ad
Deshabhimani

Articles

തദ്ദേശവികസനത്തിനും കത്രികപ്പൂട്ട്

തദ്ദേശവികസനത്തിനും കത്രികപ്പൂട്ട്

M V Govindan Press Meet
avatar
എം വി ഗോവിന്ദൻ

Published on Jul 29, 2026, 12:00 AM | 3 min read

കേരളത്തിന്റെ വികസനമുന്നേറ്റത്തിന്, മൂന്നു ദശാബ്ദം മുമ്പുണ്ടായ ജനകീയാസൂത്രണവും അതിന്റെ ഭാഗമായ അധികാരവികേന്ദ്രീകരണവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധികാരം തലസ്ഥാനത്ത് കേന്ദ്രീകരിക്കാതെ, ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും എത്തിച്ച് ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുക എന്ന രീതിക്ക് തുടക്കംകുറിച്ചത് എൽഡിഎഫ് സർക്കാരുകളായിരുന്നു. ഈ നയത്തിന്റെ ഫലമായി തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും ഉദ്യോഗസ്ഥസംവിധാനവും നൽകി.


മാത്രമല്ല, ജനകീയപങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കാനും തുടങ്ങി. ഈ രീതി കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് ശക്തമായ അടിത്തറയിടാൻ സഹായമായി. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അധികാരം നഷ്ടമായതോടെ ഈ നേട്ടങ്ങൾ കൈവിട്ടുപോകുമോ എന്ന സംശയം വിവിധ കോണുകളിൽനിന്ന്‌ ഉയരുകയാണ്.


വലിയ മാറ്റങ്ങളും വിസ്‌മയങ്ങളും വാഗ്ദാനം ചെയ്താണ് 102 സീറ്റുമായി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റത്. എന്നാൽ, അധികാരമേറി രണ്ടുമാസം പിന്നിടുമ്പോഴേക്കും ഗ്രാമ–നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശഭരണസ്ഥാപനങ്ങളുടെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ അപ്പാടെ തകിടംമറിയുകയാണ്. അധികാരകേന്ദ്രീകരണത്തിന്റെ ശൈലിയാണ് പുതിയ സർക്കാർ സ്വീകരിക്കുന്നത്.


യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതോടെ അവയുടെ ദൈനംദിനപ്രവർത്തനങ്ങൾ അക്ഷരാർഥത്തിൽ സ്തംഭിച്ചിരിക്കുകയാണ്. എൽഡിഎഫ്‌ സർക്കാർ 2026–27ലെ ബജറ്റിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ പദ്ധതിത്തുകയായി 10,189 കോടി രൂപയാണ്‌ വകയിരുത്തിയത്‌. എന്നാൽ, യുഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ ഇത്‌ 8655.45 കോടി രൂപയായി വെട്ടിക്കുറച്ചു. 1533.55 കോടി രൂപയുടെ കുറവ്‌.


ഇ‍ൗ പ്രതിസന്ധിക്കിടെയാണ്‌ കഴിഞ്ഞവർഷത്തെ മൂന്നാംഗഡുവും ഇ‍ൗവർഷത്തെ ആദ്യഗഡുവും നൽകാത്തത്‌. പുതിയ സാമ്പത്തികവർഷം ആരംഭിച്ച്‌ നാലുമാസമായിട്ടും ആദ്യഗഡുവായ 3000 കോടി രൂപ മുഖ്യമന്ത്രി വി ഡി സതീശൻ വഹിക്കുന്ന ധനവകുപ്പ്‌ അനുവദിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം കഴിഞ്ഞ സാമ്പത്തികവർഷം നൽകാൻ കഴിയാതിരുന്ന മൂന്നാംഗഡു സ്പിൽ ഓവറായി നൽകേണ്ട തുകയും അനുവദിച്ചിട്ടില്ല. അത്‌ ലഭിക്കാത്തതിനാൽ പൂർത്തിയാക്കിയ പദ്ധതികൾക്ക്‌ പണം നൽകാനാകാതെ വെട്ടിലായിരിക്കുകയാണ് തദ്ദേശഭരണസ്ഥാപനങ്ങൾ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 1,80,000 പദ്ധതികളുടെ നിർവഹണമാണ് മുടങ്ങിയത്.


