‘എന്റെ രക്തം മഴയായി പെയ്തിറങ്ങും’; സൊവെറ്റോ പ്രക്ഷോഭത്തിന് അമ്പതാണ്ട്


അജിൻ ജി നാഥ്
Published on Jun 15, 2026, 11:18 PM | 3 min read
1976 ജൂൺ 16. ലോകത്ത് വംശീയതയ്‌ക്കും അടിച്ചമർത്തലുകൾക്കുമെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുപ്രധാനമായ ദിനമാണ്. വർണവിവേചനത്തിന്റെ രൂപകമായി ആഫ്രിക്കാൻസ് എന്ന ഭാഷ തങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ കറുത്തവംശജരായ സ്‌കൂൾ വിദ്യാർഥികൾ നടത്തിയ ഉജ്വലപോരാട്ടത്തിന് തുടക്കംകുറിച്ചത് അന്നാണ്. ചോരയിലെഴുതിയ ആ പോരാട്ടം ചരിത്രത്തിന്റെ ഏടുകളിൽ സൊവെറ്റോ പ്രക്ഷോഭമെന്നാണ് (Soweto uprising) അറിയപ്പെടുന്നത്. ജൂൺ 16ന് ജൊഹന്നാസ്‌ബർഗിലെ ടൗൺഷിപ്പായ സൊവെറ്റോയിൽ ആരംഭിച്ച ആ പ്രക്ഷോഭപരമ്പരയിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എഴുന്നൂറോളം മനുഷ്യരുടെ ജീവനാണ് നഷ്‌ടമായത്. വർണവിവേചനത്തിനെതിരായ ആദ്യ വിദ്യാർഥിപ്രക്ഷോഭമെന്ന് വിശേഷിപ്പിക്കുന്ന ആ പോരാട്ടത്തിന് 50 വർഷം പിന്നിടുകയാണ്.
ആഫ്രിക്കയിലെ കറുത്തവംശജരായ വിദ്യാർഥികളുടെ അധ്യയനമാധ്യമമായി ആഫ്രിക്കാൻസ് ഭാഷ അടിച്ചേൽപ്പിക്കാനുള്ള തീരുമാനമാണ് പ്രക്ഷോഭപരമ്പരകളുടെ തുടക്കം. ‘അടിച്ചമർത്തുന്നവന്റെ ഭാഷ’ (language of the oppressor) എന്നാണ് ആഫ്രിക്കാൻസിനെ കറുത്തവംശജർ കണ്ടിരുന്നത്. ‘സുലു’ എന്ന മാതൃഭാഷയിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്ക് ആഫ്രിക്കാൻസ് നിർബന്ധമാക്കി. അതേസമയം, വെളുത്തവംശജർക്ക് മാതൃഭാഷയിൽ പഠിക്കാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. വിവേചനത്തിന്റെ മറ്റൊരു ഉപാധിയായി ഭാഷയെ ഉപയോഗിച്ചു. ആഫ്രിക്കാൻസ് പറയുന്ന വെളുത്തവംശജരായ തൊഴിലുടമയ്‌ക്കുകീഴിൽ പണിയെടുക്കേണ്ടുന്ന കറുത്തവംശജൻ എന്തിനാണ് മറ്റൊരു ഭാഷ പഠിക്കുന്നതെന്ന സമീപനമാണ് സർക്കാർ വച്ചുപുലർത്തിയത്. ഇതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയില്ല. 1975 ജനുവരി ഒന്നുമുതൽ ആഫ്രിക്കാൻസ് അധ്യയനമാധ്യമമാക്കി 1974-ൽ ‘ആഫ്രിക്കാൻസ് മീഡിയം ഡിക്രി' എന്ന ഉത്തരവ് പുറപ്പെടുവിച്ചു.
