മതനിരപേക്ഷതയെ ഒറ്റുകൊടുത്തത് കോൺഗ്രസ്


കെ വി അബ്ദുൾ ഖാദർ
Published on Jan 24, 2026, 12:00 AM | 2 min read
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ‘മനുഷ്യർക്കൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള കേരളയാത്രയുടെ സമാപനവേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗം സാധാരണ മനുഷ്യരുടെ ഓർമശക്തിയെ അപഹസിക്കുന്നതായി. മതനിരപേക്ഷത പറയാൻ എളുപ്പമാണ്. പക്ഷേ, അത് പ്രായോഗികമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യൻ രാഷ്ട്രീയവും കേരളരാഷ്ട്രീയവും ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ആർക്കെങ്കിലും കോൺഗ്രസ് മതനിരപേക്ഷതയോട് കാണിച്ചിട്ടുള്ള വഞ്ചന പൊറുക്കാൻ കഴിയുമോ? ഇന്ത്യ നേരിട്ട അപകടകരവും സ്ഫോടനാത്മകവുമായ ദശാസന്ധികളിൽ വി ഡി സതീശന്റെ പാർടിയുടെ വഞ്ചനാപരമായ നിലപാടുകൾ എങ്ങനെയാണ് മറക്കുക. അതിൽ പ്രത്യേകതയാർന്ന മൂന്ന് സംഭവങ്ങൾ ഇന്ത്യൻ ചരിത്രത്തിലെമോശം അധ്യായങ്ങളാണ്.
ഒന്ന്. 1989ൽ കോൺഗ്രസിന്റെ കേന്ദ്രസർക്കാർ ബാബ്‌റി മസ്ജിദിന്റെ വളപ്പിൽ ശിലാന്യാസത്തിന് അനുമതി നൽകി. ആ വിവാദഘട്ടത്തിൽ കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗും പ്രചരിപ്പിച്ചത് ശിലയിട്ടത് തർക്കഭൂമിയിലല്ലെന്നായിരുന്നു. സംഘപരിവാറിന് കൂടുതൽ അക്രമാസക്തമായ നീക്കങ്ങൾ നടത്താൻ ഈ അനുമതി ശക്തി നൽകി.
രണ്ട്. വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ലോക്‌സഭയിൽ പിന്താങ്ങുന്ന ബിജെപി രഥയാത്ര സംഘടിപ്പിച്ചു.എൽ കെ അദ്വാനിയായിരുന്നു ക്യാപ്റ്റൻ. ബിഹാറിലെ സമസ്തിപുരിൽ രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. തന്റെ സർക്കാരിന് പുറത്തുനിന്നു നൽകുന്ന പിന്തുണ ബിജെപി പിൻവലിക്കുമെന്ന് അറിഞ്ഞിട്ടും മതനിരപേക്ഷത വെല്ലുവിളി നേരിട്ട ആ സന്ദിഗ്‌ധഘട്ടത്തിൽ ധീരമായ നിലപാട് വി പി സിങ് സ്വീകരിച്ചു. ഇപ്പോൾ ഗീർവാണപ്രസംഗം നടത്തുന്ന സതീശന്റെ പാർടി അന്നെടുത്ത നിലപാട് മതനിരപേക്ഷത സംരക്ഷിക്കുക എന്നതായിരുന്നില്ല. രാജ്യമാസകലം കലാപം കുത്തിപ്പൊക്കുന്ന ബിജെപിക്കൊപ്പം ചേർന്ന് വി പി സിങ്ങിനെ അധികാരത്തിൽനിന്ന് പുറത്താക്കി.
മൂന്ന്. ബാബ്‌റി മസ്ജിദ് തകർക്കുമെന്ന ഭീഷണിയിൽ വിഎച്ച്പി അക്രമാസക്ത പ്രക്ഷോഭം ആരംഭിച്ച ഘട്ടം. ദേശീയോദ്ഗ്രഥന സമിതിയിൽ ബിജെപി ഒഴികെയുള്ള എല്ലാ പ്രതിപക്ഷപാർടികളും മസ്ജിദ് സംരക്ഷിക്കാൻ ഏതു നടപടി സ്വീകരിക്കാനും പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. 1992 ഡിസംബർ ആറിന് നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് ഇടിച്ചുനിരത്തുമ്പോൾ കോൺഗ്രസുകാരനായ പി വി നരസിംഹറാവു ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെന്നതും മറക്കാനാകില്ല. സർവസേനകളുടെയും നിയന്ത്രണാധികാരമുള്ള പ്രധാനമന്ത്രി പക്ഷേ, കുറ്റകരമായ മൗനംപാലിച്ചു. എല്ലാം കഴിഞ്ഞശേഷം മാത്രം അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മതനിരപേക്ഷരാഷ്ട്രീയത്തിന്റെ അടിക്കല്ലിളക്കിയ ഒരു പാർടിയുടെ നേതാവ്, ഇപ്പോൾ എല്ലാ ഘട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച സിപിഐ എമ്മിനെ ആക്ഷേപിക്കുകയാണ്.

ബിജെപിയുടെ വിനാശകരമായ നയങ്ങളെ തുറന്നെതിർക്കാൻ കോൺഗ്രസ് പലപ്പോഴും തയ്യാറാകുന്നില്ല. മോദി ഭരണകാലത്ത് പാർലമെന്റിൽ വന്ന വിവാദപരമായ പല തീരുമാനങ്ങളോടും കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. എൻഐഎ, യുഎപിഎ ഭേദഗതി നിയമം, വഖഫ് നിയമഭേദഗതി എന്നിവ പ്രധാനപ്പെട്ട ഉദാഹരണമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കയും സഭയിൽപ്പോലും എത്തിയില്ല. ഇവരൊക്കെയാണ് മതനിരപേക്ഷതയുടെ അവസാനവാക്കായി ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
കേരളത്തിൽ മതനിരപേക്ഷതയുടെ അവസാനവാക്ക് തങ്ങളാണെന്ന് മേനിനടിക്കുന്ന പ്രതിപക്ഷനേതാവിന്റെ പാർടിക്ക് ഇന്ത്യയിലുണ്ടായിരുന്ന വിശ്വാസ്യത തകർത്തത് ഇത്തരം നിലപാടില്ലായ്മതന്നെയാണ്. കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപിയുമായി പരസ്യസഖ്യം ഉണ്ടാക്കിയവരാണ് കോൺഗ്രസുകാർ. കൂടാതെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ രഹസ്യമായും പരസ്യമായും ബിജെപി–എസ്ഡിപിഐ–ജമാഅത്തെ ഇസ്ലാമി സഖ്യവും ഉണ്ടാക്കി. ഇതെല്ലാം അറിയുന്ന ജനങ്ങളുടെ മുഖത്ത് നോക്കിയാണ് പ്രതിപക്ഷനേതാവിന്റെ വാചകക്കസർത്തുകൾ.















