കേരളയിലെ പഴി, വന്ദേഭാരതിലെ ‘സ്തുതി’ !


സി കെ ദിനേശ്
Published on Nov 11, 2025, 10:49 PM | 2 min read
മൃതദേഹം സംസ്കരിക്കാനായി ഒരു ക്രിസ്ത്യൻ കുടുംബം അലഞ്ഞുനടക്കേണ്ടിവന്ന സംഭവം ഛത്തീസ്‌ഗഡിൽനിന്നുള്ള പുതിയ വാർത്തയാണ്. നമ്മുടെ മാധ്യമ മുഖ്യധാര അതൊന്നും ‘ബ്രേക്കിങ്ങും’ ആക്കിയില്ല, അന്തിച്ചർച്ചയ്ക്കും വച്ചില്ല. പലർക്കും ജീവിക്കാൻപോലും മാർഗമില്ലാത്ത പാവങ്ങളുടെ ഗ്രാമങ്ങളിലാണ്, ക്രിസ്തുമതത്തിലേക്ക് മാറിയതിന്റെ പേരിൽ ഇന്നലെവരെ തങ്ങളോടൊപ്പമുണ്ടായിരുന്ന ഒരാളെ സംസ്കരിക്കാൻ ആ നാട്ടിൽ അനുമതി നൽകാതെ ആട്ടിപ്പായിച്ചത്.
ഇത് ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെമാത്രം കഥയല്ല, അനവധിപേരുടെയാണ്. ഛത്തീസ്‌ഗഡിലെമാത്രം കാര്യവുമല്ല. സംഘപരിവാർ എവിടെയൊക്കെ അധികാരം പിടിച്ചെടുത്തിട്ടുണ്ടോ, അവിടെയൊക്കെ. ക്രൈസ്‌തവർക്കുമാത്രമല്ല, മറ്റു മതങ്ങളിൽപ്പെട്ടവർക്കെല്ലാം അനുഭവമൊന്നാണ്. അവരെ തടയാൻ കൂട്ടത്തോടെ നിൽക്കുന്നവർ സ്വന്തം ജീവിതപരിസരത്തെ, പട്ടിണിയെ, ചോർന്നൊലിക്കുന്ന വീടിനെ, തങ്ങളെ ചൂഷണം ചെയ്യുന്നവരെ കുറിച്ചൊന്നുമല്ല വേവലാതിപ്പെടുന്നത്. അതിനേക്കാളൊക്കെ പ്രധാനമായി അവരെ നയിക്കുന്നത് മറ്റു മതങ്ങളോടുള്ള വിരോധമാണ്. ആർഎസ്‌എസ് മുന്നിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. അല്ലാതെ സാഹോദര്യമോ സൗഹാർദമോ കൂട്ടായ മുന്നേറ്റത്തിലൂടെയുള്ള സാമൂഹ്യവികാസമോ അല്ല ശീലിപ്പിച്ചിട്ടുള്ളത്.
മത, ജാതി, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന കേരളത്തിൽ ഇൗ സ്ഥിതി എന്നെങ്കിലും വരുമോ? പലരെയും ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്. ഇടതുപക്ഷം ശക്തമായി ഉള്ളിടത്തോളം അത് സാധ്യമല്ല. എങ്കിലും, അത്തരം ചിന്താഗതിക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന് കേരളത്തിൽ അടുത്തിടെ ധാരാളം ഉദാഹരണങ്ങളുണ്ടായി. അതിലൊന്നാണ് സംസ്കൃത ഗവേഷണ വിദ്യാർഥി വിപിൻ വിജയന് അടുത്തിടെ നേരിട്ട ജാതിവിവേചനത്തിന്റെ ദുരനുഭവം. ‘‘എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എന്റെ കൂടപ്പിറപ്പിന്റെ നിലവിളി കേൾക്കാം. ജാതിവിവേചനത്തിന്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു’’– ഫെയ്‌സ്‌ബുക്കിലെ വിപിന്റെ കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്. വിപിന്റെ പിഎച്ച്‌ഡി പ്രബന്ധ റിപ്പോർട്ട് അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ ഡീൻകൂടിയായ അധ്യാപിക വിജയകുമാരി ‘‘സംസ്കൃതം അറിയാത്ത നീയൊക്കെ ഇൗ ഡിപ്പാർട്ട്‌മെന്റിൽ കയറിയാൽ ശുദ്ധീകരണം നടത്തണം’’ എന്ന് അധിക്ഷേപിച്ച് പ്രബന്ധം തള്ളി. വിപിന് സംസ്കൃതത്തിൽ എംഫിൽ നൽകിയ അതേ അധ്യാപികയ്ക്കാണ്, ഡോക്ടറേറ്റ് കിട്ടുമെന്നായപ്പോൾ സ്വഭാവം മാറിയത്. വിപിന്റെ ജാതിമാത്രമല്ല, ഗൈഡ് ഒരു മുസ്ലിമായതും ‘ശുദ്ധീകരണ’വും ചാണകം തളിക്കലും ജീവിതചര്യയാക്കിയ അധ്യാപികയ്ക്ക് പ്രശ്നമായി. ‘എത്ര ശീർഷാസനം ചെയ്താലും ബ്രാഹ്മണൻ പറയുന്നതുപോലെ സംസ്കൃതം പറയാൻ പറയനും പുലയനും കഴിയില്ല ’ എന്ന കുപ്രസിദ്ധ മൊഴിയും ഇവരുടേതാണ്. മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ വിസിയായി വന്നശേഷമുള്ള കരുനീക്കങ്ങളുടെ അന്തർധാരതന്നെ സംഘപരിവാർ ആശയക്കാരുടെ ‘ചാണകശാസ്‌ത്രം’ സ്ഥാപിക്കലാണ്. ഇതേ അധ്യാപിക നാളെ പോളിങ്‌ബൂത്തിൽ ചാണകവെള്ളവുമായി കയറി വോട്ടിങ് മെഷീൻ തളിച്ച് ശുദ്ധമാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഇവരുടെ ഭാഷയിൽ ‘മ്ലേച്ഛൻമാർ’ വോട്ട് ചെയ്ത യന്ത്രമല്ലേ!
ഇത്തരം സംഭവങ്ങളൊന്നും യാദൃച്ഛികമല്ലെന്ന് തെളിയിക്കുന്ന സംഭവഗതികളാണ് കേരളത്തിൽ ഉണ്ടാകുന്നത്.
രാജ്‌ഭവനിൽ ഒരു സുപ്രഭാതത്തിൽ ഭാരതാംബ എന്ന സ്‌ത്രീരൂപ ചിത്രം പ്രത്യക്ഷപ്പെട്ടതും അറിയാതെ സംഭവിച്ചതല്ല. ഒടുവിൽ അത് വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിലെ ആർഎസ്‌എസ് സ്തുതിഗീത ആലാപനത്തിൽ വന്നെത്തിനിൽക്കുന്നു. ആർഎസ്‌എസ് നടത്തുന്ന സ്കൂളുകളിൽ കുട്ടികളെ അവരുടെ പ്രത്യയശാസ്‌ത്രത്തിലേക്ക് നയിക്കാനാവശ്യമായ മെരുക്കലാണ് നടക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ, അത് നാട്ടുകാരുടെ നികുതിപ്പണംകൊണ്ട് നടത്തുന്ന പരിപാടികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല. വന്ദേഭാരതിലുണ്ടായ സ്തുതിഗീതാലാപനം ആസൂത്രിതമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ‘അതിലെന്താണ് കുഴപ്പം’ എന്ന സ്കൂൾ പ്രിൻസിപ്പലിന്റെയടക്കം ചോദ്യങ്ങൾ. കേരളത്തിന്റെ മതനിരപേക്ഷമനസ്സിനെ ഇളക്കിപ്രതിഷ്ഠിക്കാമെന്ന വ്യാമോഹത്തോടെയുള്ള ശ്രമം.
അതിനെയെല്ലാം സിപിഐ എമ്മും ഇടതുപക്ഷവും ശക്തമായി എതിർത്തപ്പോൾ യുഡിഎഫ് കക്ഷികളും മുഖ്യധാരാ മാധ്യമങ്ങളിലെ ഭൂരിപക്ഷവും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാകും? അതിന്റെ ഉത്തരമാണ് രാജ്യത്തിന്റെ ഇന്നത്തെ ദുഃസ്ഥിതി. ഹിന്ദുത്വ അജൻഡകൾക്ക് കൂട്ടുനിൽക്കുകമാത്രമല്ല, അവസരം കിട്ടിയപ്പോഴൊക്കെ അതിന്റെ വക്താക്കളാകാനും ശ്രമിച്ചു കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകൾ. അത്തരക്കാർ കേരള സർവകലാശാലയിൽ ദളിതനെ പഴിച്ചാലും വന്ദേഭാരതിൽ ആർഎസ്‌എസിനെ ‘സ്തുതി’ച്ചാലും പ്രക്ഷുബ്ധരാകാതിരിക്കുക സ്വാഭാവികം.














