Deshabhimani

സരൾ ബിൽ: നെൽവയലുകളും -തണ്ണീർത്തടങ്ങളും ഇല്ലാതാക്കും

nelvayal
avatar
എൻ ചന്ദ്രൻ

Published on Nov 16, 2026, 01:30 AM | 3 min read

പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തെ ചിലരുടെയും പ്രതിഷേധങ്ങളും ഭേദഗതികളും വകവയ്‌ക്കാതെ യുഡിഎഫ് സർക്കാർ തിരക്കിട്ട്‌ നിയമസഭയിൽ പാസാക്കിയെടുത്ത സരൾ ബിൽ കേരളത്തിന്റെ നിലനിൽപ്പിന്‌ ഭീഷണിയാണ്. ​ "ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ' എന്ന് പറഞ്ഞ് കൊണ്ടുവന്ന ഈ ബിൽ സംസ്ഥാനത്തിന്റെ അമൂല്യ പ്രകൃതിസന്പത്തിൽ കണ്ണുവച്ചിരിക്കുന്ന കോർപറേറ്റുകൾക്ക്‌ വേണ്ടിയാണ്‌. ഭൂവിനിയോഗം, പരിസ്ഥിതി, തൊഴിൽ, തദ്ദേശ സ്വയംഭരണം തുടങ്ങിയ മേഖലകളിലെ നിലവിലുള്ള പത്തൊന്പതോളം നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയാണ് സരൾ ബിൽ നടപ്പാക്കുന്നത്. ഇത് നിയമമായി വരുന്നതോടെ കേരളത്തിലെ നെൽവയലുകൾ, തണ്ണീർത്തടങ്ങൾ, വനമേഖലകൾ, കടൽത്തീരങ്ങൾ തുടങ്ങിയവ വൻകിട ഭൂമാഫിയകൾക്ക് കൈമാറാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.


കൃഷിഭൂമികളും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള മുൻകരുതലുകളൊന്നും ബില്ലിൽ ഇല്ല. അതിനാലാണ് ഇത് കേരളത്തെ ദോഷകരമായി ബാധിക്കുന്ന "കരാള ബില്ലാണ്’എന്ന വിമർശം ഉയരുന്നത്. രാജ്യത്ത് ബിജെപി,- കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ വികസനത്തിന്റെ പേരിൽ വലിയ തോതിൽ ഭൂമി കോർപറേറ്റുകൾക്ക് വിട്ടുനൽകാനുള്ള നടപടികളിൽ ഏർപ്പെടുന്നത് സാധാരണമാണ്. കടുത്ത ജനകീയ പ്രതിഷേധങ്ങൾക്ക് ഇത് കാരണമായിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, വ്യവസായ ഇടനാഴികൾ, പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങിയവ സ്ഥാപിക്കാനെന്ന വ്യാജേനയാണ് കോർപറേറ്റ് ഭൂമാഫിയകൾക്ക് കൊള്ളയടിക്കാൻ ഇക്കൂട്ടർ വഴിതുറന്നു കൊടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ ഭേദഗതി വരുത്താൻ ശ്രമിച്ചത് അത്തരം ഉദ്ദേശ്യത്തോടെയായിരുന്നു. 2013-ലെ നിയമം കർഷകർക്കും ഭൂവുടമകൾക്കും അനുകൂലമായ വ്യവസ്ഥകൾ മുന്നോട്ടുവച്ചിരുന്നു. വ്യവസായ വികസനത്തിന് ഇത് തടസ്സമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഭേദഗതികൾ കൊണ്ടുവരാൻ ശ്രമിച്ചത്. ഇതിനായി മോദി 2014ൽ അധികാരമേറ്റയുടൻ ഇറക്കിയ ഓർഡിനൻസ്, കർഷക– കർഷക തൊഴിലാളി, പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുടർന്ന് പിൻവലിക്കേണ്ടിവന്നു.


