പ്രതീക്ഷയേകുന്ന യുവത


വി ബി പരമേശ്വരൻ
Published on Jul 28, 2026, 12:00 AM | 3 min read
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടി (സിജെപി)യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചരിത്രസംഭവമാണ്. 1973–74ൽ ഗുജറാത്തിലെ നവനിർമാൺ പ്രസ്ഥാനത്തെയും ബിഹാറിലെ സമ്പൂർണ വിപ്ലവത്തിന്റെ മുന്നോടിയായി നടന്ന വിദ്യാർഥിപ്രസ്ഥാനത്തെയുമാണ് ഇതുമായി താരതമ്യം ചെയ്യാവുന്നത്. നവനിർമാൺ പ്രസ്ഥാനത്തിന്റെ ഫലമായി ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിനും ബിഹാർ വിദ്യാർഥിപ്രക്ഷോഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അബ്ദുൾ ഗഫൂറിനും രാജിവയ്‌ക്കേണ്ടിവന്നു. ഈ പ്രക്ഷോഭങ്ങൾ പിന്നീട് ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭമായി വികസിച്ചു.
അടിയന്തരാവസ്ഥയ്‌ക്കു സമാനമായി രാജ്യം ഭരിക്കുന്ന മോദിസർക്കാരിനെതിരെയാണ് വിദ്യാർഥിപ്രക്ഷോഭം വിജയിച്ചത്. എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച്, ആരുമായും ചർച്ചയ്‌ക്കുപോലും തയ്യാറാകാതെ, യുഎപിഎ, എൻഎസ്എ പോലുള്ള നിയമങ്ങൾ കാട്ടി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ സർക്കാരാണ് മോദിയുടേത്. സമരമെന്നാൽ ഭീകരവാദവും ദേശവിരുദ്ധമായ പ്രവൃത്തിയുമാണെന്നാണ് ആരോപണം. സമരം നടത്തിയ കർഷകരെ ഖലിസ്ഥാനികളെന്നും ജെഎൻയു വിദ്യാർഥികളെ അർബൻ നക്‌സലുകളെന്നും സിഎഎ വിരുദ്ധ പ്രക്ഷോഭകരെ ദേശവിരുദ്ധരെന്നും മുദ്രകുത്തി വേട്ടയാടി. വിദ്യാർഥിസമരത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷൻ അടച്ചും പെല്ലറ്റ് ഗണ്ണും ആണിതറച്ച ലാത്തിയും ഉപയോഗിച്ചാണ് നേരിട്ടത്. എന്നാൽ, സമൂഹമാധ്യമ കാലത്തെ തലമുറ എല്ലാ നിയന്ത്രണങ്ങളെയും അതിസമർഥമായി അതിജീവിച്ചു. ഗാന്ധിജിയും ഹന്ന ആരെൻഡും അഭിപ്രായപ്പെട്ടതുപോലെ, അമിതാധികാരപ്രയോഗം ശക്തിയുടേതല്ല ദുർബലതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ലക്ഷണമാണെന്ന പാഠം വിദ്യാർഥികൾ മോദിയെ പഠിപ്പിച്ചു.
മോദിസർക്കാരിനെ യോജിച്ച് എതിർത്താൽ തോൽപ്പിക്കാമെന്ന സന്ദേശമാണ് ഇൗ സമരം നൽകിയത്. നീതിപൂർവകമല്ലാതെ നടപ്പാക്കാൻ ലക്ഷ്യമിട്ട മണ്ഡല പുനർനിർണയത്തെയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ അജൻഡകളെയും ഭരണഘടനാസ്ഥാപനങ്ങളുടെ കാവിവൽക്കരണത്തെയും ജനങ്ങളെ അണിനിരത്തി എതിർത്താൽ പരാജയപ്പെടുത്താനാകും. പരീക്ഷകളുടെ കേന്ദ്രീകരണത്തെയാണ് വിദ്യാർഥികൾ വെല്ലുവിളിച്ചത്. എന്നാൽ, നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല കർമസമിതി രൂപീകരിച്ചത് വിദ്യാർഥികളുമായോ പ്രതിപക്ഷവുമായോ ചർച്ച നടത്താതെ ഏകപക്ഷീയമായാണ്. മാത്രമല്ല, അതിലെ അംഗങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് സംസാരിച്ച വി കാമകോടി, ആൾജിബ്രയും ആധുനിക ശാസ്‌ത്രസങ്കൽപ്പങ്ങളും വേദങ്ങളിലുണ്ടെന്നു പറഞ്ഞ എസ് സോമനാഥ്, സിബിഎസ്ഇയുടെ മേധാവിയായിരിക്കെ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽപ്പെട്ട അനിത കർവാൾ തുടങ്ങിയവരും സമിതി അംഗങ്ങളാണ്. ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മുൻ കർമസമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാത്ത മോദിസർക്കാരാണ് പുതിയ കർമസമിതിയുമായി രംഗത്തുവന്നത്. സമരത്തിന് തുടർച്ച നൽകാനുള്ള എല്ലാ വിഭവങ്ങളും മോദിസർക്കാർതന്നെ നൽകുകയാണ്.
