കരളിലാണ് വഴികാട്ടി


ടി വി നാരായണൻ
Published on Jun 05, 2026, 10:33 PM | 2 min read
ഭൂമിയുടെ കാന്തികവലയം (Magnetic field) മനസ്സിലാക്കി, എത്ര അകലെനിന്നും തങ്ങളുടെ കൂട്ടിലേക്ക് കൃത്യമായി തിരിച്ചെത്താൻ പ്രാവുകൾക്ക് എങ്ങനെ സാധിക്കുന്നു. ശാസ്‌ത്രലോകത്തെ എന്നും അത്ഭുതപ്പെടുത്തിയ വലിയ രഹസ്യത്തിന് ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. പ്രാവുകളുടെ കണ്ണുകളിലോ കൊക്കിലോ അല്ല, മറിച്ച് അവയുടെ കരളിലാണ് ദിശാബോധം നൽകുന്ന ‘ആന്തരിക കോമ്പസ്' (Internal compass) ഒളിഞ്ഞിരിക്കുന്നതെന്നാണ് ശാസ്ത്രമാസിക ‘സയൻസി'ൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്.
ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബിഹേവിയർ, ബോൺ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പ്രാവുകളുടെ കരളിലെ സവിശേഷമായ പ്രതിരോധ കോശങ്ങൾക്ക് കാന്തികശക്തി തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് പഠനം. കരളിലുള്ള മാക്രോഫേജുകൾ എന്ന പ്രതിരോധ കോശങ്ങളാണ് പ്രക്രിയക്കുപിന്നിൽ പ്രവർത്തിക്കുന്നത്. ശരീരത്തിലെ പഴയ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയാണ് ഈ കോശങ്ങളുടെ പ്രധാന ചുമതല. ഈ പ്രക്രിയക്കിടയിൽ ഇവയിൽ വലിയ തോതിൽ ഇരുമ്പ് അടിഞ്ഞുകൂടുന്നു. ഈ ഇരുമ്പുതന്മാത്രകൾ ഓക്‌സൈഡ് നാനോപദാർഥങ്ങളായി ക്രിസ്റ്റലൈസ് ചെയ്യപ്പെടുകയും അവയ്‌ക്ക് ‘സൂപ്പർ പാരാമാഗ്നറ്റിക്’ ഗുണങ്ങളും കൈവരുന്നു. പ്രാവുകൾ പറക്കുമ്പോൾ ഭൂമിയുടെ കാന്തികവലയത്തിന് അനുസൃതമായി ഈ നാനോ കണികകൾ ക്രമീകരിക്കപ്പെടുകയും അവ കാന്തികമാകുകയും ചെയ്യുന്നു.
ഗവേഷകർ പ്രാവുകളുടെ കണ്ണ്, കൊക്ക്, തലച്ചോറ്, പ്ലീഹ, കരൾ എന്നിവ പരിശോധിച്ചപ്പോൾ കരളിലെ കോശങ്ങളിലാണ് ഏറ്റവും ശക്തമായ കാന്തികപ്രതികരണം കണ്ടെത്തിയത്. കരളിലെ ഈ കോശങ്ങൾ നാഡീനാരുകളുമായി തൊട്ടുരുമ്മിയാണ് സ്ഥിതി ചെയ്യുന്നത്. ഇതുവഴി കാന്തികവിവരങ്ങൾ പ്രാവുകളുടെ തലച്ചോറിലേക്ക് നേരിട്ട് കൈമാറാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ തെളിയിച്ചു.
കണ്ടെത്തൽ സ്ഥിരീകരിക്കാനായി ശാസ്ത്രജ്ഞർ പ്രാവുകളിൽ കൗതുകകരമായ പരീക്ഷണം നടത്തി. ഏകദേശം 20 കിലോമീറ്റർ അകലെനിന്ന് തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചെത്താൻ പരിശീലനം ലഭിച്ച പ്രാവുകളിലാണ് പരീക്ഷണം നടത്തിയത്. കരളിലെ ഈ പ്രത്യേക മാക്രോഫേജ് കോശങ്ങൾ താൽക്കാലികമായി നീക്കം ചെയ്ത പ്രാവുകൾക്ക് സൂര്യപ്രകാശമുള്ളപ്പോൾ ദിശ തെറ്റാതെ കൂട്ടിൽ തിരിച്ചെത്താൻ സാധിച്ചു. കാരണം അവ സൂര്യന്റെ സ്ഥാനം നോക്കിയാണ് അപ്പോൾ സഞ്ചരിച്ചത്. എന്നാൽ, ആകാശം മേഘാവൃതമായിരിക്കുകയും സൂര്യനെ കാണാൻ കഴിയാതിരിക്കുകയും ചെയ്‌പ്പോൾ, ഈ കോശങ്ങൾ ഇല്ലാത്ത പ്രാവുകൾക്ക് വഴിതെറ്റി. സൂര്യപ്രകാശം ഇല്ലാത്ത സാഹചര്യങ്ങളിൽ പ്രാവുകൾ പൂർണമായും തങ്ങളുടെ കരളിലെ കാന്തിക കോമ്പസിനെയാണ് ആശ്രയിക്കുന്നതെന്ന് വ്യക്തമായി.
കണ്ടെത്തലിന്റെ പ്രാധാന്യം
ജീവികളുടെ ദിശാബോധ (നാവിഗേഷൻ)ത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടെത്തൽ വരുത്തുന്നത്. ശരീരത്തെ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്ന പ്രതിരോധസംവിധാനത്തിന് ബാഹ്യമായ പരിസ്ഥിതിയെയും കാന്തികവലയങ്ങളെയും തിരിച്ചറിയാൻ ഇന്ദ്രിയാനുഭൂതിയുള്ള കോശങ്ങളെപ്പോലെ പ്രവർത്തിക്കാൻ കഴിയുമെന്നത് ശാസ്‌ത്രലോകത്തിന് തികച്ചും പുതിയ അറിവാണ്. പ്രാവുകളിൽമാത്രമല്ല, രാത്രികാലങ്ങളിൽ ദീർഘദൂരം സഞ്ചരിക്കുന്ന മറ്റു പക്ഷികൾ, വവ്വാലുകൾ, കടലിലെ സ്രാവുകൾ, ആമകൾ എന്നിവയും സമാനമായ രീതിയിലായിരിക്കാം ഭൂമിയുടെ കാന്തികവലയം ഉപയോഗിച്ച് വഴി കണ്ടെത്തുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.















