നാസിസത്തെ തകർത്ത സോവിയറ്റ് വീരഗാഥ


എ എം ഷിനാസ്
Published on May 08, 2025, 10:58 PM | 4 min read
ബർലിൻ യുദ്ധം, രണ്ടാം ലോകയുദ്ധത്തിലെ ഒടുവിലത്തെ പ്രബല പ്രത്യാക്രമണമായിരുന്നു. 1945 ഏപ്രിൽ 16ന് സോവിയറ്റ് സൈന്യം ബർലിനെ വടക്ക്, തെക്ക്, കിഴക്ക് ദിക്കുകളിൽനിന്ന് വളഞ്ഞ് ആക്രമണമാരംഭിച്ചു. ചെമ്പടയുടെ മുന്നേറ്റം അചഞ്ചലവും ദൃഢചിത്തതയുള്ളതുമായിരുന്നു. മെയ് രണ്ടിന് ബർലിനിലെ നാസി സൈന്യം കീഴടങ്ങുന്നതിനു രണ്ടുദിവസംമുമ്പ് (ഏപ്രിൽ 30) സോവിയറ്റ് സൈനികർ റീച്ച്സ്റ്റാഗിനു മുകളിൽ ചെങ്കൊടി ഉയർത്തിയിരുന്നു. അന്നുതന്നെ ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. ചെമ്പടയ്ക്കുമുമ്പ് ബർലിനിലെത്താൻ അമേരിക്കൻ സേനയുടെ സുപ്രീം കമാൻഡറായ ഐസൻ ഹോവർ കാംക്ഷിച്ചിരുന്നു. പക്ഷേ, നടന്നില്ല. നാസി ജർമനി ഔപചാരികമായി സോവിയറ്റ് യൂണിയന് കീഴടങ്ങുന്നത് 1945 മെയ് ഒമ്പതിനാണ്. എട്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും റഷ്യയിലും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലും 20–-ാം നൂറ്റാണ്ടിലെ ഈ ഐതിഹാസിക വിജയം വിപുലമായി ആഘോഷിക്കുന്നു.
ജർമനിയുടെ ഭാവി, ജപ്പാന്റെ കീഴടങ്ങൽ, നാസി യുദ്ധക്കുറ്റവാളികളുടെ വിചാരണ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 1945 ജൂലൈയിലും ആഗസ്‌തിലും ബർലിൻ നഗരപ്രാന്തത്തിലുള്ള പോട്സ്ഡാമിൽ ജോസഫ് സ്റ്റാലിനും ഹാരി ട്രൂമാനും വിൻസ്റ്റൺ ചർച്ചിലും കൂടിയാലോചനകൾ നടത്തി. പോട്സ്ഡാം സമ്മേളനം എന്ന് അറിയപ്പെടുന്ന ആ യോഗത്തിന്റെ സ്ഥാനം നേരത്തേ നിശ്ചയിച്ചത് സ്റ്റാലിനായിരുന്നു. സമ്മേളനത്തിന്റെ സംഘടനാപരമായ വിശദാംശം നിർണയിച്ചത് സോവിയറ്റ് യൂണിയനും.
അച്ചുതണ്ട് ശക്തികളെ തോൽപ്പിക്കുന്നതിൽ പൊതുവിലും നാസി ജർമനിയെ നിലംപരിശാക്കുന്നതിൽ വിശേഷിച്ചും സോവിയറ്റ് യൂണിയൻ വഹിച്ച അതിനിർണായക പങ്കിനെ നിസ്സാരവൽക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വികൃത വ്യാഖ്യാനം/ആഖ്യാനം ഈയിടെയായി അമേരിക്കയടക്കം പാശ്ചാത്യരാഷ്ട്രങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ എന്ന തന്റെ സാമൂഹ്യമാധ്യമത്തിൽ എഴുതി ‘ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും രണ്ടാം ലോകയുദ്ധത്തിൽ വിജയത്തിന് കാരണമായ ഫലം സൃഷ്ടിച്ചത് ഞങ്ങളാണ്. ശക്തിയിലും ധീരതയിലും സൈനിക ബുദ്ധികൂർമതയിലും ഞങ്ങളോടടുത്തു നിൽക്കാൻ ആരുമുണ്ടായിരുന്നില്ല’. മുൻ റഷ്യൻ പ്രസിഡന്റും ഇപ്പോൾ റഷ്യയുടെ സുരക്ഷാസമിതിയുടെ ഉപാധ്യക്ഷനുമായ ദിമിത്രി മെദ്‌വദേവ് ട്രംപിന്റെ ഈ അവകാശവാദത്തെ ‘കപടവും അഹങ്കാരനിർഭരവുമായ അസംബന്ധം’ എന്നാണ് വിശേഷിപ്പിച്ചത്. മെദ്‌വദേവ് തുടർന്നു: ‘ട്രംപ് മെയ് എട്ട് പൊതു അവധിയായി പ്രഖ്യാപിക്കുമെന്ന് പറയുന്നു. അവധി മോശം കാര്യമല്ല. എന്നാൽ, ഈ പ്രസ്‌താവം അബദ്ധപഞ്ചാംഗമാണ്. സോവിയറ്റ് ജനത 2.70 കോടി പുത്രീപുത്രന്മാരെയാണ് അഭിശപ്തമായ ഫാസിസത്തെ ഉന്മൂലനം ചെയ്യാൻ ജീവാർപ്പണം ചെയ്തത്. അതുകൊണ്ട് വിജയദിനം ഞങ്ങളുടേതാണ്. അത് മെയ് ഒമ്പതിനുമാണ്. അത് അങ്ങനെയായിരുന്നു. ഇനിയുള്ള കാലം അങ്ങനെയായിരിക്കുകയും ചെയ്യും’. (1945 മെയ് ഏഴ്, എട്ട് തീയതികളിലാണ് ജർമനി പാശ്ചാത്യ സഖ്യകക്ഷികൾക്ക് കീഴടങ്ങിയത്).
