌, വ്യാജ പ്രതീതി നിർമാണത്തിന്റെ ‘വിസ്‌മയ’ ക്വട്ടേഷനിലാണ്‌ ചില ചാനലുകളും സമൂഹമാധ്യമങ്ങളും. നേരിട്ട്‌ വായിച്ചും തൊട്ടും അനുഭവിച്ചും കാര്യങ്ങൾ അറിഞ്ഞിരുന്ന മില്ലേനിയൽ തലമുറയാണ്‌ ഡിജിറ്റൽ സത്യാനന്തര വാർത്താപ്രവാഹത്തിൽ ശരിക്കും പെട്ടത്‌. ചാനൽ ചർച്ച കേട്ടും ഫെയ്‌സ്‌ബുക് കുറിപ്പ്‌ വായിച്ചും തീരുമാനമെടുക്കുന്ന ഇവരാണ്‌ ഇതിന്റെ ‘ഇരകൾ.’


v d satheesan


​അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ അധികാരത്തിൽ വരുന്നുവെന്ന പ്രതീതി നിർമാണത്തിനുള്ള സന്നാഹമാണ്‌ കോൺഗ്രസ്‌ പ്രചാരണ തലവനായ കനുഗോലു ടീം അന്തരീക്ഷത്തിൽ ഒരുക്കുന്നത്‌. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന്‌ കനുഗോലു റിപ്പോർട്ടുണ്ട്‌. പക്ഷേ, പ്രതീതി നിർമാണക്കാർ ഉ‍ൗന്നുന്നത്‌ നോക്കുക; സ്വകാര്യ ആവശ്യത്തിനായി ഗൾഫിൽ പോയ ജോസ്‌ കെ മാണി മുന്നണി വിടുന്നുവെന്ന തിയറി സൃഷ്ടിച്ചു. പെയ്‌ഡ്‌ പോസ്റ്റുവഴി, ഇത്‌ എല്ലാ ഫീഡിലുമെത്തിച്ചു. അത്‌ ചാനൽ റിപ്പോർട്ടർമാരെക്കൂടി സ്വാധീനിക്കും. അകന്പടിയായി, വി ഡി സതീശനെക്കൊണ്ട്‌ ‘വിസ്‌മയം ഉണ്ടാകും’ എന്ന പ്രസ്‌താവന ഇറക്കിക്കുന്നു.


​അടുത്തഘട്ടം സിപിഐ എമ്മിൽനിന്ന്‌ നേതാക്കൾ വിടുന്നുവെന്ന പ്രതീതി നിർമാണമാണ്‌. നാലാംവട്ടവും സീറ്റ്‌ കൊടുക്കാത്തതിൽ പിണങ്ങിനിൽക്കുന്ന അയിഷ പോറ്റിയെ കൃത്യസമയത്ത്‌ രംഗത്തിറക്കുന്നു. പ്രതീതി നിർമാണത്തിന്റെ വ്യാജസാക്ഷ്യം. അടുത്തഘട്ടം കാന്പായ കണ്ണൂരേക്കാണ്‌. സിപിഐ എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി അംഗം സി കെ പി പത്മനാഭനെ ഒന്നരമാസംമുന്പ്‌ കെ സുധാകരൻ കണ്ട ചിത്രം ഉപയോഗിച്ച്‌ മറ്റൊരു വ്യാജ നിർമിതി, ഒരു വാർത്താപകലിനെ ബഹളമയമാക്കുന്നു. ഇതിനെതിരെ നിയമ നടപടി സി കെ പിതന്നെ പ്രഖ്യാപിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ സി കെ പി കോൺഗ്രസിൽ ചേരുന്നുവെന്ന കാർഡ്‌ പലകാതം ഇപ്പോഴും സഞ്ചരിക്കുകയാണ്‌.


​തെരഞ്ഞെടുപ്പിൽ ഇനിയും വോട്ട്‌ കൊണ്ടുവരുമെന്ന്‌ യുഡിഎഫ്‌ വിചാരിക്കുന്ന ശബരിമലയിലാണ്‌ അടുത്ത പ്രതീതി നിർമാണം. ‘പോറ്റിയെ കേറ്റി’ എന്നൊരു പദാവലിയാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. നിർമിച്ച സ്‌കൂൾ, തുറന്ന റോഡ്‌, കൊടുത്ത ക്ഷേമപെൻഷൻ എന്നിവയെപ്പറ്റി ഇടതുപക്ഷം പറഞ്ഞുപോയപ്പോൾ, ‘പോറ്റിയെ കേറ്റി’ എന്ന പ്രതീതിയിൽ യുഡിഎഫ്‌ ഉ‍ൗന്നി. പോറ്റിയെ ജയിലിൽ കയറ്റിയത്‌, സോണിയയുടെ വീട്ടിൽ കയറ്റിയത്‌, തന്ത്രിക്കടുത്ത്‌ കേറ്റിയത്‌ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയേണ്ടുന്ന യുഡിഎഫിന്‌ ഒരുതരത്തിലുള്ള ബാധ്യതയും ഉണ്ടായില്ല.


​നിരവധി ബലാത്സംഗക്കേസുകളിൽ പ്രതിയായ എംഎൽഎയ്‌ക്കെതിരെ ഗത്യന്തരമില്ലാതെ നടപടിയെടുത്തത്‌ മികവായി പറയുന്ന തരം പ്രിവിലേജാണ്‌ കോൺഗ്രസിന്‌ ഇപ്പോഴും. കോൺഗ്രസ്‌ നേതാവ്‌ കെ ബാബു എംഎൽഎയുടെ അനധികൃത സ്വത്തുസന്പാദന കേസിലെ കോടതി ഇടപെടൽ കഴിഞ്ഞദിവസത്തെ വാർത്തയാണ്‌. ഫ്ലാറ്റ്‌ തട്ടിപ്പിൽ ഷിബു ബേബി ജോണിനെതിരെയുണ്ടായ കേസും കഴിഞ്ഞദിവസം വന്നു. ഇതാരെങ്കിലും അറിഞ്ഞോ; ആരെങ്കിലും ചർച്ചയാക്കിയോ? അതാണ്‌ വലതുപക്ഷത്തിനുള്ള സ‍ൗകര്യം.



Deshabhimani
Home