നാറ്റോയുടെ നിഴല്‍യുദ്ധത്തിന് നാലാണ്ട്


എ എം ഷിനാസ്
Published on Feb 22, 2026, 11:00 PM | 4 min read
1984ല്‍, റൊണാള്‍ഡ് റീഗന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ‘പ്രഖ്യാത’മായ ടെലിവിഷന്‍ പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്, ഭീമാകാരവും ഭീഷണവുമായ തവിട്ടുനിറമുള്ള കരടിയെ ആയിരുന്നു. ആ കരടി കാടുകടന്ന് പുറത്തുവരുമ്പോള്‍ പരസ്യത്തിലെ ആഖ്യാതാവ് സഗൗരവം ഇങ്ങനെ വിശദീകരിക്കുന്നു. ‘ മരങ്ങള്‍ക്കിടയില്‍ ഒരു കരടിയുണ്ട്. ചിലര്‍ക്ക് അതിനെ അനായാസം കാണാം. മറ്റു ചിലര്‍ക്ക് കരടിയെ കാണാനേ പറ്റില്ല. ഒരു കൂട്ടർ പറയുന്നു അത് ഇണക്കമുള്ളതാണെന്ന്. രണ്ടാമത്തെ വിഭാഗം പറയുന്നു അത് ദുഷ്ടതയുള്ളതും ആപല്‍ക്കരവുമാണെന്ന്. ഇക്കാര്യത്തില്‍ ആര്‍ക്കും തീര്‍ച്ചയില്ലാത്ത സ്ഥിതിക്ക് നമ്മളും ആ കരടിയെപ്പോലെ കഠിനരായിരിക്കേണ്ടതല്ലേ ?. പാത്തും പതുങ്ങിയും ‘റഷ്യന്‍ കരടി’ അരികിലുള്ളപ്പോള്‍ രാഷ്ട്രസുരക്ഷ അപകടത്തിലാകാതിരിക്കാന്‍ റീഗന്‍ പ്രതിജ്ഞാബദ്ധനാണെന്ന് വോട്ടര്‍മാരോട് വിളംബരം ചെയ്യുകയായിരുന്നു ഈ പരസ്യം. മുമ്പ് സോവിയറ്റ് കാര്‍ട്ടൂണുകളിലും ഇപ്പോള്‍ റഷ്യന്‍ കാര്‍ട്ടൂണുകളിലും അമേരിക്കയെയും നാറ്റോയെയും പതിവായി ചിത്രീകരിച്ചുപോന്നതും/പോരുന്നതും ലോകമാകെ പടര്‍ത്തിയ നഖങ്ങളുള്ള കഴുകനായും അല്ലെങ്കില്‍ ഭൂഗോളമാകെ നിവര്‍ത്തിയ സ്പര്‍ശിനികളുള്ള നീരാളിയുമായാണ്.
2022 ഫെബ്രുവരി 24ന് റഷ്യ ഉക്രയ്നില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാതെയും നാറ്റോയുടെ അഭൂതപൂര്‍വവും ‘സ്നേഹനിര്‍ഭര’ വുമായ പിന്തുണയോടെ ഉക്രയ്ന്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന് കാൽപ്പനികച്ഛായ നല്‍കാതെയും അന്താരാഷ്ട്രബന്ധ വിജ്ഞാനീയ വിദഗ്ധര്‍ മുന്നോട്ടുവയ്‌ക്കുന്ന ചില കാമ്പുള്ള ചോദ്യങ്ങളുണ്ട്. ഏതുവിധത്തിലുള്ള ലോകക്രമമാണ് ഈ യുദ്ധം സൃഷ്ടിച്ചതെന്നും ഇതില്‍നിന്ന് ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര വ്യവസ്ഥയുടെ സ്വഭാവം എങ്ങനെയായിരിക്കും എന്നതുമാണ് മര്‍മപ്രധാനമായ ചോദ്യം.

