ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ മാറ്റങ്ങൾ


വി ബി പരമേശ്വരൻ
Published on Nov 17, 2026, 04:00 AM | 4 min read
ദക്ഷിണാഫ്രിക്കയിൽ ഇക്കഴിഞ്ഞ നാലിന് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടി (എസ്എസിപി) ചരിത്രപരമായ മുന്നേറ്റം നടത്തി. വർണവിവേചനത്തിന് അന്ത്യമിട്ട്, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ രാജ്യത്ത് ജനാധിപത്യഭരണം സ്ഥാപിച്ചശേഷം, ആദ്യമായാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസുമായുള്ള (എഎൻസി) സഖ്യം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി തനിച്ച് മത്സരിച്ചത്. ദേശീയതലത്തിൽ 2.4 ശതമാനം വോട്ടും 271 സീറ്റും എസ്എസിപി നേടി. സീറ്റിന്റെ കാര്യത്തിൽ എട്ടാംസ്ഥാനത്താണെങ്കിലും രാജ്യത്തെ ഒമ്പതു പ്രവിശ്യയിലും പ്രാതിനിധ്യം നേടാൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിഞ്ഞു. 127 മുനിസിപ്പാലിറ്റികളിൽ തൂക്കുസഭയായതിനാൽ പല കക്ഷികൾക്കും ഭരണം നേടാൻ കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണ അനിവാര്യമാണ്. ഏഴു പ്രവിശ്യകളിലെ 18 മുനിസിപ്പാലിറ്റികളിൽ കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണകൊണ്ടുമാത്രം എഎൻസിക്ക് ഭരണം ലഭിക്കുമെന്ന് "സൺഡേ വേൾഡ്' റിപ്പോർട്ട് ചെയ്തു. എസ്എസിപി അതിന്റെ രാഷ്ട്രീയയാത്രയിലെ പ്രധാന നാഴികക്കല്ലാണ് വിജയകരമായി പിന്നിട്ടത്. പരമ്പരാഗതമായി എഎൻസി നയിക്കുന്ന ത്രികക്ഷിസഖ്യത്തിനപ്പുറം (എഎൻസി, എസ്എസിപി, സിഒഎസ്എടിയു) സ്വന്തമായി വോട്ട് നേടാനുള്ള കഴിവ് കമ്യൂണിസ്റ്റ് പാർടി പ്രകടമാക്കി.
വിവിധ പ്രവിശ്യകളിൽ കരുത്ത് തെളിയിച്ച് എസ്എസിപി
പരമ്പരാഗതമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഈസ്റ്റേൺ കേപ്പിൽ, കമ്യൂണിസ്റ്റ് പാർടി ഏറ്റവും ശക്തമായ പാർടികളിലൊന്നായി ഉയർന്നു; 6.29 ശതമാനം വോട്ടും 97 സീറ്റും നേടി. എഎൻസി, വെള്ളക്കാരുടെ നേതൃത്വത്തിലുള്ള വലതുപക്ഷപാർടിയായ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) എന്നിവയ്ക്കുശേഷം കമ്യൂണിസ്റ്റ് പാർടിക്കാണ് ഇവിടെ മൂന്നാംസ്ഥാനം. പ്രവിശ്യാ കേന്ദ്രമായ ബുഫാലോ സിറ്റി മെട്രോയിൽ ആദ്യമായി എഎൻസിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇവിടെ കമ്യൂണിസ്റ്റ് പാർടിക്ക് ലഭിച്ച അഞ്ച് സീറ്റ് ഇതോടെ നിർണായകമായി. ഇതടക്കം മൂന്നു മുനിസിപ്പാലിറ്റികളിൽ കമ്യൂണിസ്റ്റ് പാർടി പിന്തുണച്ചാൽ എഎൻസിക്ക് ഭരിക്കാം.
