ad
Deshabhimani

Articles

SABARIMALA

ശബരിമല ; പ്രചാരണവും യാഥാര്‍ഥ്യവും

sabarimala1
avatar
പുത്തലത്ത് ദിനേശൻ

Published on Dec 05, 2025, 10:51 PM | 4 min read

അതിദാരിദ്ര്യം പരിഹരിച്ച് സമസ്‌ത മേഖലകളിലും നേട്ടങ്ങളുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‌ വന്‍ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. ഇതിനെ മറികടക്കാൻ, എല്‍ഡിഎഫ് വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരവേലയാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിയുടെയും വിശ്വാസത്തിന്റെയും കാര്യങ്ങളില്‍ ഇക്കൂട്ടര്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ ഇ‍ൗ പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാകും.


ശബരിമലയിലെ അന്വേഷണം

​ശബരിമല ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനുമുന്നിലെ വാതിലിനും ദ്വാരപാലകരുടെ കവചത്തിനും ഗണപതിനടയിലെ വാതിലിനും തകരാറുണ്ടെന്നു കാണിച്ച് 2023 ജൂൺ 16ന്‌ ക്ഷേത്രം തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കുന്നു. പരിശോധനയില്‍ പല സ്ഥലത്തും സ്വര്‍ണം മങ്ങി ചെമ്പ് തെളിഞ്ഞുകാണുന്നതായി വ്യക്തമായി. 2019-ല്‍ വഴിപാടായി ദ്വാരപാലക കവചം സ്വര്‍ണം പൂശിയ സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍പോറ്റിയുമായി ഇക്കാര്യം ബന്ധപ്പെട്ടവര്‍ സംസാരിച്ചു. ദ്വാരപാലക പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതിനാല്‍ ചെന്നൈയിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഇലക്‌ട്രോ പ്ലേറ്റ് ചെയ്യാമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ബോര്‍ഡ് അനുമതി നല്‍കി. തൂക്കം പരിശോധിക്കുകയും മുഴുവന്‍ കാര്യങ്ങളും വീഡിയോയിൽ പകർത്തുകയും ചെയ്തു.


ശബരിമലയിലെ പ്രവര്‍ത്തനത്തിന്‌ മേല്‍നോട്ടം വഹിക്കാൻ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമീഷണറെ ഇക്കാര്യം അറിയിച്ചിരുന്നില്ല. അതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പണികള്‍ നിര്‍ത്തിവച്ചു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിലെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടും അതുസംബന്ധിച്ച ഫയലുകളും ഹൈക്കോടതിയില്‍ ബോര്‍ഡ് ഹാജരാക്കി. ഫയല്‍ പരിശോധിച്ചപ്പോള്‍ 2019-ല്‍ സ്വര്‍ണം പൂശാന്‍ നല്‍കിയ കവചം തിരികെ നല്‍കിയപ്പോള്‍ നാലരക്കിലോയിലധികം തൂക്കം കുറവായി കാണപ്പെട്ടുവെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിജയ്‌ മല്യ ദ്വാരപാലകരില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചതിന്റെ അളവും ബോര്‍ഡിന്റെ കീഴിലുള്ള വിജിലന്‍സ് ആൻഡ്‌ ആന്റികറപ്ഷന്‍ സെക്യൂരിറ്റി സൂപ്രണ്ട് ഓഫ് പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്‌തുത ബോര്‍ഡ് യോഗത്തിലെ മിനുട്സുകളും മറ്റ് രേഖകളുമെല്ലാം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിനായി കേരള പൊലീസിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രത്യേക അന്വേഷകസംഘവും ഹൈക്കോടതി രൂപീകരിച്ചു.


Sabarimala Gold Layer case


ശബരിമല ക്ഷേത്രത്തിലെ വാതില്‍പ്പടി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയിൽ 2019 കാലഘട്ടത്തിൽ നടന്ന സ്വര്‍ണം പൂശലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട് ദേവസ്വം കമീഷണര്‍ 2025 ഒക്‌ടോബർ 11ന്‌ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പ്രസ്‌തുത പരാതി ഹൈക്കോടതി നിര്‍ദേശിച്ച പ്രത്യേക അന്വേഷകസംഘത്തിന് കൈമാറി. അവരുടെ അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നഷ്‌ടപ്പെട്ട സ്വര്‍ണം അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരെന്ന് പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയവരെ അറസ്റ്റും ചെയ്തു. അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടാതെയും ജയകുമാറിനെപ്പോലെ സര്‍വസമ്മതനായ ഒരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയും ഇക്കാര്യത്തിലുള്ള നിലപാട്‌ സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയിലെ ഓഡിറ്ററെ നിശ്ചയിക്കുന്നത് ഹൈക്കോടതിയാണ്. കണക്കുകള്‍ സമര്‍പ്പിക്കുന്നതും അവിടെത്തന്നെയാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്.