ഇതോടൊപ്പം ലൈഫ്‌ വീടുകളുടെ പൂർത്തീകരണവും വായ്‌പത്തിരിച്ചടവും സ്‌തംഭിച്ചിരിക്കുകയാണ്. നിർമാണം വിവിധ ഘട്ടങ്ങളിലുള്ള 1,07,000 വീടുകളുടെ ഭാവിയാണ്‌ അവതാളത്തിലായത്. ലൈഫിനായി തദ്ദേശസ്ഥാപനങ്ങൾ ഹഡ്‌കോയിൽനിന്ന്‌ വായ്‌പ എടുത്തിരുന്നു. വായ്‌പയുടെ തിരിച്ചടവും ലൈഫിന്‌ നീക്കിവച്ച തുകയിൽനിന്നാണ്‌. ഇതും മുടങ്ങിയ അവസ്ഥയിലാണ്‌. പാർപ്പിടസുരക്ഷ ഉറപ്പാക്കുന്നതിൽ ലോകത്തിന് മാതൃകയായ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയെപ്പോലും തകർക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.


2026–27 സാമ്പത്തികവർഷത്തെ എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽ ലൈഫിന്‌ 1497.27 കോടി രൂപ വകയിരുത്തിയെങ്കിലും വി ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. അതിനാൽ പദ്ധതിവിഹിതം കിട്ടിയാൽ 20 ശതമാനം ലൈഫിന്‌ മാറ്റിവയ്‌ക്കുന്നതിലും അനിശ്ചിതത്വമുണ്ട്‌. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിൽ 20 ശതമാനം ലൈഫിനാണ്‌. ഇ‍ൗ തുക മാറ്റിവച്ചശേഷമാണ്‌ മറ്റു പദ്ധതികൾക്കുള്ള തുക നൽകുക. 2017 മെയ്‌ 23നാണ്‌ സർക്കാർ ലൈഫ്‌ പദ്ധതി തുടങ്ങിയത്‌. 6,08,475 വീടുകൾ നിർമിക്കാൻ തീരുമാനിച്ചതിൽ 5,01,475 വീടുകൾ പൂർത്തിയാക്കി. ശേഷിക്കുന്ന 1,07,000 വീടുകളിൽ 26,638 വീടുകൾ എസ്‌സി വിഭാഗത്തിന്റേതും 6702 വീടുകൾ എസ്‌ടി വിഭാഗത്തിന്റേതുമാണ്‌.


സാധാരണമനുഷ്യർക്ക് ഏറെ ആശ്വാസംപകരുന്ന ക്ഷേമപ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, അതിദരിദ്രർ, അഗതികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സേവനങ്ങളും ക്ഷേമപദ്ധതികളും തദ്ദേശസ്ഥാപനങ്ങളിലൂടെയാണ് പ്രധാനമായും നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സാന്ത്വനപരിചരണ സംവിധാനവും കിടപ്പുരോഗികളെ പരിചരിക്കുന്ന ആശ്വാസകിരണം പദ്ധതിയും പ്രതിസന്ധിയിലാണ്. ഭിന്നശേഷി സ്‌കോളർഷിപ് പദ്ധതി മുടങ്ങിയിരിക്കുന്നു.


ഇതോടൊപ്പം മെയിന്റനൻസ്‌ ഗ്രാന്റ്‌ നൽകാത്തതും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാക്കി. റോഡുകൾ, സർക്കാർ ആശുപത്രികൾ, മൃഗാശുപത്രികൾ, സ്‌കൂളുകൾ, അങ്കണവാടികൾ, കൃഷിഭവനുകൾ, മത്സ്യബന്ധന ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണിക്ക്‌ ബജറ്റിൽ വകയിരുത്തിയ 4315 കോടി രൂപയുടെ ആദ്യഗഡുവായ 1348.56 കോടി രൂപ നൽകാത്തതാണ് ഇവയുടെ പ്രവർത്തനം താറുമാറാക്കിയത്. എൽഡിഎഫ്‌ സർക്കാർ ഭരണം ഒഴിയുമ്പോൾ 6000 കോടി രൂപ ട്രഷറി നീക്കിയിരിപ്പുണ്ടായിരുന്നു. അതിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള മെയിന്റനൻസ്‌ ഗ്രാന്റിനുള്ള തുകയടക്കം ഉണ്ടായിരുന്നു. ഫണ്ട് ലഭിക്കാത്തതുമൂലം മഴക്കാലത്തിനുമുമ്പ് നടക്കേണ്ട റോഡുകളുടെയും സ്കൂളുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.


