ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കും വിജയിക്കാനാവില്ല


വിജയ് പ്രഷാദ്
Published on Mar 05, 2026, 07:30 PM | 4 min read
തങ്ങളുടെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട പല ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായി അറിയിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ്, ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം നടത്തിയത്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ഇറാന്റെ പരമാധികാരത്തിന് ഉറപ്പുനൽകുന്നതിനാൽ തന്നെ ഈ രണ്ട് ആക്രമണങ്ങളും നിയമവിരുദ്ധമാണ്.
ഇറാൻ ഒരു പരമാധികാര രാജ്യമാണ്. അമേരിക്കയെപ്പോലെ തന്നെ ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. അതിനാൽ യുഎൻ ചാർട്ടറിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇറാൻ അർഹമാണ്. അമേരിക്ക യുഎൻ ചാർട്ടറിൽ ഒപ്പുവെക്കുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്, അതിനർത്ഥം ചാർട്ടറിനോടും മറ്റ് അംഗരാജ്യങ്ങളോടും യുഎസിന് ഉടമ്പടിപരമായ ബാധ്യതയുണ്ടെന്നാണ്. 'ഇറാഖ് നമുക്ക് ഒരു വലിയ തെറ്റാണെന്ന് ഞാൻ കരുതുന്നു. നമ്മൾ അവിടെ നിന്ന് പോകുമ്പോൾ അതൊരു നല്ല ജനാധിപത്യ രാജ്യമാകുമെന്ന് കരുതുന്നത് വെറുതെയാണ്'- ഇറാഖിനെതിരെ അധിനിവേശ യുദ്ധം തുടങ്ങാൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് യുഎൻ ചാർട്ടർ ലംഘിച്ചതിന് ശേഷം, 2004 ഏപ്രിൽ 16ന് ഡോണാൾഡ് ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപ് സ്വന്തം ഉപദേശം പോലും സ്വീകരിക്കുന്നില്ല.

ഏതാണ്ട് പത്തുകോടി ജനസംഖ്യയുള്ള, നൂറ്റാണ്ടുകളുടെ ദേശസ്നേഹത്തിന്റെ പാരമ്പര്യമുള്ള ഇറാനെ 2025ലും 2026ലും ആക്രമിക്കാൻ അമേരിക്ക ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? തന്റെ അവസാനത്തെ 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിൽ, ഇറാനിൽ ആണവായുധ പരിപാടിയുണ്ടെന്ന് താൻ വിശ്വസിക്കുന്നു എന്നതാണ് പ്രധാന കാരണമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ തങ്ങൾക്ക് ആണവായുധ പരിപാടിയില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. 2003ൽ ആദ്യമായി പരസ്യമാക്കിയതും എന്നാൽ ഒരു ദശാബ്ദം മുമ്പ് എഴുതപ്പെട്ടതുമായ ഒരു 'ഫത്വ'യിൽ ആയത്തുള്ള സയ്യിദ് അലി ഖൊമേനി ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇറാഖ് ഉപയോഗിച്ച നിയമവിരുദ്ധമായ മസ്റ്റാർഡ് ഗ്യാസും മറ്റ് രാസായുധങ്ങളും (അമേരിക്കയും പശ്ചിമ ജർമ്മനിയും നൽകിയത്) മൂലം ഇറാനിയൻ സൈനികർ അനുഭവിച്ച ദുരിതങ്ങൾ ആ ഫത്വയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അനുഭവവും ഇസ്ലാമിക ധാർമികതയെക്കുറിച്ചുള്ള തന്റെ അറിവും കൂട്ടിച്ചേർത്ത്, വിനാശകരമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് മന:സ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഓരോ നേതാക്കളും ഇതേ കാഴ്ചപ്പാട് ആവർത്തിച്ചിട്ടുണ്ട്.
