ad
Deshabhimani

Articles

അടിയന്തരാവസ്ഥ

കരിനിഴൽക്കാലം

state of emergency india
എം പ്രശാന്ത്‌

Published on Jun 24, 2025, 10:54 PM | 3 min read


1975 ജൂൺ 25. രാത്രി എട്ടോടെ സഫ്‌ദർജങ്‌ റോഡിലെ ഒന്നാം നമ്പർ വസതിയിൽനിന്ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രപതിഭവനിലേക്ക്‌ പുറപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ്‌ ശങ്കർ റേ ഒപ്പമുണ്ട്‌. രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റ്‌ നീണ്ടു. രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ്‌ ഇന്ദിരയും ശങ്കർ റേയും എത്തിയത്‌. രാഷ്ട്രപതിയാക്കിയതിൽ ഇന്ദിരയോട്‌ കടപ്പാടുള്ള ഫക്രുദീന് അലി അഹമ്മദിന്‌ ജനാധിപത്യധ്വംസനത്തിനു കൂട്ടുനിൽക്കാൻ മടിയുണ്ടായില്ല. ഇന്ദിരയും ശങ്കർ റേയും മടങ്ങിയശേഷം പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ആർ കെ ധവാൻ അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന്റെ കരടുമായി രാഷ്ട്രപതിഭവനിലെത്തി. അർധരാത്രിയാകാൻ അഞ്ചുമിനിറ്റ്‌ ശേഷിക്കെ ഫക്രുദീൻ അലി അഹമ്മദ്‌ അതിൽ ഒപ്പുവച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക്‌ ആഭ്യന്തരപ്രശ്നങ്ങൾ വെല്ലുവിളി ഉയർത്തുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നതായി രാഷ്ട്രപതി പ്രഖ്യാപിച്ചു.


ചുവടുതെറ്റിയ ഇന്ദിര

1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽരണ്ട്‌ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നെങ്കിലും തുടർന്നങ്ങോട്ട്‌ ഇന്ദിരക്ക്‌ ചുവടുതെറ്റി. വരൾച്ചയും ഇന്ധന വിലവർധനയും കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ രാജ്യത്തെ തള്ളിവിട്ടു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോൺഗ്രസ്‌ സർക്കാരുകളുടെ അഴിമതിയ്ക്കെതിരെ ജയ്‌പ്രകാശ്‌ നാരായൺ ഉയർത്തിയ സമ്പൂർണ വിപ്ലവാഹ്വാനം വടക്കൻ സംസ്ഥാനങ്ങളിൽ വേഗത്തിൽ പടർന്നു. 1974ൽ റെയിൽവെ തൊഴിലാളികളുടെ പണിമുടക്കും സർക്കാരിനെ ഞെട്ടിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിൽ സഞ്ജയ്‌ ഗാന്ധി സമാന്തര അധികാരകേന്ദ്രമായി ഉയർന്നുവന്നത്‌ കോൺഗ്രസിനുള്ളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചന്ദ്രശേഖർ, മോഹൻ ദാരിയ തുടങ്ങിയ ‘യുവതുർക്കി’കൾ വിമതശബ്ദമുയർത്തി. ജഗ്‌ജീവൻ റാമിനെ പോലുള്ള മുതിർന്ന നേതാക്കളും അസ്വസ്ഥരായിരുന്നു.


നിർണായകം അലഹബാദ്‌ ഹൈക്കോടതിവിധി

റായ്‌ബറേലിയിൽനിന്നുള്ള ഇന്ദിരാഗാന്ധിയുടെ വിജയം അലഹബാദ്‌ ഹൈക്കോടതി അസാധുവാക്കിയത്‌ 1975 ജൂൺ 12നാണ്‌. ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ വിലക്കുകയുംചെയ്‌തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന്‌ തെളിഞ്ഞതോടെയാണ്‌ എതിർസ്ഥാനാർത്ഥി രാജ്‌ നരെയ്‌ൻ സമർപ്പിച്ച ഹർജിയിൽ ഇന്ദിരയ്ക്കെതിരായി ജസ്റ്റിസ്‌ ജഗ്‌മോഹൻ ലാൽ സിൻഹ വിധിച്ചത്‌. സ്വാധീനിക്കാൻ പല മാർഗങ്ങളും ഇന്ദിര പയറ്റിയിട്ടും വഴങ്ങാൻ ജസ്റ്റിസ്‌ സിൻഹ കൂട്ടാക്കിയില്ല. ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക്‌ പിന്നാലെ തെരഞ്ഞെടുപ്പുകേസിലെ തോൽവി കൂടിയായതോടെ ഇന്ദിര കടുത്ത പ്രതിസന്ധിയിലായി.