ലിംപോപോ എസ്എസിപിയുടെ മറ്റൊരു ശക്തികേന്ദ്രമായി മാറി, അവിടെ പാർടിക്ക് 4.35 ശതമാനം വോട്ടും 54 സീറ്റും നേടാനായി. പ്രവിശ്യയിൽ അഞ്ചു കൗൺസിലിന്റെ ഭരണം എഎൻസിക്ക് ലഭിക്കാൻ കമ്യൂണിസ്റ്റ് പാർടി പിന്തുണ വേണ്ടിവരും. മപുമലംഗയിൽ, പാർടി 3.68 ശതമാനം വോട്ടുമായി 27 സീറ്റ് നേടി. നോർത്ത് വെസ്റ്റ് പ്രവിശ്യയിൽ 4.21 ശതമാനം വോട്ടിന്റെ പിന്തുണയോടെ 32 സീറ്റ് കരസ്ഥമാക്കി. നോർത്തേൺ കേപ്പിൽ 13 സീറ്റ് നേടിയ പാർടി 2.96 ശതമാനം വോട്ടും നേടി. ഈ പ്രവിശ്യയിൽ നാലു കൗൺസിലിൽ കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണ ലഭിച്ചാൽ എഎൻസിക്ക് ഭരണം ലഭിക്കും. ഫ്രീ സ്റ്റേറ്റിൽ 18 സീറ്റ് നേടി, മൊത്തം വോട്ട് 2.59 ശതമാനം. ഗൗട്ടെങ്ങിൽ 16 സീറ്റും 1.1 ശതമാനം വോട്ടും നേടി. ക്വാസുലു-നടാലുവിലും വെസ്റ്റേൺ കേപ്പിലും ഓരോ സീറ്റും നേടാനായി. യഥാക്രമം 0.53 ശതമാനവും 0.96 ശതമാനവും വോട്ടാണ് ഇവിടങ്ങളിൽ നേടാനായത്.
എഎൻസിയുടെ തകർച്ച
അതേസമയം, ആ രാജ്യത്ത് ജനാധിപത്യഭരണം വന്നശേഷം എഎൻസി നേരിടുന്ന ഏറ്റവും മോശം തെരഞ്ഞെടുപ്പുഫലമാണ് ഇത്തവണത്തേത്. വോട്ടുകളുടെ കാര്യത്തിൽ ഏറ്റവും വലിയ പാർടിയായി തുടർന്നെങ്കിലും, മൊത്തം വോട്ടിന്റെ 31 ശതമാനംമാത്രമാണ് എഎൻസിക്ക് ലഭിച്ചത്. 2021ൽ 46 ശതമാനം വോട്ട് ലഭിച്ചിരുന്നു. രണ്ടുപതിറ്റാണ്ടുമുമ്പ് നേടിയ 65 ശതമാനം വോട്ട് ഇക്കുറി പകുതിയിലധികം കുറഞ്ഞു. ഫലത്തെ "ദുരന്തം' എന്നാണ് എഎൻസി ജനറൽ സെക്രട്ടറി ഫിക്കിലേ എംബലുല വിശേഷിപ്പിച്ചത്. എഎൻസിക്ക് ആശങ്കാജനകമായ തകർച്ചയാണ് ഉണ്ടായതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും എഎൻസി നേതാവുമായ സിറിൽ മാഫോസ അഭിപ്രായപ്പെട്ടു.
