സഞ്ജുവിന്റെ ലോകകപ്പ്

ഡോ. സോണി ജോൺ
Published on Mar 10, 2026, 11:28 PM | 3 min read
ലോക സ്പോർട്സിലെ മടങ്ങിവരവുകളിലെ ഏറ്റവും ഉജ്വലമായ ഏടുകളിലൊന്നാണ് 2026ലെ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ എഴുതിച്ചേർത്തത്. തിരസ്കൃതനിൽനിന്ന് വീരനായകനിലേക്കുള്ള തിരിച്ചുവരവ്. ഏതാണ്ടൊറ്റയ്‌ക്കുതന്നെ സൂപ്പർ 8ലെ ഏറ്റവും നിർണായക മത്സരത്തിൽ ടീമിനെ സ്വയം ചുമലിലേറ്റി സംശയങ്ങളുടെ വല്‌മീകങ്ങളെ അടിച്ചുതകർത്തുള്ള വരവ്. സെമിഫൈനലിലും ഫൈനലിലും രാജ്യം ആഗ്രഹിച്ചരീതിയിൽ മുന്നിൽനിന്ന് പടനയിച്ച് ടീമിനെ വിജയതീരത്തെത്തിച്ച പോരാട്ടവീര്യം. ഈ തിരിച്ചുവരവ് ഇന്ത്യൻ സ്പോർട്സ് ചരിത്രത്തിലെതന്നെ ഏറ്റവും നിറമുള്ള ഓർമയായി ഏറെക്കാലം നിലനിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വിഴിഞ്ഞത്തിനടുത്തെ പുല്ലുവിളയെന്ന ഗ്രാമത്തിൽ പിറന്ന സഞ്‍ജുവിന്റെ കളിയിൽ സമുദ്രം അത്താണിയാക്കിയ പൂർവികരുടെ പോരാട്ടവീര്യവുമുണ്ട്. സ്വന്തം ജീവനെ തൃണവൽഗണിച്ചും മറ്റുള്ളവരുടെ ജീവൻകാക്കുന്ന പാരമ്പര്യമുള്ളവരാണവർ. എന്നും പുലരിയിൽ കടലിൽ പോയിരുന്ന മുത്തച്ഛൻ വിശ്വനാഥന്റെ ചിത്രം സഞ്‍ജു ഒരിക്കൽ ഓർമയിൽനിന്ന് വരച്ചിടുന്നുണ്ട്. കഠിനമായി അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ തിരിച്ചുവരുന്ന മുത്തച്ഛൻ അടുത്തദിവസം വീണ്ടും രാവിലെ കടലിലേക്ക് പൂർണതയ്യാറെടുപ്പുകളോടെ പോകുന്നതിൽനിന്ന് താൻ പഠിച്ചൊരു പാഠത്തെക്കുറിച്ചും സഞ്‍ജു പറയുന്നുണ്ട്. കടലിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. കഴിയുന്നത് അതുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പൂർണസജ്ജമാവുകയെന്നതാണ്.
കളത്തിലിറങ്ങുകയെന്ന തീരുമാനം പലപ്പോഴും തന്റെ കൈയിലല്ലെന്ന തിരിച്ചറിവിലും സദാ സജ്ജനായിരിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത് അതേ ഓർമകൾതന്നെയായിരിക്കണം. അതുതന്നെയായിരിക്കണം അദ്ദേഹത്തിനെ ഈ ലോകോത്തര പ്രകടനത്തിലേക്ക് നയിച്ചതും. ഇപ്പോൾ ഓർമകളിൽ തെളിയുന്നത് ഹെമിങ്‌വേയുടെ സൃഷ്ടിയായ ‘കിഴവനും കടലും' എന്ന വിശ്വവിഖ്യാത നോവലിലെ ഒരു സന്ദർഭമാണ്. അതിൽ 84 ദിവസമായിട്ടും കടലിൽ പോയി മീനൊന്നും കിട്ടാതെ തിരിച്ചുവരുന്ന കിഴവന് പ്രചോദനമാകുന്നത് ഒരു മീൻപിടിത്തത്തൊഴിലാളിയുടെ മകനായ ഐക്യനാടുകളിലെ വിഖ്യാത ബേസ്‌ബോൾ താരം ഡി മാജിയോയാണ്.