ശീതയുദ്ധാനന്തരം നിലവില്‍ വന്ന അന്താരാഷ്ട്ര സുരക്ഷാ രൂപകൽപ്പനയിലെ അസന്തുലിതത്വവും അസമത്വവും 1999 മുതല്‍ തുടങ്ങിയ നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനവും റഷ്യയുടെ സുരക്ഷാ വ്യാകുലതകളും മാറ്റിനിര്‍ത്തി ഈ യുദ്ധത്തെ വ്യാഖ്യാനിക്കുന്നത് വൃഥാസ്ഥൂലവ്യായാമമാണ്. അമേരിക്കന്‍ ചരിത്രകാരിയായ മേരി എലിസ് സറോട്ട് എഴുതിയ ‘നോട്ട് വണ്‍ ഇഞ്ച്: അമേരിക്ക, റഷ്യ ആന്‍ഡ് ദ മേക്കിങ് ഓഫ് പോസ്റ്റ് കോള്‍ഡ് വാര്‍ സ്റ്റേയ്ല്‍മേറ്റ് '(2021) എന്ന ഗ്രന്ഥം ഇന്നത്തെ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തിന്റെ വേരുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. 1990ല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജയിംസ് ബേക്കര്‍ മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന് നല്‍കിയ വാക്കാലുള്ള വാഗ്ദാനമാണ് പുസ്തകത്തിന്റെ മുഖ്യശീര്‍ഷകമായ ‘ഇല്ല, ഒരിഞ്ച് പോലുമില്ല’ (കിഴക്കോട്ട് നാറ്റോ) എന്നത്. ഗ്രന്ഥകാരി ഇതൊരു ‘തകര്‍ക്കപ്പെട്ട വാഗ്ദാനം' ആയിരുന്നുവോ എന്ന പ്രശ്നമാണ് പുസ്തകത്തിന്റെ പ്രധാനഭാഗത്തില്‍ പരിശോധിക്കുന്നതെങ്കിലും ഇന്നത്തെ അപായകരമായ ദിശയിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തിയതില്‍ 1990കളിലും പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇരുവിഭാഗത്തിനുമുണ്ടായ മിഥ്യാധാരണകളും അജാഗ്രതയും ബുദ്ധിമോശവും അനാവരണം ചെയ്യുന്നുണ്ട്.
ഏകീകൃത ജര്‍മനിയില്‍നിന്ന് ഒരിഞ്ച് കിഴക്കോട്ട് നാറ്റോ പോകില്ല എന്ന് ധരിച്ചുവശായ 90കളിലെ റഷ്യന്‍ നേതൃത്വത്തിന് കിട്ടിയ ആദ്യ പ്രഹരമായിരുന്നു 1999ല്‍ ചെക്ക് റിപ്പബിക്ക്, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നാറ്റോ അംഗത്വം. 2004ല്‍ മറ്റൊരു മഹാവ്യാപനത്തിലൂടെ ബള്‍ഗേറിയ, റുമേനിയ, സ്ലൊവേനിയ, സ്ലൊവാക്യ, ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നിവയും നാറ്റോയിലെത്തി. 2009ല്‍ അല്‍ബേനിയയും ക്രൊയേഷ്യയും 2017ല്‍ മോണ്ടെനെഗ്രോയും 2020ല്‍ നോര്‍ത്ത് മാസിഡോണിയയും ചേര്‍ന്നതോടെ ബാല്‍ക്കന്‍ മേഖല ഏറെക്കുറെ നാറ്റോയിലായി. 2023ല്‍ ഫിന്‍ലന്‍ഡും 2024ല്‍ സ്വീഡനും ഈ പാശ്ചാത്യ സൈനികസഖ്യത്തില്‍ ഭാഗഭാക്കായി.