'ഒരിക്കലും ആണവായുധം നിർമിക്കില്ല എന്ന ആ രഹസ്യ വാക്കുകൾ ഞങ്ങൾ കേട്ടിട്ടില്ല' എന്ന് ഫെബ്രുവരി 24ലെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ ഇത് തന്നെയാണ് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നത്. ട്രംപിന്റെ പ്രസംഗത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇപ്രകാരം ട്വീറ്റ് ചെയ്തു: 'ഇറാൻ ഒരു സാഹചര്യത്തിലും ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല'. ഫെബ്രുവരി 17ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞു, 'പരമോന്നത നേതാവിന്റെ ഫത്വയുടെ അടിസ്ഥാനത്തിൽ, പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്ന് ഞങ്ങൾ ഒരിക്കലും ആണവായുധങ്ങൾ പിന്തുടരുന്നില്ല, അവർ അത് എങ്ങനെ പരിശോധിക്കാൻ ആഗ്രഹിച്ചാലും ഞങ്ങൾ അതിന് തയ്യാറാണ്. ഞങ്ങൾക്ക് ആണവായുധങ്ങൾ വേണ്ടെന്ന് ഏത് ഭാഷയിലാണ് പറയേണ്ടത്?'- അദ്ദേഹം ചോദിച്ചു. മസൂദ് പെസെഷ്കിയന്റെ പേർഷ്യൻ ഭാഷയിലുള്ള ഈ പ്രസ്താവന പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. എന്നിട്ടും ഈ വാർത്ത വൈറ്റ് ഹൗസിൽ എത്തിയില്ലത്രേ..!
1957ൽ ഇറാനും അമേരിക്കയും ചേർന്ന് സിവിൽ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഇത് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻഹോവർ രൂപീകരിച്ച 'ആറ്റംസ് ഫോർ പീസ്' പ്രോഗ്രാമിലൂടെ ആണവ സാങ്കേതികവിദ്യയും വസ്തുക്കളും കൈമാറാൻ അമേരിക്കയെ അനുവദിച്ചു. 1959ൽ മുഹമ്മദ് റെസ പഹ്‌ലവിയുടെ നേതൃത്വത്തിലുള്ള ഇറാൻ സർക്കാർ തെഹ്‌റാൻ ന്യൂക്ലിയർ റിസർച്ച് സെന്റർ ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം, വൈദ്യശാസ്ത്ര റേഡിയോ ഐസോടോപ്പ് ഉൽപ്പാദനത്തിനും ശാസ്ത്രീയ ഗവേഷണത്തിനുമായി രൂപകൽപ്പന ചെയ്ത 5-മെഗാവാട്ട് തെർമൽ ന്യൂക്ലിയർ റിയാക്ടർ യുഎസ് ഇറാന് നൽകി.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പുതിയ സർക്കാർ ആണവോർജ്ജ ഗവേഷണ പരിപാടി നിർത്തിവെച്ചു. 1988ൽ അവസാനിച്ച ഇറാഖ് യുദ്ധത്തിനും 1989ൽ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ മരണത്തിനും ശേഷം, വൈദ്യുതി ഉൽപ്പാദനത്തിനും മെഡിക്കൽ ഐസോടോപ്പ് നിർമാണത്തിനും ശാസ്ത്രീയ പരിശീലനത്തിനുമായി ഇറാൻ ആണവോർജ്ജ പരിപാടി പുനരാരംഭിച്ചു. 1995ൽ ഇറാനിലെ ബുഷെഹർ ന്യൂക്ലിയർ പവർ പ്ലാന്റ് പുനർനിർമിക്കുന്നതിനായി ഇറാൻ റഷ്യയുമായി കരാർ ഒപ്പിട്ടു. ആ സമയത്തും തങ്ങൾക്ക് ഒരിക്കലും ആണവായുധങ്ങൾ വേണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ ആവശ്യങ്ങൾക്കായി ഇറാൻ ആണവോർജ്ജ പരിപാടികൾ പുനരാരംഭിച്ചപ്പോൾ അമേരിക്ക അവരെ അവിശ്വസിച്ചിരുന്നില്ല.
