ad
Deshabhimani

Articles

ഭക്തിയും ആർഎസ്‌എസിന്‌ കാഴ്‌ചവസ്‌തു

ഭക്തിയും ആർഎസ്‌എസിന്‌ കാഴ്‌ചവസ്‌തു

a
എം വി ​ഗോവിന്ദൻ

Published on Jul 16, 2026, 12:00 AM | 3 min read

ധാർമികതയിലൂന്നിയ രാഷ്ട്രനിർമാണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ആർഎസ്‌എസുകാർ. ഹിന്ദുധർമത്തിലെ സഹിഷ്ണുതയെയും സംസ്കാരത്തെയും കുറിച്ച്‌ അവർ വാചാലരാകാറുണ്ട്. എന്നാൽ, ആർഎസ്എസിന്‌ 100 വർഷം പൂർത്തിയായ വേളയിൽ കേൾക്കുന്ന വാർത്തകളൊക്കെയും വ്യക്തമാക്കുന്നത് അവർ പ്രചരിപ്പിച്ചതിന് നേർവിപരീതമാണ്‌ പ്രവൃത്തിയെന്നാണ്‌. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നർഥം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പകൽക്കൊള്ള.


​രാത്രിയുടെ മറവിൽ ബാബ്റി മസ്ജിദിൽ രാമവിഗ്രഹം സ്ഥാപിച്ച്, വെറുപ്പും വിദ്വേഷവും പടർത്തി, ആയിരങ്ങളുടെ ചോരയൊഴുക്കി, മസ്ജിദ് തകർത്തു. 2019ലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ നിർമിച്ച രാമക്ഷേത്രത്തിലാണ് കാണിക്കയായി ലഭിച്ച പണവും ആഭരണങ്ങളും സ്വർണപ്പാദുകങ്ങളുംപോലും കൊള്ളയടിച്ചത്. ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനം ആരംഭിച്ച 1980കൾമുതൽ പിരിച്ച കോടിക്കണക്കിന് രൂപയുടെ കണക്കുകളൊന്നും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. രജിസ്റ്റർ ചെയ്യപ്പെടാത്ത സംഘമാണ് ആർഎസ്‌എസ്. വിദേശത്തുനിന്നടക്കം ലഭിക്കുന്ന കോടിക്കണക്കിന് രൂപയ്‌ക്ക്‌ നികുതിപോലും നൽകാതെ വഞ്ചന നടത്തുന്ന പ്രസ്ഥാനമാണ് രാഷ്ട്രനിർമാണത്തെക്കുറിച്ച് ഉദ്ഘോഷിക്കുന്നത്.


രാജ്യത്തിനകത്തും പുറത്തുംനിന്ന്‌ വിശ്വാസികൾ കാണിക്കയായി സമർപ്പിച്ച പണവും വസ്തുക്കളും ഭയമോ സംശയമോ ഇല്ലാതെ സംഘപരിവാർ കൊള്ളയടിച്ചിരിക്കുന്നു. 40 ദിവസത്തെ സിസിടിവി കാമറ നിരീക്ഷണത്തിൽനിന്ന്‌ 70 തവണ മോഷണം നടന്നാണ് കണ്ടെത്തിയത്‌. കവർന്ന വസ്‌തുക്കളുടെ മൂല്യം 20,000 കോടി രൂപയോളമെന്നാണ്‌ മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്. ട്രസ്റ്റ്‌ അംഗങ്ങളും ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നുള്ള കൊള്ളയായിരുന്നു നടന്നതെന്നു പറഞ്ഞത് പ്രധാനമന്ത്രിയുടെ വലംകൈയായി ക്ഷേത്രനിർമാണത്തിന്റെ ചുമതലവഹിച്ച നൃപേന്ദ്ര മിശ്രയാണ്.


ഉയർന്ന സുരക്ഷ ആവശ്യമുള്ള അയോധ്യയിൽ സംഘപരിവാറുമായി ബന്ധമുള്ള സ്വകാര്യ ഏജൻസിക്കാണ് സുരക്ഷാചുമതല എന്നത് ഈ കൊള്ളയുടെ ആസൂത്രണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാർ നേരിട്ട് രൂപീകരിച്ച ട്രസ്റ്റിന്റെ പ്രവർത്തനം വിവരാവകാശപരിധിയിൽ പെടുത്താത്തതും സംശയം വർധിപ്പിക്കുന്നു. വിശ്വഗുരു ചമയുന്ന പ്രധാനമന്ത്രിയാകട്ടെ, മൗനത്തിന്റെ വാല്‌മീകത്തിലാണ്. പ്രതിഷ്ഠയും ധ്വജാരോഹണവും നടത്തിയ വ്യക്തിക്ക് കൊള്ള നടന്നപ്പോൾ മിണ്ടാട്ടമില്ല. ​ട്രസ്റ്റ്‌ അംഗവും സംഘപരിവാർ നേതാവുമായ അനിൽ മിശ്രയ്‌ക്കാണ് പണമെണ്ണി തിട്ടപ്പെടുത്തുന്നതിന്റെ സുരക്ഷാചുമതല ഉണ്ടായിരുന്നത്.


