ad
Deshabhimani

Articles

sahitya akademi

സർഗാത്മകത അട്ടിമറിക്കപ്പെടുമ്പോൾ

sahitya akademi award 2025
avatar
സി കെ ദിനേശ്‌

Published on Jan 02, 2026, 10:28 PM | 3 min read

മലയാളം ആദരിക്കുന്ന കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്‌ 2025ലെ എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും; ‘ഇടതുപക്ഷ സർക്കാർ കെ ജി എസിന്‌ അവാർഡ്‌ നൽകുന്നോ?’ എന്ന്‌. പക്ഷേ, കേരളത്തിലെ വിവിധ സാഹിത്യ–സാംസ്കാരിക അവാർഡുകളുടെ ചരിത്രം അറിയുന്നവർക്ക്‌ അത്ഭുതം തെല്ലുമുണ്ടാകില്ല. കാരണം, എഴുത്തുകാരുടെ രാഷ്‌ട്രീയനിലപാടല്ല, മറിച്ച്‌ സർഗാത്മകസംഭാവനയാണ്‌ നിശിതമായി പരിഗണിച്ചുപോരുന്നത്‌. എൻ എസ്‌ മാധവൻ ചെയർമാനും കെ ആർ മീര, കെ എം അനിൽ എന്നിവർ അംഗങ്ങളുമായ 2025ലെ എഴുത്തച്ഛൻ പുരസ്കാര ജൂറിയുടെ നിർദേശം സർക്കാർ പ്രഖ്യാപിക്കുകമാത്രമാണ്‌ ചെയ്തത്‌.


ആനന്ദ്‌, സക്കറിയ, പി വത്സല, എസ്‌ കെ വസന്തൻ തുടങ്ങിയവർ കഴിഞ്ഞ 10 വർഷത്തിനിടെ എഴുത്തച്ഛൻ പുരസ്കാരം നേടിയവരിൽ ഉൾപ്പെടുന്നവരാണ്‌. ഒരാൾ ഇടതുപക്ഷത്തെയോ അല്ലെങ്കിൽ സിപിഐ എമ്മിനെയോ പിന്തുണയ്ക്കുന്നില്ലെന്നതോ അവർ വിമർശിച്ചുവെന്നതോ അവരുടെ സാഹിത്യസംഭാവനയുമായി കൂട്ടിച്ചേർത്ത്‌ വായിക്കാറില്ല. കേരള സാഹിത്യ അക്കാദമി അവാർഡുകളുടെ കാര്യമെടുത്താലും അത്‌ കാണാം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചുകൊണ്ടുള്ള സാംസ്കാരികമന്ത്രാലയത്തിന്റെ ഇടപെടലിന്റെ സാഹചര്യത്തിലാണ്‌, കേരളമെന്ന തുരുത്തിലെ സാഹിത്യവും അവാർഡുകളുംമറ്റും ഇവിടെ പരാമർശിച്ചത്‌.


​ലക്ഷ്യം സാംസ്കാരിക ആധിപത്യം

സ്വതന്ത്ര സ്വഭാവമുള്ള സ്വയംഭരണ സ്ഥാപനമായ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നടന്നതെന്തെന്ന്‌ പരിശോധിക്കാം. ഡിസംബർ 18ന്‌ അക്കാദമി അധികൃതർ അവാർഡ്‌ പ്രഖ്യാപനത്തിനായി ന്യൂഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചു. അക്കാദമിയുടെ എക്‌സിക്യൂട്ടീവ് യോഗം അവാർഡിന് അർഹരായവരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്‌ അയച്ചശേഷമാണിത്‌. വാർത്താസമ്മേളനത്തിന്‌ തൊട്ടുമുന്പ്‌ സാംസ്‌കാരികമന്ത്രാലയം ഇടപെട്ട്‌ പ്രഖ്യാപനം തടഞ്ഞു. അക്കാദമിയുടെ ചരിത്രത്തിൽ ആദ്യസംഭവം.


