സ്കോൾ കേരള : ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ വിജയഗാഥ

ഡോ. ജിനേഷ് കുമാർ എരമം
Published on Jan 12, 2026, 10:43 PM | 2 min read
പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്കോൾ -കേരള (State Council for Open and Lifelong Education) രൂപംകൊണ്ടിട്ട് ചൊവ്വാഴ്‌ച 10 വർഷം തികയുകയാണ്. ആജീവനാന്ത വിദ്യാഭ്യാസരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി പുതിയ ഉയരങ്ങൾ താണ്ടുകയാണ് പൊതുവിദ്യാഭ്യാസമന്ത്രി ചെയർമാനായ ഈ സ്ഥാപനം.ഇന്ത്യയിൽ ഔപചാരിക സ്കൂൾവിദ്യാഭ്യാസത്തിൽ എത്തിപ്പെടാൻ കഴിയാത്തവർക്കായി ഓപ്പൺ സ്കൂളുകൾ ആരംഭിക്കുന്നത് 1979ൽ സിബിഎസ്ഇയുടെ നേതൃത്വത്തിലാണ്. 1989ൽ മാനവവിഭവശേഷി വികസന വകുപ്പുമന്ത്രാലയത്തിനുകീഴിൽ സ്വയംഭരണ സ്ഥാപനമായി നാഷണൽ ഓപ്പൺ സ്കൂൾ രൂപംകൊണ്ടു. 2002ൽ ഇതിന്റെ പേര് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (NIOS) എന്നാക്കി.
ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് സർക്കാരാണ് 1999ൽ കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തി ഹയർ സെക്കൻഡറി കൊണ്ടുവന്നത്. അന്ന് സ്കൂളുകളിൽ ഹയർ സെക്കൻഡറിക്ക് പരിമിതമായ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. സ്കൂളിൽ പ്രവേശനം കിട്ടാത്ത ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനത്തിനായി ആ വർഷംതന്നെ എസ്‌സിഇആർടിയുടെ കീഴിൽ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ (KSOS) സ്ഥാപിച്ചു. സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷൻപോലെ സർക്കാർ അംഗീകാരത്തോടെ സ്വകാര്യ, സമാന്തര പഠനത്തിന് അങ്ങനെ പുതിയ സംവിധാനമുണ്ടായി.
ഹയർ സെക്കൻഡറി കോഴ്സ് നടത്തുന്ന സ്ഥാപനം എന്ന നിലയിൽനിന്ന് ഇതിനെ വികസിപ്പിക്കുന്നതിന് പിന്നീട് സുപ്രധാന നീക്കം നടത്തിയത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും എം എ ബേബി വിദ്യാഭ്യാസമന്ത്രിയുമായ 2006ലെ എൽഡിഎഫ് സർക്കാരാണ്. അതിനായി 2008ൽ ഡോ. എ അച്യുതൻ അധ്യക്ഷനും പ്രൊഫ. എം എ ഖാദർ മെന്പർ സെക്രട്ടറിയുമായി ഒരു കമ്മിറ്റിയുണ്ടാക്കി. 2009ൽ ഈ കമ്മിറ്റി ആജീവനാന്ത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമാക്കി ഓപ്പൺ സ്കൂളിനെ മാറ്റണമെന്നും ഈ രംഗത്തുള്ള എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിലാക്കണമെന്നും നിർദേശിക്കുന്ന റിപ്പോർട്ട് നൽകി. തുടർന്ന് സ്വയംഭരണ സ്ഥാപനത്തിനുള്ള ധാരണപത്രവും നിയമാവലിയുംമറ്റും ഉണ്ടാക്കുകയും ചെയ്തു. 2016 ജനുവരി 13ന് സ്കോൾ കേരള എന്ന പേരിൽ സ്വയംഭരണസ്ഥാപനമായി ഓപ്പൺ സ്കൂൾ പുനഃസംഘടിപ്പിക്കപ്പെട്ടു. മിക്ക ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി തുടങ്ങിയതിനെ തുടർന്ന് പ്രൈവറ്റ് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തൊഴിലധിഷ്ഠിതവും നൈപുണിയധിഷ്ഠിതവുമായ കോഴ്സുകളിലേക്ക് സ്കോൾ കേരള കടന്നത്. പിഎസ്‌സി അംഗീകാരമുള്ള കംപ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് 2014ൽ ആരംഭിച്ചു. ഈ സർക്കാരിന്റെ കാലത്ത് മൂന്ന് കോഴ്സുകളാണ് തുടങ്ങിയത്. ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ (2023), ഹോംനഴ്സുമാർക്ക് പാലിയേറ്റീവ് കെയറിൽ ഉൾപ്പെടെ പരിശീലനം നൽകുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ (2024), അങ്കണവാടി -പ്രീ സ്കൂൾ ആയമാർക്കുള്ള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് (2025). ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ചേർന്ന് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റിലും ഡിപ്ലോമ കോഴ്സുകൾ വൈകാതെ തുടങ്ങാനിരിക്കുന്നു. എഐ കോഴ്സുകളും പരിഗണനയിലാണ്.
തിരുവനന്തപുരം കിള്ളിപ്പാലത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസിനും സ്കോൾ കേരളയ്‌ക്കുമായി പുതിയ ആസ്ഥാനമന്ദിരം നിർമിക്കാനായതാണ് ദശവാർഷിക വേളയിലെ മറ്റൊരു സന്തോഷം. അടുത്തമാസം ഉദ്ഘാടനം നടക്കും. എല്ലാംകൊണ്ടും പുതിയ കുതിപ്പിനുള്ള ഊർജമാകും ഇത്തവണത്തെ സ്കോൾ ദിനമെന്ന് പ്രത്യാശിക്കുന്നു.
(സ്കോൾ കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)















