സിജെപിയും ഇടതുപക്ഷവും


പുത്തലത്ത് ദിനേശന്‍
Published on Jul 30, 2026, 10:23 PM | 4 min read
കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനെതിരായി ഉയര്‍ന്നുവരുന്ന ജനകീയസമരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് വര്‍ഗീയ ഫാസിസ്റ്റ് അജൻഡകള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു. ഈ നയങ്ങള്‍ ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നതെന്ന്, രാജ്യത്തെ സമ്പത്തിന്റെ കൈവശപ്പെടുത്തല്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന് ദേശീയവരുമാനത്തിന്റെ 58 ശതമാനം ലഭിക്കുന്നു. ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകള്‍ക്ക് ലഭിക്കുന്നത് സമ്പത്തിന്റെ 15 ശതമാനംമാത്രമാണ്. ഇന്ത്യയിലെ ഏറ്റവും മുകളിലുള്ള ഒരു ശതമാനം ആളുകള്‍ രാജ്യത്തിന്റെ സ്വത്തിന്റെ 40 ശതമാനവും മുകളിലുള്ള 10 ശതമാനം സ്വത്തിന്റെ 60 ശതമാനവും കൈവശംവയ്ക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 15.7 ശതമാനമായി മാറുന്നു. ഇത്തരത്തിലുള്ള കോര്‍പറേറ്റ് അജൻഡകള്‍ കര്‍ഷകരിലും തൊഴിലാളികളിലും ആദിവാസിവിഭാഗങ്ങളിലും വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അവിടങ്ങളില്‍ വിവിധങ്ങളായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്.
രാജ്യത്തെ യുവജനങ്ങളുടെ നിലയും വ്യത്യസ്തമല്ല. തൊഴിലില്ലായ്‌മയും തൊഴില്‍ അനിശ്ചിതത്വവും വര്‍ധിക്കുകയാണ്. ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുന്നു. തൊഴില്‍സ്ഥിരത അപ്രത്യക്ഷമാകുന്നു. ഫാക്ടറികള്‍ക്കുപകരം ആപ്പുകൾ കേന്ദ്രീകരിച്ചുള്ള തൊഴില്‍സംസ്കാരം വികസിച്ചുവരുന്നു. ഉന്നതവിദ്യാഭ്യാസംപോലും തങ്ങളെ രക്ഷിക്കില്ലെന്ന തോന്നല്‍ അവരിൽ ഉണ്ടായിരിക്കുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയുടെ നടുവിലാണ് യുവജനങ്ങള്‍ ജീവിക്കുന്നത്.
പ്രതിപക്ഷനേതാക്കളെ ഇഡി കേസില്‍ കുരുക്കിയും പുതിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചും സ്ഥാനമാനങ്ങള്‍ നല്‍കിയും പ്രതിപക്ഷപാര്‍ടികളെ പിളര്‍ത്തിയും ഭരണം നിലനിര്‍ത്തുകയാണ് ബിജെപി. മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി സമ്പത്ത് കുന്നുകൂട്ടുന്ന നടപടിയും ഇവര്‍ സ്വീകരിക്കുകയാണെന്ന് അയോധ്യ ക്ഷേത്രക്കൊള്ള വ്യക്തമാക്കുന്നു.
ബിജെപിയുടെ ഇത്തരം നയങ്ങളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയനിലപാടുകള്‍ കോണ്‍ഗ്രസിനില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.9 ശതമാനം വോട്ടിന്റെ വ്യത്യാസമാണ് ഇന്ത്യാകൂട്ടായ്‌മയും ബിജെപി സഖ്യകക്ഷികളും തമ്മിൽ ഉണ്ടായിരുന്നത്. ഇന്ത്യാകൂട്ടായ്‌മയെ ശക്തിപ്പെടുത്തുന്നതിനുപകരം അതിലെ കക്ഷികളെത്തന്നെ തകര്‍ക്കുന്ന നയം കോണ്‍ഗ്രസ് സ്വീകരിക്കുകയാണ്. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് അജൻഡകളെ പ്രതിരോധിക്കാനോ വിശാലമായ മുന്നണി കെട്ടിപ്പടുക്കാനോ അവര്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. കേന്ദ്രനയങ്ങള്‍ക്ക് പ്രതിരോധമുയര്‍ത്താന്‍ തയ്യാറാകാത്ത കേരളം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ നടപടി അത് വ്യക്തമാക്കുന്നു.
ബഹുസ്വര സംസ്കാരത്തെ സംരക്ഷിക്കുന്നതിന് ഫെഡറലിസവും അധികാരവികേന്ദ്രീകരണവും അനിവാര്യമാണ്. എന്നാല്‍, എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയിലാണ് മെഡിക്കല്‍–എന്‍ട്രൻസ് ഉള്‍പ്പെടെ പരീക്ഷകളെല്ലാം കേന്ദ്ര ഏജന്‍സികളുടെ കീഴില്‍ കൊണ്ടുവന്നത്. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചത്. ഇതാണ് പരീക്ഷാ അട്ടിമറിക്ക് ഇടയാക്കിയ പ്രധാന കാരണം.