കൃത്യമായ പരിശോധനാസംവിധാനം ഏർപ്പെടുത്താതെ, ജീവനക്കാരെ ദേഹപരിശോധനയ്‌ക്കുപോലും വിധേയമാക്കാതെ ഈ കൊള്ള യഥേഷ്ടം അനുവദിക്കുകയായിരുന്നു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായ്, മറ്റൊരു അംഗമായ ഗോപാൽ റാവു എന്നിവരെ ഇതുവരെയും കേസിൽ പ്രതിചേർക്കാൻപോലും തയ്യാറായിട്ടില്ല. സംഘപരിവാർ സംഘടനകളുടെ നേതാക്കളായ ഈ മൂന്നുപേരും രാജിവച്ചു എന്നു പറയുന്നുണ്ടെങ്കിലും അതിൽ അവ്യക്തതയുണ്ട്‌. വഞ്ചനക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന യുപി സർക്കാരിന്റെ പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണംതന്നെ വൻസ്രാവുകളെ രക്ഷിക്കാനാണ്‌.


എസ്ഐടി അന്വേഷണത്തിൽ വസ്തുത കണ്ടെത്താനാകില്ല. അതുകൊണ്ട് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. ക്ഷേത്രക്കൊള്ളയുടെ വാർത്ത പുറത്തുവന്ന് രണ്ടാഴ്ചയ്‌ക്കുശേഷമാണ് എഫ്ഐആർപോലും ഫയൽ ചെയ്തത് എന്നതിൽനിന്ന്‌ അത് വ്യക്തമാണ്. എല്ലാ കുറ്റവും ഏതാനും ജീവനക്കാരിൽ ചുമത്തി സംഘപരിവാർ നേതാക്കളെ രക്ഷിക്കാനാണ് മോദി–യോഗി ഡബിൾ എൻജിൻ സർക്കാർ ശ്രമിക്കുന്നത്. ക്ഷേത്രട്രസ്റ്റ്‌ നടത്തിയ ഭൂമിയിടപാടിലെ അഴിമതി അന്വേഷിക്കാൻ തയ്യാറായിട്ടുമില്ല.


ശബരിമല സ്വർണപ്പാളി കേസിൽ സിബിഐ അന്വേഷണത്തിനുവേണ്ടി ഘോരഘോരം വാദിച്ച ബിജെപിക്ക് അയോധ്യയിലെ തീവെട്ടിക്കൊള്ളയെക്കുറിച്ച്‌ മിണ്ടാട്ടമില്ല. ഹിമാലയൻകൊള്ള നടന്നിട്ടും ഇഡിയുംആദായനികുതി വകുപ്പും അയോധ്യയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സംഘപരിവാറിന്റെ വിശ്വാസസംരക്ഷണം തനി കാപട്യമാണെന്ന് മനസ്സിലാക്കാൻ മറ്റെന്ത് വേണം. വിശ്വാസത്തിന്റെ പേരു പറഞ്ഞ് പണം നേടുക, അത് കൊള്ളയടിക്കുക, എന്നിട്ട് കാട്ടുകള്ളന്മാരെ രക്ഷിക്കുക ഇതാണ് ആർഎസ്എസിന്റെ ധാർമികത.


ആർഎസ്എസിനും വിശ്വഹിന്ദു പരിഷത്തിനും നിയന്ത്രണമുള്ള എല്ലാ ക്ഷേത്രങ്ങളിലും കൊള്ള ആവർത്തിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ്‌ ക്ഷേത്രത്തിലും ഭക്തർ നൽകിയ പണം സംഘപരിവാർ കൊള്ളയടിച്ചു. ബദരീനാഥ് കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ചെയർമാനും ബിജെപി നേതാവുമായ ഹേമന്ത് ദ്വിവേദിയുടെ സഹായിയും ക്ഷേത്രജീവനക്കാരനുമായ പ്രമോദ് നൗട്ടിയാൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായി. ഭൈരവ് സേന എന്ന സംഘടനയാണ് കൊള്ളയെക്കുറിച്ച് വെളിപ്പെടുത്തിയത്. മധ്യപ്രദേശിലെ നൽഖേഡയിലെ മാ ബംഗ്ലാമുഖി ക്ഷേത്രത്തിൽ ലഭിച്ച പണവും സ്വർണവുംമറ്റും മോഷണം പോയതിനെക്കുറിച്ച് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.