ഉപ്പൂറ്റിക്ക് പരിക്കേറ്റിട്ടും ഉജ്വലപ്രകടനം നടത്താൻ ഡി മാജിയോയ്‌ക്ക് കഴിയുമെങ്കിൽ കിഴവനായ തനിക്കിനിയും വൻ മത്സ്യങ്ങളെ പിടിക്കാൻ കഴിയുമെന്ന പ്രചോദനമാണ് അദ്ദേഹത്തിന്. 85–ാംദിവസം വലിയൊരു മർലിൻ മത്സ്യത്തെ പിടിക്കാൻ അദ്ദേഹത്തിന് വീര്യം നൽകുന്നത് ഡി മാജിയോയുടെ ഓർമകളാണെന്ന് ഹെമിങ്‌വേ പ്രതീകവൽക്കരിക്കുന്നു. പോരാളിയായ മുത്തച്ഛന്റെ ഓർമകളായിരുന്നിരിക്കാം സഞ്‍ജുവിന്റെ പോരാട്ടത്തിനും അബോധമായെങ്കിലും പ്രചോദനമായിട്ടുണ്ടാവുക.
തന്റെ മുത്തച്ഛനും മുതുമുത്തച്ഛൻ തോമയുമൊക്കെ കടലിനോട് മല്ലടിച്ച് നേടിയ കൈക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ സിരകളിലുണ്ട്. ബുദ്ധിമുട്ടേറിയ സമയങ്ങളിലും സ്വപ്നം കാണാനുള്ള ധൈര്യം, പരാജയങ്ങളെയും ചിലപ്പോഴൊക്കെ നിർഭാഗ്യങ്ങളെയും ഭവ്യതയോടെ സ്വീകരിക്കാനും അതിൽനിന്ന് പഠിച്ചുകൊണ്ട് ഉയിർത്തെഴുന്നേൽക്കാനുമുള്ള മനോവീര്യം, അതൊക്കെത്തന്നെയാണ് സഞ്‍ജുവിനെ വ്യത്യസ്തനാക്കുന്നതും.
ഒരു കളിക്കാരൻ രൂപപ്പെട്ടുവരുന്നത് പലകരങ്ങളിലൂടെയാണ്. അതിൽ ഏറ്റവും പ്രധാനം അയാളുടെ രക്ഷിതാക്കൾതന്നെയാണ്. അച്ഛൻ സാംസൺ സന്തോഷ് ട്രോഫിയിൽ ഡൽഹിയെ പ്രതിനിധാനംചെയ്‌ത ഫുട്ബോളറാണെന്നത് സഞ്‍ജുവിന്റെ കളിജീവിതത്തിലെ നിർണായക ഘടകമാണ്. സാംസണും ലിജിയും മക്കളുടെ കായികസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഉചിതം കേരളമാണെന്ന തിരിച്ചറിവിനൊടുവിൽ 2009ൽ സുരക്ഷിതമായ തൊഴിലുപേക്ഷിച്ച് കേരളത്തിലെത്തുന്നതോടെയാണ് സഞ്‍ജു കേരളത്തിനായി കളത്തിലിറങ്ങാൻ തുടങ്ങുന്നത്. മാതാപിതാക്കളുടെ ആ ത്യാഗത്തിന്റെകൂടി ആത്യന്തികഫലമായി വേണം സഞ്‍ജുവിന്റെ പ്രകടനത്തെ വിലയിരുത്താൻ.
ഡൽഹിയിലെ അദ്ദേഹത്തിന്റെ പരിശീലകൻ യശ്പാൽ, തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഗുരുനാഥൻ ബിജു ജോർജ്, രാജസ്ഥാൻ റോയൽസിൽ അദ്ദേഹത്തിന്റെ പരിശീലകരായിരുന്ന രാഹുൽ ദ്രാവിഡ്, പാഡി ആപ്റ്റൺ, കുമാർ സംഗക്കാര, കേരള ക്രിക്കറ്റ് അസോസിയേഷൻ, ഒപ്പം കളിച്ചവർ, ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീർ, ഒരു നിർണായകഘട്ടത്തിൽ സഞ്ജുവിനെ സഹായിക്കാൻ മുന്നോട്ടുവന്ന രോഹിത് ശർമയും സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറും തുടങ്ങി ഒട്ടേറെപ്പേരുടെ കരങ്ങൾ സഞ്‍ജുവിന്റെ പ്രകടനത്തിനു പുറകിലുണ്ട്. അവരെല്ലാവരുംതന്നെ ഈ പ്രകടനത്തിൽ അഭിനന്ദനം അർഹിക്കുന്നവരുമാണ്.