തിരിച്ചടിക്ക് കാരണങ്ങൾ പലത്
എഎൻസിയിൽ വിവിധ ഘട്ടങ്ങളിലുണ്ടായ പിളർപ്പുകളും നയപരമായ വ്യതിയാനങ്ങളുമാണ് പിന്നോട്ടടിക്ക് കാരണമായത്. 2008ൽ പ്രസിഡന്റ് താബോ എംബെക്കിയെ എഎൻസി തിരിച്ചുവിളിച്ചതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പാർലമെന്ററി പാർടി പിളർത്തി പാർടിയോട് വിടപറഞ്ഞു. 2013ൽ എഎൻസി യൂത്ത് ലീഗ് നേതാവ് ജൂലിയസ് മലേമയെ പുറത്താക്കിയപ്പോൾ അദ്ദേഹം ഇക്കോണമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇഎഫ്എഫ്) പ്രസ്ഥാനത്തിന് രൂപംനൽകി. ഇവർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 6.22 ശതമാനം വോട്ടും 592 സീറ്റും നേടി നാലാംസ്ഥാനത്തെത്തി. എന്നാൽ, എഎൻസിയെ ഏറ്റവും കൂടുതൽ തളർത്തിയത് മുൻ പ്രസിഡന്റ് ജേക്കബ് സുമ 2023ൽ പാർടി വിട്ട് സുലു ദേശീയത ഉയർത്തിപ്പിടിച്ച് ഉംഖോണ്ടോ വെസിസ്വെ (എംകെപി)യ്ക്ക് രൂപംനൽകിയതാണ്. ഇതോടെ എഎൻസിക്ക് അവരുടെ ശക്തികേന്ദ്രമായ ക്വാസുലു- നടാൽ പ്രവിശ്യയിലെ സ്വാധീനം നഷ്ടമായി. 2024ൽ എഎൻസിക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമാകാൻ പ്രധാന കാരണം ഇതാണ്. മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ എംകെപിക്ക് 10 ശതമാനത്തോളം വോട്ടും 799 സീറ്റും നേടാനായി. ഡർബൻ നഗരത്തിൽ എഎൻസിയെ പിന്നിലാക്കി അവർ മുന്നിലെത്തുകയും ദേശീയതലത്തിൽ മൂന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. 2021ൽ ആറു പ്രവിശ്യകളിൽ ഭൂരിപക്ഷം നേടാനായ എഎൻസിക്ക് ഇക്കുറി ഒരിടത്ത് മാത്രമാണ് ഭൂരിപക്ഷം നേടാനായത്. രാജ്യത്തെ എട്ട് മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർ ഏറ്റവും വലിയ കക്ഷിയായി ഉയർന്നത്. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) ദേശീയതലത്തിൽ രണ്ടാംസ്ഥാനത്തെത്തി, 25 ശതമാനം വോട്ടും 1722 സീറ്റും നേടി, കേപ് ടൗൺ നഗരത്തിന്റെ ഭൂരിപക്ഷനിയന്ത്രണം അവർ നിലനിർത്തി.
പിന്തിരിപ്പൻ വലതുപക്ഷമായ ഡിഎയും ഫ്രീഡം ഫ്രണ്ടും തീവ്രവലതുപക്ഷമായ ആക്ഷൻ സൗത്ത് ആഫ്രിക്കയും അധികാരത്തിൽ വരുന്നത് തടയാൻ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ആഗസ്തിൽത്തന്നെ കൗൺസിൽ ഓഫ് ലെഫ്റ്റ് എന്ന കൂട്ടായ്മക്ക് രൂപംനൽകിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർടിക്കുപുറമെ എംകെപി, ഇഎഫ്എഫ്, അസാപോ, പിഎസി, ആഫ്രിക്ക മയി ബുയേ, യുണൈറ്റഡ് ആഫ്രിക്കൻ ട്രാൻസ്ഫോർമേഷൻ, ട്രേഡ് യൂണിയനുകൾ, സാമൂഹ്യപ്രസ്ഥാനങ്ങൾ എന്നിവയെല്ലാം ഈ കൗൺസിലിൽ അംഗങ്ങളാണ്. എഎൻസിയുമായി കൗൺസിൽ സഹകരിക്കുമെങ്കിലും അത് വിഷയാധിഷ്ഠിതമായിരിക്കും.
കമ്യൂണിസ്റ്റ് പാർടി സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം പെട്ടെന്നുള്ള രാഷ്ട്രീയ സംഭവവികാസമല്ല, മറിച്ച് ത്രികക്ഷിസഖ്യത്തിനുള്ളിൽ വർഷങ്ങളോളം നീണ്ടുനിന്ന അഭിപ്രായവ്യത്യാസങ്ങളുടെ പരിസമാപ്തിയാണ്. എഎൻസി, എസ്എസിപി, ദക്ഷിണാഫ്രിക്കൻ ട്രേഡ് യൂണിയൻസ് കോൺഗ്രസ് (സിഒഎസ്എടിയു) എന്നിവ ഉൾപ്പെടുന്ന സഖ്യം വർണവിവേചനവിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്കുവഹിക്കുകയും 1994ൽ ജനാധിപത്യം സ്ഥാപിതമായശേഷം ഒരു പ്രധാന രാഷ്ട്രീയക്രമീകരണമായി തുടരുകയും ചെയ്തു.
