ആടിനെ പട്ടിയാക്കുന്ന പ്രചാരവേലകള്‍


പുത്തലത്ത് ദിനേശൻ
Published on Mar 29, 2026, 10:58 PM | 4 min read
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കുകയാണ്. എൽഡിഎ-ഫ് കേരളത്തിൽ അതിദാരിദ്ര്യം പരിഹരിച്ച് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും കേവല ദാരിദ്ര്യംതന്നെ പരിഹരിക്കുന്ന സമീപനവുമായി പ്രകടനപത്രിക തയ്യാറാക്കുകയുമാണ്. എൽഡിഎഫ് പ്രകടനപത്രികയെന്നുള്ളത് കേവലമായ വാഗ്ദാനങ്ങളല്ല. കേരളത്തിലെ വികസനങ്ങളെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രായോഗിക ഇടപെടലാണ്.
എല്‍ഡിഎഫും വികസന കാഴ്ചപ്പാടും
തുടര്‍ഭരണം ലഭിച്ച ഘട്ടത്തില്‍ ഇതുസംബന്ധിച്ചുള്ള കാഴ്ചപ്പാട് എൽഡിഎഫ് ജനങ്ങളോട് വ്യക്തമാക്കിയിരുന്നു. അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത, മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു അതിന്റെ അന്തസ്സത്ത. ഒപ്പം, സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കുന്നതിനും പരമപ്രാധാന്യം നല്‍കുമെന്നും വ്യക്തമാക്കുകയുണ്ടായി. നേട്ടങ്ങൾ നിലനിര്‍ത്തിയും കോട്ടങ്ങൾ പരിഹരിച്ചും മുന്നോട്ടുപോകുന്ന സമഗ്രമായ കാഴ്ചപ്പാടാണത്. പ്രായോഗികമായി ഇവ നടപ്പാക്കാന്‍ പറ്റുന്നവയാണ് എന്നതിനാലാണ് കഴിഞ്ഞ രണ്ട് പ്രകടനപത്രികയും സഫലമാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്.
വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്നത് ജനങ്ങളുടെ വോട്ട് തട്ടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. ഗരീബി ഹഠാവോ, വീട്ടിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി, പഞ്ചായത്തില്‍ വ്യവസായം തുടങ്ങിയവയെല്ലാം വിവിധ ഘട്ടങ്ങളില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുള്ളതാണ്. എന്തിനേറെ ആവടിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം, സോഷ്യലിസം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചതുമാണ്. ഇന്ന് അവയൊന്നും കേള്‍ക്കാനേയില്ല. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാൽ പെട്രോള്‍ വില 50 രൂപയാക്കുമെന്നും കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ അക്കൗണ്ടിലേക്കെത്തിക്കുമെന്നും ബിജെപി പറഞ്ഞതെല്ലാം എന്തായി എന്നത് നമ്മുടെ മുന്നിലുണ്ട്.
2011-–2016ല്‍ യുഡിഎഫ് അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെട്ടില്ലെന്ന ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. വയനാട് ദുരന്തത്തിന്റെ ഘട്ടത്തില്‍ പറഞ്ഞ വാഗ്ദാനവും ഇന്നത്തെ പ്രവര്‍ത്തനവും താരതമ്യപ്പെടുത്തി നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപിക്ക് ലഭിച്ചശേഷം ആറ്റുകാൽ പൊങ്കാല ഉത്സവംപോലും ശരിയായി നടത്താന്‍ കഴിഞ്ഞില്ലെന്ന കാര്യവും ഇവിടെ ചേര്‍ത്തു വായിക്കണം.
പുതിയ വിഭാഗങ്ങളുടെ പിന്തുണയും ഇടതുപക്ഷ നിലപാടും
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികൾക്കും മതനിരപേക്ഷതയെ മുറുകെപ്പിടിച്ച് നടത്തുന്ന ഇടപെടലുകൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിവിധ പ്രസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികളിലും പ്രവര്‍ത്തിക്കുന്നവരെ അത് ആകര്‍ഷിച്ചിട്ടുണ്ട്. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി മുന്നണിക്ക് പിന്തുണ നല്‍കാന്‍ ആര് മുന്നോട്ടുവന്നാലും അവയെല്ലാം സ്വീകരിക്കുകയെന്നത് ഇത്തരം പദ്ധതികളെ കൂടുതല്‍ ജനപിന്തുണയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നതുമാണ്. അത് വിലക്കേണ്ടതല്ല, പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ഇത്തരമൊരു സ്ഥിതിവിശേഷം കേരളത്തില്‍ നേടാനായത് എല്ലാ വര്‍ഗീയ ശക്തികള്‍ക്കെതിരെയും ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതിനാലാണ്. വര്‍ഗീയശക്തികളുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തുന്നതിന് മുമ്പുള്ള യുഡിഎഫ് ഭരണകാലങ്ങളിലെല്ലാം വര്‍ഗീയ സംഘര്‍ഷം ഉണ്ടായിരുന്നെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. മുന്നണികളുടെ നിലപാടുകള്‍ തമ്മിലുള്ള ഈ വ്യത്യസ്തത തിരിച്ചറിഞ്ഞാണ് കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന നിലയുണ്ടായത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് കാണേണ്ടത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതേപാതയിലൂടെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്തുമാണത്.