അവാർഡ്‌ തീരുമാനം മുൻകാലങ്ങളിലും സാംസ്കാരികമന്ത്രാലയത്തെ അറിയിക്കാറുണ്ടെങ്കിലും ഇത്തരം ഇടപെടൽ ഉണ്ടാകാറില്ല. എന്നാൽ, ഇക്കുറി സാംസ്കാരികമന്ത്രാലയത്തിന്റെ അനുമതിയോടെമാത്രമേ അവാർഡ്‌ സംബന്ധിച്ച അന്തിമതീരുമാനം പ്രഖ്യാപിക്കാവൂ എന്ന നിബന്ധന അക്കാദമി അധികൃതർ അംഗീകരിച്ചുകൊടുത്തിരുന്നു. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇങ്ങനെ പറയുന്നു: “സർക്കാർ അക്കാദമികൾ സ്ഥാപിക്കും. പക്ഷേ, അവ സ്ഥാപിതമായിക്കഴിഞ്ഞാൽ, അത് ഏതെങ്കിലും നിയന്ത്രണം പ്രയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും സ്വയംഭരണസ്ഥാപനങ്ങളായി അവയുടെ പ്രവർത്തനം നിർവഹിക്കാൻ വിടുകയും ചെയ്യും.” അതായത്‌ അക്കാദമിയുടെ തീരുമാനങ്ങളിൽ ഒരുതരത്തിലുള്ള ഇടപെടലിനും സാംസ്കാരികമന്ത്രാലയത്തിന്‌ അധികാരമില്ല. ഇത്‌ മറികടക്കാൻകൂടിയാണ്‌ ഓരോ വർഷവും പുതിയ കരാറുകൾ അയച്ചുകൊടുക്കുന്നത്‌.


ബിജെപി അധികാരത്തിൽ വന്നശേഷം എല്ലാ വർഷവും പല കരാറുകളും അയക്കാറുണ്ടെങ്കിലും അവയൊന്നും അതേപടി അംഗീകരിച്ചുകൊടുക്കുക പതിവില്ല. എന്നാൽ, ഇപ്പോൾ കേന്ദ്രതീട്ടൂരങ്ങൾക്ക്‌ വഴങ്ങുന്നതാണ്‌ ഉചിതമെന്ന്‌ കരുതുന്ന പല എഴുത്തുകാരും അക്കാദമിയുടെ ഭാഗമായി വന്നു. അതുവഴി, ആർക്കൊക്കെ അവാർഡ്‌ കൊടുക്കണമെന്ന്‌ അക്കാദമിക്ക്‌ തീരുമാനിക്കാമെങ്കിലും ആവശ്യമെങ്കിൽ തിരുത്താനും പ്രഖ്യാപിക്കാതിരിക്കാനുമുള്ള അധികാരം സാംസ്കാരികമന്ത്രാലയത്തിന്‌ കൈവരികയായിരുന്നു.


akademi


സ്വയംഭരണ സ്ഥാപനം എന്നതാണ്‌ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഘടനയിലും പ്രവർത്തനത്തിലുമുള്ള പ്രത്യേകത. അതുകൊണ്ടുതന്നെ അക്കാദമി അവാർഡുകൾക്കും വലിയ അംഗീകാരമുണ്ട്‌. ഇത്തരം സ്ഥാപനങ്ങളുടെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കി കൈപ്പിടിയിൽ ഒതുക്കുക എന്നത്‌ സംഘപരിവാർ അജൻഡതന്നെയാണ്‌. ആർഎസ്‌എസ്‌ താൽപ്പര്യം മുൻനിർത്തി, കേന്ദ്രം പച്ചയായിത്തന്നെ സാംസ്കാരികസ്ഥാപനങ്ങളിൽ ഇടപെട്ടാൽ എന്ത്‌ സംഭവിക്കുമെന്നതിന്റെ ഏറ്റവും മാരകമായ ഉദാഹരണമാണ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ്‌ ഇന്ത്യ (ഐഎഫ്‌എഫ്‌ഐ). അതൊരു സംഘപരിവാർ ‘ഫെസ്റ്റ്‌’ ആക്കി മാറ്റിക്കഴിഞ്ഞു.


1954-ൽ സ്ഥാപിതമായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പല തീരുമാനങ്ങളും വിവാദമായിട്ടുണ്ടെങ്കിലും സ്വയംഭരണാധികാരമുള്ള സ്ഥാപനമെന്ന ഘടനയെ തകർക്കാൻ ആരും മുന്പ്‌ ശ്രമിച്ചിട്ടില്ല. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റെയും സ്വതന്ത്രവിഹാരം അനുവദിക്കില്ലെന്ന ഫാസിസ്റ്റ്‌ നിലപാടുതന്നെയാണ്‌ ഇപ്പോഴത്തെ ഇടപെടലിൽ തെളിഞ്ഞുകാണുന്നത്‌.


