എസ്‌ഐആറിൽ തിളച്ചുമറിഞ്ഞ് ബംഗാൾ

എം പ്രശാന്ത്
Published on Apr 09, 2026, 11:17 PM | 3 min read
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിരക്കിട്ട് നടപ്പാക്കിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനാ പ്രക്രിയയിൽ (എസ്‌ഐആർ) തിളച്ചുമറിയുകയാണ് ബംഗാൾ രാഷ്ട്രീയം. എസ്‌ഐആർ പ്രക്രിയയ്‌ക്കുമുമ്പുള്ള ബംഗാൾ വോട്ടർപ്പട്ടികയിൽ 7.66 കോടി വോട്ടർമാരുണ്ടായിരുന്നു. എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കിയ പുതുക്കിയ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടത് 6.77 കോടി പേർമാത്രം. 91 ലക്ഷം പേരെയാണ് എസ്‌ഐആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടികയിൽനിന്ന് നീക്കിയത്.
എസ്‌ഐആറിനുശേഷം 60 ലക്ഷം വോട്ടർമാരെ സംശയപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവരുടെ രേഖകളുംമറ്റും പരിശോധിച്ച് തീരുമാനമെടുക്കാൻ സുപ്രീംകോടതി ജുഡീഷ്യൽ സംവിധാനത്തിന് രൂപംനൽകിയിരുന്നു. സംശയപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 27 ലക്ഷംപേർ (45 ശതമാനം) അന്തിമപട്ടികയിൽനിന്ന് പുറത്തായി. ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. ബംഗ്ലാദേശിൽനിന്ന് കുടിയേറിയ പട്ടികവർഗ വിഭാഗക്കാരായ മതുവാകളും വലിയതോതിൽ വോട്ടർപ്പട്ടികയിൽനിന്ന് നീക്കംചെയ്യപ്പെട്ടു.
സംശയപ്പട്ടികയിൽനിന്ന് നീക്കംചെയ്യപ്പെട്ടവരിൽ 4.55 ലക്ഷംപേർ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മൂർഷിദാബാദ് ജില്ലയിലാണ്. ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മാൾഡയിൽ 2.4 ലക്ഷംപേരും നാദിയയിൽ 2.08 ലക്ഷംപേരും പട്ടികയിൽനിന്ന് പുറത്തായി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന നോർത്ത് 24 പർഗാനയിൽ 3.26 ലക്ഷംപേരും സൗത്ത് 24 പർഗാനയിൽ 2.23 ലക്ഷംപേരും പുറത്തായി. ഉത്തർ ദിനാജ്‌പുരിൽ 1.77 ലക്ഷംപേരെയും കുച്ച്‌ബിഹാറിൽ 1.21 ലക്ഷംപേരെയും പട്ടികയിൽനിന്ന് നീക്കി.
ബംഗാൾ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾമാത്രം ശേഷിക്കെ എസ്‌ഐആർ പ്രക്രിയയെ ചുറ്റിയാണ് സംസ്ഥാനരാഷ്ട്രീയം കറങ്ങുന്നത്. ബിജെപിയുടെ രാഷ്ട്രീയ അജൻഡയാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയതെന്ന വിമർശമാണ് തൃണമൂൽ കോൺഗ്രസും സിപിഐ എമ്മും ഉയർത്തുന്നത്. വോട്ടർമാരെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ഇടതുപക്ഷ മുന്നണി മുന്നോട്ടുവയ്‌ക്കുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയാണ് സിപിഐ എം ഇക്കാര്യത്തിൽ മാതൃകയാക്കുന്നത്. കേരളത്തിൽ വോട്ടർമാരെ സംരക്ഷിച്ചുനിർത്താൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചെങ്കിൽ എന്തുകൊണ്ട് ബംഗാളിലെ തൃണമൂൽ സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്ന ചോദ്യമാണ് സിപിഐ എം ഉയർത്തുന്നത്. എസ്‌ഐആർ വിഷയം ഉയർത്തി സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾക്കും സിപിഐ എം ആഹ്വാനം ചെയ്‌തുകഴിഞ്ഞു.