അഴിമതിയും പ്രതിപക്ഷ കക്ഷികളും

​ശബരിമലയിലെ അഴിമതിയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന ബിജെപി ഇലക്‌ടറല്‍ ബോണ്ടിലൂടെ 16,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വ്യക്തമാക്കിയത് സുപ്രീംകോടതിയാണ്. വിവിധ അഴിമതിക്കേസുകളില്‍പ്പെട്ടവര്‍ ബിജെപിയിലേക്ക് കൂറുമാറിയപ്പോള്‍ അഴിമതിക്കാരല്ലാതായി. ഇവർ മുഖ്യമന്ത്രിസ്ഥാനംവരെ അലങ്കരിക്കുന്നതും രാജ്യം കണ്ടു. കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റുതന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നതിനും കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങളെ തടയാനുമുള്ള പ്രവര്‍ത്തനവും ഒപ്പം നടക്കുന്നുണ്ട്. യുഡിഎഫ് എപ്പോഴൊക്കെ അധികാരത്തില്‍ വന്നുവോ, അപ്പോഴെല്ലാം അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിട്ടുണ്ട്. പ്രതിപക്ഷത്തിരുന്നിട്ടും ആ പാരമ്പര്യം തുടരുകയാണ്. വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പിരിച്ച തുകപോലും കാണാത്ത സ്ഥിതിയാണുള്ളത്.


sabarimala


കള്ളം തിരിച്ചറിയുക

​ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന കള്ളപ്രചാരണവും സംഘപരിവാറും യുഡിഎഫും നടത്തുകയുണ്ടായി. എന്നാല്‍, യാഥാർഥ്യം മറ്റൊന്നാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് 37.52 കോടി രൂപയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 1.5 കോടി രൂപയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പ്രളയകാലത്ത്‌ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 25 കോടി രൂപയും നൽകി. ഇതുപയോഗിച്ചാണ്‌ ജീവനക്കാർക്ക്‌ ശന്പളം നൽകിയത്‌. പത്മനാഭസ്വാമി ക്ഷേത്രത്തിന് എല്ലാ വര്‍ഷവും 1.5 കോടി രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിനുകീഴില്‍ ന്യൂനപക്ഷവിഭാഗങ്ങളാണ് ബഹുഭൂരിപക്ഷവും ജോലി ചെയ്യുന്നതെന്ന കള്ളപ്രചാരണം നടത്തിയതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.


ശബരിമല വികസനം

​ശബരിമലയുടെ ഉത്സവം നടത്തിപ്പിനായി 2022–23 മുതല്‍ 2025–26 വരെ 10.1 കോടി രൂപയാണ് നീക്കിവച്ചത്. ശബരിമല മാസ്റ്റര്‍പ്ലാനിനായി ഈ ബജറ്റില്‍ 27.6 കോടി രൂപയും തീര്‍ഥാടനത്തിനായി 1.45 കോടി രൂപയും നീക്കിവച്ചു. സന്നിധാനത്തിന്റെയും പമ്പ ട്രക്ക് റൂട്ടിന്റെയും വികസനത്തിനായി 1033.62 കോടി രൂപയുടെ പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 116.41 കോടി രൂപ ചെലവഴിച്ച് ഇടത്താവളങ്ങളുടെ നിര്‍മാണവും തുടങ്ങി.


ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അയ്യപ്പസംഗമവും ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ചു. ലോകത്തിലെ ഏതു മതത്തില്‍ വിശ്വസിക്കുന്നയാള്‍ക്കും വന്നുചേരാന്‍ പറ്റുന്ന തീര്‍ഥാടനകേന്ദ്രമാണ് ശബരിമല. കോടതിയാകട്ടെ, അയ്യപ്പസംഗമത്തിനെതിരായി ഉയര്‍ന്നുവന്ന എല്ലാ ഹർജികളും തള്ളിക്കളയുകയും അയ്യപ്പസംഗമത്തെ അംഗീകരിക്കുകയും ചെയ്തു.


ശബരിമല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രമാണ്. ഇവിടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധന മറ്റ് ക്ഷേത്രങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനും സഹായകമാവുകയാണ് ചെയ്യുക. രാജ്യത്തെ പല തീര്‍ഥാടനകേന്ദ്രങ്ങളിലും ദുരന്തത്തിൽ ഏറെപ്പേര്‍ മരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാ ദിവസവും ലക്ഷങ്ങള്‍ വന്നെത്തുന്ന ശബരിമലയില്‍ അവ ഉണ്ടാകാത്തത്, സര്‍ക്കാര്‍ സ്വീകരിക്കുന്ന നിതാന്തജാഗ്രതയുടെകൂടി ഫലമാണ്.