കേന്ദ്രം നടത്തുന്ന പരീക്ഷകളുടെ നടത്തിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ്. ഇവയിലാകട്ടെ ഒറ്റ സ്ഥിരം ജീവനക്കാരുമില്ല. കരാര്‍വഴി നിയമിച്ച 73 പേരും ഇവിടെയുണ്ട്. 10 വര്‍ഷത്തിനിടയില്‍ നൂറി-ലേറെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. പക്ഷേ, അന്വേഷണങ്ങളെല്ലാം പ്രഹസനങ്ങളായി. ഇപ്പോള്‍ അട്ടിമറിക്കപ്പെട്ട ആദ്യതവണത്തെ നീറ്റ് പരീക്ഷയേക്കാള്‍ 2,79,848 പേര്‍ കുറവാണ് പുനഃപരീക്ഷ എഴുതിയത്. ഇതിനുപുറമെ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന 22 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവങ്ങളായിരുന്നു.
ജീവിതത്തിന്റെ എല്ലാ തുറകളെയും കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന ഘട്ടത്തിലാണ് നീറ്റ് പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണമെന്ന പ്രഖ്യാപനവുമായി സിജെപി രംഗത്തുവന്നത്. സമരത്തിന് പ്രചാരണം വരാതിരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ്‌പോലും സര്‍ക്കാര്‍ നിഷേധിച്ചു. പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി ഉപരോധത്തെ അവര്‍ മറികടന്നു. പുതിയ തലമുറ രൂപപ്പെടുത്തിയ വാക്കുകളും ഭാഷകളും പ്രയോഗങ്ങളുമെല്ലാം സമരവേദിയില്‍ അവതരിപ്പിച്ചു. അതിലൂടെ മോദിയുടെ സ്തുതിപാഠകരായ കോര്‍പറേറ്റ് മാധ്യമങ്ങളെ വെല്ലുവിളിച്ചു. യുവജനങ്ങള്‍ പ്രതികരണശേഷി ഇല്ലാത്തവരാണെന്ന പ്രചാരണത്തെ മറികടക്കുന്നതായിരുന്നു ഈ അനുഭവങ്ങള്‍.
ശാസ്ത്രസാങ്കേതികലോകത്ത് പിറന്നുവീണ പുതിയ തലമുറ സൃഷ്ടിക്കുന്ന ഭാഷയെയും ചിന്തകളെയും മനസ്സിലാക്കി ഇടപെട്ടാല്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് ഈ പ്രക്ഷോഭം. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മാത്രമാണ് മാറ്റമുണ്ടാക്കാന്‍ പറ്റുകയെന്ന 1960കളിലെ മുദ്രാവാക്യങ്ങള്‍ക്കുപകരം എല്ലാ വിഭാഗങ്ങളുമായുള്ള ഐക്യം എന്ന കാഴ്ചപ്പാടിലേക്കും ഇവര്‍ വളര്‍ന്നു. അങ്ങനെ ബഹുജനപ്രക്ഷോഭത്തിന്റെ മാനങ്ങളിലേക്ക് അത് എത്തി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരായി ആദ്യഘട്ടത്തില്‍ത്തന്നെ ഇടതുപക്ഷ യുവജന–വിദ്യാര്‍ഥി സംഘടനകള്‍ പലതരം പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ടായിരുന്നു. അപ്പോഴാണ് സമാനമായ ആവശ്യമുയര്‍ത്തി കോക്രോച്ച് ജനതാ പാര്‍ടിയും രംഗത്തുവരുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ പൊരുതുമ്പോള്‍ സിജെപിയുടെ നേതാക്കള്‍ അംബേദ്കര്‍ മുന്നോട്ടുവച്ച സാമൂഹ്യനീതിയും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു.
നീറ്റ് പരീക്ഷ ഉള്‍പ്പെടെ അട്ടിമറിക്കപ്പെട്ട പ്രശ്നം ഏറ്റെടുത്ത് ഇടതുപക്ഷ സംഘടനകളും ഈ ഘട്ടത്തില്‍ സമരരംഗത്തുണ്ടായിരുന്നു. സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും മുദ്രാവാക്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഇവരുമായി ഐക്യപ്പെടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഈ ഐക്യം സമരമുഖം സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് കണ്ടതുമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ മുന്നണി കെട്ടിപ്പടുക്കണമെന്ന കാഴ്ചപ്പാടുള്ള സിപിഐ എമ്മിന് ഇതുമായി ഐക്യപ്പെടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാര്‍ടി ജനറല്‍ സെക്രട്ടറി എം എ ബേബിതന്നെ മുന്‍കൈയെടുത്ത് ഇത് നടപ്പാക്കി.
