ഒറ്റുകാരുടെ കള്ളനാണയം

എം പ്രശാന്ത്
Published on Oct 03, 2025, 02:06 AM | 3 min read
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ 2024ൽ ബിജെപിയെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കുക. തുടർന്ന് ആർഎസ്‌എസ് രൂപീകരണത്തിന്റെ ശതാബ്‌ദി വർഷമായ 2025ൽ ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനം സാധ്യമാക്കുക. ഇതായിരുന്നു സംഘപരിവാർ പദ്ധതി. എന്നാൽ, മതനിരപേക്ഷ ഭരണഘടനയെയും ജനാധിപത്യത്തെയും അപകടത്തിലാക്കുന്ന ഗൂഢനീക്കം തിരിച്ചറിഞ്ഞ് ജനങ്ങൾ പ്രതികരിച്ചതോടെ ബിജെപി 240 സീറ്റിൽ ഒതുങ്ങി. ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനമെന്ന സ്വപ്‌നക്കുമിള പൊട്ടി. 2019 ൽ ലഭിച്ചതിനേക്കാൾ 63 സീറ്റ് പിന്നാക്കം പോയെങ്കിലും ടിഡിപിയുടെയും ജെഡിയുവിന്റെയും നിർണായക പിന്തുണയാൽ ബിജെപി വീണ്ടും ഭരണം പിടിച്ചു. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി. തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ആഘാതമായെങ്കിലും അത് പുറമേയ്‌ക്ക് പ്രകടിപ്പിക്കാതെ തീവ്രവർഗീയ അജൻഡയുമായി മുന്നോട്ടുപോകാനുള്ള വ്യഗ്രതയിലാണ് നിലവിൽ സംഘപരിവാർ. ആർഎസ്‌എസിന്റെ ശതാബ്‌ദി വർഷത്തിൽ ഹിന്ദുത്വരാഷ്ട്രപ്രഖ്യാപനം സാധ്യമായില്ലെങ്കിലും തപാൽ സ്‌റ്റാമ്പും നാണയവും പുറത്തിറക്കി ആശ്വാസം കൊള്ളുകയാണ് മോദി സർക്കാർ.
സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ സംഘടനയെന്ന പച്ചക്കള്ളം വിളിച്ചുപറഞ്ഞാണ് ആർഎസ്‌എസിന് സ്വീകാര്യത ലഭിക്കുന്നതിനുള്ള വിഫലശ്രമത്തിന് മോദിതന്നെ നേതൃത്വം നൽകുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘടന ബ്രിട്ടീഷ് ഭരണത്തിനെതിരായ ദേശാഭിമാനികളുടെ സമരപോരാട്ടങ്ങളെ തീർത്തും പുച്ഛത്തോടെയാണ് ആർഎസ്‌എസ് നേതൃത്വം കണ്ടിരുന്നത്. ബ്രിട്ടീഷ് ഭരണം ഇൗശ്വരേച്ഛയെന്നായിരുന്നു ആർഎസ്‌എസ് നിലപാട്. 1925 ൽ ആർഎസ്‌എസ് രൂപീകൃതമായശേഷം 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുംവരെയുള്ള 22 വർഷം ഒരിക്കൽപ്പോലും ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ ആർഎസ്‌എസ് പങ്കാളികളായില്ല. ആർഎസ്‌എസ് സ്ഥാപകനും ആദ്യതലവനുമായ കേശവ് ബലിറാം ഹെഡ്‌ഗേവാറും തുടർന്ന് തലവനായ എം എസ് ഗോൾവാൾക്കറും സ്വാതന്ത്ര്യസമരത്തോട് പൂർണമായും മുഖംതിരിച്ചു. ഗാന്ധിജിയുമായുള്ള ഭിന്നതകളെതുടർന്ന് കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ സുഭാഷ് ചന്ദ്രബോസ് മറ്റൊരു സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി ആർഎസ്‌എസ് സ്ഥാപകനും തലവനുമായിരുന്ന ഹെഡ്‌ഗേവാറുമായി കൂടിക്കാഴ്‌ചയ്‌ക്ക് താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ, ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തോട് തീർത്തും താൽപ്പര്യമില്ലാതിരുന്ന ഹെഡ്‌ഗേവാർ കൂടിക്കാഴ്‌ചയ്‌ക്കുപോലും തയ്യാറായില്ലെന്ന് ഗോൾവാൾക്കറെക്കുറിച്ചുള്ള ജീവചരിത്രപുസ്‌തകത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ധീരേന്ദ്ര കെ ഝാ വിവരിക്കുന്നു.
