Deshabhimani

എസ്‌ഐആർ എന്ന രാഷ്‌ട്രീയ അജൻഡ

SIR
avatar
ടി പി കുഞ്ഞിക്കണ്ണന്‍

Published on Nov 18, 2026, 01:00 AM | 4 min read

കേന്ദ്രസർക്കാരും ബിജെപിയും വിഭാവനം ചെയ്യുന്ന വിശാലമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്‌ എസ്‌ഐആർ. സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികത്തിൽ ബ്രാഹ്മണ്യ ഹിന്ദുത്വം നേതൃത്വം നൽകുന്ന, രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ആ അജൻഡ. മറ്റൊരർഥത്തിൽ, ഇന്ത്യയെ കോർപറേറ്റ് നിയന്ത്രിത മതരാഷ്ട്രമാക്കി മാറ്റുക. ഈ അജൻഡയുടെ ഇന്നത്തെ ചുരുക്കപ്പേരാണ് "വികസിത് ഭാരത്' (വിബി) എന്നുള്ളത്. അതിനുവേണ്ടിയാണ് ഉന്നതവിദ്യാഭ്യാസത്തെ കുളംതോണ്ടുന്ന വിബിഎസ്‌എയിലായാലും തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്ന വിബിജിആർഎഎംജിയിലായാലുമെല്ലാം ‘വിബി’ എന്ന പദം നിലകൊള്ളുന്നത്.


​രാഷ്ട്രീയപദ്ധതി


ഇത് നടപ്പാക്കണമെങ്കിൽ ബിജെപിക്ക് ഭരണത്തുടർച്ചയും അധികാരവും ഉണ്ടായേ പറ്റൂ. എന്നാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടിത്തന്നെ ബിജെപിയുടെ അപ്രമാദിത്വം ജനങ്ങൾ ചോദ്യംചെയ്‌ത്‌ തുടങ്ങിയിരുന്നു. ഇപ്പോഴാകട്ടെ, രാഷ്ട്രീയമായി അവർ പിന്നോട്ടുപോയിക്കൊണ്ടിരിക്കുകയുമാണ്. മാത്രമല്ല, നിർണായകമായ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്നു. അവിടെ കെട്ടിപ്പൊക്കിയ രാമക്ഷേത്രവും പാർലമെന്റിലെ ചെങ്കോലുമൊന്നും ഉദ്ദേശിച്ച ഗുണം ചെയ്തിട്ടില്ല. അതിനാൽ ഭരണഘടനാമാർഗത്തിലൂടെ അധികാരത്തിൽ തുടരുകയെന്നത് ബിജെപിക്ക് സാധ്യമാകണമെന്നില്ല. ഈ സാഹചര്യത്തിൽ, എന്ത് നെറികേടുകൾ ചെയ്‌തും ഭരണത്തുടർച്ചയും അധികാരവും നിലനിർത്താനുള്ള ശ്രമത്തിലാണ് അവർ.


​അട്ടിമറിയുടെ വിവിധ ഘട്ടങ്ങൾ


തെരഞ്ഞെടുപ്പിനെത്തന്നെ അപ്രസക്തമാക്കുക എന്നതാണ് യഥാർഥ ലക്ഷ്യം. അതിനായി മൂന്നുഘട്ടം പണികൾ ഇപ്പോൾ നടന്നുകഴിഞ്ഞു. നാലാമത്തേത് അണിയറയിലാണ്. ഒന്നാംഘട്ടം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ചട്ടുകമാക്കാനുള്ള നിയമനിർമാണമായിരുന്നു. രണ്ടാമതായി, കമീഷണറെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി; മൂന്നാമത്, അനിഷ്ടക്കാരെ വെട്ടിമാറ്റി. നാലാമത്തേത്, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരെ നാടിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താനുള്ള വിവിധ പദ്ധതികളുടെ ആവിഷ്‌കാരമാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനരീതിതന്നെ, 2023ൽ നിയമനിർമാണത്തിലൂടെ അട്ടിമറിച്ചു. അങ്ങനെയാണ് മോദി-–ഷാ കൂട്ടുകെട്ടിന് ഇഷ്ടപ്പെട്ട ഗ്യാനേഷ്‌ കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി വന്നത്. ഇ‍ൗ രീതിയിൽ അവരോധിക്കപ്പെട്ട തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ എന്ത് തെറ്റ് ചെയ്താലും അതിനെതിരെ നിയമനടപടി പാടില്ലെന്ന നിയമവും ഒപ്പംതന്നെ ഉണ്ടായി. ലോക്‌സഭയെത്തന്നെ വലിയതോതിൽ പ്രക്ഷുബ്‌ധമാക്കിയാണ് ഈ നിയമം പാസാക്കിയത്. രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ ഇല്ലാത്തതരം പ്രത്യേക നിയമപരിരക്ഷയാണിത്.