ഒരുപക്ഷേ, സഞ്ജുവിന്റെ കളിക്കാലത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്ന് ട്വന്റി20 ലോകകപ്പിനുമുന്പ് നടന്ന ന്യൂസിലൻഡുമായുള്ള മത്സരപരമ്പരയായിരുന്നു. അതദ്ദേഹത്തെ കൊണ്ടെത്തിച്ചത് ഒട്ടേറെ തിരിച്ചടികളിലായിരുന്നു. താളം കണ്ടെത്താനാകാതെ വിഷമിച്ച സഞ്ജു എത്തിപ്പെട്ടത് നൈരാശ്യത്തിന്റെയും സ്വസംശയത്തിന്റെയും പടുകുഴിയിലും. ലോകകപ്പ് വിജയത്തിനുശേഷം ക്രിക്കറ്റ് കമന്റേറ്ററായ ജതിൻ സപ്രുവുമായി നടത്തിയ അഭിമുഖത്തിൽ ആ അനുഭവത്തെക്കുറിച്ച് സഞ്ജു വാചാലനാകുന്നുണ്ട്.
ആ ഘട്ടത്തിൽ വൈകാരികമായി പൂർണമായി തകർന്നിരുന്നെന്നും സ്വതസിദ്ധശൈലിയിൽ ബാറ്റുചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും സഞ്ജു ഓർത്തെടുക്കുന്നു. പക്ഷേ, അവസരങ്ങൾ ശരിയായി വിനിയോഗിച്ചില്ലെന്ന സ്വയം സമ്മതത്തിനൊടുവിലാണ് സഞ്ജു ആ പടുകുഴിയിൽനിന്ന് പുറത്തുവരുന്നത്. അതിന് സഹായിച്ചത് ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിരന്തര പ്രചോദനമാണെന്നും സഞ്ജു സമ്മതിക്കുന്നുണ്ട്. ഒരു കായികതാരത്തെ സംബന്ധിച്ച് ഏറെ കുഴപ്പം പിടിച്ച ഒരു ഘട്ടമാണിത്.
ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ അടിസ്ഥാനചലനങ്ങളിൽ എന്തെങ്കിലും പാകപ്പിഴകളുണ്ടോ അതിൽ എന്തുമാറ്റമാണ് വരുത്തേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഏറ്റവും അലട്ടുന്ന ഘട്ടമാണിത്. ഇവിടെ ഈ ഘട്ടത്തെ അതിസങ്കീർണമാക്കുന്നത് പുറമെനിന്നുള്ളവരുടെ പലവിധ അഭിപ്രായങ്ങളായിരിക്കും. അതിനെ മറികടക്കുക വലിയ വെല്ലുവിളിതന്നെയാണ്. ആ സങ്കീർണ ഘട്ടത്തെ മറികടക്കാനുള്ള മാനസിക കരുത്തും ആത്മവിശ്വാസവുംതന്നെയാണ് ലോകം കീഴടക്കിയ പ്രകടനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
സഞ്ജുവിന്റെ പ്രകടനം കേരളത്തിലെയും ഇന്ത്യയിലെയും കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് കരുതാം. അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞപോലെ സഞ്ജുവിന് ഇനിയും ഒട്ടേറെ നേട്ടങ്ങൾ എത്തിപ്പിടിക്കാനുണ്ട്. ബാറ്റിലൂടെയും ഗ്ലൗസിലൂടെയും ഇനിയും ഒട്ടേറെ വിജയങ്ങൾ രാജ്യത്തിനു നൽകാൻ സഞ്ജുവിന് കഴിയട്ടെ.
(ലോക ചാമ്പ്യന്മാരായിരുന്ന ഇന്ത്യൻ ആർച്ചറി ടീമിന്റെ കായിക മനഃശാസ്ത്രജ്ഞനും സ്‌കോൾ കേരളയുടെ അക്കാദമിക് കൗൺസിൽ അംഗവുമാണ് ലേഖകൻ)