2000 മേയില്‍ വ്ലാദിമിര്‍ പുടിന്‍ ക്രെംലിനില്‍ എത്തി ഏറെ വൈകാതെതന്നെ, പുതിയ റഷ്യന്‍ പ്രസിഡന്റ് തങ്ങളുടെ ചൊല്‍പ്പടിക്കുനിന്നിരുന്ന ബോറിസ് യെല്‍ത്സിനെപ്പോലെയല്ല എന്ന് അമേരിക്കന്‍ നേതൃത്വം മനസ്സിലാക്കി. ആ വര്‍ഷം ജൂണില്‍ മോസ്കോയില്‍ നടന്ന റഷ്യ–-അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുത്ത ബില്‍ ക്ലിന്റണ്‍ ഈ ‘ആശങ്ക’ പ്രകടിപ്പിച്ചിരുന്നു. 2005ല്‍ ‘സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ ദുരന്തമായിരുന്നു’ എന്ന് പുടിന്‍ പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. സോവിയറ്റാനന്തര റഷ്യ 1990കളില്‍ പട്ടിണിയിലും നിയമവാഴ്ചയില്ലായ്മയിലും മുങ്ങിത്താഴ്‌ന്നപ്പോള്‍ കെജിബിയില്‍ ലഫ്റ്റനന്റ് കേണല്‍ ആയിരുന്ന പുടിന് പലപ്പോഴും ടാക്സിയോടിച്ച് ജീവിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. 2007 ഫെബ്രുവരിയില്‍ മ്യൂണിക്കില്‍ നടന്ന സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ അമേരിക്ക നേതൃത്വം നല്‍കുന്ന ‘നിയമാധിഷ്ഠിത ലോകക്രമ’ത്തിനെതിരെയും നാറ്റോയുടെ വ്യാപനത്തിനെതിരെയും പുടിന്‍ ആഞ്ഞടിച്ചു.
ഇതെല്ലാം പാശ്ചാത്യചേരിയുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന് 2008 ഏപ്രിലില്‍ റുമേനിയയിലെ ബുക്കാറെസ്റ്റില്‍ നടന്ന നാറ്റോ ഉച്ചകോടി തെളിയിച്ചു. ഉക്രയ്നും ജോര്‍ജിയയും ഭാവിയില്‍ (നിശ്ചിതസമയം പ്രസ്താവിക്കാതെ) നാറ്റോയില്‍ അംഗങ്ങളാകുമെന്ന് ബുക്കാറെസ്റ്റ് പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. ആ വര്‍ഷം ആഗസ്തില്‍ റഷ്യ ജോര്‍ജിയയില്‍ സൈനികമായി ഇടപെട്ടു. അത് നാറ്റോയ്ക്കുള്ള മുന്നറിയിപ്പും വരാനിരിക്കുന്ന ശക്തമായ റഷ്യന്‍ പ്രതികരണങ്ങളുടെ സൂചനയുമായിരുന്നു. 2014 ഫെബ്രുവരിയില്‍ നടന്ന ‘മൈദാന്‍ വിപ്ലവം’ എന്ന് പാശ്ചാത്യലോകം വാഴ്‌ത്തിയ അട്ടിമറിയിലൂടെ മോസ്കോ അനുകൂല ഉക്രയ്ന്‍ ഭരണാധികാരി പുറത്താക്കപ്പെട്ടയുടനെ റഷ്യ ക്രിമിയ പിടിച്ചെടുത്തു. അമേരിക്കയുടെ ഏകധ്രുവലോക മുഹൂര്‍ത്തത്തിന്റെ അവസാനത്തിന്റെ ആരംഭവും ഏതാണ്ട് രണ്ടു വ്യാഴവട്ടം നീണ്ടുനിന്ന അമേരിക്കന്‍ അധീശത്വത്തിലുണ്ടായ വിച്ഛേദവുമായി ഈ കൂട്ടിച്ചേര്‍ക്കല്‍ വിലയിരുത്തപ്പെടുന്നു. പിന്നീട് ഉക്രയ്നെ പടച്ചട്ട അണിയിക്കുന്നതിലാണ് വാഷിങ്ടണ്‍ വ്യാപൃതമായത്.

