ad
Deshabhimani

Articles

സംഘപരിവാർ തേർവാഴ്‌ച ചോദ്യംചെയ്‌ത്‌ ജനങ്ങൾ

സംഘപരിവാർ തേർവാഴ്‌ച ചോദ്യംചെയ്‌ത്‌ ജനങ്ങൾ

protest against sangh parivar
എം പ്രശാന്ത്‌

Published on Aug 07, 2026, 10:00 PM | 3 min read

ഗംഗോത്രിമുതൽ ഗംഗാസാഗർവരെ താമര വിരിഞ്ഞിരിക്കുന്നു’– ഇക്കഴിഞ്ഞ മെയ്‌ നാലിന്‌ ബംഗാളിൽ അധികാരം പിടിച്ചശേഷം ഡൽഹിയിൽ ബിജെപി പ്രവർത്തകരോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ്‌ ഇ‍ൗ വാക്കുകൾ. ഒരു കാര്യംകൂടി അദ്ദേഹം കൂട്ടിച്ചേർത്തു– ‘ഇന്ത്യയിൽ ഒരിടത്തും ഇനി കമ്യൂണിസ്റ്റ്‌ ഭരണമില്ല. ഇതൊരു രാഷ്ട്രീയമാറ്റമല്ല. ചിന്താഗതിയുടെ മാറ്റമാണ്‌.’ ബംഗാളിലെ വിജയവും കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിയും സംഘപരിവാറിൽ സൃഷ്ടിച്ച ആഹ്ലാദമാണ്‌ മോദിയുടെ വാക്കുകളിൽ നിറഞ്ഞത്‌.


മൂന്നുമാസം പിന്നിടുമ്പോൾ ആ ആഹ്ലാദവും ആത്മവിശ്വാസവുമെല്ലാം ചോർന്ന നിലയിലാണ്‌ സംഘപരിവാർ. പരീക്ഷാക്രമക്കേടുകൾക്കെതിരായ വിദ്യാർഥി–യുവജന മുന്നേറ്റത്തിൽ കേന്ദ്രസർക്കാരിന്‌ വിദ്യാഭ്യാസമന്ത്രിയെ ബലിനൽകേണ്ടി വന്നു. സംഘപരിവാർ കുതിപ്പിന് വഴിയൊരുക്കിയ അയോധ്യ രാമക്ഷേത്രത്തിൽ, ആർഎസ്‌എസ്‌ ഉന്നതർ ഉൾപ്പെട്ട അമ്പലക്കൊള്ള രാജ്യമാകെ ചർച്ചയാകുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പാർലമെന്റിലേക്കുപോലും എത്താനാകാത്ത സ്ഥിതി. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശക്തികേന്ദ്രങ്ങളിൽപ്പോലും തിരിച്ചടി. കൂട്ടക്കുഴപ്പത്തിലേക്കാണ്‌ സംഘപരിവാർ നീങ്ങുന്നത്‌.


​പാർലമെന്റിലേക്ക്‌ എത്താതെ മോദിയും അമിത്‌ ഷായും


​പാർലമെന്റിൽ എത്താനാകാത്തവിധം ദയനീയാവസ്ഥയിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും. അയോധ്യ ക്ഷേത്രക്കൊള്ളയാണ്‌ മോദിയെ പാർലമെന്റിൽനിന്ന്‌ അകറ്റിനിർത്തുന്നത്‌. ഡൽഹി ജന്തർമന്തറിൽ പൊലീസും കേന്ദ്രസേനയും നടത്തിയ നരനായാട്ടാണ്‌ അമിത്‌ ഷായ്‌ക്ക്‌ തടസ്സം. ജന്തർമന്തറിലെ പൊലീസ്‌വേട്ടയും അമ്പലക്കൊള്ളയും ഉയർത്തി പ്രതിപക്ഷപാർടികൾ കൂട്ടായി നടത്തുന്ന പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും രണ്ടാഴ്‌ച തുടർച്ചയായി സ്‌തംഭിച്ചു. പൊലീസ്‌ അതിക്രമത്തിൽ ആഭ്യന്തരമന്ത്രിയുടെ വിശദീകരണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. ജന്തർമന്തറിൽ അഴിഞ്ഞാടിയ ഡൽഹി പൊലീസും കേന്ദ്രസേനകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്‌. അമിത്‌ ഷായുടെ അറിവോടെയല്ലാതെ വിദ്യാർഥികളെയും യുവജനങ്ങളെയും പൊലീസും കേന്ദ്രസേനയും തല്ലിച്ചതയ്‌ക്കില്ലെന്ന നിലപാടിലാണ്‌ പ്രതിപക്ഷപാർടികൾ. പെല്ലറ്റ്‌ തോക്കുകളും മുള്ളാണി തറച്ച ലാത്തികളും ഷോക്ക്‌ ബാറ്റണുകളുമൊക്കെയായി വിദ്യാർഥികളെ എതിരിടാൻ പൊലീസും സൈന്യവും മുതിർന്നത്‌ ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന്‌ പ്രതിപക്ഷപാർടികൾ ആരോപിക്കുന്നു.