ഹിറ്റ്‌ ലിസ്‌റ്റ്‌

​കേന്ദ്ര രാഷ്‌ട്രീയ ഇടപെടലിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന ചില വസ്തുതകളും പുറത്തുവന്നിട്ടുണ്ട്‌. 24 ഭാഷകളിലായി വർഷംതോറും നൽകുന്നതാണ്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌. പ്രഖ്യാപനം വരുന്നുവെന്നതറിഞ്ഞ്‌ ആഴ്‌ചകൾക്കുമുന്പേതന്നെ സമൂഹമാധ്യമങ്ങളിൽ ചില ചർച്ചകൾ സജീവമായിരുന്നു, പ്രത്യേകിച്ചും ന്യൂഡൽഹി കേന്ദ്രീകരിച്ച്‌ ഹിന്ദി സാഹിത്യവൃത്തങ്ങളിൽ. അതിലൊന്ന്‌ അവാർഡ് ജേതാക്കളുടെ പട്ടികയിൽ മുതിർന്ന എഴുത്തുകാരി മംത കാലിയ ഉണ്ടെന്ന അനുമാനമായിരുന്നു. 2025 ജനുവരിയിൽ, ഡൽഹി ഹിന്ദി അക്കാദമി ശലക സമ്മാൻ അവാർഡ്‌ പട്ടികയിലും മംത കാലിയയുടെ പേരുണ്ടായിരുന്നു. അനാമിക, അശോക് വാജ്‌പേയി എന്നിവരായിരുന്നു മറ്റു രണ്ടുപേർ. അവാർഡ്‌ പ്രഖ്യാപിച്ചെങ്കിലും അതിനിടയിൽ, ഡൽഹിയിൽ എഎപി സർക്കാർ മാറി ബിജെപി അധികാരത്തിലെത്തി. അതോടെ പ്രഖ്യാപിച്ച ഒരു അവാർഡും നൽകേണ്ടതില്ല എന്നു തീരുമാനിച്ചു. തങ്ങളുടെ ‘ഹിറ്റ്‌ലിസ്റ്റി’ലുള്ള ഒരു എഴുത്തുകാർക്കും അവാർഡ്‌ കൊടുക്കില്ല എന്ന അജൻഡയുടെ ഭാഗംതന്നെയാണിത്‌. സംഘപരിവാറിന്റെ ശത്രുപട്ടികയിലുള്ള എഴുത്തുകാരൻ എം എം കൽബുർഗിയെ കൊലപ്പെടുത്തിയതിനെ തുടർന്ന്‌ 2015ൽ സാഹിത്യ സാംസ്കാരികമേഖലയിൽ ഉയർന്ന പ്രതിഷേധങ്ങളാണ്‌ മറ്റൊരു കാരണം. കെ സച്ചിദാനന്ദനും കെ എസ്‌ രവികുമാറും പി കെ പാറക്കടവും ഉൾപ്പെടെ നിരവധി എഴുത്തുകാരാണ്‌ അക്കാദമിയിൽനിന്ന് പ്രതിഷേധസൂചകമായി അന്ന്‌ രാജിവച്ചത്‌. ഒട്ടേറെപ്പേർ അവാർഡുകൾ തിരികെ നൽകി. സ്വതന്ത്രചിന്തയ്ക്കും വിയോജിപ്പുകൾക്കും ഇടം നിഷേധിക്കുന്നതിനെതിരായ ശക്തമായ ശബ്ദമായി അതു മാറി. എഴുത്തുകാർക്കെതിരെയുള്ള ആക്രമണങ്ങളോട്‌ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന അസ്വസ്ഥകരമായ നിശ്ശബ്ദതയിലുള്ള രോഷം കേന്ദ്ര ബിജെപി സർക്കാരിലാണ്‌ കൊണ്ടത്‌. സാഹിത്യ അക്കാദമി എങ്ങനെയും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്നുമുതലേ ആരംഭിച്ചിരുന്നു.


സാഹിത്യത്തിനുമേൽ എപ്പോൾ ഭരണകൂടനിയന്ത്രണം ഏർപ്പെടുത്തുന്നുവോ, ആ നിമിഷം സർഗാത്മകത കപ്പൽ കയറുമെന്നത്‌ സംശയമറ്റ കാര്യമാണ്‌. സാഹിത്യം, സിനിമ, കല തുടങ്ങിയവ നിയന്ത്രിച്ച്‌ ബഹുസ്വരതയെ അട്ടിമറിക്കുമ്പോൾ ആത്യന്തികമായി പരാജിതരാകുന്നത്‌ രാജ്യത്തെ ജനങ്ങൾതന്നെയാണ്‌. കെ ജി എസിന്റെ വരികൾതന്നെ ഉദ്ധരിച്ച്‌ ഇ‍ൗ കുറിപ്പ്‌ അവസാനിപ്പിക്കട്ടെ. അശനം എന്ന കവിതയിൽ പറയുന്നുണ്ട്‌, ‘മാനം വേവിച്ച് കാച്ചിയ നുണകൂട്ടി തിന്നുക’! എന്ന്‌.



Deshabhimani
Home