കമ്യൂണിസ്റ്റ് പാർടി എതിർക്കുന്നത് നവഉദാര നയങ്ങളെ
പതിറ്റാണ്ടുകളായി, തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർടി എഎൻസി സ്ഥാനാർഥികളെയും മറിച്ചും പിന്തുണച്ചു. എഎൻസി നയിക്കുന്ന സർക്കാരുകളിൽ കമ്യൂണിസ്റ്റ് പാർടി അംഗങ്ങൾ സേവനമനുഷ്ഠിച്ചു. എന്നാൽ, ഗവൺമെന്റ് നയവും രാഷ്ട്രീയതന്ത്രവും നിർണയിക്കുന്നതിൽ എല്ലാ പങ്കാളികൾക്കും തുല്യമായ പങ്ക് നൽകണമെന്ന കമ്യൂണിസ്റ്റ് പാർടിയുടെ വാദം അംഗീകരിക്കാൻ എഎൻസി തയ്യാറായില്ല. 2022ൽ ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ 15–-ാമത് നാഷണൽ കോൺഗ്രസിൽത്തന്നെ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. 2024 ഡിസംബറിൽ നടന്ന പ്രത്യേക ദേശീയ കോൺഗ്രസിൽ ഈ തീരുമാനം ആവർത്തിച്ചു. അതിന്റെ ഫലമായാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രമായി മത്സരിച്ചത്.
1994ൽ വിമോചനപ്രസ്ഥാനം മുന്നോട്ടുവച്ച വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടിയെ പ്രധാനമായും പ്രേരിപ്പിച്ചത്. സോഷ്യലിസം, പൊതു ഉടമസ്ഥാവകാശം, സാമ്പത്തികവിഭവങ്ങളുടെ പുനർവിതരണം എന്നിവയിൽ പ്രതിജ്ഞാബദ്ധമായ മാർക്സിസ്റ്റ്-–ലെനിനിസ്റ്റ് പാർടിയാണ് ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി.
നവ ഉദാര നയങ്ങളെ പ്രത്യേകിച്ച് സ്വകാര്യവൽക്കരണം, ചെലവുചുരുക്കൽ, പൊതുസേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ മൂലധനത്തിന്റെ വർധിച്ചുവരുന്ന പങ്ക് എന്നിവയെ അവർ നിശിതമായി വിമർശിച്ചു.
എഎൻസി നയിക്കുന്ന സർക്കാർ തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം, സമ്പത്തിന്റെ കേന്ദ്രീകരണം എന്നിവയെ വേണ്ടത്ര അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കമ്യൂണിസ്റ്റ് പാർടി വിശ്വസിക്കുന്നു. വൈദ്യുതി, ജലം എന്നിവയുടെ വിതരണത്തിലെ താളപ്പിഴകളും അസ്വാരസ്യം വർധിപ്പിച്ചു. സാമ്രാജ്യത്വശക്തികളുടെ സമ്മർദവും എഎൻസിയുടെ വലതുപക്ഷവൽക്കരണത്തിന് കാരണമാണ്. ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 30 ശതമാനം ചുങ്കം ചുമത്തുകയും അംബാസഡറെ പുറത്താക്കുകയും ജൊഹന്നസ്ബർഗിൽ കഴിഞ്ഞവർഷം നടന്ന ജി 20 ഉച്ചകോടി ബഹിഷ്കരിക്കുകയും ചെയ്തു. ഭൂപരിഷ്കരണത്തെയും കറുത്തവംശജരുടെ സാമ്പത്തികശാക്തീകരണത്തെയും എതിർക്കുന്ന ഡിഎയുടെ നടപടിയെ അമേരിക്ക പിന്തുണയ്ക്കുകയും ചെയ്തു. ഡിഎക്ക് ശക്തിപകരാൻ ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ആരോപണം ട്രംപും ഇലോൺ മസ്കും ഉയർത്തുകയുമുണ്ടായി. ഇതേ ജനാധിപത്യസഖ്യവുമായി 2024ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം എഎൻസി ദേശീയ യൂണിറ്റി സർക്കാർ രൂപീകരിച്ചത് ഈ അഭിപ്രായവ്യത്യാസങ്ങളെ കൂടുതൽ രൂക്ഷമാക്കി.














