ad
Deshabhimani

Articles

അടിയന്തരാവസ്ഥ

തീപിടിച്ച കാലത്തിന്റെ നോട്ടുപുസ്‌തകം

state of emergency india

സി ശ്രീനിവാസൻ

avatar
വിനോദ്‌ പായം

Published on Jun 24, 2025, 10:57 PM | 2 min read


കണ്ണൂർ

അടിയന്തരാവസ്ഥയുടെ കൊടുംപീഡനകാലത്ത്‌ നേതാക്കളുടെ സന്ദേശവാഹകനായി അണിയറയിൽ പ്രവർത്തിച്ച ഒരാളുണ്ട്‌ സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽ. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കണിശതോടെ ജോലി നിർവഹിച്ച ഓഫീസ്‌ സെക്രട്ടറി സി ശ്രീനിവാസൻ. പറശ്ശിനിക്കടവ്‌ സ്വദേശിയായ ശ്രീനിയേട്ടന്‌ ഇപ്പോൾ പ്രായം 81. അക്കാലത്ത്‌ പാർടിയുടെ അണ്ടർഗ്രൗണ്ട്‌ പ്രവർത്തനങ്ങളുടെ കുറിപ്പുകൾ ഇപ്പോഴും കൈയിലുണ്ട്‌.


1976 ഫെബ്രുവരി ഏഴു മുതൽ 1977 ഫെബ്രുവരി രണ്ടുവരെയുള്ള കുറിപ്പുകൾ പ്രത്യേകം കുത്തിക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്‌. നേതാക്കൾക്ക്‌ നൽകാനുള്ള സുപ്രധാന വിവരം, എകെജി അടക്കമുള്ളവരുടെ പ്രോഗ്രാം ചാർട്ട്‌, കമ്മിറ്റികളുടെ വിവരം നൽകേണ്ടതിന്റെ കുറിപ്പ്‌, പൊലീസിന്റെ നോട്ടപ്പുള്ളികളായ നേതാക്കൾക്ക്‌ നൽകേണ്ട സന്ദേശം, പൊലീസും കോൺഗ്രസുകാരും ആക്രമിച്ചതിന്റെ വിവരം തുടങ്ങി അക്കാലത്തെ പാർടിചരിത്രം നരച്ച കടലാസിൽ മിഴിവാർന്ന അക്ഷരങ്ങളിൽ ശ്രീനിയേട്ടൻ കുറിച്ചുവച്ചിരിക്കുകയാണ്‌.


state of emergency india



‘സ. അച്ചൂട്ടിയെ അന്വേഷിച്ച്‌ പിണറായി പാർടി ഓഫീസിൽ പൊലീസ്‌ വന്നു. പിന്നീട്‌ ഹൈസ്‌കൂൾ കമ്മിറ്റിയിൽ പങ്കെടുക്കുകയായിരുന്ന അച്ചൂട്ടിയെ പിടിക്കാൻ ശ്രമിച്ചു. അച്ചൂട്ടി ഇറങ്ങിയോടി. എസ്‌ഐ പിറകെ ഓടി. ഓടരുത്‌, വെടിവച്ചിടുമെന്ന്‌ പറഞ്ഞു. പിന്നെ വെടിവച്ചു. പക്ഷെ, അച്ചൂട്ടിക്ക്‌ ഒന്നും പറ്റിയില്ല; ഓടി രക്ഷപ്പെട്ടു. 23ന്‌ പൊലീസുകാർ ഒരുവാനിൽ നിറയെ എംഎസ്‌പിക്കാരുമായി ചേരിക്കലിൽ വന്നു. അന്വേഷണം നടത്തി തിരിച്ചുപോയി’–- ഡയറിയുടെ മൂന്നാംതാളിലെ വിവരണമിങ്ങനെ.


റെയിൽവേ സ്റ്റേഷനടുത്ത്‌ സ്വദേശി ബിൽഡിങിലാണ്‌ അക്കാലത്ത്‌ അവിഭക്ത കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസ്‌. മഞ്ചേശ്വരം മുതൽ മാഹി വരെ നീളുന്ന ജില്ലയിൽ നേതാക്കളുടെ സഞ്ചാരങ്ങൾ, യോഗങ്ങൾ എന്നിവയെല്ലാം ശ്രീനിയേട്ടന്റെ പേനത്തുമ്പിലാണ്‌ ആദ്യം തയ്യാറാകുന്നത്‌. എ വി കുഞ്ഞമ്പു ജില്ലാ സെക്രട്ടറിയായ കാലത്താണ്‌ ഓഫീസ്‌ സെക്രട്ടറിയാകുന്നത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ എം വി രാഘവനാണ്‌ ജില്ലാ സെക്രട്ടറി. പൊലീസ്‌ നോട്ടമിട്ടതിനാൽ, അടിയന്തര ചിറ്റുകളും മറ്റും അതീവ രഹസ്യമായി കൈമാറേണ്ട ചുമതല ശ്രീനിയേട്ടനാണ്‌. ചില ദിവസം പൊലീസിൽനിന്ന്‌ വിളിവരും. സ്റ്റേഷനിൽ എത്താൻ നിർബന്ധിക്കും. പൂട്ടാനാണ്‌ അതെന്നറിയുന്നതിനാൽ, അന്ന്‌ ഓഫീസ്‌ വിട്ടിറങ്ങുകകേയില്ല.


ചില നേതാക്കളൈ പൊലീസ നോട്ടമിട്ടതായി പാർടിക്ക്‌ വിവരം കിട്ടും. അക്കാര്യം നേതാക്കളെ അറിയിക്കാനുള്ള ചുമതലയും ശ്രീനിയേട്ടനാണ്‌. എ കെ ജി അടക്കമുള്ള നേതാക്കളുടെ പ്രോഗ്രാം തയ്യാറാകുന്നതും ശ്രീനിയേട്ടന്റെ പേനത്തുമ്പിലാണ്‌: ‘22ന്‌ മെയിലിന്‌ കോഴിക്കോട്ട്‌ പോകണം. അവിടെനിന്ന്‌ മാനന്തവാടി. മാനന്തവാടി ബുക്ക്‌ചെയ്ത്‌ പറയണം. 24ന്‌ ഉച്ചക്ക്‌ രണ്ടിന്‌ മാനന്തവാടി ഒരു പരിപടി വയ്ക്കാം. അതിനുമുമ്പ്‌ എ കെ ജി മാനന്തവാടി എത്തും. 26ന്‌ കണ്ണൂരിൽ’.


രഹസ്യസന്ദേശങ്ങളടക്കം പലതരം കുറിപ്പുകളാണ്‌ ഒരുദിവസം ഓഫീസിൽ കൈകാര്യംചെയ്യേണ്ടത്‌. ഒന്നു വിട്ടുപോയാൽതന്നെ വലിയ പ്രശ്നമാകും. അടിയന്തരാവസ്ഥക്കാലത്ത്‌ പ്രത്യേകിച്ചും. ചടയൻ ഗോവിന്ദനാണ്‌ ഡയറിപോലെ എഴുതിവയ്ക്കാൻ നിർദേശിച്ചത്‌. അന്നുതൊട്ടുള്ള കുറിപ്പുകൾ ജില്ലാകമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചു. ഇപ്പോഴിത്‌ കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന കുറിപ്പുമാത്രമാണ്‌. ഒരിക്കലിത്‌ ഞങ്ങളുടെ മജ്ജയും രക്തവുമായിരുന്നു’’–- പറശ്ശിനിക്കടവ്‌ സ്വദേശിയായ ശ്രീനിയേട്ടൻ പ
റഞ്ഞു.




Deshabhimani
Home