ad
Deshabhimani

Articles

സോഷ്യലിസത്തിന്റെ പ്രസക്തി

കേരള മനസ്സിൽ നിർമിക്കുന്ന 'സോഷ്യലിസ്റ്റ്' പാലങ്ങൾ

perumbalam and wayanad
avatar
പി ടി രാഹേഷ്

Published on Mar 07, 2026, 06:06 PM | 2 min read

സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ് യഥാർത്ഥ വികസനമെന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യലിസത്തിന്റെ പ്രസക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത് എന്നാണ് ഇതിൻ്റെ അർത്ഥം. ലോകത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും, സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയാണ് ഇന്ന് കൂടുതൽ ശക്തിയോടെ നിലനിൽക്കുന്നത്. ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിലും സമാനമായ സ്ഥിതിയാണുള്ളത്. പട്ടിണി റിപ്പബ്ലിക്കായി നിലനിൽക്കുകയും, ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്യുന്ന നാടായ ഇന്ത്യയിലെ സംസ്ഥാനത്തിന് എങ്ങനെയാണ് വ്യത്യസ്തമായി സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശിച്ച മമ്മൂട്ടി പറഞ്ഞത് ഇത് കേരളത്തിൻ്റെ സാമൂഹ്യ മൂലധനത്തിന്റെ ഉൽപ്പന്നമാണ് എന്നാണ്. മുതലാളിത്ത സമ്പത്ത് വ്യവസ്ഥ തുടരുന്ന ഒരു രാജ്യത്തിനുള്ളിൽ നിന്നുകൊണ്ട് മനുഷ്യ ജീവിതത്തെ മെച്ചപ്പെടുത്താൻ ആവശ്യമായ സാമൂഹ്യ മൂലധനം കണ്ടെത്തുന്നു എന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.


ലാഭാധിഷ്ഠിതമായ നയങ്ങളും പദ്ധതികളുമാണ് മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ കാതൽ. കോവിഡ് കാലത്ത് പോലും ദയാരഹിതമായ ഈ സാമ്പത്തിക നയം മുതലാളിത്ത രാജ്യങ്ങൾ പിന്തുടർന്നു. പതിനായിരത്തിലധികം മാത്രം വരുന്ന മനുഷ്യർ താമസിക്കുന്ന ഒരു ദ്വീപിലേക്ക് കായലിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിൽ നൂറ് കോടി ചിലവിൽ ഒരു പാലം നിർമിക്കുന്നത് മുതലാളിത്തത്തിന്റെ കണക്ക് പുസ്തകത്തിൽ നഷ്ട കച്ചവടമാണ്. അവസാനത്തെ മനുഷ്യന്റെയും ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ചിലവഴിക്കുന്ന പണം ഒരു നഷ്ടമല്ലെന്ന് കേരളത്തിന് പ്രഖ്യാപിക്കാനാവുന്നത് സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്നത് കൊണ്ടാണ്. കായലിനു പുറകെയുള്ള ഏറ്റവും നീളം കൂടിയ പാലമായ പെരുമ്പളം പാലം യാഥാർത്ഥ്യമാകുന്നത് കേരളമുയർത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് ചിന്താഗതിയുടെ മുകളിലാണ്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കൂമ്പിച്ചൽ കടവ് പാലം ഗോത്ര വിഭാഗങ്ങളിലെയും, മലയോര നിവാസികളുടെയും ജീവിതത്തിലേക്ക് പുതിയ വെളിച്ചം പകരുന്നതാണ്. കൊല്ലം ചവറയിലെ ഫാത്തിമ തുരുത്തിലേക്കുള്ള പാലം അരികു വൽക്കരിക്കപ്പെട്ട മനുഷ്യരെ മറുകരയിലേക്ക് എത്തിക്കണമെന്നുള്ള നിശ്ചയദാർഢ്യമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ജന്മംകൊണ്ട് തടവിലാക്കപ്പെട്ട മനുഷ്യരെ തുരുത്തുകളിൽ നിന്ന് ലോകത്തിൻ്റെ വിശാലതയിലേക്ക് കൂട്ടിക്കൊണ്ടു വരികയാണ് കേരള സർക്കാർ. വികസനമെന്നാൽ ഓരോ മനുഷ്യന്റെയും ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതും, ലോകത്തിലെ എല്ലാ സൗകര്യങ്ങളും അനുഭവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതുമാണ്.