എന്നാൽ, ഭൂമി ഏറ്റെടുക്കൽ ഭരണഘടനയുടെ സമവർത്തി പട്ടികയിലുള്ള വിഷയമായതിനാൽ എൻഡിഎ നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ നിയമഭേദഗതികൾ വരുത്തി, കേന്ദ്ര അനുമതിയോടെ മുന്നോട്ടുപോയി. ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങൾ ഭൂവുടമകൾക്ക് കോടതിയെ സമീപിക്കാനുള്ള വ്യവസ്ഥകളിൽപ്പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. കോർപറേറ്റുകൾക്ക് കർഷകരുടെ ഭൂമി എളുപ്പത്തിൽ കൈക്കലാക്കാൻ വ്യവസ്ഥ ചെയ്‌തു. ജനാധിപത്യപരമായി സ്വന്തം ഭൂമിക്കുമേൽ അവകാശം ഉന്നയിക്കാനുള്ള കർഷക–-കർഷക തൊഴിലാളികളുടെയും ദളിത്, ആദിവാസികളുടെയും അവകാശത്തെ ഇല്ലാതാക്കി.


നവ ഉദാര നയങ്ങളുടെ കടന്നുവരവോടെ, മുൻകാലങ്ങളിൽ രാജ്യം കൈവരിച്ച ഭൂപരിഷ്‌കരണ നേട്ടങ്ങളെ അട്ടിമറിക്കുന്ന നടപടികളാണ് വലതുപക്ഷ സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭൂപരിധി നിയമങ്ങൾ ലഘൂകരിക്കുന്നതും വ്യവസായ-വാണിജ്യ ഗ്രൂപ്പുകൾക്ക് എത്ര വേണമെങ്കിലും ഭൂമി കൈവശം വയ്‌ക്കാമെന്ന തരത്തിൽ നിയമഭേദഗതികൾ കൊണ്ടുവരുന്നതും ഇതിന്റെ ഭാഗമാണ്. റിയൽ എസ്റ്റേറ്റ് -വ്യവസായ ലോബികൾക്ക് അനുകൂലമായ ഭൂനിയമങ്ങളിൽ വെള്ളം ചേർക്കുന്നു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം ഇത്തരം നീക്കങ്ങൾ നടത്തിയത് ജിം ആയും എമർജിങ്‌ കേരളയായും മറ്റും ചരിത്രത്തിലുണ്ട്.

യുഡിഎഫ് വിജയിച്ചപ്പോൾമുതൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശത്തോട് ചേർന്നുനിൽക്കുന്ന നെൽപ്പാടങ്ങൾ വിലയ്‌ക്കുവാങ്ങാനായി ഭൂഉടമകൾക്ക് വൻതുകകൾ അഡ്വാൻസ് നൽകാൻ കോർപറേറ്റുകളുടെ കങ്കാണിമാർ എത്തുന്ന പ്രവണതയുണ്ട്. അദാനി കമ്പനിയുടെ ആവശ്യത്തിനാണെന്നാണ് പലരും പറയുന്നത്. ഇത് വി ഡി സതീശന്റെ മംഗലാപുരം ഡീലിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയിൽ സരൾ ബിൽ കൊണ്ടുവരുമെന്ന് ഈ കങ്കാണിമാർക്ക് നേരത്തേ അറിവുണ്ടായിരിക്കാം. സ്‌പോൺസർമാർക്കു വേണ്ടിയുള്ള ഭരണത്തിൽ കേരളത്തിന്റെ നെൽവയലും നീർത്തടവും വിറ്റുതുലയ്‌ക്കാനാണ് പണ്ട് ഹരിത എംഎൽഎ എന്ന മുഖംമൂടിയണിഞ്ഞ് നടന്ന വി ഡി സതീശനും കൂട്ടരും ശ്രമിക്കുന്നത്.


2008ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാന സ്വഭാവത്തെയും ലക്ഷ്യങ്ങളെയും അട്ടിമറിക്കാനാണ് സരൾ ബിൽ. നിലവിലുള്ള നിയമപ്രകാരം നെൽവയലോ തണ്ണീർത്തടമോ മറ്റ് ആവശ്യങ്ങൾക്ക് മാറ്റണമെങ്കിൽ തദ്ദേശീയമായി രൂപീകരിച്ച ലോക്കൽ മോണിറ്ററിങ്‌ കമ്മിറ്റികൾ, കൃഷി ഓഫീസർമാർ, റവന്യു അധികാരികൾ എന്നിവരുടെ കർശന പരിശോധനയും ശുപാർശയും ആവശ്യമാണ്. സരൾ നിയമപ്രകാരം, 25 കോടിക്കു മുകളിലുള്ള നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്നത് കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതലത്തിലുള്ള സമിതിയും 50 കോടിക്കു മുകളിലുള്ള വലിയ പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതലത്തിലുള്ള സമിതിയുമാണ്. വി ഡി സതീശനടക്കമുള്ളവരുടെ വരുതിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരായിരിക്കും സമിതിയിലുണ്ടാകുക.