​വോട്ടർപട്ടിക


​തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനരേഖ എന്നനിലയിൽ വോട്ടർപട്ടികയുടെ പരിഷ്‌കരണം സ്വാഭാവികപ്രക്രിയയാണ്. ഇത് കാലാകാലമായി നടന്നുവരുന്നതാണ്. ഇതിന് വളരെ വികേന്ദ്രീകൃതമായ ഉദ്യോഗസ്ഥസംവിധാനംതന്നെയുണ്ട്. ഗ്യാനേഷ്‌ കുമാറാകട്ടെ, സഹപ്രവർത്തകരോടുപോലും യോജിക്കാതെ ഈ പ്രക്രിയയെ അട്ടിമറിക്കുകയായിരുന്നു. ഫോറം 6, 7 എന്നിവ യഥാക്രമം വോട്ടർമാരെ ചേർക്കാനും ഒഴിവാക്കാനും ഉള്ളവയാണെങ്കിലും അവയിൽ ഇന്നുവരെ ഇല്ലാത്ത ധാരാളം നിബന്ധനകൾ കൂട്ടിച്ചേർത്തു. എല്ലാത്തിനും പുതിയ മാനദണ്ഡങ്ങളുണ്ടാക്കി. കേന്ദ്രീകൃതമായ കംപ്യൂട്ടർ സംവിധാനത്തിലൂടെ കാര്യങ്ങൾ നിയന്ത്രിച്ചു. പല അഭ്യാസങ്ങളും അരങ്ങേറി. 2025ഓടെ ഒഴിവാക്കൽപ്രക്രിയക്ക് ആക്കംകൂടി. ബംഗാൾ, ഡൽഹി, കർണാടകം, തെലങ്കാന, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് വലിയതോതിൽ വെട്ടൽ നടന്നത്. യുപിയിൽമാത്രം മൂന്നുകോടിയോളം ജനങ്ങൾ പുറത്തായി. കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളെയും ഇതിനായി ദുരുപയോഗം ചെയ്‌തു. ഇങ്ങനെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വെട്ടിമാറ്റപ്പെട്ടവർ ഏതാണ്ട് 13 കോടി വരും.

​പുറത്തായത് ആര്?


​കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സാബർ ഇൻസ്റ്റിറ്റ്യൂട്ട് എസ്‌ഐആർ സംബന്ധിച്ച് വിപുലമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ഒട്ടേറെ വ്യക്തികളും ഇത്തരം പഠനങ്ങളിൽ ഇടപെട്ടു. അതെല്ലാം കാണിക്കുന്നത് പുറത്തായവരിൽ കൂടുതലും പട്ടികജാതി–വർഗ വിഭാഗക്കാരും പിന്നാക്കക്കാരും മുസ്ലിങ്ങളുമാണെന്നാണ്. അവരിൽത്തന്നെ കൂടുതലും സ്‌ത്രീകളാണ്. വോട്ടർപട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ടവരിൽ ഭൂരിഭാഗവും ദരിദ്രരാണ്.


ഇന്ത്യൻ അനുഭവത്തിൽ ദരിദ്രരാണ് കൂടുതലായി വോട്ട്‌ ചെയ്യുന്നത്. സമ്പന്നരിൽ കൃത്യമായി വോട്ട്‌ ചെയ്യുന്നവരുടെ അനുപാതം കുറവാണ്. അവർ താരതമ്യേന വൈകിട്ട്‌ വോട്ട്‌ ചെയ്യുന്നവരുമാണ്. വികസിത രാജ്യങ്ങളിലാകട്ടെ, വോട്ട്‌ ചെയ്യുന്നവരിൽ കൂടുതലും സമ്പന്നരാണ്. നമ്മുടെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ 13 കോടി പേർ വലിയൊരു ജനവിഭാഗമാണ്. ലോകത്തിലെ 85 ശതമാനം രാജ്യങ്ങളും അത്രയും ജനസംഖ്യ ഇല്ലാത്തവയാണ്‌. ജി7 രാജ്യങ്ങളിൽ അമേരിക്കയിൽമാത്രമേ ഇതിൽ കൂടുതൽ ജനസംഖ്യയുള്ളൂ. അതായത്, കൃത്യമായി വോട്ട്‌ ചെയ്യാറുള്ള, ജനസംഖ്യയിലെ 15 ശതമാനം ജനങ്ങൾ വോട്ടർപട്ടികയിൽനിന്ന് പുറത്തായിരിക്കുന്നു.