state of emergency india



ബംഗാൾമാതൃകയുമായി 
സിദ്ധാർഥ ശങ്കർ റേ

തെരഞ്ഞെടുപ്പു കേസിൽ വിധിവന്നതിനു പിന്നാലെ ബംഗാളിൽ മൂന്നര വർഷമായി അർധഫാസിസ്റ്റ്‌ ഭീകരവാഴ്‌ച നടത്തുന്നതിന്റെ പരിചയസമ്പത്തുമായി സിദ്ധാർഥ ശങ്കർ റേ ഡൽഹിയിൽ പറന്നിറങ്ങി. ബംഗാൾ മാതൃക രാജ്യവ്യാപകമാക്കാൻ റേ നിർദേശിച്ചു. സഞ്ജയ്‌ ഗാന്ധിയും വിശ്വസ്തരായ ഹരിയാന മുഖ്യമന്ത്രി ബൻസി ലാൽ, ആർ കെ ധവാൻ തുടങ്ങിയവരും യോജിച്ചു. സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഇടക്കാല തീരുമാനം വരുന്നതുവരെ രാജി വയ്ക്കേണ്ടതില്ലെന്ന്‌ ഇന്ദിരയും തീരുമാനിച്ചു.


പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെ ബദൽനീക്കങ്ങൾ ഇന്ദിരയും നടത്തി. ട്രക്കുകളിലും ബസുകളിലും അയൽസംസ്ഥാനങ്ങളിൽനിന്ന്‌ ആളുകളെ എത്തിച്ച്‌ ഡൽഹിയിൽ റാലികൾ സംഘടിപ്പിച്ചു. സംസ്ഥാനങ്ങളിലും റാലികൾക്ക്‌ നിർദേശം നൽകി. ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന മുദ്രാവാക്യം മുഴങ്ങി. പ്രധാനമന്ത്രിയുടെ വസതിയിൽ പൊലീസ്‌ ബാരിക്കേഡ്‌ ഭേദിച്ച പ്രതിപക്ഷപ്രവർത്തകന്റെ മുഖത്തടിച്ചാണ്‌ സഞ്ജയ്‌ ഗാന്ധിയുടെ വിശ്വസ്തയായ യുവനേതാവ്‌ അംബികാസോണി അരിശംതീർത്തത്‌.


കൃഷ്‌ണയ്യരുടെ ഉത്തരവ്‌

ഇന്ദിരയുടെ അപ്പീലിൽ 1974 ജൂൺ 24ന്‌ ജസ്റ്റിസ്‌ കൃഷ്‌ണയ്യരാണ്‌ ഇടക്കാല ഉത്തരവ്‌ വിധിച്ചത്‌. അയോഗ്യത തുടരും. എംപിയെന്ന നിലയിൽ ആനുകൂല്യങ്ങൾ പറ്റരുത്‌. പാർലമെന്റിൽ വോട്ടിങിൽ പങ്കെടുക്കരുത്‌. എന്നാൽ അന്തിമവിധി വരുംവരെ പ്രധാനമന്ത്രിയായി തുടരാം– ഇതായിരുന്നു കൃഷ്‌ണയ്യരുടെ വിധി. പ്രതിപക്ഷ പ്രക്ഷോഭം കരുത്താർജിച്ച പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥയെന്ന തീരുമാനത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങി. ജൂൺ 25ന്‌ ഡൽഹിയിലെ മഹാറാലിയിൽ ജയ്‌പ്രകാശ്‌ നാരായൺ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ജൂൺ 29ന്‌ തുടങ്ങുന്ന പ്രക്ഷോഭത്തിനായി മൊറാർജി ദേശായി ചെയർമാനായി ലോക്‌സംഘർഷ്‌ സമിതിക്കും രൂപം നൽകി. സർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പാലിക്കരുതെന്ന്‌ പൊലീസിനോടും സൈന്യത്തോടും ജെപി ആഹ്വാനംചെയ്തു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‌ സർക്കാർ ഇത്‌ കാരണമാക്കി.


സഞ്ജയ്‌ ഗാന്ധിയുടെ 
ക്രൂരവിനോദങ്ങൾ

അടിയന്തരാവസ്ഥാപ്രഖ്യാപനത്തിൽ രാഷ്ട്രപതി ഒപ്പുവച്ചതിനു പിന്നാലെ ആഭ്യന്തരസുരക്ഷ നിലനിർത്തൽ നിയമം (മിസ), പ്രതിരോധ–-ആഭ്യന്തര സുരക്ഷാചട്ടങ്ങൾ (ഡിഐഎസ്‌ഐആർ), കള്ളക്കടത്ത്‌ തടയൽ നിയമം (കൊഫെപൊസ) തുടങ്ങിയ കിരാതനിയമങ്ങൾ പ്രകാരം പ്രതിപക്ഷനേതാക്കളെയും പ്രവർത്തകരെയും കൂട്ടമായി ജയിലിലടച്ചു. ഒരു ലക്ഷത്തിലേറെ നേതാക്കളും പ്രവർത്തകരും തടവറയിലായി. സംഘപരിവാർ പ്രവർത്തകർ തുടക്കത്തിൽ ജയിലിലായെങ്കിലും ആർഎസ്‌എസ്‌ തലവൻ ദേവ്‌റസ്‌ ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കും പിന്തുണ പ്രഖ്യാപിച്ച്‌ കത്തയച്ചതോടെ ഇവരെ വിട്ടയച്ചു. ദേവ്‌റസിന്‌ പുറമെ മറ്റ്‌ നിരവധി സംഘനേതാക്കളും അടിയന്തരാവസ്ഥയെ പിന്തുണച്ചു.