രാജ്യത്ത് ആദ്യമായി പരിസ്ഥിതിക്കും സമൂഹത്തിനും പ്രാധാന്യം നൽകുന്ന ഇഎസ്-ജി വ്യവസായനയം കൊണ്ടുവന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. അതുകൊണ്ടാണ് വ്യവസായങ്ങൾക്ക് അംഗീകാര സാക്ഷ്യപത്രം നൽകുമ്പോൾ 2008-ലെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തിനോ 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തിനുകീഴിൽ വിജ്ഞാപനം ചെയ്ത മാസ്റ്റർ പ്ലാനിനോ വിരുദ്ധമായി ഭൂമി ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥ അക്കാലത്ത് ഉൾപ്പെടുത്തിയത്. ഉദ്യോഗസ്ഥ കമ്മിറ്റിക്ക് തോന്നുംപടി കാര്യങ്ങൾ ചെയ്യാനാകുന്ന സാഹചര്യമാണ് ഒരുക്കുന്നത്.


വ്യവസായങ്ങൾക്കായി നൽകുന്ന അപേക്ഷകളിൽ സാങ്കേതിക പരിശോധനകളും അനുമതികളും 75 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് സരൾ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ആവാസവ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി ആഘാതത്തെക്കുറിച്ചും വിശദ പഠനം നടത്താൻ ഈ ചുരുങ്ങിയ സമയം മതിയാകുമോ. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കുന്ന സാഹചര്യത്തിൽ വൻകിട വ്യവസായങ്ങൾക്ക് നെൽവയലുകളും തണ്ണീർത്തടങ്ങളും എളുപ്പത്തിൽ കൈക്കലാക്കാനാകും.


സരൾ ബിൽ പ്രകാരം വ്യവസായങ്ങൾക്കായി സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക വ്യവസ്ഥകൾ അനുസരിച്ച് ഭൂമി ഉപയോഗിക്കാം. ഇതിലൂടെ കുട്ടനാടുപോലുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലെ നെൽവയലുകളും കായലുകളും കേരളത്തിലെ വനമേഖലകളും വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് നിയമപരമായി നികത്താനും റിസോർട്ടുകളും ഫാക്ടറികളും നിർമിക്കാനും അനുവാദം നൽകും. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ കെഎസ്-കെടിയു സംസ്ഥാനത്താകമാനം നടത്തിയ സമരങ്ങൾ വിഖ്യാതമാണ്. വെട്ടിനിരത്തൽ, കൊടിനാട്ടൽ സമരങ്ങളെന്ന് ദുർവ്യാഖ്യാനം ചെയ്ത് അന്നത്തെ പ്രക്ഷോഭങ്ങളെ പരിഹസിച്ചവരാണ് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും. ആ സമരത്തിന്റെ തുടർച്ചയായാണ് 2008ൽ വി എസ് അച്യുതാനന്ദൻ സർക്കാർ ചരിത്രപരമായ നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും കടുത്ത കാലാവസ്ഥാ വ്യതിയാനവും നേരിടുന്ന കേരളത്തെ കൂടുതൽ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ഈ നിയമനിർമാണം. ഭൂഗർഭ ജലസ്രോതസ്സുകൾ വറ്റിവരളാനും ഭക്ഷ്യസുരക്ഷ തകരാനും വരുംതലമുറ ശുദ്ധജലമില്ലാതെ വലയാനും ഈ ബിൽ കാരണമാകും. ഇത്തരം നീക്കങ്ങളെ നമുക്ക് ചെറുത്തു തോൽപ്പിച്ചേ മതിയാകൂ.


(ലേഖകൻ കേരള സ്റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home