ചോരയിലെഴുതിയ ജൂൺ 16
എതിർപ്പുകളെ വകവയ്‌ക്കാതെ അടിച്ചേൽപ്പിച്ച തീരുമാനം കുട്ടികളെ വല്ലാതെ ബാധിച്ചു. പഠിപ്പിക്കുന്ന ഒരക്ഷരംപോലും മനസ്സിലാകാത്ത അവസ്ഥ നേരിട്ടു. ഒടുവിൽ 1976 ഏപ്രിൽ 30-ന് വെളുത്തവംശജരെപ്പോലെ തങ്ങൾക്കും പരിഗണനയും വിദ്യാഭ്യാസവും ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രഖ്യാപിച്ച് സൊവെറ്റോയിലെ ഒർലാൻഡോ വെസ്റ്റ് ജൂനിയർ സ്കൂളിലെ കുട്ടികൾ പഠിപ്പുമുടക്കി. ക്രമേണ മറ്റ് സ്‌കൂളുകളിലേക്കും സമരം വ്യാപിച്ചു. ഇതിന്റെ തുടർച്ചയിൽ തെബോഹോ മാഷിനിനി എന്ന വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ജൂൺ 13-ന് യോഗം ചേർന്ന് ഒരു ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇത് പിന്നീട് സൊവെറ്റോ സ്റ്റുഡന്റ്സ് റെപ്രസെന്റേറ്റീവ് കൗൺസിൽ എന്ന് അറിയപ്പെട്ടു. അവർ ജൂൺ 16ന് സ്‌കൂൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ നിശ്ചയിച്ചു. സൊവെറ്റോയിലെ ഒർലാൻഡോ സ്റ്റേഡിയത്തിൽ ഒത്തുചേരാനും തീരുമാനിച്ചു. 1976 ജൂൺ 16ന് പതിനായിരത്തോളം വിദ്യാർഥികൾ തെരുവിലിറങ്ങി. ആട്ടവും പാട്ടും മുദ്രാവാക്യം വിളികളുമുള്ള പ്രക്ഷോഭം സമാധാനപരമായിരുന്നു. പിന്തുണച്ച് അധ്യാപകരുമെത്തി. എന്നാൽ, ഭരണകൂടം ക്രൂരമായാണ് പ്രക്ഷോഭത്തെ നേരിട്ടത്. കുട്ടികൾക്കുനേരെ നായകളെ അഴിച്ചുവിട്ടു. കുട്ടികൾ ഒരു നായയെ കൊന്നതോടെ പട്ടാളം തോന്നുംപോലെ വെടിയുതിർത്തു. കുട്ടികളുടെ നേതാവായ ഹെക്ടർ പീറ്റേഴ്സൺ ഉൾപ്പെടെ 176 പേർ കൊല്ലപ്പെട്ടു. സർക്കാർകണക്കിൽ 23 കുട്ടികളുടെ മരണമേയുള്ളൂ.
ചരിത്രത്തിലേക്ക് ഒരു ക്ലിക്ക്
സൊവെറ്റോയിലെ ഭരണകൂടഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞത് ഒരു ചിത്രമായിരുന്നു. മരണാസന്നനായ 12 വയസ്സുകാരൻ ഹെക്ടർ പീറ്റേഴ്സനെയും എടുത്തുകൊണ്ട് ഓടുന്ന എംബുയിസ മഖുബു എന്ന വിദ്യാർഥിനേതാവിന്റെയും പുറകെ നിലവിളിച്ചോടുന്ന ഹെക്‌ടറിന്റെ സഹോദരി അന്റോണറ്റിന്റെയും ചിത്രം ‘ദ വേൾഡ്’ പത്രത്തിൽ അച്ചടിച്ചുവന്നു. ലോകമെമ്പാടും ഇത് ചർച്ചയായി. സൊവെറ്റോയിലെ കൂട്ടക്കൊലയ്‌ക്കെതിരെ ആഫ്രിക്കയിലും ലോകത്താകമാനവും പ്രതിഷേധമുയർന്നു. ആഫ്രിക്കയിലുടനീളമുണ്ടായ പ്രക്ഷോഭങ്ങളിൽ എഴുന്നൂറോളംപേർ കൊല്ലപ്പെട്ടു. വർണവിവേചനത്തിനെതിരായ വലിയ വികാരം സൃഷ്‌ടിക്കപ്പെട്ടു. പക്ഷേ, ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ആ ചിത്രം പകർത്തിയ സാം എൻസിമയ്‌ക്ക് ഭരണകൂടവേട്ടയാടൽ ഭയന്ന് ഒളിവിൽ പോകേണ്ടിവന്നു.