റഷ്യയുമായുള്ള ദീര്‍ഘിച്ച സംഘര്‍ഷം സമാപിപ്പിക്കുമെന്ന് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വാഗ്ദാന വാചോടോപം നടത്തിയ വ്‌ളോദിമിര്‍ സെലെന്‍സ്കി അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ ഭൗമരാഷ്ട്രീയ സൈനികതന്ത്രത്തില്‍ ഉക്രയ്നെ പൂര്‍വാധികം പൊരുത്തപ്പെടുത്തുന്ന നയങ്ങളാണ് പിന്തുടര്‍ന്നത്. ഡോണ്‍ബാസ് മേഖലയ്ക്ക് സ്വയംഭരണം നല്‍കുക എന്ന 2014-–15 കാലത്തെ മിന്‍സ്ക് കരാറുകള്‍ നടപ്പാക്കുന്നത് ജലരേഖയായതോടെ യുദ്ധത്തിന്റെ ആസന്നത ഏറെക്കുറെ ഉറപ്പായിരുന്നു. 2022 മാര്‍ച്ചില്‍ യുദ്ധസമാപ്തിക്കായി ഇസ്താംബൂളില്‍ നടന്ന ചര്‍ച്ച, ഉക്രയ്ന് കൂടുതല്‍ ഹിതകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതും സുരക്ഷാ ഉറപ്പുകള്‍ നല്‍കുന്നതുമായിരുന്നു. സമവായത്തിന്റെ സമീപത്തെത്തിയ യാഥാര്‍ഥ്യബോധമുള്ള ആ ചര്‍ച്ചയെ അട്ടിമറിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണായിരുന്നു.
തങ്ങളുടെ മനോരാജ്യത്തിന് അനുസരിച്ചുള്ള അങ്ങേയറ്റത്തെ തകര്‍ച്ചയും ബലക്ഷയവും റഷ്യക്കുണ്ടായില്ലെന്നതും ഇതിനകം 20 ശതമാനത്തോളം ഭൂപ്രദേശം നഷ്ടപ്പെട്ട ഉക്രയ്‌നിന്റെ വിജയസാധ്യത അസ്തമിച്ചുവെന്നതും നാറ്റോയുടെ നായകസ്ഥാനത്തുള്ള അമേരിക്ക തിരിച്ചറിഞ്ഞു എന്നതിന്റെ ആദ്യനിദര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച 28 ഇന ഉക്രയ്ന്‍-–റഷ്യ സമാധാനപദ്ധതി. ഇതിലെ ഒരു നിര്‍ദേശം, റഷ്യ ഏറെക്കുറെ പൂര്‍ണമായും പിടിച്ചെടുത്ത ഡോണ്‍ബാസ് പ്രദേശം ഉക്രയ്ന്‍ റഷ്യക്ക് വിട്ടുനല്‍കണം എന്നതായിരുന്നു. ഈയിടെ ജനീവയില്‍ നടന്ന ദ്വിദിന സമാധാനചര്‍ച്ച തുടങ്ങുംമുമ്പ് കരാറിലൊപ്പിടുന്നത് എത്രയും വേഗത്തിലാക്കണമെന്ന് ട്രംപ് ഉക്രയ്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് റഷ്യയേക്കാള്‍ സമ്മര്‍ദം ചെലുത്തുന്നത് ഉക്രയ്നുമേലാണെന്നും വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങളോട് മാത്രം പറയുന്നത് നീതിയല്ലെന്നുമായിരുന്നു അപ്പോള്‍ സെലന്‍സ്കിയുടെ പ്രതികരണം. ഇത്തരുണത്തില്‍ അധികമാരും ഉയര്‍ത്താത്ത ഒരു ചോദ്യമുണ്ട്. ട്രംപ് ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം എന്തുകൊണ്ടാണ് പറയുന്നത് ? ഉക്രയ്ന് യുദ്ധഗതി ഒരുവിധത്തിലും മാറ്റാനാകില്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞിരിക്കുന്നു. ട്രംപ് പുടിന് വിജയം സമ്മാനിക്കുകയല്ല ചെയ്യുന്നത്. അദ്ദേഹം യുദ്ധമുഖത്തെ യാഥാര്‍ഥ്യം അംഗീകരിക്കുകയാണ്. 