​ഭരണഘടനയിൽ പലതരം തുല്യതയെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയിലെ ജനങ്ങൾക്ക് അനുഭവിക്കാനാകുന്നത് വോട്ടവകാശത്തിലെ തുല്യതമാത്രമാണ്. അതും ഇപ്പോൾ ഇല്ലാതാക്കിയിരിക്കുകയാണ്. ഇതിന് നേതൃത്വം നൽകിയ ഗ്യാനേഷ് കുമാറിനെതിരെ ബഹുജനപ്രക്ഷോഭമുണ്ടാകുമ്പോൾ, ബിജെപി ആ പ്രക്ഷോഭത്തെ പ്രതിരോധിക്കുന്നത് എന്തുകൊണ്ടാകാമെന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. ബിജെപി പറഞ്ഞതുപോലെയാണ് ഗ്യാനേഷ്‌ പ്രവർത്തിച്ചത് എന്നർഥം.


സംഭവിക്കാൻ പോകുന്നത്


​ഇനി നാലാംഘട്ടത്തിൽ എന്തു നടക്കുമെന്ന് പരിശോധിക്കാം. അഭ്യൂഹങ്ങൾ പലതും യാഥാർഥ്യമാകാനാണ് സാധ്യത. ഈയിടെ ഛത്തീസ്ഗഡിലേക്ക്‌ തൊഴിൽ തേടി പോയ ഏതാനും ബംഗാൾ സ്വദേശികളെ, ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരാണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. അവർ വോട്ടർപട്ടികയിൽ ഇല്ലാത്തവരാണെന്ന് പറഞ്ഞാണ് അറസ്റ്റ്. ഇതൊക്കെ ഒരു തുടക്കമായിമാത്രം കണ്ടാൽ മതി. രാജ്യത്തെ ജനങ്ങൾക്കിടയിൽ വോട്ടവകാശം ഉള്ളവർ, ഇല്ലാത്തവർ എന്ന വിഭജനം വരികയാണ്. സർക്കാർ ആനുകൂല്യങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കുമാത്രമായേക്കും. റേഷൻ കാർഡ് ഉള്ളവർ, ഇല്ലാത്തവർ എന്ന രീതിയിലും വിഭജനമുണ്ടാകും. വോട്ടില്ലാത്തവരെ സാധാരണ നിലയിൽ സർക്കാരോ വലതുപക്ഷ രാഷ്ട്രീയപാർടികളോ തിരിഞ്ഞുനോക്കാനിടയില്ല. അതായത്, ആർക്കും വേണ്ടാത്ത പുതിയൊരുതരം അഭയാർഥികൾ രാജ്യത്തിനകത്തുതന്നെ ഉണ്ടായിക്കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയതും വർഷത്തിൽ രണ്ടുമാസം കൃഷിപ്പണിയുടെ പേരിൽ പദ്ധതിക്ക് അവധി നൽകിയതുമെല്ലാം ഇവിടെ കൂട്ടിവായിക്കണം.


അൽപ്പം വോട്ടുചരിത്രം


ഇന്ത്യയുടെ 75 വർഷത്തെ വോട്ടുചരിത്രം ചെറുതായൊന്ന് ഓർക്കുന്നത് നന്നായിരിക്കും. ഭരണഘടനാ നിർമാണസഭയുടെ ഉപദേഷ്ടാവും പ്രസിദ്ധ നിയമജ്ഞനുമായിരുന്ന ഡോ. ബി എൻ റാവു ഒരു പ്രസ്താവന നൽകി. 1948 ജൂലൈ 15നായിരുന്നു അത്. ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പ്‌ നടത്താൻ പോവുകയാണെന്നും അതിനായുള്ള വോട്ടർപട്ടിക തയ്യാറാക്കുകയാണെന്നും ഒരാൾപോലും വിട്ടുപോകാതെ വോട്ടർപട്ടികയിൽ ഉൾപ്പെടണമെന്നുമുള്ള അഭ്യർഥനയായിരുന്നു ആ പ്രസ്‌താവന. മിക്ക വികസിത രാജ്യങ്ങളിലും സമ്പന്നരും ഭൂനികുതി അടയ്ക്കുന്നവരുമായ പുരുഷന്മാർക്കുമാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഇന്ത്യയിലെ ഈ മുന്നേറ്റമെന്നതും മനസ്സിലാക്കണം.