അടുത്തഘട്ടമെന്ന നിലയില്‍ പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് സമരരൂപം മാറി. ഇതിനെതിരായി നടന്ന ലാത്തിച്ചാര്‍ജില്‍ പൊലീസും ഗുണ്ടകളും അണിചേര്‍ന്നു. എല്ലാ മനുഷ്യാവകാശങ്ങളെയും കാറ്റില്‍പ്പറത്തിയുള്ള മര്‍ദനം അരങ്ങേറി. ഈ രാഷ്ട്രീയപ്രശ്നത്തെ ഇന്ത്യാകൂട്ടായ്‌മയില്‍ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. അതുവരെ ഈ പ്രക്ഷോഭങ്ങളെ ശ്രദ്ധിക്കാതിരുന്ന കോണ്‍ഗ്രസ് അവസാനനിമിഷമാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. അത് സിജെപി നേതാക്കള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇടതുപക്ഷ സംഘടനകള്‍ക്ക് അവർ പ്രത്യേകം നന്ദി പറഞ്ഞത്.
ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനകീയമുന്നേറ്റങ്ങള്‍ ലോകത്തെമ്പാടും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിലൂടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രക്ഷോഭങ്ങളില്‍ ബദല്‍ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച് ഇടപെടുകയെന്നത് പ്രധാനമാണെന്ന് ലോകത്തെമ്പാടും നടന്ന ഇത്തരം സമരങ്ങള്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
അറബ് വസന്തം എന്ന് വിശേഷിപ്പിക്കപ്പെട്ട ടുണീഷ്യയില്‍ ആരംഭിച്ച പ്രക്ഷോഭംപോലുള്ളവ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കുടുംബം പോറ്റാന്‍ പച്ചക്കറിക്കച്ചവടം നടത്തിയ ബുവാസിസിയെ പൊലീസ് മര്‍ദിക്കുകയും പിഴ ചുമത്തുകയും ചെയ്തു. അധികൃതരോട് പരാതി പറയാന്‍ ചെന്നപ്പോള്‍ അത് കേള്‍ക്കാന്‍പോലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം തീകൊളുത്തി. ദിവസങ്ങള്‍ക്കുശേഷം മരിച്ചു. ഈ സംഭവം തൊഴിലില്ലാത്ത അവസ്ഥയോട് ഭരണകൂടം നടത്തിയ പ്രതികരണമെന്ന നിലയില്‍ ജനങ്ങള്‍ ഏറ്റെടുത്തു. ടുണീഷ്യയിലെ ദുസ്സഹമായ ജനതയുടെ ജീവിതമായിരുന്നു ഇതിന്റെ അടിസ്ഥാനം. പിന്നീട് ആ പ്രക്ഷോഭം ഈജിപ്തിലേക്കും ലിബിയയിലേക്കുമെല്ലാം വളര്‍ന്നു. ടുണീഷ്യയിലും ഈജിപ്തിലും ഭരണമാറ്റത്തിലേക്ക് നയിച്ചെങ്കിലും പിന്നീട് വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കിടയാക്കി. ബംഗ്ലാദേശിലും സമാന അനുഭവമുണ്ടായി. അമേരിക്കയില്‍ ‘ഒരു ശതമാനത്തിനെതിരെ 99 ശതമാനം’ എന്ന മുദ്രാവാക്യവുമായി ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും തുടങ്ങി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കയില്‍ ഭരണമാറ്റംപോലും ഉണ്ടാക്കിയില്ല.
ഇക്കാര്യത്തിലെ ശ്രീലങ്കന്‍ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ശ്രീലങ്കയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണനയങ്ങള്‍ ജനജീവിതത്തെ തകര്‍ത്തു. ജനങ്ങള്‍ കലാപരംഗത്തിറങ്ങി. ഈ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ശ്രീലങ്കയിലെ ഇടതുപക്ഷപ്രസ്ഥാനം സജീവമായി രംഗത്തുവന്നു. ശരിയായ ബദലുകള്‍ മുന്നോട്ടുവച്ച് പ്രവര്‍ത്തിച്ചു. അവര്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടവും അവ പരിഹരിക്കുന്നതിനുള്ള ബദല്‍നയങ്ങളുമാണ് വര്‍ഗീയതയ്ക്കും വംശീയതയ്ക്കുമെതിരായുള്ള പോരാട്ടത്തില്‍ പ്രധാനമെന്ന് ഈ അനുഭവങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലും ആഗോളവല്‍ക്കരണനയം നടപ്പാക്കുകയും അവയ്ക്കെതിരായുള്ള പ്രക്ഷോഭങ്ങളെ വര്‍ഗീയ ഫാസിസ്റ്റ് അജൻഡകളിലൂടെ പ്രതിരോധിക്കാനും ശ്രമിച്ച സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയപ്രതിരോധമായിരുന്നു ജന്തര്‍ മന്തറില്‍ അരങ്ങേറിയത്.
ഈ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും കൂട്ടുകെട്ടും ആര്‍എസ്എസിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ജനകീയമുന്നേറ്റവും വ്യക്തമായ ബദല്‍ കാഴ്ചപ്പാടോടെയുള്ള ഇടപെടലുകളും ഭരണകൂടം ഭയപ്പെടുന്നു. അതിനാലാണ് ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയും സഹായിച്ചവരെയുമെല്ലാം ഹിറ്റ്‌ലിസ്റ്റില്‍പ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെ കശാപ്പ് ചെയ്യാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുകയെന്നതും വര്‍ത്തമാനകാലത്ത് ഏറ്റവും പ്രധാനമാണ്.














