ബലാത്സംഗരാഷ്ട്രീയവും ഓർഗനൈസറും

പ്രതീകാത്മക ചിത്രം

കെ രാജേന്ദ്രൻ
Published on Jul 30, 2026, 12:00 AM | 3 min read
ബലാത്സംഗത്തെ മഹത്വവൽക്കരിച്ച സംഘപരിവാർ നേതാവ് ടി ജി മോഹൻദാസിന്റെ പ്രസ്താവന പുതുതലമുറയെ അത്ഭുതപ്പെടുത്തിയേക്കാം. സംഘപരിവാറിന്റെ ചരിത്രം അറിയുന്നവർക്ക് ഒട്ടും അത്ഭുതമില്ല. ഉന്നതകുലജാതർക്കുമാത്രം സംവരണം ചെയ്ത ആർഎസ്എസ് സർസംഘ ചാലക് പദവിയിലെ രണ്ടാമനായിരുന്നു ഗോൾവാൾക്കർ. ആർഎസ്എസിന്റെ മുഖപ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ 1961 ജനുവരി രണ്ടിന് പുറത്തിറങ്ങിയ ലക്കത്തിൽ ഗോൾവാൾക്കർ എഴുതിയ ഒരു ലേഖനത്തിലെ വാചകം ഇങ്ങനെ ‘‘നമ്മൾ സങ്കരവർഗ ഉൽപ്പാദനത്തിനായുള്ള പരീക്ഷണങ്ങൾ മൃഗങ്ങളിൽമാത്രമാണ് നടത്താറുള്ളത്.
എന്നാൽ, നമ്മുടെ പൂർവികർ മനുഷ്യരിലും ഇത്തരത്തിലുള്ള ധീരമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു. സങ്കരവർഗ ഉൽപ്പാദനത്തിലൂടെ മനുഷ്യവംശത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്മണരെ കേരളത്തിൽ കുടിയിരുത്തി. ഏതുവിഭാഗത്തിൽപ്പെട്ട സ്ത്രീയുടെയും ആദ്യത്തെ കുഞ്ഞ് ഒരു നമ്പൂതിരി ബ്രാഹ്മണനിൽനിന്നായിരിക്കണമെന്നും അതിനുശേഷം മാത്രമേ അവർക്ക് സ്വന്തം ഭർത്താവിൽ കുട്ടികളുണ്ടാകാൻ പാടുള്ളൂ എന്നും നിഷ്‌കർഷിക്കുന്ന ഒരു ധീരമായ നിയമം അന്ന് നടപ്പാക്കിയിരുന്നു.’’ ഒരു ദുരാചാരത്തെ ‘ധീരമായ നിയമം' എന്ന് വാഴ്ത്തിയ ഗോൾവാൾക്കറുടെ ചിന്താധാര പരുവപ്പെടുത്തിയ ലക്ഷണമൊത്ത സംഘപരിവാറുകാരനാണ് ടി ജി മോഹൻദാസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകളിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
നാസി ഭീകരതയുടെ പിന്മുറക്കാർ
ഹിറ്റ്‌ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണ് സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്‌ട്രീയം. രണ്ടിന്റെയും അടിസ്ഥാനം വംശീയതയാണ്. നാസികൾ വംശീയവിദ്വേഷം തീർക്കുന്നതിനായി ശത്രുപക്ഷത്ത് നിൽക്കുന്ന വിഭാഗങ്ങളിലെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ആനന്ദിക്കുമായിരുന്നു. അതിനവർ ന്യായീകരണവും ചമയ്ക്കുമായിരുന്നു. കാരണം ബലാത്സംഗം നാസി വംശീയതയ്ക്ക് രാഷ്ട്രീയപ്രവർത്തനമാണ്. സമാനമാണ് സംഘപരിവാറിന്റെയും കാര്യം. ഗുജറാത്ത് കലാപസമയത്ത് ബിൽക്കീസ് ബാനു ഉൾപ്പെടെ മുസ്ലിംസ്ത്രീകളെ ബലാത്സംഗം ചെയ്താണ് സംഘപരിവാർ പകതീർത്തത്. കോടതികൾ കുറ്റവാളികളെന്ന് വിധിച്ച് ജയിലിലടച്ച കൊടുംക്രിമിനലുകളെ സ്വാതന്ത്ര്യത്തിന്റെ 75–ാംവാർഷികം എന്ന കാരണം പറഞ്ഞ് ഗുജറാത്തിലെ ബിജെപി സർക്കാർ മോചിപ്പിച്ചിരുന്നു. സംഘപരിവാർ കുലസ്ത്രീകൾ മധുരം നൽകിയും തിലകം ചാർത്തിയും ആ കൊടുംക്രിമിനലുകളെ സ്വീകരിച്ചു.