എല്ലാ അതിർവരമ്പും ലംഘിച്ച മർദനമുറകൾ ആഗോളതലത്തിലും വിമർശിക്കപ്പെട്ടു. ഇത്രയും പ്രധാന വിഷയത്തിൽ പ്രതിപക്ഷപാർടികൾ ആഭ്യന്തരമന്ത്രിയുടെ വിശദീകരണം തേടുക സ്വാഭാവികം. ഒരു കാരണവശാലും പ്രതിപക്ഷ ആവശ്യത്തിന്‌ വഴങ്ങില്ലെന്ന പിടിവാശിയിലാണ്‌ അമിത്‌ ഷാ. വർഷകാലസമ്മേളനം തുടങ്ങിയ ജൂലൈ 20ന്‌ അമിത്‌ ഷാ ലോക്‌സഭയിൽ എത്തിയിരുന്നു. ഇതേദിവസമാണ്‌ ജന്തർമന്തറിൽ വിദ്യാർഥികളെ നിഷ്‌ഠുരമായി പൊലീസ്‌ കൈകാര്യം ചെയ്‌തത്‌. ഇതിനുശേഷം ഒരിക്കൽപ്പോലും ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ അമിത്‌ ഷാ എത്തിയിട്ടില്ല. പാർലമെന്റിലെ തന്റെ ഓഫീസിലെത്തി മടങ്ങും.


സഭാസ്‌തംഭനം 13-–ാംദിവസത്തിലേക്ക്‌ നീണ്ടപ്പോൾ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ ഇടപെടാൻ നിർബന്ധിതനായി. അമിത്‌ ഷാ സഭയിലെത്തി പ്രസ്‌താവന നടത്തിയാൽ നടപടികളുമായി സഹകരിക്കാൻ ഒരുക്കമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെ അറിയിച്ചപ്പോഴാണ്‌ സഭാ അധ്യക്ഷൻ ഇടപെട്ടത്‌. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കാൻ രാധാകൃഷ്‌ണൻ പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിനോട്‌ ആവശ്യപ്പെട്ടു. ഇതിനുശേഷവും അമിത്‌ ഷാ സഭയിലേയ്‌ക്ക്‌ എത്തിയില്ല.


രാമക്ഷേത്രക്കൊള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനവും സമാനം. വിഷയത്തിൽ അടിയന്തരചർച്ചയാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. മോദിക്കും പ്രധാനമന്ത്രികാര്യാലയത്തിനും അയോധ്യ ക്ഷേത്രക്കൊള്ളയിൽനിന്ന്‌ മാറിനിൽക്കാനാകില്ല. പ്രധാനമന്ത്രികാര്യാലയം നിയമിച്ച ട്രസ്റ്റിനാണ്‌ രാമക്ഷേത്രത്തിന്റെ പൂർണനിയന്ത്രണം. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത്‌ റായിയുടെയും ട്രസ്റ്റ്‌ അംഗമായ അനിൽ മിശ്രയുടെയും അടുത്തബന്ധുക്കളും വിശ്വസ്‌തരുമൊക്കെയാണ്‌ ക്ഷേത്രക്കൊള്ള കേസിൽ പ്രതിക്കൂട്ടിൽ. മുതിർന്ന ആർഎസ്‌എസ്‌ നേതാവായ ചമ്പത്‌ റായ്‌ വിഎച്ച്‌പി വൈസ്‌ പ്രസിഡന്റുമാണ്‌. അനിൽ മിശ്രയും മുതിർന്ന ആർഎസ്‌എസ്‌ നേതാവ്‌. ഇരുവരെയും സംരക്ഷിക്കാനാണ്‌ കേന്ദ്രസർക്കാരും യുപിയിലെ ബിജെപി സർക്കാരും ശ്രമിക്കുന്നത്‌. ഇതിനെതിരായ ജനവികാരം ശക്തമാണ്‌. ചമ്പത്‌ റായിയെയുംമറ്റും സംരക്ഷിക്കുന്ന നിലപാടിനെ ചോദ്യംചെയ്യുകയാണ്‌ പ്രതിപക്ഷം. അടുത്തവർഷം ആദ്യം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അയോധ്യ ക്ഷേത്രക്കൊള്ളവിഷയം തമസ്‌കരിക്കാനാണ്‌ സംഘപരിവാറും ബിജെപിയും താൽപ്പര്യപ്പെടുന്നത്‌. മോദിയുടെ പാർലമെന്റിലെ ഒളിച്ചുകളിക്ക്‌ ഇതും കാരണമാണ്‌.


​ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി


ജന്തർമന്തർ പ്രക്ഷോഭത്തെ തുടർന്ന്‌ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനുപിന്നാലെയാണ്‌ ബിഹാർ, മധ്യപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുണ്ടായത്‌. ബിഹാറിൽ പട്‌ന നഗരത്തിലെ ബങ്കിപ്പുർ‍‍, മധ്യപ്രദേശിലെ ദതിയ‍, ഗുജറാത്തിലെ മഞ്ചൽപ്പുർ എന്നീ മണ്ഡലങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. ബിജെപി ദേശീയ പ്രസിഡന്റ്‌ നിതിൻ നബിൻ തുടർച്ചയായി അഞ്ചുവട്ടം ജയിച്ച മണ്ഡലമാണ്‌ ബങ്കിപ്പുർ. 1995 മുതൽ ഇ‍ൗ മണ്ഡലം ബിജെപിയെ കൈവിട്ടിട്ടില്ല. കഴിഞ്ഞ നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പതിനായിരത്തിലേറെ വോട്ടിനാണ്‌ ബങ്കിപ്പുരിൽ നബിൻ ജയിച്ചത്‌. ബിജെപി ദേശീയ പ്രസിഡന്റായശേഷം രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നബിൻ നിയമസഭാംഗത്വം രാജിവയ്‌ക്കുകയായിരുന്നു. ആകെ 3.8 ലക്ഷം വോട്ടർമാരാണ്‌ മണ്ഡലത്തിൽ.


ഇതിൽ 1.6 ലക്ഷം വോട്ടർമാരും (45 ശതമാനം) ബിജെപിയുടെ വോട്ടുബാങ്കായി കരുതപ്പെടുന്ന സവർണവിഭാഗമാണ്‌. നീരജ്‌ കുമാർ സിൻഹയാണ്‌ ബിജെപിക്കായി മത്സരിച്ചത്‌. ജൻ സുരാജ്‌ പാർടിയുടെ പ്രശാന്ത്‌ കിഷോറും ആർജെഡിയുടെ രേഖാകുമാരി ഗുപ്‌തയും എതിരാളികളായി. മുഖ്യമന്ത്രി സമ്രാട്ട്‌ ച‍ൗധുരിയും നിതിൻ നബിനും മുതിർന്ന നേതാവ്‌ രവിശങ്കർ പ്രസാദുമടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു; പണമൊഴുക്കി. ജന്തർമന്തറിലെ പൊലീസ്‌ അടിച്ചമർത്തൽ ബിഹാറിലും വലിയ ചർച്ചാവിഷയമായി. പട്‌നയിലും പ്രതിഷേധം ഇരമ്പി. വിദ്യാർഥി–യുവജന സംഘടനകൾ ആഹ്വാനംചെയ്‌ത ബിഹാർ ബന്ദിന്‌ വലിയ പ്രതികരണമുണ്ടായി. ബങ്കിപ്പുരിൽ ഇരുപതിനായിരത്തോളം വോട്ടിന്‌ ബിജെപി തോറ്റു; പ്രശാന്ത്‌ കിഷോറിന്‌ ജയം. ജെഡിയുവിലെ നിതീഷ്‌ കുമാറിനെ മാറ്റി ബിജെപിയുടെ സമ്രാട്ട്‌ ച‍ൗധുരി ബിഹാറിലെ മുഖ്യമന്ത്രിപദം ഏറ്റെടുത്ത്‌ നാലുമാസത്തിനകമാണ്‌ ശക്തികേന്ദ്രത്തിൽ ബിജെപി തകർന്നടിഞ്ഞത്‌.


തൊഴിലില്ലായ്‌മയും പരീക്ഷാക്രമക്കേടുകൾ അടക്കമുള്ള ഭരണപരാജയങ്ങളുമാണ്‌ ബങ്കിപ്പുരിൽ കൂടുതലായും ചർച്ച ചെയ്യപ്പെട്ടത്‌. മധ്യപ്രദേശിലെ ദതിയ ഉപതെരഞ്ഞെടുപ്പുഫലവും ബിജെപിക്ക്‌ ആഘാതമാണ്‌. 2008 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന മണ്ഡലം 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നഷ്ടപ്പെടുകയായിരുന്നു. മധ്യപ്രദേശ്‌ പോലുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ മിക്കപ്പോഴും ഭരണകക്ഷിക്കാണ്‌ മുൻതൂക്കം ലഭിക്കാറുള്ളത്‌. ഇ‍ൗ പതിവ്‌ ദതിയയിൽ തെറ്റി. ആറായിരത്തിലേറെ വോട്ടിനാണ്‌ ബിജെപിയുടെ തോൽവി. ഗുജറാത്തിലെ മഞ്ചൽപ്പുരും ബിജെപിക്ക്‌ വലിയ മുൻതൂക്കമുള്ള നഗരമണ്ഡലമാണ്‌. വഡോദര നഗരത്തിലെ ഇ‍ൗ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തിലേറെയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താനായെങ്കിലും ഭൂരിപക്ഷം മുപ്പതിനായിരത്തിലേക്ക്‌ ഒതുങ്ങി.


ഉത്തർപ്രദേശ്‌ അടക്കം അഞ്ച്‌ സംസ്ഥാനങ്ങൾ അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഘട്ടത്തിലാണ്‌ ദേശീയരാഷ്ട്രീയത്തിൽ ഇത്രയും കടുത്ത വെല്ലുവിളികൾ ബിജെപിക്കും സംഘപരിവാറിനും അഭിമുഖീകരിക്കേണ്ടി വരുന്നത്‌.





deshabhimani section

Dont Miss it

Recommended for you

Deshabhimani
Home