കേംബ്രിഡ്ജിൽ അധ്യാപികയായ ഡോ. ഒർണിത് ഷാനി ഇന്ത്യയിലെ ആദ്യ വോട്ടർപട്ടിക തയ്യാറാക്കൽ സംബന്ധിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘How India Became Democratic’ എന്നാണ് ഗ്രന്ഥത്തിന്റെ പേര്. അതിൽ ബി എൻ റാവുവിന്റെ നേതൃത്വത്തിൽ നടന്ന അക്ഷീണശ്രമങ്ങൾ അക്കമിട്ട്‌ വിശദീകരിക്കുന്നുണ്ട്. ഇതിനിടെയാണ്‌ 1950-ൽ ആദ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുകുമാർ സെൻ നിയമിതനായത്. അദ്ദേഹം ബംഗാളിലെ ചീഫ് സെക്രട്ടറിയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ വിവരണാതീതമാണ്. എന്തായാലും നേരത്തേ തയ്യാറാക്കിയ പ്രാരംഭ വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്തി, മാറ്റങ്ങൾ ഉൾപ്പെടുത്തി അത് കഴിയാവുന്നത്ര കുറ്റമറ്റതാക്കി. അതാണ് അന്നത്തെ സുകുമാർ സെന്നും ഇന്നത്തെ ഗ്യാനേഷ് കുമാറും തമ്മിലുള്ള വ്യത്യാസം. എന്താണ് അന്നും ഇന്നും തമ്മിലുള്ള പ്രധാന മാറ്റം? അന്നത്തേത് ഒരാൾപോലും വിട്ടുപോകാതെ തയ്യാറാക്കാൻ ശ്രമിച്ച വോട്ടർപട്ടിക ആയിരുന്നെങ്കിൽ, ഇന്നത്തേത് ഒരാളെ എപ്രകാരം ഒഴിവാക്കാമെന്നതിലാണ് കൊണ്ടുശ്രമിക്കുന്നത്. അന്ന് ഈ രാജ്യം ഏത് സർക്കാർ ഭരിക്കണമെന്ന് വോട്ടർമാർ തീരുമാനിച്ച സ്ഥാനത്ത്, ഇന്ന് ആര് വോട്ടറായിരിക്കണമെന്നും ആരാണ് വോട്ടുചെയ്യേണ്ടതെന്നും സർക്കാർ തീരുമാനിക്കുന്നു. ആ നിലയ്‌ക്ക് അന്നത്തേത് ജനാധിപത്യത്തിന്റെ വിപുലീകരണമായിരുന്നെങ്കിൽ, ഇന്നത്തേത് ജനാധിപത്യത്തോടുള്ള കൃത്യമായ അവഹേളനമാണ്.


​തെരുവുകളെല്ലാം ജന്തർമന്തറുകളാകണം


ഇതിൽനിന്നെല്ലാം എസ്ഐആർ ഭാവിയിൽ വലിയ സാമൂഹിക ആഘാതങ്ങളുണ്ടാക്കുന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. പിന്നാക്കക്കാർക്ക് എല്ലാ സാമൂഹിക -രാഷ്ട്രീയ -സാമ്പത്തിക സുരക്ഷയും ഇല്ലാതാക്കുന്ന വേറിട്ടൊരു അജൻഡ. എന്ത് വിലകൊടുത്തും അധികാരം നിലനിർത്തണമെന്ന ബിജെപിയുടെ ഈ ദുരാഗ്രഹ അജൻഡയുടെ അപകടങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങളിലേക്ക് ഇനിയും വിവരങ്ങൾ എത്തിക്കണം. അത്തരം അറിവിന്റെ അടിസ്ഥാനത്തിൽ ശക്തമായ ജനകീയ പ്രതിരോധസമരങ്ങൾ ഇനിയും ഉയർന്നുവരണം. അതുകൊണ്ടാണ് രാജ്യത്തെ തെരുവുകളെല്ലാം ജന്തർമന്തറുകളാകണമെന്നു പറയുന്നത്. അതുമാത്രം പോരാ, എല്ലാ വീട്ടിലും നടക്കുന്ന ചർച്ചകളും രാജ്യത്തെ സാമൂഹിക -രാഷ്ട്രീയ അവസ്ഥയെപ്പറ്റിയാകണം. അതുവഴി നാം എത്തേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായുള്ള പ്രതിരോധപ്രവർത്തനങ്ങളിലേക്കാകണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home