വിദ്യാർഥികളുടെ പ്രക്ഷോഭം നീറ്റ് പരീക്ഷാചോർച്ചയ്‌ക്കെതിരെ മാത്രമായിരുന്നില്ല. അത് വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനെതിരായ രോഷപ്രകടനംകൂടിയാണ്. നീറ്റ് പോലുള്ള മത്സരപരീക്ഷകൾ കോടികളുടെ കോർപറേറ്റ് ബിസിനസായി മാറി. ചോദ്യപേപ്പർ ചോർത്തൽ മോദിഭരണകാലത്ത് "വൻ വ്യവസായ’മായി മാറി. സാധാരണ വിദ്യാർഥിക്ക് എത്രപഠിച്ചാലും പരീക്ഷ ജയിക്കാൻ കഴിയാത്ത സ്ഥിതി. സ്വാഭാവികമായും ഈ കമ്പോളമത്സരത്തിന്റെ ഇരയായി ഇടത്തരം- പിന്നാക്കവിഭാഗ വിദ്യാർഥികൾ മാറുന്നു. ജന്തർ മന്തർ പ്രക്ഷോഭത്തിൽ ഈ വിഭാഗം കുട്ടികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ ഇല്ലാതാക്കുന്നു. വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം കുറയുന്നു.
മറ്റൊന്ന് വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ തകർച്ചയാണ്. വാജ്പേയി സർക്കാരിൽ മുരളിമനോഹർ ജോഷിയും രണ്ടാം മോദിസർക്കാർമുതൽ ധർമേന്ദ്ര പ്രധാനും ഇൗ ഗുണനിലവാരത്തകർച്ചയ്‌ക്ക് മുൻകൈയെടുത്തവരാണ്. 2020ലെ ദേശീയ വിദ്യാഭ്യാസനയം കാവിവൽക്കരണത്തിന്റെ രൂപരേഖയാണ്. കേന്ദ്ര സഹായംപോലും ഈ നയം നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റുന്നതാണ് പിഎം ശ്രീ വിഷയത്തിൽ കണ്ടത്. ചാണകവും ഗോമൂത്രവും മനുസ്മൃതിയും ഒക്കെയായി ഗവേഷണത്തിനുള്ള പ്രധാന വിഷയങ്ങൾ. മറ്റു രാജ്യങ്ങൾ നിർമിത ബുദ്ധിയിലും ക്വാണ്ടം മെക്കാനിക്‌സിലും സിന്തറ്റിക് ബയോളജിയിലും ഊന്നുമ്പോഴാണ് ഇന്ത്യയുടെ ഈ പടിയിറക്കം. ശാസ്ത്രവിദ്യാഭ്യാസം പൂർണമായും അവഗണിക്കപ്പെട്ടു. ആർഎസ്എസുകാരെ വൈസ് ചാൻസലർമാരാക്കുന്നു. അതായത് കാവിവൽക്കരണം ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണം ഇടിച്ചു. ഈ സിലബസിൽ പഠിച്ചാൽ ഭാവി അവതാളത്തിലാകുമെന്ന ആശങ്ക കുട്ടികളെ വേട്ടയാടാൻ തുടങ്ങി. ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യുക്കേഷൻ റിപ്പോർട്ടനുസരിച്ച് അണ്ടർ ഗ്രാജ്വേറ്റ് കോഴ്സിന് കുട്ടികൾ പ്രവേശനം നേടുന്നതുപോലും കുത്തനെ കുറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതുമാത്രമല്ല, വർധിച്ച തൊഴിലില്ലായ്‌മയും യുവജനങ്ങളെ പ്രതീക്ഷാരഹിത വിഭാഗമാക്കി. യുവജനങ്ങളിലെ തൊഴിലില്ലായ്‌മ 11.2 ശതമാനമാണ്. ഐടി മേഖലയായിരുന്നു അൽപ്പമെങ്കിലും തൊഴിൽ നൽകിയത്. നിർമിത ബുദ്ധിയുടെ രംഗപ്രവേശത്തോടെ അവിടെയും തൊഴിലവസരങ്ങൾ കുറഞ്ഞു. പിരിച്ചുവിടൽ വ്യാപകമായി. നാലുവർഷംമാത്രം ജോലി ഉറപ്പാക്കുന്ന അഗ്നിപഥ് വന്നതോടെ പട്ടാളത്തിലെ ജോലിയും അസ്തമിച്ചു. നവ ഉദാര നയത്തിന്റെ ഭാഗമായി സർക്കാർജോലി ഇല്ലാതാകുന്നു. 