ഹിറ്റ്‌ലർ ജർമനിയിൽ പിടിമുറുക്കിയ 1930കളുടെ മധ്യത്തിൽത്തന്നെ നാസികൾക്കെതിരെ പൊതുസഖ്യം ഊട്ടിയുറപ്പിക്കേണ്ടത് അടിയന്തര കർത്തവ്യമാണെന്ന് ലണ്ടനെയും പാരീസിനെയും വാഴ്സയെയും മോസ്‌കോ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഈ യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ബ്രിട്ടൻ, ഹിറ്റ്‌ലറെ പ്രീണിപ്പിക്കുന്നതിൽ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു
നാസി ജർമനിയെയും സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനെയും സമീകരിക്കുന്നതും ഇരുരാജ്യവും യുദ്ധാരംഭത്തിന് സംയുക്ത ഉത്തരവാദികളാണെന്നുമുള്ള മറ്റൊരു ആഖ്യാനവും പാശ്ചാത്യചേരി പ്രചരിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ ഫാസിസത്തിന്റെ ചരിത്രത്തെ മനഃപൂർവം വിസ്‌മരിച്ചുള്ള നിന്ദ്യമായ വൃഥാവ്യായാമമാണത്. ഹിറ്റ്‌ലർ ജർമനിയിൽ പിടിമുറുക്കിയ 1930കളുടെ മധ്യത്തിൽത്തന്നെ നാസികൾക്കെതിരെ പൊതുസഖ്യം ഊട്ടിയുറപ്പിക്കേണ്ടത് അടിയന്തര കർത്തവ്യമാണെന്ന് ലണ്ടനെയും പാരീസിനെയും വാഴ്സയെയും മോസ്‌കോ നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഈ യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ബ്രിട്ടൻ, ഹിറ്റ്‌ലറെ പ്രീണിപ്പിക്കുന്നതിൽ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു.
ബൾഗേറിയൻ കമ്യൂണിസ്റ്റ് നേതാവായ ജോർജി ദിമിത്രോവ് 1934ൽ മോസ്‌കോയിലെത്തിയപ്പോൾ യൂറോപ്യൻ ഫാസിസത്തിനെതിരെ സംഘടിത ഐക്യമുന്നണി രൂപവൽക്കരിക്കേണ്ട ആവശ്യം സ്റ്റാലിൻ ഊന്നിപ്പറയുകയുണ്ടായി. 1935 ജൂലൈ, ആഗസ്‌ത് മാസങ്ങളിലാണ് ‘വേൾഡ് കോൺഗ്രസ് ഓഫ് ദ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ’ മോസ്‌കോയിൽ സംഘടിപ്പിച്ചത്. കൊമിന്റേണിന്റെ ഈ ഏഴാം കോൺഗ്രസിൽ ദിമിത്രോവിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1935 സെപ്തംബറിലാണ് ‘ദ യുണൈറ്റഡ് ഫ്രണ്ട് എഗൻസ്റ്റ് ഫാഷിസം’ എന്ന ലഘുലേഖ പുറത്തുവരുന്നത്. കൊമിന്റേൺ സമ്മേളനത്തിൽ ദിമിത്രോവ് നടത്തിയ പ്രഭാഷണവും അദ്ദേഹത്തിന്റെ മറ്റു രചനകളും ചേർത്ത് ഫാസിസത്തിനെതിരെയുള്ള ‘ജനകീയ മുന്നണി’യെക്കുറിച്ച് കൂടുതൽ പുറങ്ങളുള്ള കൃതിയും ലഭ്യമാണ്. അക്കാലത്ത് യൂറോപ്പിലും പുറത്തും പരക്കെ ചർച്ച ചെയ്യപ്പെട്ട ആശയമാണ് ഫാസിസത്തിനെതിരെയുള്ള ‘ജനകീയ മുന്നണി’. എന്നാൽ, ‘മ്യൂണിക് വഞ്ചന’ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഉടമ്പടി ഫാസിസ്റ്റ് പ്രീണനത്തിന്റെ അങ്ങേയറ്റമായിരുന്നു. 1938 സെപ്തംബർ 30ന് നാസി ജർമനിയും ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും മ്യൂണിക്കിൽ ഒപ്പുവച്ച കരാർ പ്രകാരം ചെക്കോസ്ലാവാക്യയുടെ ഭാഗമായ സുഡെറ്റൻലാൻഡ് ഹിറ്റ്‌ലർക്ക് തളികയിൽ വച്ചുകൊടുത്തു. ചെക്കോസ്ലാവാക്യയുടെ ബാക്കി ഭാഗം 1939 മാർച്ചിലും ജർമനി കൈയടക്കി.
