കായികമേളയ്ക്ക് മാറ്റുകൂട്ടാൻ പുതുമാതൃക


ഡോ. അജീഷ് പി ടി
Published on Oct 16, 2025, 02:51 AM | 2 min read
കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ഉദാത്തമായ സാമൂഹ്യസാധ്യതയായാണ് എക്കാലത്തും പരിഗണിക്കുന്നത്. ജാതി, മതം, വർഗം, സാമ്പത്തികനില, ലിംഗഭേദം, കായികശേഷി തുടങ്ങി ഒരുതരത്തിലുമുള്ള വേർതിരിവുകളും ഇല്ലാതെ എല്ലാവർക്കും തുല്യ അവസരം നൽകുന്ന ഒരു ഇടംകൂടിയാണിത്. വ്യത്യസ്തതകളെ ആഘോഷിക്കാനും പരസ്പരം മനസ്സിലാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുമുള്ള ശക്തമായ ഉപാധിയായാണ് കായികമേഖലയെ പൊതുവിൽ കരുതുന്നത്. ഏഷ്യയിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ കായികമത്സര മാമാങ്കമാണ് കേരള സ്കൂൾ കായികമേള. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചുവരുന്ന ഈ കായികമേളയുടെ ഭാഗമായി സവിശേഷ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അർഹമായ അവസരം നൽകുന്നു. 2024ൽ എറണാകുളത്ത് നടന്ന കായികമേളയിലാണ് ആദ്യമായി ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തിയത്. രാജ്യത്തിനോ സംസ്ഥാനത്തിനോ അത്ര പരിചിതമല്ലാത്തതും എന്നാൽ, സവിശേഷ പരിമിതരായ കുട്ടികൾക്ക് പ്രത്യേകിച്ച് ചലനപരിമിതിയുള്ളവർക്കും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കും ഉൾപ്പെടെ ഒരുതരത്തിലുമുള്ള തടസ്സമില്ലാതെ പങ്കെടുക്കാനും മികവ് തെളിയിക്കാനും സാധിക്കുന്ന ‘ബോച്ചെ’ എന്ന കായികയിനംകൂടി ഈവർഷം ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി പരിചയപ്പെടുത്തുകയാണ്. പരിമിതികൾ ആരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുള്ള വലിയൊരു സന്ദേശമാണ് ‘ബോച്ചെ’ എന്ന കായികയിനം ഉൾപ്പെടുത്തിയതിലൂടെ കേരളം നൽകുന്നത്.
ബോച്ചെയും സാമൂഹിക ഉൾച്ചേർക്കലും
ലോകത്തിലെ ഏറ്റവും പഴക്കമേറിയ കായികവിനോദങ്ങളിൽ ഒന്നാണ് ബോച്ചെ. ഏകദേശം 5000 വർഷങ്ങൾക്കുമുമ്പ് ഈജിപ്തിലാണ് ആദ്യരൂപം ഉണ്ടായതെന്നാണ് ചരിത്രരേഖ. ഉരുണ്ട കല്ലുകളായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ ഈ കളിക്കായി ഉപയോഗിച്ചിരുന്നത്. സൈനികരാണ് ഇത് കൂടുതൽ ജനപ്രിയമാക്കുന്നതിനും പ്രചാരത്തിലെത്തിക്കുന്നതിനും സഹായിച്ചത്. ആധുനിക ബോച്ചെയുടെ ആവിർഭാവവും കളിയുടെ നിയമങ്ങളും രൂപവും വികസിച്ചത് ഇറ്റലിയിലാണ്. 16–ാംനൂറ്റാണ്ടിൽ ഇറ്റലിയിലെ വെനീസിൽ ഇത് അംഗീകൃത കായികവിനോദമായി അംഗീകരിച്ചു. കുടിയേറ്റക്കാർവഴി ലോകമെമ്പാടും പ്രചാരം നേടി. 1753-ൽ റാഫേൽ ബിസ്റ്റെഗി എഴുതിയ ‘ജിയോക്കോ ഡെല്ലെ ബോച്ചി’ എന്ന പുസ്തകത്തിലാണ് ബോച്ചെ എന്ന കായികവിനോദത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളത്. എല്ലാ പ്രായത്തിലുള്ളവർക്കും വ്യത്യസ്ത ശേഷികളും കഴിവുകളുമുള്ളവർക്കും അനായാസം പങ്കെടുക്കാം. 27.5 മീറ്റർ (90 അടി) നീളവും 2.5 മുതൽ നാലു മീറ്റർ (8.2 മുതൽ 13.1 അടി) വരെ വീതിയുമുള്ള പ്രകൃതിദത്ത മണ്ണിലോ സ്ഥിരതയുള്ള കോർട്ടുകളിലോ ആണ് ഇത് കളിക്കുന്നത്.
ഒരു കേരളമാതൃക
മറ്റു കായികയിനങ്ങളിൽനിന്ന് വ്യത്യസ്തമായി ശാരീരികം, ബൗദ്ധികം, കാഴ്ച, കേൾവി ഉൾപ്പെടെയുള്ള എല്ലാത്തരം പരിമിതികളുമുള്ള വ്യക്തികൾക്കും പങ്കെടുക്കാൻ സാധിക്കും. ഈ കായികയിനത്തിൽ ആവശ്യമായ അനുരൂപീകരണം നടത്തിയാണ് സംസ്ഥാനത്ത് പരിചയപ്പെടുത്തുന്നത്. ഈ വർഷം പെൺകുട്ടികൾക്കുമാത്രമായാണ് അവസരം. കളിനിയമങ്ങളിൽ ഉചിതമായ മാറ്റംവരുത്തി മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ, കാഴ്ച/കേൾവി പരിമിതർ എന്നിങ്ങനെ വ്യത്യസ്ത കഴിവുകളുള്ളവരെ പൊതുവിഭാഗം കുട്ടികളോടൊപ്പം ഉൾച്ചേർത്തുകൊണ്ടും പ്രത്യേകമായും മത്സരിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. സബ്ജില്ല, ജില്ലാ മത്സരങ്ങൾ സംഘടിപ്പിച്ച് സംസ്ഥാനതലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വം സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് നിർവഹിക്കുന്നത്. 1600ലധികംവരുന്ന സവിശേഷ പരിമിതരായ കായികതാരങ്ങളാണ് 14 ജില്ലകളെ പ്രതിനിധാനംചെയ്ത് തിരുവനന്തപുരത്ത് നടക്കുന്ന ഇൻക്ലൂസീവ് കായികമേളയുടെ ഭാഗമാകുന്നത്. കുട്ടികൾക്ക് കായികനേട്ടങ്ങൾക്കപ്പുറം സാമൂഹികമായി കൂടുതൽ ശക്തരാകാനും ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനുമുള്ള അടിത്തറ ഇത്തരം കായികപങ്കാളിത്തങ്ങൾ ഉറപ്പുവരുത്തും.
(എസ്സിഇആർടിയിൽ റിസർച്ച് ഓഫീസറാണ് ലേഖകൻ)














