സാമൂഹ്യസുരക്ഷയും ക്ഷേമവും അവകാശമാണ്


എൻ ചന്ദ്രൻ
Published on Aug 12, 2026, 01:30 AM | 3 min read
‘എന്തെങ്കിലും സംശയം തോന്നുമ്പോൾ, നിങ്ങൾ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദരിദ്രനും നിസ്സഹായനുമായ മനുഷ്യന്റെ മുഖം ഓർക്കുക. നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം ആ മനുഷ്യന് എത്രത്തോളം ഉപകാരപ്പെടുമെന്ന് സ്വയം ചോദിക്കുക.’ - മഹാത്മാഗാന്ധി
സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ, മുഖ്യമന്ത്രി വി ഡി സതീശൻ വിസ്മരിക്കുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെത്തന്നെയാണ്. മോദിയേക്കാൾ വലിയ ആർഎസ്എസ് ഭക്തിയോടെയാണ് സതീശൻ സർക്കാർ നയങ്ങളും നിലപാടുകളും എടുക്കുന്നത്. ഓണക്കാലത്ത് റേഷനരിയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതും സ്ത്രീസുരക്ഷാ പദ്ധതി ഇല്ലാതാക്കിയതും പൊതുജനാരോഗ്യസംവിധാനം തകർക്കാൻ ശ്രമിക്കുന്നതും കടലിന്റെയും കാടിന്റെയും മണ്ണിന്റെയും മക്കളെ കൈയൊഴിയുന്നതും ഗാന്ധിഘാതകരുമായി കൂട്ടുകൂടി, കോർപറേറ്റ് സേവ നടത്തുമ്പോഴാണ്. അപ്പോൾ ദരിദ്രമനുഷ്യരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കില്ല.
നായനാർ സർക്കാരാണ് 1980ൽ കർഷകത്തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. 45 രൂപയായിരുന്നു ആദ്യ പെൻഷൻതുക. അന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും പ്രതിപക്ഷനേതാവുമായിരുന്ന കെ കരുണാകരൻ നിയമസഭയിൽ പറഞ്ഞത്, കർഷകത്തൊഴിലാളി പെൻഷൻ പ്രായോഗികമല്ലാത്ത പദ്ധതിയാണെന്നാണ്. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് ഉൽപ്പാദനക്ഷമമല്ലാത്ത കാര്യമാണെന്നും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സംസ്ഥാന സർക്കാർ ഇത്തരം ‘മത്താപ്പ് കത്തിക്കരുത്’ എന്നുമാണ്. സിപിഐ എം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർക്കുമാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂവെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടുത്തിയ ബജറ്റ് നിർദേശങ്ങളെ നിയമസഭയിൽ ശക്തിയായി എതിർത്തു. അതിന്റെ തുടർച്ചയെന്നപോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ നിലവിലുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകാതിരിക്കാൻ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്ന സംവിധാനം ഇല്ലാതാക്കുന്നത്. 2000 രൂപയിലേക്ക് ക്ഷേമ പെൻഷൻതുക വർധിപ്പിക്കുന്നതിന് മുൻകൈയെടുത്ത എൽഡിഎഫ് സർക്കാരുകളും ആരംഭകാലംതൊട്ടേ ക്ഷേമ പെൻഷന് എതിരായിനിൽക്കുന്ന യുഡിഎഫും തമ്മിലുള്ള അന്തരമാണ് ഇവിടെ കാണാനാകുന്നത്.
ക്ഷേമ പെൻഷൻ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പ് സാമൂഹ്യ ക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ എത്തിക്കില്ലെന്ന ഉത്തരവ് പുറത്തിറക്കിയത്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കുക എന്ന ആർഎസ്എസ് അജൻഡ പ്രാവർത്തികമാക്കാനും യുഡിഎഫ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിൽ എത്തിയപ്പോഴെല്ലാം ക്ഷേമ പെന്‍ഷന്‍തുക വര്‍ധിപ്പിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് പ്രകടനപത്രികയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളെല്ലാം 1000 രൂപയാക്കി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകി. തുടർന്ന് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ 1600 രൂപയാക്കി വർധിപ്പിച്ചു. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 33.99 ലക്ഷം ഗുണഭോക്താക്കൾക്കാണ് സാമൂഹ്യസുരക്ഷാ പെന്ഷന് നൽകിയിരുന്നത്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേറെയായി. പാവപ്പെട്ട ജനവിഭാഗങ്ങൾക്കെല്ലാം കൈത്താങ്ങൊരുക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായപ്പോഴാണ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർധനയുണ്ടായത്.