15 ലക്ഷം ഒഴിവുകളാണ് കേന്ദ്ര സർവീസിൽ നികത്താതെ കിടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അദാനിക്കും അംബാനിക്കും കൈമാറുന്നതോടെ ലക്ഷക്കണക്കിന് സ്ഥിരം തൊഴിലവസരങ്ങളും ഇല്ലാതാകുന്നു. സ്വകാര്യ മേഖലയിലാകട്ടെ, ജോലിസമയം കൂടുതലും ശമ്പളം കുറവുമാണ്. 12000-–15000 രൂപയാണ് മാസവേതനം. വർഷങ്ങളായി ഇത് വർധിക്കുന്നില്ല. ഇതിനെതിരെയാണ് നോയ്‌ഡയിലും പാനിപ്പത്തിലും ഉത്തരേന്ത്യയിലെ മുന്നൂറോളം ഫാക്ടറികളിലും സമരം പൊട്ടിപ്പുറപ്പെട്ടത്. നാലുവർഷംമുമ്പ് 54 ആഴ്ച തുടർച്ചയായി നടത്തിയ സമരത്തിലൂടെ മോദിയെ മുട്ടുകുത്തിച്ച കർഷകരും സ്വതന്ത്രവ്യാപാര കരാർ കാർഷികമേഖലയ്‌ക്കുണ്ടാക്കുന്ന വലിയ ആഘാതം ചൂണ്ടിക്കാട്ടി സമരരംഗത്തേക്ക് വരികയാണ്. 12 വർഷത്തെ മോദിഭരണം മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ ഭാഷയിൽ "ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു’. എന്നാൽ, യഥാർഥ വസ്തുതകൾ ഈ സർക്കാർ ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കുന്നു. പ്രവർത്തനമികവിലല്ല, മറിച്ച് പ്രചാരണത്തിലാണ് സർക്കാരിന്റെ ശ്രദ്ധ മുഴുവൻ. ഊതിവീർപ്പിച്ച മുന്നേറ്റത്തിന്റെ ബലൂണാണ് വിദ്യാർഥികൾ സമരത്തിലൂടെ കുത്തിപ്പൊട്ടിച്ചത്. "രാജാവ് നഗ്നനാണ്’ എന്ന് ഈ സമരം ഉദ്ഘോഷിച്ചു.
ഇതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ കാലത്തിന് അനുസൃതമായ രാഷ്ട്രീയവഴികൾ കണ്ടെത്താൻ പ്രതിപക്ഷത്തിന് കഴിയണം. ഹരിയാനമുതൽ പശ്ചിമ ബംഗാൾവരെ തുടർച്ചയായ തെരഞ്ഞെടുപ്പുപരാജയങ്ങൾക്കുശേഷം പ്രതിപക്ഷത്തിന് ഊർജം ലഭിച്ചത് ഈ സമരത്തിലൂടെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ മഹാരാഷ്ട്രയിലും ബിഹാറിലും പശ്ചിമ ബംഗാളിലും ഉണ്ടായ വിദ്യാർഥിറാലികൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത ഇടതുപക്ഷത്തിനും സമരം വലിയ ഉത്തേജനമാണ് നൽകിയിട്ടുള്ളത്. തുടക്കംമുതൽ വിദ്യാർഥിപ്രക്ഷോഭത്തിനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിനും എസ്എഫ്ഐ പോലുള്ള വിദ്യാർഥിസംഘടനകൾക്കും കഴിഞ്ഞു. സമരത്തെ ഇകഴ്ത്തിക്കാണിച്ച "ടൈംസ് ഓഫ് ഇന്ത്യ’പോലും സമരത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം എടുത്തുപറയാൻ നിർബന്ധിതമായി. പാർലമെന്റിലെ പ്രാതിനിധ്യത്തിന്റെയോ വോട്ടിന്റെയോ അടിസ്ഥാനത്തിൽമാത്രം ഇടതുപക്ഷത്തെ അളക്കുന്നത് ചരിത്രവിരുദ്ധമായിരിക്കുമെന്ന വസ്തുതയ്‌ക്കാണ് ഇത് അടിവരയിടുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി തെരുവുകളിലാണ് രൂപംകൊള്ളുകയെന്ന വലിയ പാഠമാണ് ഈ സമരം പഠിപ്പിക്കുന്നത്.