രഹസ്യ ചര്‍ച്ചയോ
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മതനിരപേക്ഷ സമീപനങ്ങള്‍ക്കും പിന്തുണയേറുന്ന സാഹചര്യം വന്നപ്പോള്‍ തെറ്റായ പ്രചാരവേലയും നരേഷനും സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായിട്ടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്ത് ആര്‍എസ്എസും സിപിഐ എമ്മും തമ്മിലുള്ള രഹസ്യ ചര്‍ച്ചയെന്നുള്ള വാദങ്ങളുമായി മാധ്യമംപത്രം രംഗത്തുവന്നത്. പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കള്ളക്കഥകളുടെ പരമ്പരയിലെ മറ്റൊന്നാണിത്.
ജനങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഇല്ലാതാക്കുകയെന്നത് മനുഷ്യരെ സ്നേഹിക്കുന്ന ആരുടെയും ഉത്തരവാദിത്വമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആശയതലത്തില്‍ നടക്കേണ്ട ഒന്നുമാണ്. അതുകൊണ്ട് രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും എല്ലാം ഇല്ലാതാക്കുകയെന്നത് മനുഷ്യനെ സ്നേഹിക്കുന്ന ആരും ആഗ്രഹിക്കുന്നതാണ്. ഇത്തരം സംഘട്ടനങ്ങൾ ഒഴിവാക്കുകയെന്നതാണ് സിപിഐ എമ്മിന്റെ എപ്പോഴത്തേയും നിലപാട്.
അത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ശ്രീ എം മുന്‍കൈയെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇതിനായി ചര്‍ച്ചകള്‍ നടന്നത്. വളരെ വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുള്ള രണ്ട് പാര്‍ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ സ്വാഭാവികമായും ഒരു ഇടനില ആവശ്യമായി വരും. ആ ഉത്തരവാദിത്വമാണ് ശ്രീ എം ഏറ്റെടുത്തത്. അതിനോട് സഹകരിക്കുന്ന നിലപാട് സിപിഐ എം സ്വീകരിക്കുകയും ചെയ്തു. ഈ ചര്‍ച്ച നടക്കുന്നതിനു മുമ്പ് തിരുവനന്തപുരത്തെ മാധ്യമ സുഹൃത്തുക്കളെല്ലാം അവിടെ വരികയും ഫോട്ടോ ഉള്‍പ്പെടെ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയാണ് രഹസ്യ ഡീലായി മാധ്യമം അവതരിപ്പിച്ചിരിക്കുന്നത്.
നമ്മുടെ നാട്ടില്‍ രാഷ്ട്രീയ സംഘട്ടനങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടായാല്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ പങ്കെടുക്കുകയെന്നതും സ്വാഭാവികമാണ്. കൊല നടത്തിയെന്ന് പറയുന്ന പാര്‍ടിയുടെയും കൊല ചെയ്യപ്പെട്ട പാര്‍ടിയുടെ നേതൃത്വവും അത്തരം ചര്‍ച്ചകളില്‍ പങ്കെടുത്ത് സമാധാനമുണ്ടാക്കിയാണ് നാട് മുന്നോട്ടുപോകാറുള്ളത്. അത് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികള്‍ക്കു മേലുള്ള യോജിപ്പിന്റെയോ അനുരഞ്‌ജനത്തിന്റെയോ പ്രശ്നമല്ല. നാട്ടില്‍ സമാധാനമുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ടികളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന്റെ ഭാഗമാണ്.
സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന നയങ്ങള്‍ക്കെതിരെ എക്കാലവും ശക്തമായി ഇടതുപക്ഷം നിലപാടെടുത്തിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസ്റ്റ് രീതിയിലേക്ക് വളരാന്‍ കഴിയുക. എന്നാല്‍, ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തി വളരുകയാണ് ന്യൂനപക്ഷ വര്‍ഗീയത ചെയ്യുന്നത്. ഇതിന്റെ വളര്‍ച്ച ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്താനാണ് സഹായിക്കുക. അതുകൊണ്ട് എല്ലാത്തരം വര്‍ഗീയതകളെയും എതിര്‍ക്കേണ്ടതാണെന്ന നിലപാടാണ് പാര്‍ടിക്കുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുന്നോട്ടുവച്ച് വെല്‍ഫെയര്‍ പാര്‍ടിയിലൂടെ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളെ സിപിഐ എം എതിര്‍ക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്ന അജൻഡ ആവിഷ്കരിച്ച് ജമാഅത്തെ ഇസ്ലാമി ഇടപെട്ടപ്പോഴാണ് അത് തുറന്നുകാട്ടുന്നതിന് ശക്തമായി സിപിഐ എം നിലപാടെടുത്തത്. കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അത് അനിവാര്യമാണ്. ആര്‍എസ്എസിനെതിരായുള്ള വിമര്‍ശം ഹിന്ദുമതത്തിനെതിരായുള്ളതല്ല. ജമാഅത്തെ ഇസ്ലാമിക്കെതിരായുള്ള വിമര്‍ശം ഇസ്ലാംമത വിശ്വാസത്തിനെതിരായുള്ളതുമല്ല. ഇവ കൂട്ടിക്കലര്‍ത്താനാണ് മതരാഷ്ട്രവാദികള്‍ എപ്പോഴും ശ്രമിക്കുന്നത്.
ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയതാര്
ബിജെപി–- എല്‍ഡിഎഫ് ഡീല്‍ എന്ന പ്രചാരവേല നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ വക്താക്കളാണ് 2022ല്‍ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയത്. പിന്നീട് മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുകൊണ്ടുവരികയും ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതമാണെന്ന പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്. ഇവരാണ് സംഘപരിവാര്‍ മുന്നോട്ടുവയ്‌ക്കുന്ന മതരാഷ്ട്ര കാഴ്ചപ്പാടും സാമ്പത്തിക നയങ്ങളും രാജ്യത്ത് ആപത്താണെന്ന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഇടതുപക്ഷം ദുര്‍ബലപ്പെട്ടാലുള്ള അനുഭവം
ഇടതുപക്ഷം എവിടെ ദുര്‍ബലപ്പെടുന്നോ അവിടങ്ങളില്‍ ജനാധിപത്യ അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും എല്ലാം ധ്വംസിക്കപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണ് അമേരിക്കയ്‌ക്ക് മൂന്നാം ലോക രാജ്യങ്ങളുടെ മേല്‍ കടന്നുകയറാനുള്ള സാഹചര്യമുണ്ടാക്കിയത്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയാണ് അവിടെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമിയാക്കി മാറ്റിയതെന്ന് നാം തിരിച്ചറിയണം.
1940-കളില്‍ ലക്ഷക്കണക്കിന് പേര്‍ പട്ടിണി കാരണം മരിച്ച നാടായിരുന്നു ബംഗാള്‍. അതിനെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചത് ഇടതുപക്ഷ ഭരണമാണ്. 1947 ആഗസ്ത് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഗാന്ധിജി ബംഗാളിലെ നവ്‌ഖാലിയിലായിരുന്നു. കാരണം, വലിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അതുണ്ടായത്. ആ ബംഗാളിനെ മതസൗഹാര്‍ദത്തിന്റെ മണ്ണാക്കി മാറ്റിയത് ഇടതുപക്ഷമാണ്. ഗുജറാത്തിലെ വംശഹത്യക്കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അഭയകേന്ദ്രമായി ബംഗാള്‍ മാറിയെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് ആ ബംഗാള്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ ഭാഗമായി വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭൂമികയായി മാറിയിരിക്കുകയാണ്. ജീവിത സൂചികകളിലും പിറകോട്ട് പോകുകയാണ്. ത്രിപുരയിലും സമാന അനുഭവമാണ്.
ഇടതുപക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ മനുഷ്യര്‍ക്ക് സമാധാനവും സന്തോഷകരവുമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്ന ലോകത്തിന്റെ അനുഭവങ്ങളെ നാം തിരിച്ചറിയണം. അതിദാരിദ്ര്യം പരിഹരിച്ച്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് മാത്രമേ കേരളത്തില്‍ സമാധാനപരമായ ജീവിതവും വികസനത്തിന്റെ കുതിപ്പും സംഭാവന ചെയ്യാനാകൂ. കേവലദാരിദ്ര്യം പരിഹരിച്ച് മധ്യവരുമാന രാഷ്ട്രങ്ങള്‍ക്കൊപ്പം ഭാവിയില്‍ കേരളത്തെ എത്തിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയെന്നത് പ്രധാനമാണ്.