2001ൽ അമേരിക്ക അഫ്ഗാനിസ്ഥാനെയും 2003ൽ ഇറാഖിനെയും ആക്രമിച്ചതോടെ കാര്യങ്ങൾ മാറി. ഇറാന്റെ രണ്ട് ചരിത്ര ശത്രുക്കളെയാണ് (താലിബാനും സദ്ദാം ഹുസൈന്റെ സർക്കാരും) ഇതിലൂടെ നീക്കം ചെയ്തത്. മുൻപ് അയൽരാജ്യങ്ങളാൽ വളയപ്പെട്ടിരുന്ന ഇറാന് ഇപ്പോൾ ഇറാഖ്, സിറിയ, ലെബനൻ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ലഭിച്ചു. ഇത് അമേരിക്കയെ ഞെട്ടിച്ചു. ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി, ബുഷ് ഭരണകൂടം ഇറാന്റെ ആണവായുധ മോഹങ്ങളെക്കുറിച്ച് ഒരു കെട്ടുകഥ ചമയ്ക്കുകയും തങ്ങളുടെ പ്രചാരണത്തിനായി ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയെ (ഐഎഇഎ) ദുരുപയോഗം ചെയ്യുകയും ചെയ്തു.
പതിവുപോലെ ബുഷ് തന്റെ മുന്നിലുള്ള വസ്തുതകളെ അവഗണിച്ചു. എന്തായിരുന്നു ആ വസ്തുതകൾ?
2007ൽ യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ നാഷണൽ ഇന്റലിജൻസ് എസ്റ്റിമേറ്റ് ഉപസംഹരിച്ചത് ഇപ്രകാരമാണ്: '2003 ശരത്കാലത്തിൽ ഇറാൻ അവരുടെ ആണവായുധ പരിപാടി നിർത്തിവെച്ചുവെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു'. ഈ തീയതിക്ക് മുമ്പ് ഇറാന് ആണവായുധ പരിപാടി ഉണ്ടായിരുന്നോ എന്നത് പ്രശ്നമല്ല; 2003ന് ശേഷം അത്തരമൊരു പരിപാടി ഇല്ലെന്ന് സിഐഎയും മറ്റ് ഏജൻസികളും സമ്മതിച്ചു.
ഇറാൻ വിവിധ വസ്തുക്കൾ ശേഖരിക്കുന്നത് ഒരു 'സാധ്യമായ സൈനിക മാനത്തെ' സൂചിപ്പിക്കുന്നുവെന്ന് 2011ലെ ഒരു ഐഎഇഎ റിപ്പോർട്ട് നിരീക്ഷിച്ചു, എന്നാൽ അതിന് തെളിവുകളൊന്നുമില്ലായിരുന്നു. ആരോപണങ്ങളെല്ലാം തന്നെ അവ്യക്തമായിരുന്നു. ഐഎഇഎ യുഎസ് സർക്കാരിന്റെയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളുടെയും കടുത്ത സമ്മർദ്ദത്തിലാണെന്ന് തോന്നിപ്പിച്ചു. റിപ്പോർട്ടിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ അടയാളങ്ങൾ വ്യക്തമായിരുന്നു.
2015ൽ ഐഎഇഎ അതിന്റെ ഡയറക്ടർ ജനറൽ യുകിയ അമാനോ എഴുതിയ അന്തിമ വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവിട്ടു. 200-ന് ശേഷം ആണവ സ്‌ഫോടന ഉപകരണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിനും വിശ്വസനീയമായ സൂചനകളൊന്നുമില്ലെന്നും ആണവ സാമഗ്രികൾ ആയുധങ്ങൾക്കായി വഴിതിരിച്ചുവിട്ടതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും ഈ റിപ്പോർട്ട് അസന്ദിഗ്ധമായി പറയുന്നുണ്ട്.