മഴക്കാലപൂർവ ശുചീകരണം ഫലപ്രദമായി നടപ്പാക്കാനായിട്ടില്ലെന്ന് മന്ത്രിമാർക്കുതന്നെ സമ്മതിക്കേണ്ടിവന്നു. പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇത്‌ കാരണമാകുകയും ചെയ്തു. ഫണ്ട്‌ വെട്ടിക്കുറച്ചത്‌ കാരണം പ്രതിസന്ധിയിലായി ആരോഗ്യമേഖല. പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നിട്ടും പല സർക്കാർ ആശുപത്രികൾക്കും അത്യാവശ്യ മരുന്നുകൾ വാങ്ങിനൽകാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ കഴിയുന്നില്ല. ജനറൽ ആശുപത്രികളിൽ ഉൾപ്പെടെ മരുന്നുക്ഷാമമുണ്ട്‌.


മരുന്ന്‌ അടിയന്തരമായി ലഭ്യമാക്കാൻ ആശുപത്രികൾ തദ്ദേശസ്ഥാപനങ്ങളെയാണ്‌ ആശ്രയിക്കാറ്‌. ആവശ്യമുള്ള മരുന്നിന്റെ വിവരം മെഡിക്കൽ ഓഫീസർ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കും. വികസനഫണ്ടിൽനിന്ന്‌ മരുന്ന്‌ വാങ്ങാൻ പണം അനുവദിക്കുന്നതാണ്‌ പതിവ്‌. കേരള മെഡിക്കൽ കോർപറേഷനിൽനിന്നും അടിയന്തരഘട്ടത്തിൽ നീതി, കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും നേരിട്ട്‌ മെഡിക്കൽ ഓഫീസർക്ക്‌ മരുന്ന്‌ വാങ്ങാം. ഇത്തരം അടിയന്തരാവശ്യത്തിന്‌ ഫണ്ട്‌ വിനിയോഗിക്കാൻ ഏപ്രിൽ 24ന്‌ എൽഡിഎഫ്‌ സർക്കാർ പ്രത്യേക ഉത്തരവ്‌ ഇറക്കിയിരുന്നു.


പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ താൽക്കാലിക ഡോക്ടർമാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായി നിയമിച്ച ആയിരത്തോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും ശമ്പളം നൽകാനാകാതെ വലയുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾ. ഇവരുടെ സേവനം, ശമ്പളം മുടങ്ങിയതോടെ ഏത്‌ സമയവും അവസാനിക്കുമെന്ന സ്ഥിതിയിലാണ്‌.


​രൂക്ഷമായ വിലക്കയറ്റവും പവർകട്ടുംമറ്റും സൃഷ്ടിക്കുന്ന പ്രതിസന്ധിക്കിടയിലാണ് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം കേരള വികസനമാതൃകയുടെ സത്തയായ അധികാരവികേന്ദ്രീകരണവും അവതാളത്തിലാകുന്നത്. തദ്ദേശസ്ഥാപനങ്ങളെ ഫണ്ട് നൽകാതെ ഞെരുക്കുമ്പോൾ, അത് അടിസ്ഥാന ജനാധിപത്യ സംസ്‌കാരത്തെയും വികസന–ക്ഷേമ പ്രവർത്തനങ്ങളെയുമാണ് ദുർബലമാക്കുന്നത്.


തദ്ദേശസ്ഥാപനങ്ങളെ പിച്ചച്ചട്ടിയെടുപ്പിച്ച് പുതുയുഗകേരളം സൃഷ്ടിക്കാനാകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. കേരളത്തെ പിന്നോട്ടുനയിക്കുന്ന തലതിരിഞ്ഞ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം വരുംനാളുകളിൽ ഉയരും. ജൂലൈ 30ന് നഗരസഭ–കോർപറേഷൻ കൗൺസിലർമാർ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തുകയാണ്. ആഗസ്ത് ഒന്നിന് എൽഡിഎഫിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് ബഹുജനമാർച്ച് നടക്കും. എത്രയുംവേഗം ഫണ്ട് അനുവദിക്കാത്തപക്ഷം വലിയ ബഹുജനസമരംതന്നെ സർക്കാർ നേരിടേണ്ടിവരും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home