എസ്‌ഐആറിലൂടെ 91 ലക്ഷംപേരെ ഒഴിവാക്കിയതിന്റെ ആഹ്ലാദത്തിലാണ് മുഖ്യപ്രതിപക്ഷമായ ബിജെപി. പുറത്താക്കപ്പെട്ടവരെല്ലാം നുഴഞ്ഞുകയറ്റക്കാരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇവരെയെല്ലാം ബംഗാളിൽനിന്ന് തുരത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രഖ്യാപനം. നുഴഞ്ഞുകയറ്റ ആരോപണം ഉയർത്തി പരമാവധി വർഗീയധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം.
15 വർഷമായി തുടരുന്ന തൃണമൂൽ ഭരണത്തിനെതിരായി കടുത്ത ജനവികാരം സംസ്ഥാനത്തുണ്ട്. സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. തൃണമൂൽ ഭരണത്തിൽ എല്ലാ മേഖലകളിലേക്കും അഴിമതി പടർന്നു. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയാണ് തൃണമൂൽ സർക്കാരിനെ ഏറ്റവും പ്രതിക്കൂട്ടിലാക്കിയത്. മുൻ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജിയുടെ വസതിയിൽനിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. 2500 അധ്യാപകരുടെ നിയമനം സുപ്രീംകോടതി റദ്ദുചെയ്‌തു. റേഷൻ കുംഭകോണവും ബംഗാളിലെ സജീവ ചർച്ചാവിഷയമാണ്. പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ വലിയ തോതിൽ കരിഞ്ചന്തയിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം. കേസിൽ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെയും തൃണമൂൽ നേതാക്കൾ വ്യാപകമായി അഴിമതി നടത്തി.
സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടിയതും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ പലായനം വ്യാപകമായി തുടരുന്നതുമെല്ലാം ഇടതുപക്ഷ മുന്നണി പ്രചാരണവിഷയങ്ങളാക്കുന്നുണ്ട്. സിപിഐ, ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് കക്ഷികൾക്കുപുറമെ സിപിഐ എംഎല്ലും ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്‌എഫ്) പാർടിയും മുന്നണിക്കൊപ്പമുണ്ട്. ജനകീയവിഷയങ്ങൾ ഉയർത്തി പരമാവധി വോട്ടുനില ഉയർത്തി ബംഗാളിൽ തിരിച്ചുവരവിനാണ് ഇടതുപക്ഷ മുന്നണിയുടെ ശ്രമം. കോൺഗ്രസ് തനിച്ച് 280 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ തേരോട്ടം
ഡിഎംകെയും ഇടതുപക്ഷ പാർടികളും കോൺഗ്രസും ഡിഎംഡികെയും വിസികെയുമടക്കം 14 കക്ഷികൾ ഉൾപ്പെടുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ ഭരണത്തുടർച്ചയ്‌ക്കുള്ള സാഹചര്യങ്ങളാണ് തമിഴ്‌നാട്ടിൽ ഉരുത്തിരിയുന്നത്. എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യമാണ് ഡിഎംകെ മുന്നണിക്ക് വെല്ലുവിളി ഉയർത്തുന്നത്. തമിഴ് മാനില കോൺഗ്രസ്, ടി ടി വി ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകം, അൻപുമണി രാംദോസിന്റെ പിഎംകെ തുടങ്ങി 12 പാർടികൾ എൻഡിഎ സഖ്യത്തിലുണ്ട്. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിലെ 234 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണനേട്ടങ്ങൾ ഉയർത്തിയാണ് ഡിഎംകെ സഖ്യത്തിന്റെ പ്രചാരണം. ഒപ്പം ബിജെപിയുടെ വർഗീയരാഷ്ട്രീയത്തെ മതനിരപേക്ഷതയും ദ്രാവിഡരാഷ്ട്രീയവും ഉയർത്തി പ്രതിരോധിക്കുന്നുമുണ്ട്. സൗജന്യ ബസ്‌യാത്ര, സ്‌ത്രീകൾക്ക് മാസംതോറും 1000 രൂപ തുടങ്ങി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഡിഎംകെ മുന്നണി വീണ്ടും വോട്ട് തേടുന്നത്. എല്ലാ കുടുംബങ്ങൾക്കും 8000 രൂപയുടെ വാർഷിക കൂപ്പൺ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ഡിഎംകെ നടത്തിയിട്ടുണ്ട്. കേരള സർക്കാരിനെപ്പോലെ കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടിയാണ് ഡിഎംകെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കിയത്. ഫെഡറൽ തത്വങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ടതും ഭരണമുന്നണിയിലെ കക്ഷികൾ വോട്ടർമാരോട് വിശദീകരിക്കുന്നു. സീറ്റുവിഭജനത്തെ ചൊല്ലി കോൺഗ്രസുമായി തുടക്കത്തിലുണ്ടായ അസ്വാരസ്യം പരിഹരിച്ച് ഐക്യത്തോടെയാണ് ഡിഎംകെ മുന്നണി നീങ്ങുന്നത്. 164 സീറ്റിലാണ് ഡിഎംകെ മത്സരിക്കുന്നത്. കോൺഗ്രസ് 28, ഡിഎംഡികെ 10, വിസികെ 8, സിപിഐ എമ്മും സിപിഐയും അഞ്ചുവീതവും സീറ്റുകളിൽ മത്സരിക്കുന്നു. സഖ്യത്തിലെ മറ്റു പാർടികൾക്കെല്ലാമായി 14 സീറ്റുണ്ട്. മുൻ മുഖ്യമന്ത്രി ഒ പന്നീർശെൽവവും ഡിഎംകെ മുന്നണിയിലുണ്ട്.
2023ൽ തെറ്റിപ്പിരിഞ്ഞ എഐഎഡിഎംകെയും ബിജെപിയും തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കൈകോർത്തു. മുന്നണിയിൽ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ശക്തമാണ്. ബിജെപിയുടെ വർഗീയ–വിഘടിത രാഷ്ട്രീയത്തോട് പൂർണമായും ഒത്തുപോകാൻ എഐഎഡിഎംകെ പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. ദ്രാവിഡരാഷ്ട്രീയത്തോടും സംസ്‌കാരത്തോടുമുള്ള ബിജെപിയുടെ ആശയപരമായ ചേർച്ചക്കുറവും മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്നു. എഐഎഡിഎംകെയെ ക്രമേണ ഇല്ലാതാക്കി തമിഴ്‌നാട്ടിലെ പ്രതിപക്ഷ ഇടത്തിലേക്ക് കടന്നുകയറുകയെന്നതാണ് ബിജെപിയുടെ ദീർഘകാല ലക്ഷ്യം. മുന്നണിയിൽ എഐഎഡിഎംകെ 167 സീറ്റിലും ബിജെപി 28 സീറ്റിലുമാണ് മത്സരിക്കുന്നത്. ജയലളിതയുടെ മരണത്തോടെ ദുർബലപ്പെട്ട അടിത്തറ തിരിച്ചുപിടിക്കുകയെന്ന ഭാരിച്ച വെല്ലുവിളിയാണ് എഐഎഡിഎംകെ നേരിടുന്നത്.
നടൻ വിജയ് റാലികൾക്കും റോഡ് ഷോകൾക്കും ആളെ കൂട്ടുന്നുണ്ടെങ്കിലും അതെല്ലാം വോട്ടായി മാറാൻ സാധ്യത കുറവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. തമിഴ്‌നാടിനെ മുന്നോട്ടുനയിക്കാൻ പുതിയൊരു നേതാവും പാർടിയും അനിവാര്യമാണെന്ന പ്രചാരണത്തിലാണ് വിജയ് ഉൗന്നുന്നത്. പക്ഷേ, വിജയം ഏതാനും സീറ്റുകളിലേക്ക് ചുരുങ്ങുമെങ്കിലും ആ പാർടി പിടിക്കുന്ന വോട്ടുകളാകും പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുക.
