2025ൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി അൽ ജസീറയോട് കൃത്യമായി പറഞ്ഞു: 'ആണവായുധം നിർമിക്കാനുള്ള സജീവവും ആസൂത്രിതവുമായ പദ്ധതി ഇറാനിലുണ്ടെന്ന് സൂചിപ്പിക്കുന്ന ഘടകങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല' എന്ന്. 'ഞങ്ങൾ കണ്ടെത്തിയിട്ടില്ല' എന്ന ഗ്രോസിയുടെ പ്രസ്താവനയേക്കാൾ വ്യക്തമായ മറ്റൊന്നുമില്ല. അതിനോടൊപ്പം, 'ഞങ്ങൾക്ക് ആണവായുധങ്ങൾ വേണ്ടെന്ന് ഏത് ഭാഷയിലാണ് ഞങ്ങൾ പറയേണ്ടത്?' എന്ന ഇറാൻ പ്രസിഡന്റ് പെസെഷ്കിയന്റെ ചോദ്യവും ചേർത്ത് വായിക്കേണ്ടതാണ്.
ഇറാനിൽ ആണവായുധങ്ങളില്ല. എന്നാൽ, വ്യാജആരോപണവുമായി യുദ്ധത്തിന് പോകുന്നത് ബുഷ് ഇറാഖിൽ ചെയ്ത മാതൃക പിന്തുടർന്നതിന് തുല്യമാണ്. എവിടെയായിരുന്നു ആ ആയുധങ്ങൾ? അത് ബുഷിന്റെ ഭാവനയിൽ മാത്രം!
തീർച്ചയായും ഇറാന്റെ ഉള്ളിൽ വലിയ പ്രശ്നങ്ങളുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതും സാമ്പത്തിക കാര്യ മന്ത്രി സയ്യിദ് അലി മദനിസാദെയുടെ മോശം സാമ്പത്തിക മാനേജ്‌മെന്റും ചേർന്ന് ഇറാനിലെ അധ്വാനിക്കുന്ന ജനങ്ങൾക്ക് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശ്വാസം മുട്ടിക്കുന്ന അമേരിക്കൻ അടിച്ചേൽപ്പിച്ച ഈ സങ്കര യുദ്ധം അവസാനിക്കാതെ ഇറാന് അവരുടേതായ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.
യുദ്ധത്തെ നന്നായി അറിയുന്നവരാണ് ഇറാനിയൻ ജനത. ആംഗ്ലോ-പേർഷ്യൻ യുദ്ധം (1856-1857) മുതൽ ഇറാഖ് അധിനിവേശം (1980), ഇപ്പോഴത്തെ സംയുക്ത യുദ്ധം വരെ അത് അവരുടെ മേൽ ആവർത്തിച്ച് അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്.
'ലിഡ്‌ലെസ് കോഫിൻസ് വിത്ത് നോ ബോഡീസ്' എന്ന കവിതയിൽ, ഇറാനിയൻ കവി ബെഹ്‌സാദ് സാരിൻപൂർ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. മനോഹരവും സ്വാധീനശക്തിയുള്ളതുമായ ആ കവിതയുടെ ഒരു ഭാഗം നിങ്ങളുമായി പങ്കിടുന്നു:
കാറ്റ് നഗരത്തിന്റെ മൂക്കുകളിൽ
നാശത്തിന്റെ മണം നിറച്ചിരിക്കുന്നു.
ആരും കത്തുന്ന സൂര്യനിൽ നിന്ന്
ഉറപ്പില്ലാത്ത മതിലുകളുടെ തണലിലേക്ക് ഓടുന്നില്ല.
വിരിച്ചിട്ട വിരുന്നില്ലാത്ത മേശവിരികൾ,
പാഴ്വാക്കുകൾ,
അപ്പത്തിന് പകരം
വെടിയുണ്ടകൾ തിന്നുന്ന വയറുകൾ,
പാപ്പരായ ഉപ്പുകച്ചവടക്കാർ
അവർ തങ്ങളുടെ ചാക്കുകൾ
മണൽ നിറയ്ക്കാനായി യുദ്ധമുന്നണിയിലേക്ക് അയച്ചിരിക്കുന്നു.
മുത്തശ്ശിയുടെ നാവുകൾ ഭയത്താൽ തളർന്നിരിക്കുന്നു
അവർക്ക് പ്രാർത്ഥനകൾ പോലും ഓർത്തെടുക്കാനാവുന്നില്ല.
(ലേഖനം ട്രൈകോണ്ടിനെന്റൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്)