ഭഗത് സിങ്ങും സുഖ്‌ദേവും രാജ്‌ഗുരുവും തൂക്കിലേറ്റപ്പെട്ടപ്പോൾ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളിൽനിന്നും ആർഎസ്‌എസ് അകന്നുനിന്നു. ആർഎസ്‌എസിൽ ചിലർ പ്രതിഷേധങ്ങൾക്ക് താൽപ്പര്യപ്പെട്ടെങ്കിലും ഹെഡ്‌ഗേവാർ വിലക്കി. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി ഉൗർജം പാഴാക്കാതെ ആർഎസ്‌എസിനെ ശക്തമാക്കുന്നതിനായി പ്രവർത്തിക്കാനായിരുന്നു ഹെഡ്‌ഗേവാറിന്റെ ഉപദേശം. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്‌ത് ഉൗർജം പാഴാക്കരുതെന്ന നിലപാടായിരുന്നു ഗോൾവാൾക്കറിനും. പകരം ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങൾക്കും ക്രിസ്‌ത്യാനികൾക്കും കമ്യൂണിസ്‌റ്റുകൾക്കുമെതിരായി പൊരുതാനാണ് ഗോൾവാൾക്കർ ആഹ്വാനം ചെയ്‌തത്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഘോഷങ്ങളിൽനിന്ന് ആർഎസ്‌എസ് അകന്നുനിന്നു. ഹിന്ദുത്വരാഷ്ട്രം യാഥാർഥ്യമാകാതെ പോയതിന്റെ ദുഃഖത്തിലായിരുന്നു അവരുടെ നേതൃത്വം. ഹിന്ദുത്വരാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലെന്ന് പൊതുവേദികളിൽ അവകാശപ്പെട്ടിരുന്ന ആർഎസ്‌എസ് നേതാക്കൾ എന്നാൽ, സംഘടനയുടെ രഹസ്യയോഗങ്ങളിൽ ഗൂഢപദ്ധതി വിവരിച്ചിരുന്നു. ഡൽഹി നെഹ്‌റു മ്യൂസിയത്തിൽ (നിലവിൽ പ്രധാനമന്ത്രി മ്യൂസിയം) സൂക്ഷിച്ചിട്ടുള്ള ഡൽഹി പൊലീസ് രേഖകൾ ഇതിന് തെളിവായുണ്ട്.
കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്‌പെക്ടറായ കർത്താർ സിങ് അക്കാലത്തെ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു പിന്നാലെ 1947 ഡിസംബർ ഏഴിന് ഡൽഹി രാംലീല മൈതാനത്ത് ചേർന്ന ആർഎസ്‌എസ് സമ്മേളനത്തിൽ ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമിടുന്നില്ലെന്ന് ഗോൾവാൾക്കർ പറഞ്ഞതായി കർത്താർ സിങ് രേഖപ്പെടുത്തുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം റോത്തക്ക് റോഡിൽ ചേർന്ന ആർഎസ്‌എസിന്റെ രഹസ്യയോഗത്തിൽ ഗോൾവാൾക്കറുടെ തീവ്രമുഖം കർത്താർ സിങ് വെളിപ്പെടുത്തുന്നുണ്ട്. ‘ഗറില്ലാ യുദ്ധത്തിന് തയ്യാറെടുക്കണമെന്നും പാകിസ്ഥാനെ അവസാനിപ്പിക്കാതെ വിശ്രമമില്ലെന്നും ഗോൾവാൾക്കർ തെരഞ്ഞെടുക്കപ്പെട്ട കേഡർമാരോട് പറഞ്ഞു. മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ തുടരാനാകില്ല. വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവരെ ഇന്ത്യയിൽ നിലനിർത്താനാണ് ഗാന്ധി താൽപ്പര്യപ്പെടുന്നത്. എന്നാൽ, മുസ്ലിങ്ങൾ ഇന്ത്യയിൽ ശേഷിക്കില്ല. ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനിയും ഗാന്ധിക്ക് കഴിയില്ല. അത്തരക്കാരെ ഇല്ലാതാക്കാൻ നമുക്ക് മാർഗങ്ങളുണ്ട്. ഹിന്ദുക്കളോട് ശത്രുത ആർഎസ്‌എസ് രീതിയല്ല. അതിന് നിർബന്ധിതമായാൽ ആ വഴിയും തേടേണ്ടി വരും’– ഗോൾവാൾക്കറുടെ ഗാന്ധിജിയോട് അടക്കമുള്ള ഭീഷണി കർത്താർ സിങ് ഇങ്ങനെ രേഖപ്പെടുത്തി. റോത്തക്ക് റോഡ് യോഗത്തിൽ ഗോൾവാൾക്കർ പ്രകോപന പ്രസംഗം നടത്തി രണ്ടുമാസത്തിനുള്ളിൽ ആർഎസ്‌എസ് പ്രവർത്തകനായിരുന്ന നാഥൂറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തി.
1948 ഫെബ്രുവരി മൂന്നിന് ഗാന്ധി വധക്കേസിൽ ഗോൾവാൾക്കർ അറസ്‌റ്റിലായി. തൊട്ടടുത്തദിവസം ആർഎസ്‌എസ് നിരോധിക്കപ്പെട്ടു. രാജ്യത്തിനെതിരായി പ്രവർത്തിക്കുന്ന അക്രമത്തിന്റെയും വെറുപ്പിന്റെയും ശക്തികളെ വേരോടെ പിഴുതെറിയുന്നതിനാണ് നിരോധനമെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ ഒരുപാട് ജീവനെടുത്തുവെന്നും ഇതിൽ ഏറ്റവും വിലപ്പെട്ടതും അവസാനത്തേതും ഗാന്ധിജിയുടെ ജീവനാണെന്നും വിജ്‌ഞാപനം വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ ഗോൾവാൾക്കറിനും ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിക്കുമയച്ച കത്തുകളിലും ആർഎസ്‌എസിന്റെ തീവ്രവർഗീയ നിലപാടുകളെ നിശിതമായി വിമർശിക്കുന്നുണ്ട്. ഇൗ ചരിത്രവസ്‌തുതകളെയെല്ലാം മറച്ചാണ് ആർഎസ്‌എസിന് ദേശഭക്തിയുടെ വ്യാജപരിവേഷം ചാർത്താനുള്ള മോദി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ. 1963 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഗണവേഷധാരികളായ ആർഎസ്‌എസുകാർ നെഹ്‌റുവിന്റെ ക്ഷണപ്രകാരം പങ്കെടുത്തുവെന്ന പച്ചക്കള്ളവും പ്രധാനമന്ത്രി വിളിച്ചുപറഞ്ഞിട്ടുണ്ട്. ആർഎസ്‌എസുകാർ മാർച്ച് ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സ്‌റ്റാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നതും. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ആർഎസ്‌എസ്, ഭരണഘടനയെയും ത്രിവർണ ദേശീയപതാകയെയും അംഗീകരിച്ചിരുന്നില്ലെന്നതും ചരിത്രരേഖകളാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ഏതെല്ലാംവിധം ശ്രമിച്ചാലും ആർഎസ്‌എസ് ഫാസിസ്‌റ്റ് സ്വഭാവമുള്ള തീവ്രവർഗീയ സംഘടനയായിത്തന്നെ മതനിരപേക്ഷ മനസ്സുകളിൽ നിലകൊള്ളും.
