state of emergency india


ഭരണത്തിന്റെ നിയന്ത്രണം പൂർണമായും സഞ്ജയ്‌ ഗാന്ധി ഏറ്റെടുത്തു. ഇന്ദിര പ്രഖ്യാപിച്ച ഇരുപതിന പരിപാടിക്ക്‌ പുറമെ കുടുംബാസൂത്രണം അടക്കം സഞ്ജയ്‌ ഗാന്ധിയുടെ അഞ്ചിന പരിപാടികൾ കൂട്ടിചേർത്തു. നിർബന്ധിത വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണത്തിനാണ്‌ സഞ്ജയ്‌ ഗാന്ധി പ്രാമുഖ്യം നൽകിയത്‌. ഡൽഹിയിലെയും മറ്റും ന്യൂനപക്ഷ മേഖലകളിൽ പൊലീസും ഉദ്യോഗസ്ഥരും ആയിരക്കണക്കിനാളുകളെ വന്ധ്യംകരണത്തിന്‌ വിധേയരാക്കി. വന്ധ്യംകരണത്തിനായി ഓരോ വകുപ്പുകൾക്കും ക്വാട്ട നിശ്ചയിച്ചു. യുപിയിലെ മുസഫർനഗറിൽ വന്ധ്യംകരണത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവയ്‌പിൽ 30 പേർ കൊല്ലപ്പെട്ടു. പലയിടത്തും പൊലീസ്‌ കൊള്ളയും കൊള്ളിവയ്‌പും നടത്തി. 1976–-77 കാലയളവിൽ 83 ലക്ഷം പേരെയാണ്‌ നിർബന്ധിത വന്ധ്യംകരണത്തിന്‌ വിധേയരാക്കിയത്‌. ഡൽഹി മോടിപിടിപ്പിക്കലായിരുന്നു സഞ്ജയ്‌ ഗാന്ധിയുടെ മറ്റൊരു വിനോദം. ചേരികൾ കൂട്ടമായി ഇടിച്ചുനിരത്തി. ഒന്നര ലക്ഷം കെട്ടിടങ്ങൾ ഡൽഹിയിൽ മാത്രം തകർത്തു. ഏഴുലക്ഷം പേർ ഭവനരഹിതരായി.


ചോദ്യോത്തരമില്ലാത്ത 
പാർലമെന്റ്‌

അടിയന്തരാവസ്ഥക്കാലത്ത്‌ പാർലമെന്റ്‌ അഞ്ചുവട്ടം മാത്രമാണ്‌ ചേർന്നത്. ചോദ്യോത്തരമുണ്ടായില്ല. ജുഡീഷ്യറിയുടെയും സംസ്ഥാനങ്ങളുടെയുമെല്ലാം അധികാരങ്ങൾ വെട്ടികുറച്ചുള്ള 42–-ാം ഭരണഘടനാ ഭേദഗതിയടക്കം ഏകപക്ഷീയമായി പാസാക്കി. ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ എകെജിയെ പോലുള്ള നേതാക്കൾ സഭയിൽ അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചു. 1975 ജൂലൈ 21ന്‌ അടിയന്തരാവസ്ഥയെ എതിർത്ത്‌ എകെജി നടത്തിയ പ്രസംഗം പാർലമെന്റിലെ ചരിത്രമുഹൂർത്തങ്ങളുടെ പട്ടികയിലുണ്ട്‌.


നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള നടപടികൾ ഇന്ദിരയ്ക്കും ഒരുഘട്ടം കഴിഞ്ഞപ്പോൾ പ്രയാസം സൃഷ്ടിച്ചുതുടങ്ങി. പല സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ സർക്കാരുകൾ നടത്തുന്ന കിരാതവാഴ്ചയുടെ വിവരങ്ങളും ലഭിച്ചിരുന്നു. 1977 ജനുവരി ഒന്നിന്‌ പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ പി എൻ ധർ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെ വിളിച്ചുവരുത്തി. ജനുവരി 18ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ 21 മാസത്തെ അർധഫാസിസ്റ്റ്‌ വാഴ്ചയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ 1977 മാർച്ച്‌ 21ന്‌ അടിയന്തരാവസ്ഥ പിൻവലിച്ചു.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home