കൈക്കൂലിയല്ല കൈത്താങ്ങാണ്


ടി പി രാമകൃഷ്ണൻ
Published on Jun 08, 2025, 10:54 PM | 4 min read
കേരളീയ സമൂഹത്തിന്റെ ജീവിതത്തിൽ സാമൂഹ്യപെൻഷനുകൾ വലിയ പങ്കാണ് വഹിക്കുന്നത്. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണമാണ് ഇതുവഴി സാധ്യമാകുന്നത്. ഇത്തരമൊരു പ്രക്രിയ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് അതിന്റെ വർഗപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വീക്ഷണഗതിയാണ് എൽഡിഎഫ് സർക്കാരിനെ ജനപക്ഷത്ത് ഉറപ്പിച്ചുനിർത്തുന്നത്.
1980ൽ നായനാർ സർക്കാരാണ് ഇന്ത്യയിലാദ്യമായി സാമൂഹ്യക്ഷേമ പെൻഷൻ നടപ്പാക്കുന്നത്. അന്ന് മാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് നടപ്പാക്കി. ഈ സമ്പ്രദായം പ്രത്യുൽപ്പാദനപരമല്ലെന്ന നിലപാടുയർത്തി കോൺഗ്രസ് ശക്തമായി എതിർത്തു. കൃഷിക്കാരും കർഷകത്തൊഴിലാളികളും സമൂഹത്തിന് ‘അന്നം' നൽകുന്നവരാണ്. അവരുടെ ജീവിതാവസാനകാലത്ത് സ്വന്തമായി വരുമാനം ലഭിക്കുന്നത് വിവരണാതീതമായ ആശ്വാസമാണ് പകർന്നുനൽകുന്നത്. ഈ നിലപാടിൽ അന്നത്തെ നായനാർ സർക്കാർ ഉറച്ചുനിന്നു.
പിന്നീട് 2016 വരെ വിവിധ ജനവിഭാഗങ്ങൾക്ക് പെൻഷൻ അനുവദിക്കപ്പെട്ടു. 2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. അന്ന് സാമൂഹ്യപെൻഷൻ ലഭ്യമാകുന്ന എല്ലാവരുടെയും പെൻഷൻ 600 രൂപയായിരുന്നു. 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ കുടിശ്ശിക പൂർണമായും കൊടുത്തുതീർത്തു. സർക്കാരിന്റെ ജനകീയ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ക്ഷേമത്തിലൂന്നിയ വികസനവും വളർച്ചയുമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. സമ്പൂർണമായും ക്ഷേമ സംസ്ഥാനമാക്കി മാറ്റുകയെന്ന നിലപാടാണ് ഇതിന്റെ അടിസ്ഥാനം.
നമ്മുടെ സംസ്ഥാനം എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഒരുക്കുന്നു. ‘എല്ലാവർക്കും വീട്' എന്ന ലക്ഷ്യമാണ് ലൈഫ് പാർപ്പിട പദ്ധതി. സമ്പൂർണ ദാരിദ്യനിർമാർജനം, സാർവത്രിക ആരോഗ്യ ഇൻഷുറൻസ് എന്നിവ കേരളത്തിന്റെ ക്ഷേമപദ്ധതിയിൽ പ്രധാനമാണ്.

തൊഴിലില്ലായ്മ പൂർണമായും പരിഹരിക്കുന്ന സംസ്ഥാനമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൻകിട വികസന പദ്ധതികൾ ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത്. അവശരും അശരണരും വാർധക്യത്തിന്റെ പ്രയാസം നേരിടുന്നവരുമായ ജനവിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ഊന്നൽ നൽകുന്നു. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപെൻഷൻ വിപുലീകരിക്കാനും വർധിപ്പിക്കാനും അതീവ ശ്രദ്ധ ചെലുത്തുന്നത്. ജനനന്മ ലക്ഷ്യമാക്കി സ്വീകരിക്കുന്ന ഈ നടപടികൾ ലോക ശ്രദ്ധയിൽ ഇതിനകം സ്ഥാനം പിടിച്ചിട്ടുണ്ട്.
കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യപെൻഷൻ, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവയാണ് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായി ലഭിക്കുന്നത്. ഇതിനു പുറമെ കർഷകർ, ക്ഷീര കർഷകർ, മത്സ്യത്തൊഴിലാളികളടക്കം വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കും വ്യാപാരികൾ തുടങ്ങിയ വിഭാഗങ്ങൾക്കും പെൻഷൻ ലഭ്യമാകുന്നുണ്ട്. പെൻഷൻ നൽകാൻ മതിയായ സാമ്പത്തിക ബലമില്ലാത്ത മേഖലകളിലെല്ലാം സർക്കാരാണ് അത് നൽകുന്നത്. മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ 62 ലക്ഷം പേരാണുള്ളത്. ഗുണഭോക്താക്കളിൽ 63 ശതമാനം പേർ വനിതകളാണ്. എല്ലാമാസവും ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ മസ്റ്ററിങ് നടത്താനുള്ള സൗകര്യം നിലവിലുണ്ട്. ഇത്തരത്തിൽ മസ്റ്ററിങ് നടത്തുന്ന ഏതൊരാളും ആ മാസംമുതൽ പെൻഷൻ ലഭിക്കാൻ അർഹരാണ്.

സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ 98 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. രണ്ടുശതമാനം വരുന്ന നാമമാത്രമായ വിഹിതമാണ് കേന്ദ്രസർക്കാർ നൽകുന്നത്. വാർധക്യകാല പെൻഷൻ, വിധവാപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ് നാമമാത്ര കേന്ദ്രപെൻഷൻ ലഭിക്കുന്നത്. അതായത് ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. 79 വയസ്സുവരെയുള്ളവർക്കുള്ള വാർധക്യകാല പെൻഷൻ തുകയായ 1600 രൂപയിൽ 200 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്ര വിഹിതം 500 രൂപയാണ്. ഭിന്നശേഷിക്കാർക്കുള്ള വിഹിതം 300 രൂപയാണ്. വിധവകൾക്കുള്ള പെൻഷനിൽ 300 രൂപമാത്രമാണ് കേന്ദ്ര വിഹിതം. ഇതും സംസ്ഥാനത്തിന് കൃത്യമായി ലഭിക്കുന്നില്ല. കേന്ദ്രവിഹിതം യഥാസമയം ലഭിക്കാത്തതുമൂലമുള്ള അധികബാധ്യതയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ക്ഷേമപെൻഷൻ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവർഷം 25,000 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധി ഒരുലക്ഷം രൂപയാണ്.
2016നും 2024നും ഇടയിൽ പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1600 രൂപയായി വർധിപ്പിച്ചു. 2016 വരെ നൽകിയ പെൻഷൻ വിഹിതത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 100 രൂപ മാത്രമാണ് വർധിപ്പിച്ചത്. ഇപ്പോൾ ലഭിച്ചുവരുന്ന 1600ൽ 1500 രൂപയും നൽകിയത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണ്. ഈ യാഥാർഥ്യം മറച്ചുവയ്ക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി, തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന കൈക്കൂലിയായാണ് പെൻഷനെ വിശേഷിപ്പിച്ചത്. ഈ ജനവിരുദ്ധ പ്രസ്‌താവന കോൺഗ്രസിന്റെ പല മുതിർന്ന നേതാക്കളും ന്യായീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഈ നിലപാട് ജനക്ഷേമ നടപടികളിലുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നതാണ്. കർഷക തൊഴിലാളി പെൻഷൻമുതൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലെല്ലാം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തനിനിറം വ്യക്തമാക്കുന്നതാണ്. അതേസമയം, എൽഡിഎഫ് സർക്കാർ നിലവിലുള്ള പെൻഷനും വർധിപ്പിക്കുമെന്ന് അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു. ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം.

ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കോർപറേറ്റുവൽക്കരണത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. ഈ പ്രശ്‌നത്തിലെല്ലാം ലീഗിന്റെ തനത് നിലപാട് വ്യക്തമാക്കാൻ അവരുടെ നേതൃത്വം തയ്യാറാകുന്നില്ല. 2011–- 16ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഇനത്തിൽ ആകെ 9011 കോടി രൂപയാണ് നൽകിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതുവരെയായി 37,582 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെതിരായി നടത്തുന്ന സാമ്പത്തിക ഉപരോധം തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അഞ്ച് ഗഡു പെൻഷൻ കുടിശ്ശികയായി. ഈ സന്ദർഭത്തിൽ എൽഡിഎഫ് സർക്കാരിനെതിരായി നടന്ന പ്രചാരണം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. മുൻ യുഡിഎഫ് കാലങ്ങളിൽ പെൻഷൻ നൽകുന്നതിന് വ്യക്തമായ വ്യവസ്ഥ ഉണ്ടായിരുന്നില്ല. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ജനങ്ങൾക്കുവേണ്ടി വിപണി സജീവമാക്കുകയെന്ന ലക്ഷ്യംകൂടിവച്ച് ഓരോ മാസത്തെയും പെൻഷൻ അതത് മാസം ജനങ്ങളുടെ കൈയിലെത്തിക്കാൻ ശ്രമിച്ചു. അങ്ങേയറ്റം ദുരിതപൂർണമായ സമയത്തും പെൻഷൻ ബന്ധപ്പെട്ടവരുടെ കൈയിലെത്തിക്കാൻ സർക്കാർ നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ ഘട്ടത്തിൽ കേന്ദ്രത്തിൽനിന്ന് അർഹമായ തുക നേടിയെടുക്കാൻ ഒരു പിന്തുണയും യുഡിഎഫ് സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ക്ഷേമപെൻഷൻ കുടിശ്ശികയിൽ മൂന്ന് ഗഡു നൽകി. ബാക്കി രണ്ട് ഗഡു ഈ വർഷംതന്നെ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഓരോ മാസത്തെ പെൻഷനും അതത് മാസംതന്നെ നൽകി വരികയാണ്.
ഈ ഘട്ടത്തിലാണ് പെൻഷൻ വാങ്ങുന്ന 62 ലക്ഷംപേരെയും കേരള ജനതയെയും അപമാനിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം ജനവിരുദ്ധ ജൽപ്പനങ്ങൾ നടത്തിയത്. നിലമ്പൂർ മണ്ഡലത്തിൽ വോട്ട് ലക്ഷ്യംവച്ചുകൊണ്ട് നടത്തിയ ആരോപണങ്ങൾ അവിടത്തെ വോട്ടർമാർ ഒന്നിച്ച് തിരസ്‌കരിക്കും. കറകളഞ്ഞ രാഷ്ട്രീയത്തിന്റെയും ജനകീയ പ്രതിബദ്ധതയുടെയും പ്രതീകമായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം സ്വരാജിനെ വൻഭൂരിപക്ഷം നൽകി നിലമ്പൂരിലെ വോട്ടർമാർ വിജയിപ്പിക്കുകതന്നെ ചെയ്യും. ഈ ചരിത്രവിധിയിൽ പങ്കാളികളാകാൻ നിലമ്പൂരിലെ എല്ലാവിഭാഗം ജനങ്ങളോടും അഭ്യർഥിക്കുന്നു.