‘1933നു ശേഷം മിക്ക പാശ്ചാത്യരാജ്യങ്ങളും ഏജൻസികളും സോവിയറ്റ് യൂണിയനെ അംഗീകരിച്ചെങ്കിലും അവയിൽ ചില രാജ്യങ്ങൾ ബോൾഷെവിസത്തെയാണ് സർവപ്രധാന പ്രതിയോഗിയായി കണ്ടിരുന്നത്. 1930കളുടെ മധ്യംവരെ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസസ് ‘ചുവപ്പു ഭീഷണി’ക്കുനേരെ അസാധാരണമായി ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇത്തരുണത്തിൽ എറിക് ഹോബ്സ്ബോമിന്റെ ‘ദ ഏജ് ഓഫ് എക്സ്ട്രീംസ്’ എന്ന ഗ്രന്ഥത്തിലെ നിരീക്ഷണം പ്രസക്തമാണ്: ‘ഒന്നാം ലോകയുദ്ധത്തിൽ വിജയികളായ ലിബറൽ ജനാധിപത്യരാഷ്ട്രങ്ങളുടെ വർധിതമായി ശ്രദ്ധ പിടിച്ചുപറ്റിയ ബലക്ഷയവും ഒറ്റയ്ക്കോ കൂട്ടായോ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിക്കാനുള്ള അവരുടെ അശക്തിയും അനിച്ഛയും മൊത്തത്തിൽ പാശ്ചാത്യ ലിബറലിസം നേരിട്ട പ്രതിസന്ധിയുമാണ് ഫാസിസ്റ്റ് ശക്തികളെ പരിപോഷിപ്പിച്ചത്. 1938ലെ മ്യൂണിക് ഉടമ്പടി, ഒരു വശത്ത് ഫാസിസ്റ്റുകളുടെ കൈയേറ്റവും ആക്രമണവും പ്രോത്സാഹിപ്പിക്കുന്നതും മറുവശത്ത് ഈ രാജ്യങ്ങളുടെ ഭീതിയും അതിൽനിന്ന് ഉളവായ വഴങ്ങൽ മനോഭാവവും കൃത്യമായി പ്രകടിപ്പിക്കുന്നതുമായിരുന്നു. മ്യൂണിക് എന്ന പദം, പാശ്ചാത്യ വ്യവഹാരത്തിൽ അതോടെ ചുണകെട്ട പിന്മാറ്റത്തിന്റെ പര്യായമായി. സോവിയറ്റ് യൂണിയന്റെ ജനപ്രീതിയുടെയും അതിനെ വിമർശിക്കാനുള്ള അവരുടെ വിമുഖതയുടെയും കാരണം, നാസി ജർമനിയോട് ആ രാജ്യം പ്രകടിപ്പിച്ച ഇടറാത്ത എതിർപ്പായിരുന്നു’ (പുറം, 146–- 147). 1939 ആഗസ്‌തിൽ സോവിയറ്റ് യൂണിയനും ജർമനിയും ഉണ്ടാക്കിയ അനാക്രമണസന്ധി അവരെ ഞെട്ടിച്ചു. ഇതിന്റെ പശ്ചാത്തലം ഹോബ്സ്ബാം വിവരിക്കുന്നത് ശ്രദ്ധേയമത്രേ: ‘1933നു ശേഷം മിക്ക പാശ്ചാത്യരാജ്യങ്ങളും ഏജൻസികളും സോവിയറ്റ് യൂണിയനെ അംഗീകരിച്ചെങ്കിലും അവയിൽ ചില രാജ്യങ്ങൾ ബോൾഷെവിസത്തെയാണ് സർവപ്രധാന പ്രതിയോഗിയായി കണ്ടിരുന്നത്. 