Sabarimala Pilgrimage


വിശ്വാസങ്ങളെ തകര്‍ക്കുന്നതാര്‌

​എല്ലാ മതവിശ്വാസികളെയും സംരക്ഷിക്കുകയും വിശ്വാസമില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയെന്നതാണ് എല്‍ഡിഎഫ് സ്വീകരിക്കുന്ന സമീപനം. മതനിരപേക്ഷസമൂഹത്തിലാണ് എല്ലാ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ വിശ്വാസവുമായി ജീവിക്കാന്‍ കഴിയുക. ശബരിമലയിലെ ഏതെങ്കിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റംവരുത്താനുള്ള ഒരു തീരുമാനവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. സംരക്ഷകരായി പ്രത്യക്ഷപ്പെടുന്നവരാണ് വിശ്വാസങ്ങളുടെ പേരില്‍ ജനങ്ങളെ പരസ്‌പരം ഏറ്റുമുട്ടിക്കുന്നതിനും അവയെ രാഷ്ട്രീയ ആവശ്യത്തിനായി രൂപപ്പെടുത്താനും ശ്രമിക്കുന്നത്. സംഘപരിവാര്‍ അയ്യപ്പസംഗമത്തിന് ബദലെന്ന പേരില്‍ നടത്തിയ പരിപാടിയില്‍, അയ്യപ്പവിശ്വാസത്തിന്റെ ഭാഗമായുള്ള മതസൗഹാര്‍ദത്തിന്റെ അടയാളംകൂടിയായ അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തെ ചോദ്യംചെയ്യുകയാണ് ഉണ്ടായതെന്ന്‌ ഓര്‍ക്കണം.


സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഓണം മുന്നോട്ടുവയ്ക്കുന്നത്. ആ വിശ്വാസത്തെയും ചോദ്യംചെയ്യുകയാണ് സംഘപരിവാര്‍. മാവേലിയുടെ സമത്വത്തെയല്ല, അത് തകര്‍ത്ത വാമനന്റെ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നാണ് അവരുടെ ആവശ്യം. ഫെഡറലിസത്തെ തകര്‍ക്കുന്നതുപോലെ വിശ്വാസങ്ങളില്‍ നിലനില്‍ക്കുന്ന പ്രാദേശികമായ സവിശേഷതകളെയും ബഹുസ്വരതയുടെ പാരമ്പര്യങ്ങളെയും തകര്‍ക്കുകയാണ് സംഘപരിവാര്‍.


​ബാബ്‌റി മസ്ജിദ് തകര്‍ത്ത് വോട്ടിനായി രാമപ്രതിഷ്ഠ നടത്തിയവര്‍, ബിജെപിയുടെ ഡല്‍ഹി ഓഫീസിനായി 1400 വര്‍ഷം പഴക്കമുള്ള ക്ഷേത്രം തകര്‍ത്തെന്നുമുള്ള വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വോട്ട് ലക്ഷ്യംവച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നടത്തിയ വോട്ട് പ്രതിഷ്ഠ ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബിജെപി വ്യക്തമാക്കണം. ഇന്ത്യയിലെ പ്രഥമപൗരയെ മാറ്റിനിര്‍ത്തി സന്യാസിമാരെക്കൊണ്ട് പാര്‍ലമെന്റ്‌ ഉദ്ഘാടനം ചെയ്യിച്ചത് ഏതു ജനാധിപത്യമൂല്യമാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.


അഴിമതിക്കെതിരെ എല്‍ഡിഎഫ് 
പ്രതിജ്ഞാബദ്ധം

​പത്തുവര്‍ഷത്തിലേക്ക് കടക്കുന്ന എൽഡിഎഫ്‌ സര്‍ക്കാരിനെതിരെ കഴമ്പുള്ള ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. അഴിമതി കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അയ്യപ്പന്റെ നഷ്‌ടപ്പെട്ട സ്വര്‍ണം തിരിച്ചെടുത്തുകഴിഞ്ഞു. വീഴ്ചവരുത്തിയവരെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. എല്ലാ വസ്‌തുതകളും പുറത്തുവന്നശേഷം ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും തെറ്റുകാണിച്ച ആരെയും സംരക്ഷിക്കില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കാരുടെ കൂടാരമായും അവരുടെ സംരക്ഷകരായും മാറിയ ബിജെപിയും യുഡിഎഫുമാണ് അന്വേഷണത്തെ പിന്തുണയ്‌ക്കുന്ന സര്‍ക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. വികസനപ്രശ്നങ്ങളില്‍നിന്ന്‌ ചര്‍ച്ചകളെ തിരിച്ചുവിടാനുള്ള ഇത്തരം പ്രചാരവേലകളെ പ്രതിരോധിക്കേണ്ടതുണ്ട്.






deshabhimani section

Dont Miss it

Recommended for you

Deshabhimani
Home