സാമൂഹ്യക്ഷേമ പെൻഷൻ മാസംതോറും ലഭ്യമാക്കണമെന്നതും എൽഡിഎഫിന്റെ നിലപാടായിരുന്നു. നേരത്തേ യുഡിഎഫ് ഭരണകാലങ്ങളിൽ 28 മാസവും 18 മാസവുമൊക്കെ ക്ഷേമ പെൻഷൻ കുടിശ്ശികയാക്കിയിരുന്നു. യുഡിഎഫിന്റെ ആ രീതി തിരുത്തിക്കുറിക്കാൻ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം പരിശ്രമിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ചുനൽകുമെന്നത്. ആവശ്യപ്പെട്ട എല്ലാവർക്കും സഹകരണ ബാങ്കുകൾവഴി പെൻഷൻ വീട്ടിലെത്തിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. പെൻഷൻ നൽകാൻ പണം കണ്ടെത്താനാണ് കോവിഡ് കാലത്ത് കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന പേരിൽ പെൻഷൻ കമ്പനി രൂപീകരിച്ചത്. അതുവഴി പെൻഷൻ സുഗമമായി വിതരണം ചെയ്തപ്പോൾ യുഡിഎഫിനും ബിജെപിക്കും സഹിച്ചില്ല. യുഡിഎഫിന്റെ ഒത്താശയിലാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ പെൻഷൻ കമ്പനിയുടെ പ്രവർത്തനം തടഞ്ഞത്. എന്നിട്ടും ക്ഷേമ പെൻഷൻ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുമെന്ന ഇച്ഛാശക്തിയോടെ എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയി. ആ സംവിധാനത്തെയാകെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നടത്തുന്നത്.
കിടപ്പുരോഗികൾക്കുംമറ്റും വീട്ടിലെത്തിക്കാനും ബാക്കി ബഹുഭൂരിപക്ഷത്തിനും വാണിജ്യ ബാങ്ക് അക്കൗണ്ടുകൾവഴി ക്ഷേമ പെൻഷൻ നൽകാനുമാണ് ധനവകുപ്പിന്റെ ഉത്തരവിലുള്ളത്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളിലൂടെ പെൻഷൻ വിതരണം ചെയ്യുമെന്നു പറയുമ്പോൾ, ഗ്യാസ് സബ്സിഡിയും വളം സബ്സിഡിയും ഡിബിടി സംവിധാനംവഴി വിതരണം ചെയ്യുമെന്ന കേന്ദ്രപ്രഖ്യാപനം കബളിപ്പിക്കലായി മാറിയ അനുഭവം മുന്നിലുണ്ട്. വയോധികർ ഇനി ക്ഷേമ പെൻഷൻ വാങ്ങാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് ബാങ്കുകളിൽ എത്തേണ്ടിവരും. അതിനുള്ള യാത്രക്കൂലിയുംമറ്റും ആര് വഹിക്കും? വാണിജ്യ ബാങ്കുകളിൽ മണിക്കൂറുകളോളം വരിനിൽക്കേണ്ട ഗതികേടിലേക്കാണ് പാവങ്ങളെ തള്ളിയിടുന്നത്. മാത്രമല്ല, ബയോമെട്രിക് പ്രശ്നങ്ങളും ആധാർ ലിങ്കിങ് പരാജയങ്ങളും പോലുള്ള സാങ്കേതികപ്രശ്നങ്ങൾ കാരണം പലർക്കും ക്ഷേമ പെൻഷൻ കിട്ടാക്കനിയാകും. വാണിജ്യ ബാങ്കുകൾ മിനിമം ബാലൻസ് പിഴ, എസ്എംഎസ് ചാർജ് തുടങ്ങിയവയുടെ പേരിൽ പാവപ്പെട്ടവന്റെ തുച്ഛമായ പെൻഷൻതുകയിൽനിന്ന് പിഴിച്ചിൽ നടത്തും.
കേന്ദ്രം അനുശാസിക്കുന്ന ഡിബിടി മാനദണ്ഡം പാലിക്കാനാണ് നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കുന്നതെന്ന് ധനവകുപ്പ് ഉത്തരവിൽ പറയുന്നു. കേന്ദ്രത്തിൽനിന്ന് കേരളത്തിലേക്ക് നാമമാത്രമായ സഹായം ലഭിക്കുന്നത് 8.5 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്കാണ്. ബാക്കി ഭൂരിപക്ഷത്തിനും കരുതലേകാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണ്. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോഴും ഇത്തരം ഉമ്മാക്കികളുമായി കേന്ദ്രം വന്നിരുന്നു. അവർക്ക് കൃത്യമായ മറുപടി കൊടുക്കാനുള്ള നട്ടെല്ലുറപ്പ് ആ സർക്കാരിനുണ്ടായിരുന്നു. അത്തരമൊരു നിലപാട് ആർഎസ്എസിന് ചാമരം വീശുന്ന വി ഡി സതീശന്റെ സർക്കാരിൽനിന്ന് പ്രതീക്ഷിക്കാനാകില്ല. പാവങ്ങൾക്ക് അവകാശപ്പെട്ട സാമൂഹ്യസുരക്ഷാ- ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള നീക്കം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങളും നവഉദാര നയങ്ങളും പാവങ്ങളുടെ നെഞ്ചിലേക്ക് ഇറക്കിവയ്ക്കാൻ ശ്രമിച്ചാൽ എല്ലാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളും യുഡിഎഫ് സർക്കാരിനെതിരെ സമരമുഖത്തേക്ക് വരും.
(കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)