ലോകം മുതലാളിത്തത്തിന്റെ തലവനായി ചമയയുകയും യുദ്ധത്തിന് കോപ്പ് കൂട്ടുകയും ചെയ്യുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മൂലധന സമാഹരണത്തിന്റെ രാഷ്ട്രീയ അനിവാര്യതയാണ് സാമ്രാജ്യത്വത്തിന്റെ സൈനികാധിപത്യം എന്നു പറഞ്ഞത് റോസാ ലക്സംബർഗാണ്. സൈനികാധിപത്യത്തിനും യുദ്ധോപകരണങ്ങളുടെ കച്ചവടത്തിനുമായി നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും, നിരപരാധികളായ മനുഷ്യരെയും കൊന്നൊടുക്കുകയാണ് ലോകം മുതലാളിത്തം. ഓരോ മിസൈലും ഇല്ലാതാക്കുന്നത് മനുഷ്യർ ഒരായുസ് കൊണ്ട് കെട്ടിപ്പൊക്കിയതും സമ്പാദിച്ചതുമാണ്. മനുഷ്യനിർമിതമായ ദുരന്തങ്ങളിൽ ജീവിതം നഷ്ടപ്പെടുന്നവർക്ക് പിന്നീടൊരു പുനരധിവാസവും മുതലാളിത്തത്തിൻ്റെ അജണ്ടയിലില്ല. പ്രകൃതി ഏൽപ്പിച്ച ആഘാതത്തിന്റെ ഭാഗമായുള്ള ദുരന്തങ്ങളിൽ പോലും ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ട മനുഷ്യരെ ചേർത്ത് പിടിച്ചു കൊണ്ടാണ് ഈ സാഹചര്യത്തിൽ സോഷ്യലിസം മാനവികത ഉയർത്തിപ്പിടിക്കുന്ന പക്ഷമായി മാറുന്നത്. കേരളത്തിലെ വയനാട്ടിൽ സാമൂഹ്യ മൂലധനം സ്വരൂപിച്ച് പുനരധിവാസത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിച്ച ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കേരളം. പട്ടിണി കിടക്കുന്ന മനുഷ്യനെ തിരഞ്ഞു കണ്ടു പിടിച്ച് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയത് ഈ ഭൂമിയിൽ സോഷ്യലിസം ഉയർത്തിപ്പിടിക്കുന്ന രാജ്യമായ ചൈനയും പിന്നീട് കേരളവുമാണ്. ലോകത്തിനൊപ്പം കുതിക്കാനുള്ള നവ കേരളത്തിൻ്റെ തയ്യാറെടുപ്പിൽ കൂടെ ചേരാനാവാതെ കരഞ്ഞു കണ്ണു കലങ്ങിയ ഒറ്റപ്പെട്ട ഒരു മനുഷ്യ സമൂഹവും ഉണ്ടാവില്ലെന്ന് കേരളം ഇച്ഛാശക്തിയോടെ പ്രഖ്യാപിക്കുകയാണ്. പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോവുകയും, ഓടിയെത്താൻ കഴിയാതെ പോവുകയും ചെയ്ത മനുഷ്യർക്കായി കേരളം മാനവികതയുടെയും സോഷ്യലിസത്തിന്റെയും പില്ലറുകൾക്ക് മുകളിൽ ജീവിതയാത്രയുടെ വേഗത വർധിപ്പിക്കാനായുള്ള പാലം നിർമിക്കുകയാണ്. എവിടെയും കെട്ടി നിൽക്കാതെ കേരള ജനതയുടെ ജീവിതം മുന്നോട്ടൊഴുകുകയാണ്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home