2002 മാർച്ച് മൂന്ന്. ഗുജറാത്തിൽ വംശഹത്യ കത്തിപ്പടർന്ന ദിനം. ദഹോദ് ജില്ലയിലെ രൺധീർപുർ ഗ്രാമത്തിൽ സംഘപരിവാർ അഴിഞ്ഞാടി. അവർ തലേന്നാൾതന്നെ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇരുപത്തൊന്നുകാരിയായ ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി. ബിൽക്കീസ് ബാനുവിന്റെ ഉമ്മ ഹാലിമയെയും അടുത്തബന്ധു ഷാമിനെയും കൂട്ടബലാത്സംഗം ചെയ്തശേഷമാണ് കൊലപ്പെടുത്തിയത്. ബിൽക്കീസ് ബാനു ഗർഭിണിയായിരുന്നു. അക്രമിസംഘം അവളെ കൂട്ടബലാത്സംഗം ചെയ്തു. മൃതപ്രായയാക്കി മരിച്ചെന്നു കരുതിയാണ് അവർ മടങ്ങിയത്. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹങ്ങൾ കാട്ടിൽ കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നീട് സിബിഐ സംഘം ചിലരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. നിർണായക തെളിവുകൾ ലഭിച്ചു.
അന്നത്തെ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജെ എസ് വർമ, സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദ്, ഗുജറാത്ത് പൊലീസിലെ ഡിഐജിയായിരുന്ന ആർ ബി ശ്രീകുമാർ തുടങ്ങിയവരുടെ പോരാട്ടമാണ് കുറ്റവാളികളെ ജയിലിലടയ്ക്കാൻ സഹായിച്ചത്. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായി. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് അന്വേഷിക്കാൻ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി. ബിൽക്കീസ് ബാനുതന്നെയായിരുന്നു പ്രധാന സാക്ഷി. എല്ലാ പ്രതികളെയും ബിൽക്കീസ് തിരിച്ചറിഞ്ഞു. ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ അവർ തലകുനിച്ചില്ല. വിചാരണ മുംബൈയിലേക്ക് മാറ്റി. വിചാരണക്കോടതിയും ഹൈക്കോടതിയും 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ആജീവനാന്ത തടവുശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്.
സ്വാതന്ത്ര്യദിനത്തിന്റെ ആനുകൂല്യം
കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് ഗുജറാത്ത് സർക്കാർ 2014ൽ ചില മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. ഈ മാനദണ്ഡം അനുസരിച്ച് ഈ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനാകില്ല. എന്നാൽ, പുതിയൊരു വാദവുമായി പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികൾക്ക് ശിക്ഷ വിധിക്കുന്ന കാലത്ത് 1992ലെ മാനദണ്ഡങ്ങളാണ് നിലവിലുണ്ടായിരുന്നതെന്നും അതുപ്രകാരം ഇളവിന് അർഹരാണെന്നും വാദിച്ചു. ഈ വസ്തുത നിയമപരമെങ്കിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി.
ഗുജറാത്ത് സർക്കാരാകട്ടെ, സ്വാതന്ത്ര്യത്തിന്റെ 75–ാംവാർഷികം പ്രമാണിച്ച് ശിക്ഷാ ഇളവ് നൽകേണ്ടവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയോഗിച്ചു. സമിതിഅംഗങ്ങളെല്ലാം കറകളഞ്ഞ സംഘപരിവാറുകാർ. അവർ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ രണ്ട് കോടതികൾ ശിക്ഷിച്ച 11 പ്രതികളുടെയും ശിക്ഷാകാലാവധി അവസാനിപ്പിച്ചു. എല്ലാവരെയും ജയിൽമോചിതരാക്കി. ശിക്ഷ ഇളവ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഈ കേസിൽ പാലിച്ചില്ല. എല്ലാ ഒത്താശയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ചെയ്തുകൊടുത്തു. നടപടിയെ ചോദ്യംചെയ്ത് സിപിഐ എം പിബി അംഗം സുഭാഷിണി അലി സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കി. പ്രതികളെ ജയിലിലേക്ക് തിരിച്ചയച്ചു. ഇതെല്ലാം ടി ജി മോഹൻദാസ് ഉൾപ്പെടെയുള്ള സംഘപരിവാറുകാരെ എങ്ങനെ അരിശപ്പെടുത്താതിരിക്കും?
കേരളത്തിലെ ബ്രാഹ്മണർക്ക് കീഴ്ജാതിക്കാരായ സ്ത്രീകൾ വഴങ്ങണമെന്ന് ഗോൾവാൾക്കറെക്കൊണ്ട് ലേഖനമെഴുതിച്ച (1961 ജനുവരി രണ്ടിന്) അതേ ഓർഗനൈസർ, 2026 ജൂലൈ 27ന് ജന്തർമന്തർ പ്രക്ഷോഭം മുൻനിർത്തി ഇടതുപക്ഷത്തിനെതിരെ ലേഖനമെഴുതിയിരിക്കുന്നു. ഇന്ത്യയിൽ ഇടതുപക്ഷം ശക്തിപ്പെട്ടാൽ സംഘപരിവാറിന്റെ രാഷ്‌ട്രീയം ഉന്മൂലനം ചെയ്യപ്പെടുമോ എന്നതാണ് അവരുടെ ആശങ്ക.