1930കളുടെ മധ്യംവരെ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസസ് ‘ചുവപ്പു ഭീഷണി’ക്കുനേരെ അസാധാരണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്നും യൂറോപ്പിൽ പൊതുവിലും ബ്രിട്ടനിൽ പ്രത്യേകിച്ചുമുള്ള യാഥാസ്ഥിതിക പാർടികൾ ആഗ്രഹിച്ചത് ജർമൻ–- സോവിയറ്റ് യുദ്ധമാണ്. അത് രണ്ടു ശത്രുക്കളെയും പരിക്ഷീണമാക്കുമെന്നും ഒരുവേള തകർത്തുകളയുമെന്നും അവർ പ്രത്യാശിച്ചു. അതാണ് ഏറ്റവും നല്ല പരിഹാരമെന്ന് അവർ കരുതി. ബോൾഷെവിസത്തെ പരാജയപ്പെടുത്തിയശേഷം ക്ഷീണിച്ചു ക്ഷയിച്ച ജർമനി മോശം കാര്യമൊന്നുമല്ലെന്ന് അവർ വിലയിരുത്തി.’ (പുറം 150–- 151).
ഹോബ്സ്ബാം തുടരുന്നു: ‘1938–- 39 കാലത്ത് ഹിറ്റ്‌ലർ വിരുദ്ധ സഖ്യം അടിയന്തരമായ ഘട്ടത്തിൽപ്പോലും സോവിയറ്റ് യൂണിയനുമായി ഫലപ്രദമായ കൂടിയാലോചന നടത്താൻ പാശ്ചാത്യ സർക്കാരുകൾ വൈമനസ്യം കാണിച്ചു. ഹിറ്റ്‌ലറെ സോവിയറ്റ് യൂണിയൻ തനിച്ച് നേരിടേണ്ടിവരുമെന്ന ആശങ്കയാണ് 1939 ആഗസ്‌തിലെ മൊളോട്ടോവ്–- റിബൺട്രോപ് ഉടമ്പടിയിലേക്ക് ആത്യന്തികമായി സ്റ്റാലിനെ എത്തിച്ചത്. യുദ്ധത്തിൽനിന്ന് വിട്ടുനിന്നാൽ നാസി ജർമനിയും യൂറോപ്യൻ സാമ്രാജ്യത്വരാഷ്ട്രങ്ങളും തമ്മിലടിച്ച് പരസ്‌പരം ദുർബലമാകുമെന്നും സ്റ്റാലിൻ കരുതി’.
അനാക്രമണസന്ധിയുടെ കാലാവധി 10 വർഷമായിരുന്നെങ്കിലും 1941 ജൂണിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. 1941 ഡിസംബറിൽ ജപ്പാൻ അമേരിക്കയുടെ നാവികത്താവളമായ പേൾ ഹാർബറും ആക്രമിച്ചു. പേൾ ഹാർബർ ആക്രമണവും നാലുദിവസം കഴിഞ്ഞ് ജർമനി അമേരിക്കയ്ക്കെതിരെ യുദ്ധപ്രഖ്യാപനവും നടത്തിയില്ലായിരുന്നെങ്കിൽ വാഷിങ്ടൺ മിക്കവാറും തീർച്ചയായും രണ്ടാം ലോകയുദ്ധത്തിൽ ഭാഗഭാക്കാകുമായിരുന്നില്ലെന്നും ഹോബ്സ്ബോം നിരീക്ഷിക്കുന്നു. ബ്രിട്ടനോടും അമേരിക്കയോടും പശ്ചിമ യൂറോപ്പിൽ രണ്ടാം യുദ്ധമുഖം തുറക്കാനുള്ള സ്റ്റാലിന്റെ ആവർത്തിച്ചുള്ള ആവശ്യം നീട്ടി നീട്ടി കൊണ്ടുപോയതിന്റെ ചേതോവികാരം സാമാന്യ ചരിത്രധാരണയുള്ളവർക്കൊക്കെ അറിയാം. 1942–- 43ൽ നടന്ന അതിഭീകരമായ സ്റ്റാലിൻ ഗ്രാഡ് യുദ്ധത്തിലെ സോവിയറ്റ് വിജയം നാസി ജർമനിയുടെ മസ്‌തകത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. ആ യുദ്ധമാണ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതിവിഗതികൾ മാറ്റിമറിച്ചത്.
(മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)