സൊവെറ്റോയിലെ രക്തസാക്ഷികൾ
ജൂൺ 16ന് കൊല്ലപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള 176 പേരോ തുടർസമരങ്ങളിൽ കൊല്ലപ്പെട്ട എഴുന്നൂറോളം മനുഷ്യരോമാത്രമല്ല സൊവെറ്റോയിലെ രക്തസാക്ഷികൾ. കുട്ടികളോടുള്ള ക്രൂരത ലോകത്തോട് വിളിച്ചുപറഞ്ഞ സാം എൻസിമയെ ഭരണകൂടം വേട്ടയാടിയതുപോലെ ഹെക്‌ടർ പീറ്റേഴ്‌സനെപ്പറ്റി കവിതയെഴുതിയ ഒരു മനുഷ്യനെയും കൊന്നു. 1985 ഒക്ടോബർ 18-ന് തൂക്കിലേറ്റിയ കവി ബെഞ്ചമിൻ മൊളോയിസും സൊവെറ്റോയുടെ രക്തസാക്ഷിയാണ്. ഒരു പൊലീസുകാരന്റെ കൊലപാതകം ബെഞ്ചമിൻ മൊളോയിസിന്റെ തലയിൽ കെട്ടിവച്ചാണ് ഭരണകൂടം പ്രതികാരം തീർത്തത്. കഴുവിലേറുംമുമ്പ് മൊളോയിസ് എഴുതിയ വരികൾ ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആവേശം പകരുന്നതാണ്.
‘‘അടിച്ചമർത്തലിന്റെ ഒരു കൊടുങ്കാറ്റിനുപിന്നാലെ എന്റെ രക്തം മഴയായി പെയ്തിറങ്ങും.
എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നൽകാൻ, എന്റെ ഒരേയൊരു ജീവിതം’’
ചോരയാൽ തിരുത്തിയ ഫുട്‌ബോൾ ചരിത്രം
ലോകം വീണ്ടും കാൽപ്പന്തിനുപിന്നാലെ പായുന്ന സമയത്താണ് സൊവെറ്റോയുടെ 50–ാം വാർഷികം കടന്നുവരുന്നത്. ഫുട്‌ബോളുമായി സൊവെറ്റോയ്‌ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ദക്ഷിണാഫ്രിക്കയുടെ കാൽപ്പന്തുചരിത്രം തിരുത്തിയെഴുതാൻ കാരണമായത് സൊവെറ്റോയാണ്. വിദ്യാർഥികൾ ഒത്തുചേരാൻ തെരഞ്ഞെടുത്ത ഇടം, ദക്ഷിണാഫ്രിക്കൻ ഫുട്‌ബോളിന്റെ ഇൗറ്റില്ലമായ ഒർലാൻഡോ സ്റ്റേഡിയമാണെന്നതുമാത്രമല്ല ഫുട്‌ബോളുമായി ഇൗ പ്രക്ഷോഭത്തിനുള്ള ബന്ധം. ജൂൺ 16ലെ വെടിവയ്‌പിൽ ആഫ്രിക്കയിലെ പ്രമുഖ ക്ലബ്ബായ കൈസർ ചീഫ്സിന്റെ പ്രധാന താരമായ അരിയെൽ കൊങ്കോണയും കൊല്ലപ്പെട്ടു. ഇൗ കൂട്ടക്കൊലയ്‌ക്കുപിന്നാലെ ഫിഫ- ദക്ഷിണാ-ഫ്രിക്കയെ പുറത്താക്കി. ഇത് ആഗോളതലത്തിൽ വൻ തിരിച്ചടിയായതോടെ ലോകത്തിനുമുന്നിൽ തങ്ങളുടെ ക്രൂരമായ മുഖം മാറ്റിയെടുക്കാൻ അപ്പാർത്തീഡ് ഭരണകൂടം നിർബന്ധിതരായി. ഭരണകൂടം ‘കറുത്തവംശജരുടെ കളി'യെന്ന് വിളിച്ച് അവഗണിച്ച ഫുട്ബോളിൽ 1970-കളുടെ അവസാനത്തോടെ കറുത്തവംശജർക്കും വെളുത്തവംശജർക്കും ഒന്നിച്ചുകളിക്കാനുള്ള അവസരമൊരുങ്ങി. ഭരണകൂടങ്ങളുടെ എല്ലാ അടിച്ചമർത്തലുകൾക്കും ചോരക്കൊതികൾക്കും ഒരവസാനമുണ്ടാകുമെന്ന ഓർമപ്പെടുത്തലാണ് സൊവെറ്റോ.