സർക്കാർ ഇതര കമ്മിറ്റിയുണ്ടാക്കി സമാന്തരമായി കാണിക്കയും സംഭാവനയും സ്വീകരിച്ചായിരുന്നു തട്ടിപ്പ്. മധ്യപ്രദേശിലെ ഉജ്ജയിനിൽ ബിജെപി മുഖ്യമന്ത്രി മോഹൻ യാദവിന്റെയും കുടുംബങ്ങളുടെയും നേതൃത്വത്തിൽ വൻകൊള്ള നടന്നു. ജമ്മുവിൽ കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലും കാണിക്കക്കൊള്ള നടന്നു. 550 കോടി രൂപ മൂല്യമുള്ള വെള്ളിയാഭരണങ്ങൾ കൊള്ളയടിച്ച്, കാഡ്മിയവും ഇരുമ്പും ചേർത്ത ലോഹങ്ങൾ പകരംവച്ചെന്നാണ് വാർത്ത.


ബിജെപിക്ക് ഡബിൾ എൻജിൻ സർക്കാരുള്ള (ജമ്മു ഒഴിച്ച്), സംഘപരിവാറിന് ക്ഷേത്രഭരണമുള്ള സംസ്ഥാനങ്ങളിലാണ് ഈ കൊള്ളകൾ എന്നതിൽനിന്ന്‌ ഒരു കാര്യം വ്യക്തം. സംഘപരിവാറിന് വിശ്വാസമെന്നത് പണവും വോട്ടും നേടാനുള്ള പുകമറമാത്രമാണ്. അവർ യഥാർഥ വിശ്വാസികളേയല്ല. രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി വിശ്വാസത്തെ ഉപയോഗിക്കുന്നവരാണവർ. വിശ്വാസികളെ വർഗീയപാളയത്തിലേക്ക് തള്ളിയിട്ട് അധികാരം ഉറപ്പിക്കാനാണ് ഇവരുടെ ശ്രമം. സംഘപരിവാറിന്റെ രാഷ്ട്രനിർമാണത്തിന്റെ യഥാർഥ മുഖമാണ് ഈ അമ്പലക്കൊള്ള.


തട്ടിപ്പും വെട്ടിപ്പും കൊള്ളയും ഹിംസയും ഒക്കെയുള്ള രാഷ്ട്രത്തെയാണ് ഇവർ നിർമിക്കുന്നത്. സംഘപരിവാറിന്റെ രാമരാജ്യത്തിന്റെ ട്രെയിലറാണ് അയോധ്യയിൽ കാണുന്നത്. വിശ്വാസികളുടെ പണത്തിൽ കണ്ണുവച്ചാണ് ആർഎസ്എസും വിഎച്ച്പിയും "ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽനിന്ന്‌ മോചിപ്പിക്കണം’ എന്ന് വാദിക്കുന്നത്. സർക്കാർ മേൽനോട്ടം അവർക്ക് അലോസരം സൃഷ്ടിക്കും. അതുകൊണ്ടാണ് അയോധ്യയിലെ വൻ കൊള്ളയ്‌ക്കുശേഷവും സർക്കാരിന്റെ ഇടപെടൽ ക്ഷേത്രഭരണത്തിൽ ഉണ്ടാകില്ലെന്ന് നൃപേന്ദ്ര മിശ്ര ആവർത്തിക്കുന്നത്.


ഹിന്ദുക്ഷേത്ര മാനേജ്മെന്റിന് നിയമനിർമാണം നടത്താൻ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും മറ്റ് ആറ് സംസ്ഥാനങ്ങളും തയ്യാറായിട്ടുണ്ട്. അരലക്ഷത്തോളം ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. ഈ നിയന്ത്രണം "ഹിന്ദുക്കൾക്ക് ഭീഷണി’യാണെന്നാണ് വിഎച്ച്പി ഓർഗനൈസിങ് ജനറൽ സെക്രട്ടറി മിലിന്ദ് പരാൻഡെ പറഞ്ഞത്. എന്നാൽ, സർക്കാർ നിയന്ത്രണം യഥാർഥത്തിൽ ആർക്കാണ് ഭീഷണിയെന്ന് അയോധ്യസംഭവം വ്യക്തമാക്കി. സർക്കാർ നിയന്ത്രണം ഒഴിവാക്കാനായി കേന്ദ്രം നിയമനിർമാണം നടത്താനുള്ള നീക്കത്തിനും അയോധ്യസംഭവം തടയിട്ടു. മഹാത്മാഗാന്ധിയെ കൊന്നശേഷം ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടതുപോലെ സംഘപരിവാറിന് ലഭിച്ച കനത്ത തിരിച്ചടിയാണ് അയോധ്യയിലേത്. ഇത് മറികടക്കാൻ കാശി, മഥുര, ഭോജ്ശാല തുടങ്ങിയ വിഷയങ്ങളുയർത്തി വർഗീയതയുടെ കൊടി ഉയർത്താൻ ഇവർ ശ്രമിക്കും. അതിനെതിരെ എല്ലാ മതനിരപേക്ഷ, ജനാധിപത്യ വാദികളും രംഗത്തുവരണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home