28 ഇന പദ്ധതി പുറത്തുവന്നപ്പോള്‍ സെലന്‍സ്കി പറഞ്ഞത്, അമേരിക്കയുടെ പിന്തുണയേക്കാളുപരി അന്തസ്സിനെ താന്‍ തെരഞ്ഞെടുക്കുമെന്നാണ്. എന്നാല്‍ സെലന്‍സ്കി മനസ്സിലാക്കാതെ പോയ പരമാര്‍ഥം, യു എസിന്റെ പിന്തുണ നഷ്ടപ്പെട്ടാല്‍ ഇപ്പറഞ്ഞ അന്തസ്സും താനേ നഷ്ടപ്പെടുമെന്നതാണ്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള ദക്ഷിണമേഖല ഈ സംഘര്‍ഷത്തെ പ്രഥമമായി വിലയിരുത്തിയത് യൂറോപ്യന്‍ യുദ്ധമായും അതിന്റെ ബാഹ്യാഘാതങ്ങള്‍ തങ്ങളെയാണ് ക്രമാതീതമായി ബാധിക്കുന്നതെന്ന നിലയ്ക്കുമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രനിയമത്തെക്കുറിച്ചും ധര്‍മനീതിയെക്കുറിച്ചും യൂറോപ്പ്, ആഗോള ദക്ഷിണമേഖലയോട് നടത്തിയ ഗിരിപ്രഭാഷണങ്ങളെ ഈ രാജ്യങ്ങളില്‍ ഒട്ടുമിക്കവയും അഗണ്യകോടിയില്‍ തള്ളുകയാണുണ്ടായത്. റഷ്യയെ ധാര്‍മികതയുടെയും മാനവികതയുടെയും തത്വങ്ങള്‍ മുന്‍നിര്‍ത്തി ആക്രമണശരവ്യമാക്കുന്ന യൂറോപ്പിലെ പ്രബലരാജ്യങ്ങള്‍ വെനസ്വേലയുടെ പരമാധികാരത്തെ ചവിട്ടിമെതിച്ച് മഡുറോയെയും പങ്കാളിയെയും തട്ടിക്കൊണ്ടുപോയപ്പോള്‍ പ്രശാന്തമായി ആഹ്ലാദിച്ചതും ലോകം കണ്ടു.
രാഷ്ട്രങ്ങളുടെ പരമാധികാരത്തെപ്പറ്റിയും ഭൂമിശാസ്ത്രപരമായ അഖണ്ഡതയെക്കുറിച്ചും ഇപ്പോള്‍ ധാര്‍മികോദ്ബോധനം നടത്തുന്ന യൂറോപ്പ് തന്നെയാണ് മുമ്പ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും കഴിഞ്ഞ വര്‍ഷം ഇറാനിലും അമേരിക്ക എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍പ്പറത്തി ആറാടിയപ്പോള്‍ കൂട്ടുനിന്നത്. ഗാസയില്‍ വംശഹത്യ നടത്തുമ്പോള്‍ ഇതേ യൂറോപ്പ് ഇസ്രയേലിനെതിരെ ഒരക്ഷരം മിണ്ടിയതുമില്ല. യൂറോപ്പിന് ആ ഭൂഖണ്ഡത്തിന്റെ സുരക്ഷയാണ് പ്രഥമവും പ്രധാനവുമായ പ്രശ്നമെങ്കില്‍ റഷ്യയുള്‍പ്പെടെ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി വിശ്വാസയോഗ്യമായ സുരക്ഷാ ചട്ടക്കൂടും ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പുമാണ് ഉണ്ടാക്കേണ്ടത്. പ്രായോഗികമായ നയതന്ത്രകുശലതയിലൂടെ മാത്രമേ സ്ഥിരതയുള്ള സമാധാനം സാക്ഷാൽക്കരിക്കപ്പെടുകയുള്ളു. പാശ്ചാത്യചേരി ഇതിനകം 4000 കോടി ഡോളറോളം അത്യാധുനികായുധങ്ങള്‍ക്കും മറ്റുകാര്യങ്ങള്‍ക്കുമായി ഉക്രയ്നിലേക്ക് ഒഴുക്കി നടത്തുന്ന അക്ഷരാര്‍ഥത്തിലുള്ള ഈ നാറ്റോ യുദ്ധവും അതോടെ അവസാനിക്കും.
(മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ് ലേഖകന്‍)















